ഒരു നുണക്കഥ ബാക്കിവെച്ചത് 2

"അന്ന്, അന്നെന്നു പറഞ്ഞാല്‍ നാലു വര്‍ഷം മുന്‍പ്, ഞാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ അബുദാബിക്ക് പോവാന്‍ എത്തിയതായിരുന്നു. അപ്പോള്‍ ആണ് ഒരു മാലാഖയെപോലെ അവള്‍ മുന്നിലേക്ക്‌ വന്നത്.

എന്റെ കൂടെ എന്റെ അമ്മയും അച്ഛനും അനിയത്തിയും ഉണ്ടായിരുന്നു എന്നെ യാത്രയാക്കാന്‍. അവളോടൊപ്പം അവളുടെ അമ്മയും അനിയത്തിയും കൂടെ ഡ്രൈവറും. അവളുടെ അമ്മ എന്റെ അമ്മയോട് പറഞ്ഞു, ‘ഇതെന്റെ മോള് അളകനന്ദ. ഇവളും അബുദാബിക്കാണ്. ആദ്യമായിട്ട് പോവ്വാ. അതിന്റെ ഒരു ടെന്‍ഷന്‍ ഉണ്ട്, അവള്‍ക്കും ഞങ്ങള്‍ക്കും. നിങ്ങളുടെ കൂടെ ആവുമ്പോള്‍ വിശ്വസിച്ച് എല്പിക്കാലോ.’

‘അതിനു ഞങ്ങള്‍ പോവുന്നില്ല. ബാലു മാത്രമേ പോവുന്നുള്ളൂ. എന്റെ മോനാണ്’, അമ്മ എന്നെ ഇടം കണ്ണിട്ടു നോക്കി. എന്നിട്ട് പറഞ്ഞു, ‘വിശ്വസിച്ചുതന്നെ അയച്ചോളൂ. ഞാന്‍ ഗ്യാരന്ടീ.’

എന്റെ മനസ്സില്‍ മൂന്ന് ലെഡു പൊട്ടുവാന്‍ തയ്യാറായി നിന്നു.

"അതെങ്ങിനെയാടാ ബാലൂ, ലെഡു മനസ്സില്‍ ഉണ്ടാവുന്നത്?"

"എന്റെ കൃഷ്ണാ അതൊക്കെയുണ്ട്‌. മനസ്സില്‍ ഒരുപാട് സന്തോഷം ഉണ്ടായീ എന്നതിന് ഇപ്പോളത്തെ പിള്ളേരുടെ സ്റ്റൈലില്‍ അങ്ങിനെയാണ് പറയുക."

"അത് ശരി, അപ്പോള്‍ അതാണ് കാര്യം! നിന്റെ വീടിന്റെ തെക്കേതിലെ വസുമതി ചേച്ചിയുടെ മോന്‍ ഇല്ലേ, എന്താ അവന്റെ പേര്? ആ സുനില്‍. ‎അവന്‍ ഇന്നലെ എന്റെയടുത്ത് പറയുവാ ‘കൃഷ്ണാ പരീക്ഷയുടെ റിസള്‍ട്ട്‌ വരുമ്പോള്‍ മനസ്സില്‍ ഒരു രണ്ടു ലെഡു എങ്കിലും പൊട്ടിക്കണേ’ എന്ന്. എനിക്ക് കാര്യം പിടികിട്ടിയില്ല. ഞാന്‍ കരുതിയത്‌ അവനെ രണ്ടു ‎വിഷയത്തിലെങ്കിലും പൊട്ടിക്കണേ എന്നാണ് പ്രാര്‍ത്ഥിച്ചത്‌ എന്നാണ്. ഞാന്‍ അതിനുള്ള പണി തുടങ്ങാന്‍ പോവായിരുന്നു. നീ ഇതിപ്പോള്‍ ‎പറഞ്ഞത് നന്നായി."

"തമാശ കളയു കൃഷ്ണാ, നീ ഞാന്‍ പറയുന്നത് കേള്‍ക്കൂ."

"നീ പറഞ്ഞോടാ, ഞാന്‍ സുനിലിന്റെ കാര്യം ഒന്ന് നോക്കുവാരുന്നു. അവന്റെ രണ്ടല്ല, എല്ലാ ലെഡുവും പൊട്ടിക്കേണ്ടി വരും. എന്തൊക്കെയാടാ അവന്‍ കാട്ടിക്കൂട്ടി വച്ചേക്കുന്നെ! അവനെ ജയിപ്പിക്കാന്‍ പറ്റില്ല."

"കൃഷ്ണാ..."

"എവിടെയാ പറഞ്ഞു നിര്‍ത്തിയെ? ആ, അമ്മ നിന്നെപ്പറ്റി പറഞ്ഞത്. എന്നിട്ട്?"

"അപ്പോള്‍ അവളുടെ അമ്മ എന്നെ അടിമുടി ഒന്ന് നോക്കി. ഞാന്‍ ഒരു പഞ്ചപാവം പോലെ നിന്നു. അവളുടെ അമ്മ എന്നോടായി പറഞ്ഞു ‘എല്ലാ കാര്യത്തിലും നീ കൂടെ നില്ക്കണേ മോനെ’ എന്ന്."

"അപ്പോള്‍ ആ മൂന്ന് ലെഡുവും പൊട്ടിയിട്ടുണ്ടാവും, അല്ലെ?"

"അതെ, പിന്നെ എല്ലാവരോടും പെട്ടെന്ന് യാത്രയൊക്കെ പറഞ്ഞു. തിരക്കുകണ്ടപ്പോള്‍ അനിയത്തി എന്നെ നോക്കി ചിരിച്ചു. എനിക്ക് പേടിയുണ്ടായിരുന്നു അവള്‍ എന്തെങ്കിലും ബോംബ്‌ പൊട്ടിക്കുമോ എന്ന്. അവള്‍ എല്ലായ്പോഴും എനിക്കൊരു പാരയാണെന്ന് ‎കൃഷ്ണന് അറിയാലോ. പക്ഷെ അവള്‍ ഒന്നും പറഞ്ഞില്ല.

എന്നും ശരിക്കും ബോറടിച്ചിരിക്കാറുള്ള രണ്ടു മണിക്കൂര്‍ എങ്ങിനെ പോയി എന്നറിഞ്ഞില്ല. ഓണത്തിന് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അതിനാല്‍ ‎ഫ്ലൈറ്റ് പകുതിയിലേറെയും കാലിയായിരുന്നു.

കയറുമ്പോള്‍ ഞാന്‍ അവളോട്‌ പറഞ്ഞു, ‘ആരെങ്കിലും ചോദിച്ചാല്‍ ഭാര്യ ആണെന്ന് പറഞ്ഞേക്ക്. ‎അപ്പോള്‍ പിന്നെ നമുക്കൊരു പ്രൈവസി ഉണ്ടാവും.’

മനസ്സിലിരുപ്പ് മനസ്സിലായിട്ടാണോ എന്നറിയില്ല അവള്‍ ചോദിച്ചു, ‘നമുക്കെന്തിനാ പ്രൈവസി?’

ഞാന്‍ ഒന്ന് ചമ്മിയോ? ഇല്ല, ഞാന്‍ അവളെ ഒന്ന് പേടിപ്പിച്ചു, ‘ആളുകള്‍ ഇപ്പോള്‍ കാണുന്നപോലെ ആയിരിക്കില്ല കുറച്ച് കഴിയുമ്പോള്‍. എല്ലാം വെള്ളമടിച്ചു കോണ്‍ തെറ്റിപ്പോവും.’

‘അയ്യോ മദ്യം കഴിക്കുന്നവരെ എനിക്ക് ഭയമാണ്, നീ കഴിക്കുമോ?’

‘നല്ല കഥ! അച്ഛന്‍ എക്സ്-മിലിട്രി. അമ്മയെ കണ്ടല്ലോ അല്ലെ? എന്നെ ഭയങ്കര ചിട്ടയിലാ വളര്‍ത്തിയത്. എനിക്കതിന്റെ മണം അടിച്ചാല്‍‎ മതി അപ്പോള്‍ തല കറങ്ങും. നിനക്ക് പ്രൈവസി വേണ്ടേല്‍ വേണ്ട! ഞാന്‍ കുറച്ചു കഴിഞ്ഞാല്‍ മാറിയിരിക്കും. പിന്നെ ആരെങ്കിലും ശല്യം ചെയ്യാന്‍ വന്നിട്ട് എന്നെ വിളിച്ചിട്ട് കാര്യമില്ല.’

‘ഇല്ല, ഞാനും വരും. സീറ്റ് മാറിയാല്‍, ഭാര്യയാണെന്നു പറയുന്നതില്‍ എന്താ കുഴപ്പം, പറഞ്ഞാല്‍ പോരെ’, അവള്‍.‎

ഞാന്‍ മനസ്സില്‍ ചിരിച്ചു. അവളും ചിരിക്കുകയായിരുന്നു. എന്റെ കൃഷ്ണാ, എന്തൊരു ചിരിയാ അവളുടെ! മുത്തുപൊഴിയുന്ന ചിരി എന്നൊക്കെ പറഞ്ഞാല്‍ അതാണ്‌.

ഞങ്ങള്‍ സീറ്റില്‍ ചെന്നിരുന്നതും ഒരു കിളവന്‍ വന്ന് അതേ സീറ്റില്‍ ഇരുന്നു. ഇയാള്‍ ഈ ‎പ്രായത്തില്‍ ഗള്‍ഫില്‍ വന്ന് എന്തെടുക്കാനാ എന്ന് ചിന്തിച്ചു. പക്ഷെ ആള് മാന്യന്‍ ആയിരുന്നു. ഞങ്ങള്‍ക്കൊരു പുഞ്ചിരി സമ്മാനിച്ച് അയാള്‍ ‎അടുത്ത സീറ്റിലേക്ക് പോയി.

പിന്നെ എന്തൊക്കെയാ എന്റെ കൃഷ്ണാ നടന്നത്! അവള്‍ക്കു സീറ്റ് ബെല്‍റ്റ്‌ ഇടാന്‍ പോലും അറിയില്ലായിരുന്നു. ഞാന്‍ പതുക്കെ ബെല്‍ട്ട്‌ ടൈറ്റ് ചെയ്തു കൊടുത്തു. എന്റെ കൈ അറിയാതെ അവളുടെ ദേഹത്തു ഒന്ന് കൊണ്ടു. ഷോക്ക്‌ കിട്ടിയത് പോലെ ആയി എനിക്ക്! അവളും ഒരു ഇക്കിള്‍ കൊണ്ടത്‌ പോലെ ഒന്ന് വിറച്ചു. ഞാന്‍ അവളെ ഒന്ന് പാളി നോക്കി. അവള്‍ ആ നീല മിഴികളിലൂടെ എന്നെയും നോക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ നാണം ഞാന്‍ അവളില്‍ കണ്ടു.

അപ്പോള്‍ ഞാന്‍ നിന്നെ വിളിച്ചത് നീ ഓര്‍ക്കുന്നില്ലേ? ഒന്ന് ഹെല്പ് ‎ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ നീ എന്താ പറഞ്ഞത്, അവളുടെ കല്യാണം കഴിഞ്ഞതാണ് മോനെ എനിക്കൊന്നും ചെയ്യാനില്ല എന്ന്.

‘ഹേ ‎കല്യാണം കഴിഞ്ഞതാണോ!’, ഞാന്‍ ഒന്ന് ഞെട്ടി. അവളും ഞെട്ടി.

‘അതെ കല്യാണം കഴിഞ്ഞതാണ്’, അവള്‍ പറഞ്ഞു. എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു പോയില്ലേ കൃഷ്ണാ!

‘നീ എന്തെ നേരത്തെ പറയാതിരുന്നു?’

‘നീ ചോദിച്ചില്ലല്ലോ.’

‘നിന്റെ നെറ്റിയില്‍ സിന്ദൂരം കണ്ടില്ല. ഞാന്‍ കരുതി കഴിഞ്ഞിട്ടുണ്ടാവില്ല എന്ന്.’

‘അത് പിന്നെ, അറബ് നാടല്ലെ. എന്തെങ്കിലും പ്രശ്നം ഉണ്ടായാലോ എന്ന് പേടിച്ചിട്ടാ.

എന്താ ഒരു നിരാശ? ലൈനിടാന്‍ വല്ല പരിപാടിയും ഉണ്ടായിരുന്നോ?’

അത് വരെ ഉണ്ടായിരുന്ന ഗ്യാസ് പെട്ടെന്ന് പോയത് പോലെ തോന്നി. എങ്കിലും ചമ്മല്‍ പുറത്തു കാണിച്ചില്ല. അവളെ ഒന്ന് പൊക്കി വെക്കാന്‍ ‎തോന്നി. ഒരു പഴയ നമ്പര്‍.

‘അതല്ല ആര്‍ക്കും ഇഷ്ടം തോന്നാന്‍ മാത്രം സുന്ദരി ആണ് നീ. പിന്നെ ഇത്തിരി ഗ്ലാമര്‍ എനിക്കും ഇല്ലേ?’

‘ഒരു രക്ഷയും ഇല്ല മാഷേ…’, അവള്‍ ചിരിച്ചു.

‘ഞാന്‍ ഒരു തമാശ പറഞ്ഞതാണ് നന്ദാ... നിന്നെ സേഫ് ആയി നിന്റെ ആളുടെ കയ്യില്‍ ഞാന്‍ ഏല്‍പ്പിക്കും ഓക്കേ?’, തല്‍കാലം തടി തപ്പി.

‘എത്ര കാലമായി കല്യാണം കഴിഞ്ഞിട്ട്?’

‘അത് വലിയ തമാശയാണ്. ആള് നാല്പത്തിയഞ്ച് ദിവസത്തെ ലീവിന് വന്നിട്ട് ദിവസവും പെണ്ണ് കാണല്‍ ആയിരുന്നത്രെ. അവസാനം ജാതകം എല്ലാം ഒത്തു വന്നത് ഞാനുമായിട്ട്.’

‘തെണ്ടി! വേറെ ഒരു പെണ്ണുമായിട്ടും ജാതകം ചേര്‍ന്നില്ല?’, എന്ന് മനസ്സില്‍ ചോദിച്ചു.

‘പിന്നെ കല്യാണം കഴിഞ്ഞു മൂന്നാം നാള്‍ ആള് പോയി. ഇപ്പോള്‍ അഞ്ചു മാസങ്ങള്‍ക്ക് ശേഷം ഞാന്‍ ‎ആളുടെ അടുത്തേക്ക് പോവ്വാണ്.’

ഏതാണ് ആ പരമദ്രോഹി എന്ന് ചിന്തിച്ചു. അപ്പോഴേക്കും ഫുഡ്‌ കൊണ്ട് വന്നു. ‘ഈ ബെല്‍ട്‌ ഒന്ന് അഴിച്ചു തരാമോ?’ എന്ന് അവള്‍ ചോദിച്ചു. ഇപ്രാവശ്യം എന്തോ കൈ വിറക്കുന്നത് പോലെ തോന്നി. അവള്‍ കഴിക്കുന്നത് കാണാന്‍ നല്ല രസമായിരുന്നു.

‘എനിക്ക് ഈ കത്തിയും മുള്ളും ഒന്ന് ഉപയോഗിച്ച് കഴിച്ചു ശീലം ഇല്ല.’, അവള്‍ ഇടയ്ക്കിടയ്ക്ക് പറഞ്ഞു കൊണ്ടിരുന്നു. ചായ വേണോ ജ്യൂസ്‌ വേണോ എന്ന് എയര്‍ ഹോസ്റ്റെസ് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് പോലെ ചായ മതി എന്നവള്‍ പറഞ്ഞു.

ചായ അവള്‍ കുടിക്കാന്‍ തുടങ്ങിയതും ഞാന്‍ പറഞ്ഞു, ‘പഞ്ചസാരയും പാലും വേറെ അതില്‍ ഉണ്ട്, മിക്സ്‌ ചെയ്യണം.’

അവള്‍ എന്നെ നോക്കി ചിരിച്ചു എന്തോ പറയാന്‍ തുടങ്ങുമ്പോഴേക്കും ഞാന്‍ കയറി പറഞ്ഞു, ‘ഞാന്‍ ആദ്യമായിട്ടാണ്, എന്നല്ലേ പറയാന്‍ വരുന്നത്. ഒരുപാടായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്.’ അവള്‍ വീണ്ടും ചിരിച്ചു.

അവളുടെ ചിരി, അതെന്നെ കൂടുതല്‍ കൂടുതല്‍ അവളിലേക്ക് ആവാഹിക്കുകയായിരുന്നു. ‘എനിക്കിഷ്ടായി.’, ഞാന്‍ അറിയാതെ പറഞ്ഞുപോയി.‎

അവള്‍ വീണ്ടും ഒന്ന് ഞെട്ടിയത് പോലെ തോന്നി.

‘അല്ല, നിന്റെ ഈ നിലപാട് എനിക്കിഷ്ടായി എന്നാണ് പറഞ്ഞത്. ഞാന്‍ ആദ്യമായിട്ട് വരുമ്പോളും ഇങ്ങനെ ആയിരുന്നു. അന്ന് എന്റെ അടുത്ത സീറ്റില്‍ ഇരുന്ന ആള് എന്നെ കളിയാക്കുന്നത് പോലെ പറഞ്ഞു, ‎’ഇത്തിരി മധുരം ഒക്കെ ആവാം കേട്ടോ. ഈ ചെറിയ പാക്കറ്റില്‍ ഷുഗര്‍ ഉണ്ട്.’

ഞാന്‍ ശരിക്കും ചമ്മി. പക്ഷെ ഞാന്‍ അത് പുറത്തു കാണിച്ചില്ല.

‘ഞാന്‍ മധുരം ഇല്ലാത്ത ചായയാണ് കുടിക്കാര്.’ അതും പറഞ്ഞു ഞാന്‍ ആ ചായ വളരെ കഷ്ടപ്പെട്ട് കുടിച്ചു തീര്‍ത്തു. എന്റെ വിഷമം കണ്ടിട്ടാവണം, അയാള്‍ പറഞ്ഞു, ‎’മധുരം വേണ്ടെങ്കിലും പാല്‍ ഒഴിക്കാമായിരുന്നില്ലേ? ഇതില്‍ പാലായിരുന്നൂ.’

ഈ തെണ്ടിക്കിത് ആദ്യം പറയാമായിരുന്നില്ലേ എന്ന് മനസ്സില്‍ കരുതി. എന്റെ മനസ്സ് വായിച്ചിട്ടെന്നോണം അയാള്‍ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.

ഇതെല്ലം കേട്ട് അവള്‍ പൊട്ടിച്ചിരിച്ചു. ഒരു നിമിഷം ‎ അവള്‍ ഫ്ലൈറ്റില്‍ ആണെന്ന് മറന്നു എന്ന് തോന്നി. അടുത്ത സീറ്റില്‍ ഇരുന്ന ഒരു കാര്‍ന്നോര്‍ക്ക് അപ്പോള്‍ എന്തോ ഒരു സൂക്കേട്‌, അയാള് ‎മിണ്ടാതിരിക്കാന്‍ പറഞ്ഞു. അവള്‍ പിന്നെയും വാ പൊത്തി ചിരിച്ചു. അപ്പോള്‍ ‎അവളുടെ ചുവന്നു തുടുത്ത ആപ്പിള്‍ പോലെയുള്ള കവിളുകളും വിടര്‍ന്ന നീലക്കണ്ണുകളും ഞാന്‍ കണ്ണ് വെട്ടാതെ നോക്കിയിരുന്നു പോയി.

സമയം രാത്രി ഒന്‍പതു മണിയായി. ലൈറ്റ് എല്ലാം എയര്‍ ഹോസ്റ്റെസ്സ് ഓഫ്‌ ചെയ്തു.‎ പതുക്കെ അവള്‍ ഉറക്കത്തിലേക്കു വീണു. ഇടയ്ക്കിടയ്ക്ക് അവളുടെ തലഭാഗം എന്റെ ദേഹത്തേക്ക് വീണു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ‎അതെന്റെ തോളത്തു സ്ഥിരമായി. ഞാന്‍ അവളെ നോക്കിക്കൊണ്ടിരുന്നു.

അവള്‍ക്കു വല്ലാതെ തണുക്കുന്നത് പോലെ തോന്നി. ഞാന്‍ എയര്‍ ഹോസ്റ്റസ്സിനെ വിളിച്ചു ഒരു പുതപ്പ് തരാന്‍ പറഞ്ഞു. പുതപ്പും കൊണ്ട് വന്നപ്പോള്‍ ആണ് എയര്‍ ഹോസ്റ്റെസ്സിനെ ശരിക്കും കണ്ടത്, അവളും ‎ സുന്ദരിയാണ്. ഇത്തിഹാദ് ടിക്കറ്റ്‌ എടുക്കുന്നത് തന്നെ ഇവളുമാരെ കാണാന്‍ ആണ്. എയര്‍ ഇന്ത്യയിലെ അമ്മച്ചിമാരെ കണ്ടു യാത്ര ചെയ്യാന്‍ വയ്യാതായി. ഇന്ന് പക്ഷെ ഇവളുമാരെ ഒന്നും ശ്രദ്ധിച്ചില്ല. നന്ദയില്‍ ‎ ആയിരുന്നു ശ്രദ്ധ മുഴുവനും. പുതപ്പു വാങ്ങി അവളെ ഉണര്‍ത്താതെ തന്നെ പുതപ്പിച്ചു.

എ സി യില്‍ നിന്നുള്ള കാറ്റില്‍ അവളുടെ മുടിയിഴകള്‍ അവളുടെ മുഖം മറക്കുന്നുണ്ടായിരുന്നു. ഞാന്‍ പതുക്കെ അവ മാടിയൊതുക്കി. ഉറക്കത്തിലായിരുന്ന അവള്‍ എന്റെ കൈ പിടിച്ചു അവളുടെ മുഖത്തോട് ചേര്‍ത്ത് വച്ചു. പിന്നെ അവള്‍ അത് വിട്ടില്ല. ഞാന്‍ ശ്രമിച്ചതുമില്ല. പിന്നെ സ്വപ്‌നങ്ങള്‍ ആയിരുന്നു.

ഞാന്‍ വീണ്ടും വീണ്ടും നിന്നോട് യാചിച്ചില്ലേ‎ കൃഷ്ണാ അവളെ എനിക്ക് വേണം എന്ന്. നീ പക്ഷെ എന്നെ കയ്യൊഴിഞ്ഞു.

ഇടക്കെപ്പോഴോ ഉണര്‍ന്ന അവള്‍ എന്നോട് സോറി പറഞ്ഞു. ലാന്റിംഗ് സമയത്ത് ഞാന്‍ അവളോട്‌ പറഞ്ഞു നീ സ്വയം ഇട്ടു നോക്ക് ബെല്‍റ്റ്‌ എന്ന്. അവള്‍ തന്നെ പിന്നീട് ‎ബെല്‍റ്റ്‌ മുറുക്കുകയും അഴിക്കുകയും ചെയ്തു.

അവളുടെ അമ്മക്ക് വാക്ക് കൊടുത്തത് പോലെ എല്ലാറ്റിനും കൂടെ നിന്നു. അവളുടെ വിസ എടുക്കാനും ഐ ‎ടെസ്റ്റ്‌ നടക്കുന്നിടത്ത് അവളെ കൊണ്ട് ചെന്നാക്കി. അവിടെ നല്ല തിരക്കായിരുന്നു. ബാക്കി കാര്യങ്ങള്‍ എല്ലാം അവളെ പറഞ്ഞു മനസ്സിലാക്കി.‎

ഞാന്‍ പുറത്തു വന്നു. അവിടെ എന്റെ ഫ്രണ്ട് കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. എയര്‍ പോര്‍ട്ടില്‍ വന്നു പോവുന്ന കളറുകളെ നോക്കി അവന്‍ ‎അങ്ങിനെ മുഴുകി നില്‍ക്കുന്നു. അവനെ കണ്ട നിമിഷം വെറുതെ ഒരു തമാശ തോന്നി. ഞാന്‍ എന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. അതങ്ങിനെ സംഭവിക്കുകയായിരുന്നു."

ഇഷ്ടമായെങ്കിൽ ഈ നോവലെറ്റ് സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ.