ഒരു നുണക്കഥ ബാക്കിവെച്ചത് 1
ഒരു ഗ്ലാസ് മറയ്ക്കപ്പുറം അവള് മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിലെന്ന പോലെ കിടക്കുന്നു. ഇവിടെ ഞങ്ങള്‍ മെഴുകുതിരി പോലെ ഉരുകിത്തീരുന്നു. എന്തിനാണവള്‍ എന്നോടിങ്ങനെ പക പോക്കുന്നത്! ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ഒരിക്കല്‍ ഒരു തമാശയ്ക്കായി പറഞ്ഞ കാര്യം, അതവളുടെ ജീവിതത്തില്‍ എന്തൊക്കെയോ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. അല്ല, അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു.
എങ്കിലും എല്ലാറ്റിനും ഞാന്‍ എന്റെ ജീവിതം കൊണ്ട് പ്രായശ്ചിത്തം ചെയ്തതല്ലേ. അവള്‍ക്കു നഷ്ടപ്പെട്ടു എന്ന് പറഞ്ഞതെല്ലാം ഇരട്ടി മടങ്ങ് തിരിച്ചു കൊടുത്തില്ലേ, എന്നിട്ടും...
വയ്യ ഇങ്ങനെ ഇരിക്കാന്‍. പുറത്തു കാര്പാര്ക്കിങ്ങിനോട് ചേര്‍ന്ന് ഒരു നിസ്കാരപ്പള്ളി. അകത്തു കയറണ്ട, അതിനടുത്തു ചെന്നിരിക്കാം.
നിറയെ മാവുകളാണ് പള്ളിക്ക് ചുറ്റും. അതിനിടയിലെല്ലാം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ആശുപത്രിമുറ്റത്ത് നിന്നും ഉയര്‍ന്നാണ് പള്ളിയുടെ നില്‍പ്പ്. ചെറിയ പടികള്‍ ഉണ്ട് കയറിപ്പോവാന്‍.
എല്ലാറ്റിനും എപ്പോഴും കൂട്ടിനുണ്ട് എന്ന് വിശ്വസിച്ചിരുന്ന കൃഷ്ണനെ ഈ വഴിക്കെങ്ങും കാണാനില്ല.
"എന്റെ കൃഷ്ണാ, ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അല്ലേ നീ കൂടെ നിൽക്കേണ്ടത്?", ഉള്ളിലെ അരിശം അറിയാതെ വാക്കുകളായി പുറത്തു വന്നു.
"നീ നിന്റെ രാധയുടെ കാര്യത്തില്‍ ഇത്രയും വിഷമിച്ചിട്ടുണ്ടോ? "
"ഒന്ന് പോടാ ഉവ്വേ, നിനക്കൊന്നും അറിയാത്ത കുറേ ത്യാഗങ്ങള്‍ ഞാന്‍ സഹിച്ചിട്ടുണ്ട്, രാധയ്ക്ക് വേണ്ടി. അതുകൊണ്ട് രാധയുടെ കാര്യം നീ പറയേണ്ട!"
"എന്നാലും എന്റെ കാര്യത്തില്‍ നിനക്കൊന്നും ചെയ്യാനില്ലേ? ഏതെല്ലാം ഘട്ടങ്ങളില്‍ ഞാന്‍ നിന്നെ വിളിച്ചു! അപ്പോഴൊന്നും നീ ഒന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല."
"ടാ, നീ അങ്ങിനെ കണ്ണില്‍ ചോരയില്ലാതെ സംസാരിക്കരുത്! നിനക്ക് സ്വപ്നം കാണാന്‍ മാത്രം കഴിയുമായിരുന്ന ആ കൊച്ചിനെ എടുത്തു ചുരുട്ടി മടക്കി കയ്യില്‍ തന്നില്ലേ ഞാന്‍? എന്നിട്ടിപ്പോള്‍ ഞാന്‍ ഒന്നും ചെയ്തില്ല അല്ലേ!"
"അതല്ല കൃഷ്ണാ.. നീ സെന്റി അടിക്കല്ലേ. ഞാന്‍ പറഞ്ഞത്..."
"വേണ്ട വേണ്ട. ഇനി നീ ഒന്നും പറയേണ്ട"
"ഞാന്‍ ഒന്ന് പറയട്ടെ.. ഇന്നലെ സംഭവിച്ചതെല്ലാം നീ കണ്ടതല്ലേ, അതിനു മുന്‍പ് സംഭവിച്ചതെല്ലാം, അതും നിനക്കറിയാം... ഞാന്‍ ഇനി എന്താ ചെയ്യേണ്ടേ? "
"എല്ലാം നിന്റെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ടല്ലേ, നീ തന്നെ ഒരു വഴി കണ്ടാല്‍ മതി. പണ്ട് എനിക്കും ഇത് പോലെ കുറേ പ്രശ്നങ്ങള്‍ ഉണ്ടായതാ. എല്ലാം ഞാന്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്തു. കുറേയൊക്കെ നിനക്കും അറിയാമല്ലോ. ഗോപികമാരുടെ വസ്ത്രങ്ങള്‍ എടുത്തതിനു എന്തായിരുന്നു ഒരു പുകില്! "
"അതിന് അവര്‍ കുളിച്ചോണ്ടിരിക്കുമ്പോള്‍ അവരുടെ വസ്ത്രങ്ങള്‍ നീ എന്തിനാ എടുത്തത്? അത് കൊണ്ടല്ലേ അതത്രയും വഷളായത്? "
"എന്റെ ബാലൂ, നീ ഇങ്ങനെ കാര്യം അറിയാത്തത് പോലെ സംസാരിക്കല്ലേ"
"എങ്കില്‍ അത് വിടാം, എന്റെ കാര്യത്തില്‍ ഇനി എന്താണ് വഴി? അതുപറ."
"ശരി, ഇതുവരെ നടന്നതെല്ലാം നീ ഒന്ന് പറ."
"എന്റെ കൃഷ്ണാ എല്ലാം നിനക്കറിയാം, നിനക്കറിയാത്തതായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്റെ ഈ ജീവിതത്തില്‍?"
"എന്നാലും നീ പറ. കേള്‍ക്കാൻ നല്ല സുഖമുള്ള കഥകള്‍ അല്ലേ, വെരി ഇൻട്രെസ്റ്റിങ്ങ് ലവ് സ്റ്റോറി."
"നീ ഇതെപ്പോള്‍ ഇംഗ്ലീഷ് പഠിച്ചു?"
"അത് ശരി, നിന്നെ അബുദാബിയില്‍ വച്ച് നിന്റെ സിറിയക്കാരന് ബോസ്സ് ഇംഗ്ലീഷില്‍ തെറി വിളിക്കുമ്പോള്‍ നീ എന്നോട് പരാതി പറയുമായിരുന്നില്ലേ, അന്നൊന്നും നീ എന്നോട് ഇംഗ്ലീഷ് അറിയുമോ എന്ന് ചോദിച്ചില്ലല്ലോ?
അത് മാത്രമല്ല, പ്രാഞ്ചിയേട്ടനുമായി പുണ്യാളന് മലയാളത്തിലും ഹിബ്രുവിലും ഇംഗ്ലീഷിലും മാറി മാറി സംസാരിച്ചത് നീയും കേട്ടതല്ലേ. അപ്പോള്‍ പിന്നെ എനിക്കെങ്ങിനെ അടങ്ങിയിരിക്കാന്‍ പറ്റും! പ്രാഞ്ചിയേട്ടന് തൃശ്ശൂര്‍ റിലീസായ ദിവസം പുണ്യാളന് എന്റടുത്തു ഒരു വരവ് വന്നു. ഞാന്‍ അന്ന് തീരുമാനിച്ചതാ...
പ്രാഞ്ചിയേട്ടന് പുണ്യാളനോട് പറഞ്ഞത് പോലെ സീന്‍ ബൈ സീന്‍ ആയീട്ടു നീ പറ. എന്നായിരുന്നു നീ അവളെ ആദ്യമായി കണ്ടത്? "
'എന്റെ കൃഷ്ണാ എന്നോട് തന്നെ ഇത് വേണം' എന്ന് മനസ്സില്‍ ഓര്‍ത്തു കഥ പറയാന്‍ തുടങ്ങുകയായിരുന്നു.
"വേണം നിന്നോട് തന്നെ വേണം, പ്രേമിക്കാന്‍ ഒരുങ്ങി ഇറങ്ങുമ്പോള്‍ റിസ്ക് എടുക്കാന്‍ തയ്യാറാവണം."
"ഓ മനസ്സില്‍ വിചാരിക്കുമ്പോഴേക്കും മനസ്സിലാക്കി, എന്നിട്ടാണോ എന്നോട് കഥ പറയാന്‍ പറയുന്നത്? "
"നീ പറേടാ..."
"ശരി ശരി "
അഭിപ്രായങ്ങൾ