ഒരു നുണക്കഥ ബാക്കിവെച്ചത് 3
"ഞാന്‍ ചെല്ലുമ്പോള്‍ അവന്റെ കൂടെ ആരോ ഒരു ഫ്രണ്ട്. അവര്‍ അപ്പോള്‍ അവിടെ വച്ച് പരിചയപ്പെട്ടതാണെന്നു പറഞ്ഞു.
'അളിയാ ഇന്ന് ഫ്ലൈറ്റില്‍ ചാകരയാണല്ലോ?, ജോബിന് അവന്റെ ഉള്ളിലെ സന്തോഷം എടുത്തു പുറത്തിട്ടു.
'ഒന്നും പറയേണ്ട അളിയാ, ഇന്നത്തേത് പോലെ ഒരു യാത്ര എന്റെ ജീവിതത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല, ഇനിയൊട്ടു ഉണ്ടാവാനും പോണില്ല', ഞാനും തുടങ്ങി.
'എന്താടാ?', അവനു ആകാംക്ഷ.
'എന്റെ പൊന്നളിയാ, ഇന്ന് എന്റെ സീറ്റില്‍ ഒരു കിളിയായിരുന്നു കൂടെ. വെറും കിളിയല്ലെടാ, ഒരു പഞ്ചവര്‍ണക്കിളി. അവളുമായി അബുദാബി വരേ...'
ഞാന്‍ എന്റെ ഉള്ളിലെ നടക്കാതെ പോയ ആഗ്രഹങ്ങള്‍ എല്ലാം പൊടിപ്പും തൊങ്ങലും വെച്ച് കാച്ചി. എല്ലാം കേട്ട് ജോബിന് അസൂയപ്പെടുന്നത് ഞാന്‍ കണ്ടു.
'ടാ നീ ആ കയ്യൊന്നു കാണിച്ചേ...', അവന് എന്റെ കയ്യെടുത്ത് മണത്തു.
'അളിയാ ബ്ലൂ ലേഡി സ്പ്രേയുടെ മണം.'
'അതവളുടെ അല്ലേടാ തെണ്ടീ! തിരിച്ചു വരാന്‍ നേരം എന്റെ സ്പ്രേ എല്ലാം കഴിഞ്ഞിരുന്നു, അതുകൊണ്ട് അനിയത്തിയുടെ സ്പ്രേ എടുത്തടിച്ചതാ.' അവന്റെ മുഖത്തൊരു നിരാശ കണ്ടോ?
'നീ ഇത്രയൊക്കെ കാണിച്ചിട്ടും അവള്‍ക്കു എതിര്‍പ്പൊന്നും ഉണ്ടായില്ല?', ആ അപരിചിതന് അത് ചോദിച്ചപ്പോൾ ആണ് ഇത്ര നേരം പറഞ്ഞതെല്ലാം അയാളും കേള്‍ക്കുന്നുണ്ടായിരുന്നു എന്ന് മനസ്സിലായത്.
ഞാന്‍ വിട്ടില്ല, കേള്‍ക്കാന്‍ ആളുണ്ടെങ്കിൽ അല്ലേ പറയാന്‍ രസം.
'എന്തോന്ന് എതിര്‍പ്പ് മാഷേ, അവളും കല്യാണം കഴിഞ്ഞ കൊച്ചാ, ഒരു ചേയ്ഞ്ച് ഇഷ്ടപ്പെടാത്തവര്‍ ആരാ.', അതും പറഞ്ഞു ഞാന്‍ അയാളെ നോക്കി. അയാളുടെ മുഖം ഇരുണ്ടിരിക്കുന്നു. അസൂയ! അല്ലാതെന്താ എന്ന് ചിന്തിച്ചു ഞാന്‍.
'അളിയാ പുറത്തു വരുമ്പോള്‍ എനിക്കൊന്നു കാണിച്ചുതാടാ ആ കിളിയെ.', ജോബിന്.
അപ്പോള്‍ ആണ് കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അവള് അറിയാതെ എടുത്ത അവളുടെ ഫോട്ടോയെപ്പറ്റി ഓർമ്മ വന്നത്. ഞാന്‍ അത് ജോബിനു കാണിച്ചു. ജോബിന് അതയാള്‍ക്കും കാണിച്ചു. അത് കണ്ടതും അയാള്‍ അവിടെ നിന്നും പെട്ടെന്ന് പോയി. അയാളുടെ ഭാവമാറ്റം കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നി.
ഞാന്‍ ജോബിനോട് ചോദിച്ചു, 'ടാ ഇനി അയാള്‍ എങ്ങാനും ആവുമോ ആ കൊച്ചിന്റെ കെട്ടിയോന്?!'
'നിനക്ക് വട്ടുണ്ടോ? അയാള്‍ക്ക് പത്തു നാൽപ്പതു വയസ്സ് കാണും. ആ കൊച്ചിന്റെ അമ്മാവന് ആവാതിരുന്നാല്‍ മതി. ഇത് ഫ്രെസ്ട്രേഷനാടാ. നീ വാ നമുക്ക് പോവാം.'
അതങ്ങനെ കഴിഞ്ഞു. പിന്നെ അവളെപ്പറ്റി ചിന്തിച്ചില്ല. റൂമിലേക്കുള്ള വഴിയില്‍ ആ ഫോട്ടോ ഡിലീറ്റ് ചെയ്തു. സത്യത്തില്‍ അവള് വിവാഹിതയാണെന്ന് അറിയാതെ എടുത്ത ഫോട്ടോ ആണ്. അവളെ തന്റെതാക്കണം എന്ന ആഗ്രഹത്തില്‍ എടുത്ത ഫോട്ടോ. ഇനിയതിന്റെ ആവശ്യം ഇല്ല തോന്നി ഡിലീറ്റ് ചെയ്തു.
കൃഷ്ണാ നീ കേള്‍ക്കുന്നില്ലേ?"
"ഉവ്വ്, നീ പക്ഷെ ആ കൊച്ചിനെപ്പറ്റി അങ്ങനെ പറയരുതായിരുന്നു."
"അറിയാം കൃഷ്ണാ, അപ്പോള്‍ പക്ഷെ അങ്ങനെ ഒരു തെറ്റ് പറ്റിപ്പോയി! പിന്നീട് ഞാന്‍ അവളെ കാണുന്നത് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആണ്. കാലം എന്നില്‍ വരുത്തിയ മാറ്റങ്ങള്‍ കൊണ്ട് അവള് എന്നെ തിരിച്ചറിഞ്ഞില്ല. പക്ഷെ അവളുടെ മുഖം എന്റെ മനസ്സിന്റെ ഏതോ ഒരു കോണില്‍ മായാതെ കിടന്നിരുന്നു.
ഞാന്‍ ഒരു പെണ്ണ്കാണലിനു പോയതായിരുന്നു. 'മീനാക്ഷി' എന്നായിരുന്നു കുട്ടിയുടെ പേര്. എനിക്കും വീട്ടുകാര്‍ക്കും ഇഷ്ടമായി.
ഇറങ്ങാന്‍ നേരം മീനാക്ഷി എന്നോട് തനിച്ചു സംസാരിക്കണം എന്ന് പറഞ്ഞു. സത്യത്തില്‍ കേട്ടപ്പോള്‍ ഒന്ന് വിറച്ചു. പെണ്‍കുട്ടികള്‍ ഇങ്ങോട്ട് ആവശ്യപ്പെടുന്നോ എന്ന് ചിന്തിച്ചു നില്‍ക്കെ എന്റെ അനിയത്തി എന്നെ കളിയാക്കി ചിരിച്ചു.
ഞാന്‍ മീനാക്ഷിയുടെ റൂമിലേക്ക് കടന്നു. അവള് എന്നോട് മനോഹരമായി ചിരിച്ചു. എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നി. അവള് പറഞ്ഞു തുടങ്ങുകയാണ്.
'ഒരു പ്രധാന കാര്യം എന്റെ വീട്ടുകാര്‍ മറച്ചു വെച്ചിട്ടുണ്ട്, അത് തുറന്നു പറയാന്‍ വേണ്ടിയാണ് ഞാന്‍ സംസാരിക്കണം എന്ന് പറഞ്ഞത്. രണ്ടു വർഷം മുന്‍പ് എന്റെ വിവാഹം തീരുമാനിച്ചു കഴിഞ്ഞതായിരുന്നു അത് പക്ഷെ മുടങ്ങിപ്പോയി. അതിന്റെ കാരണം എന്റെ ചേച്ചിയുടെ ഡിവോര്‍സ് ആണ്. ഒരു നട്ടെല്ലില്ലാത്ത ആളുമായി അവളുടെ കല്യാണം നടത്തിയതിന്റെ ഫലം ഡിവോര്‍സില്‍ അവസാനിച്ചു.
അവള് ഇപ്പോള്‍ ഈ വീട്ടില്‍ ഉണ്ട്. അതിനു ശേഷം വേറെ ഒരു വിവാഹത്തിന് അവള് തയ്യാറായില്ല. എനിക്ക് വന്ന മറ്റു ആലോചനകള്‍ എല്ലാം ഈ കാരണം കൊണ്ട് നടക്കാതെ പോയി. അത് കൊണ്ട് നന്ദേച്ചിയുടെ കാര്യം മറച്ചു വെച്ചാണ് എന്റെ വീട്ടുകാര്‍ ചേട്ടന്റെ വീട്ടുകാരുമായി സംസാരിച്ചത്.'
നന്ദേച്ചി..! ആ പേര് കേട്ടതും ഒരു കൊള്ളിയാന്‍ മിന്നി.
അഭിപ്രായങ്ങൾ