ഒരു നുണക്കഥ ബാക്കിവെച്ചത് 4

"നന്ദേച്ചി.. ആ പേര് കേട്ടതും ഒരു കൊള്ളിയാന്‍ മിന്നി.

എങ്കിലും ഒരു ഉറപ്പിനു വേണ്ടി ചോദിച്ചു, 'ഇതൊരു വലിയ കാരണമായി എനിക്ക് തോന്നുന്നില്ല. എന്നാലും ഒരു കാര്യം ചോദിക്കട്ടെ., എന്തായിരുന്നു നന്ദേച്ചിക്ക് പറ്റിയത്?'

'അതൊരു ഞരമ്പ്‌ രോഗിയുടെ കൂടെ ഞങ്ങള്‍ അവളെ വിശ്വസിച്ച് ഏല്പിച്ചു. ഒരു ഫ്ലൈറ്റ് യാത്രയില്‍ ഇടക്കെപ്പോഴോ ഉറങ്ങുകയായിരുന്ന അവളുടെ കുറേ ചീത്ത ഫോട്ടോകള്‍ അയാള്‍ മൊബൈലില്‍ എടുത്ത് അവളുടെ ഭര്‍ത്താവിനു കാണിച്ചു.'

പിന്നീട് അവള്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല. ചെവിടടച്ച് ഒരു തല്ലു കിട്ടിയത് പോലെ ഒരു മൂളല്‍ മാത്രം.‎

വളരെ ബുദ്ധിമുട്ടി ഞാന്‍ അവളോട്‌ ചോദിച്ചു, 'എനിക്കൊന്നു കാണാന്‍ പറ്റുമോ നന്ദയെ?'

എന്റെ മുഖം കണ്ട് അവളും വല്ലാതായത് പോലെ തോന്നി. 'ഞാന്‍ വിളിക്കാം' എന്ന് പറഞ്ഞ് അവള്‍ പോയി. അവള്‍ പോയതും അവള്‍ നേരത്തെ കുടിക്കാന്‍ തന്ന ജ്യൂസ്‌ മുഴുവനും ഒറ്റ വലിക്കു കുടിച്ചു തീര്‍ത്തു.

അവള്‍ വരികയായിരുന്നു. അതെ അതവള്‍ തന്നെയായിരുന്നു, അളകനന്ദ. മുഖം തിരിക്കണോ..? എന്നെ കണ്ടാല്‍ കടിച്ചു കുടയാനുള്ള കോപം ഉണ്ടാവും അവള്‍ക്ക്. പക്ഷേ അവള്‍ക്ക് എന്നെ മനസ്സിലായില്ല എന്ന് ‎തോന്നി, ആ നിൽപ്പ് കണ്ടപ്പോള്‍.

ആ പഴയ നന്ദയില്‍ നിന്നും അവള്‍ വല്ലാതെ മാറിയിരുന്നു. അവള്‍ വളരെ പ്രയാസപ്പെട്ട് ഒന്ന് ചിരിച്ചു.

'ഞാന്‍ കാരണം എന്റെ അനിയത്തിയെ വേണ്ട എന്ന് പറയരുത്. പ്ലീസ്...', അത്രയേ അവള്‍ പറഞ്ഞുള്ളൂ.. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഒരുപാട് സന്തോഷത്തോടെ കഴിയേണ്ടിയിരുന്ന ഒരു പെണ്‍കുട്ടി ഞാന്‍ ‎കാരണം... വല്ലാത്ത കുറ്റബോധം തോന്നി. കൂടുതല്‍ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല എനിക്ക്.

'മീനാക്ഷി ഞാന്‍ നിന്റെ നന്ദേച്ചിയെ വിവാഹം കഴിച്ചോട്ടെ..?'

ചോദിക്കുന്നതിന്റെ ശരിയും തെറ്റും ഞാന്‍ ചിന്തിച്ചില്ല. മീനാക്ഷിയില്‍ നിന്നും ഒരു ഞെട്ടല്‍ ഞാന്‍ പ്രതീക്ഷിച്ചു. അവള്‍ പക്ഷേ കൂടുതല്‍ ‎സന്തുഷ്ടയായത് പോലെ തോന്നി. അവള്‍ നേരെ പുറത്തേക്കോടി. ഞാന്‍ നന്ദയെ നോക്കി. അവള്‍ ഒന്നും പറഞ്ഞില്ല. അവളും റൂമിന് പുറത്തേക്കു ‎നടന്നു.

ഞാന്‍ പുറത്തു വന്നപ്പോള്‍ അമ്മയുടെ മുഖം ദേഷ്യം കൊണ്ട് വല്ലാതെ ചുവന്നിരിക്കുന്നു. അച്ഛന്റെ മുഖത്തേക്ക് നോക്കാന്‍ ധൈര്യം വന്നില്ല.

'നമുക്ക് പിന്നെ സംസാരിക്കാം.' എന്ന് പറഞ്ഞു അച്ഛന്‍ എണീറ്റു.

'ഇല്ല, ഇതിപ്പോള്‍ സംസാരിച്ചു തീരുമാനിക്കണം.' എവിടെ നിന്ന് കിട്ടിയ ധൈര്യം ആണ് എന്നെക്കൊണ്ട് അപ്പോള്‍ അങ്ങനെ പറയിപ്പിച്ചത് ‎എന്ന് അറിയില്ല.

'ഇതില്‍ ഒന്നും തീരുമാനിക്കാനില്ല... എനിക്ക് സമ്മതമല്ല. എല്ലാം അറിഞ്ഞു കൊണ്ട് തന്നെ നിങ്ങള്‍ എന്നെ വിവാഹം ചെയ്യുമായിരിക്കും. കുറച്ചു കഴിയുമ്പോള്‍ അന്ന് എന്റെ ജീവിതം തകര്‍ത്തവന്‍ കുറേ വൃത്തികെട്ട ‎ഫോട്ടോകളുമായി നിങ്ങളെ വന്നു കാണും. അപ്പോള്‍ നിങ്ങളിലെ യഥാര്‍ത്ഥ ഭര്‍ത്താവ് തല പൊക്കും. ഏതൊരു ഭര്‍ത്താവും അവന്റെ ഭാര്യയുടെ ‎കാര്യത്തില്‍ സെല്‍ഫിഷ് ആണ്. അതിനാല്‍ ഇനിയും ഒരു നാടകത്തിന് എനിക്ക് വയ്യ!'

'ഏതു വൃത്തികെട്ട ഫോട്ടോയെ പറ്റിയാണ് നീ സംസാരിക്കുന്നത്.? അങ്ങിനെ ഒരു ഫോട്ടോ ഉണ്ടെങ്കില്‍ അല്ലെ..?', ഞാന്‍ എല്ലാം തുറന്നു പറയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.‎

'അമ്മക്കറിയോ..? ഞാന്‍ കാരണം ആണ് ഇവളുടെ അവസ്ഥ ഇങ്ങനെ ആയത്. കഴിഞ്ഞ പ്രാവശ്യം ഞാന്‍ ഗള്‍ഫിലേക്ക് പോവുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് അമ്മ ഇവരെ കണ്ടതായി ഓര്‍ക്കുന്നുണ്ടോ..? ഇവളെ വിശ്വസിച്ചു എന്റെ കയ്യില്‍ ഏൽപ്പിക്കാന്‍ അമ്മ ഇവളുടെ അമ്മയോട് ‎പറഞ്ഞത് ഓര്‍മ്മയുണ്ടോ..? ‎

ആ അമ്മയും മകളും ആണ് ഈ നില്‍ക്കുന്നത്. അന്ന് അരുതാത്തതായി ഒന്നും നടന്നിട്ടില്ല. ഇവള്‍ കാപ്പി കുടിക്കുന്ന ‎ഒരു ഫോട്ടോ ആണ് ഇവള്‍ കാണാതെ ഞാന്‍ എടുത്തത്‌. അതാണ് ഞാനന്ന് എന്റെ ഫ്രെണ്ടിനെ കാണിച്ചത്. അന്നവന്റെ കൂടെ ഉണ്ടായിരുന്ന ഒരാള്‍... അയാളും ആ ഫോട്ടോ കണ്ടു. പിന്നെ ഞാന്‍ ചെയ്ത ഒരു തെറ്റ്. അത് തെറ്റ് തന്നെയാണ്. ഇവളേപ്പറ്റി കുറച്ച് ഇല്ലാത്ത കാര്യങ്ങള്‍ ഒരു തമാശക്കായി ഞാന്‍ എന്റെ ഫ്രെണ്ടിനോട് പറഞ്ഞു.'

പറഞ്ഞു തീര്‍ന്നില്ല. പടക്കം പൊട്ടുന്ന പോലെ ഒരടി എന്റെ കവിളത്ത്., ആരാണ് എന്ന് കുറച്ചു കഴിഞ്ഞാണ് മനസ്സിലായത്‌, എന്റെ അച്ഛന്‍ തന്നെയായിരുന്നു. അച്ഛനില്‍ നിന്നും കിട്ടിയ ആദ്യത്തെ അടി.

'തെമ്മാടീ... ഒരു പെങ്കൊച്ചിന്റെ ജീവിതം വെച്ചാണോ നീയെല്ലാം കളിച്ചത്. ഇനി വിവാഹം കഴിക്കുമെങ്കില്‍‎ ഇവളെ മാത്രം.'

ഒരടി കിട്ടിയാല്‍ എന്താ കാര്യം ഓക്കേ ആയില്ലേ എന്ന് സന്തോഷിച്ചു.

'എന്റെ കൃഷ്ണാ അന്നത്തെ എന്റെ പ്രാര്‍ത്ഥന നീ കേട്ടല്ലേ' എന്ന് മനസ്സില്‍ ചിന്തിക്കേ അച്ഛന്റെ അടുത്ത വാക്കുകള്‍.

'ഇനി ഈ വിവാഹത്തിന് അവള്‍ക്കു സമ്മതമല്ലെങ്കില്‍ അവളുടെ വിവാഹം എന്ന് കഴിയുന്നോ അന്നേ നിനക്കും വിവാഹമുള്ളൂ...'

എനിക്ക് നന്ദയുമായി സംസാരിക്കണം എന്ന് പറഞ്ഞു. അവള്‍ക്ക് സംസാരിക്കേണ്ട എന്നായിരുന്നു അഭിപ്രായം. എങ്കിലും മീനാക്ഷിയുടെ പരിശ്രമം കൊണ്ട് ഞങ്ങള്‍ സംസാരിച്ചു. ചെയ്ത തെറ്റ് എല്ലാം അറിവില്ലായ്മ കൊണ്ടാണെന്നും ഇത്രയും ‎വലിയ ഒരു ദുരന്തം ഉണ്ടാവും എന്നും പ്രതീക്ഷിച്ചില്ല എന്നും പറഞ്ഞു. എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്ന് പറഞ്ഞു.

ഒടുവില്‍ ‎അവള്‍ സമ്മതിച്ചു, 'നിന്റെ കുമ്പസാരം കേട്ടിട്ടു മനസ്സലിഞ്ഞിട്ടല്ല. ഞാന്‍ കാരണം എന്റെ അനിയത്തിക്ക് ജീവിതം നഷ്ടപ്പെടാതിരിക്കാന്‍‎ വേണ്ടി മാത്രം.'

അപ്പോള്‍ പിന്നില്‍ നിന്നും മീനാക്ഷി കണ്ണിറുക്കി കാണിച്ചു. എല്ലാം മംഗളമാവും എന്ന് അവള്‍ ആശംസിക്കുന്നത് പോലെ തോന്നി.

***

അവളുടെ ശരിക്കുള്ള മുഖം ഞാന്‍ കണ്ടുതുടങ്ങുകയായിരുന്നു.

അന്ന് ഞങ്ങളുടെ ആദ്യ രാത്രി. ഒരുപാട് മനക്കോട്ടകള്‍ കെട്ടിയിരുന്നു ഞാന്‍, ഈ ദിവസത്തേക്കുറിച്ച്. മനസ്സില്‍ ഒരു ഇണയെ തേടാന്‍ തുടങ്ങിയ കാലം‎തൊട്ട് ഈ ദിവസം എന്റെ സ്വപ്നമായിരുന്നു. ഇന്ന് ഞാന്‍ ഏറെ മോഹിച്ച പെണ്‍കുട്ടി എന്റെ ഇണയായി ‎ജീവിതത്തിലേക്ക് വന്നിരിക്കുന്നു.

റൂം വളരെ മനോഹരമായി അലങ്കരിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ വളരെ ‎ലളിതമാണ് താനും. എല്ലാം വെള്ള നിറം. റൂമിലെ ചുവരുകള്‍ക്കും കിടക്കയ്ക്കും കിടക്ക വിരിക്കും തലയിണകള്‍ക്കും‎ ജനാല വിരികള്‍ക്കും എല്ലാറ്റിനും വെള്ള നിറം. മുല്ലപ്പൂവുകള്‍ കൊണ്ട് മാല കോര്‍ത്ത്‌ എല്ലായിടത്തും തൂക്കിയിട്ടിരിക്കുന്നു. കിടക്കയിലും ‎കുറെയേറെ മുല്ലമൊട്ടുകള്‍ വിതരിയിട്ടിരിക്കുന്നു. മുല്ലയുടെ മണം എന്നില്‍ ‎പ്രണയം നിറച്ചിരിക്കുന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ വരും. എങ്ങനെ തുടങ്ങണം? ആദ്യം തന്നെ എല്ലാറ്റിനും ‎സോറി പറയാം. അല്ലെങ്കില്‍ വേണ്ട. അവള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇനി വീണ്ടും ഓർമ്മപ്പെടുത്തേണ്ട.

വാതില്‍ തുറക്കുന്ന ശബ്ദം ‎കേട്ടു. എന്റെ ചങ്കിടിപ്പിനു വല്ലാതെ ശക്തി കൂടിയത് പോലെ തോന്നി. അവള്‍ പതുക്കെ റൂമിലേക്ക്‌ വന്നു. കൂടെ മീനാക്ഷിയും ഉണ്ട്. അവള്‍ നല്ല ‎സന്തോഷത്തിലാണ്. ഞാന്‍ നന്ദയെ നോക്കി. അവളുടെ മുഖവും നാണം കൊണ്ട് ചുവന്നിരിക്കുന്നു. കണ്ണുകളില്‍ നാണം. വര്‍ഷങ്ങള്‍ക്കു ‎മുന്‍പ് എന്റെ കൈവിരലുകള്‍ അറിയാതെ ഒന്ന് സ്പര്‍ശിച്ചപ്പോള്‍ അവളില്‍ കണ്ടതും ഈ നാണം തുളുമ്പുന്ന നീല മിഴികള്‍ ആയിരുന്നു.

എന്നെ നോക്കി ഒരു ചിരി പാസ്സാക്കി മീനാക്ഷി തിരിഞ്ഞു. നന്ദ വാതില്‍ അടച്ചു. ‎നല്ല നീളമുള്ള മുടി. നിറയെ മുല്ലപ്പൂ ചൂടിയിരിക്കുന്നു. കസവ് സാരി വളരെ മനോഹരമായി അവള്‍ ചുറ്റിയിരിക്കുന്നു. ചിലപ്പോള്‍ ആരെങ്കിലും ‎ഉടുപ്പിച്ചതാവും. കയ്യില്‍ ഒരു ഗ്ലാസ്‌ പാല്‍. ഞാന്‍ കണ്ടിരുന്ന സ്വപ്നത്തിലെ ഓരോ സീനും ഞാന്‍ ആഗ്രഹിച്ചിരുന്നത് പോലെ ഒരു ആദ്യ രാത്രി.

പക്ഷെ എന്റെ ‎എല്ലാ സ്വപ്നങ്ങളും തകര്‍ന്നടിയുകയായിരുന്നു. പാല്‍ ഗ്ലാസ് ഫ്ലവര്‍വേയ്സിനോട് ചേര്‍ത്ത് ടേബിളില്‍ വച്ച്‎ അവള്‍ നേരെ റൂമില്‍ ഉണ്ടായിരുന്ന അലമാരി തുറന്നു. അങ്ങനെ ഒരു അലമാരി കണ്ണില്‍ പെട്ടിരുന്നില്ല. കാരണം അതിനും വെള്ള നിറം ആയിരുന്നു. അതില്‍ നിന്നും എന്തോ എടുത്ത് അവള്‍ നേരെ നടന്നു. ഒരു ബാത്രൂം ഇവിടുണ്ടായിരുന്നോ? അവള്‍ അകത്തു കയറി.

നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്തു വന്നു. അവള് തന്നെയാണോ ഇതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ചുവന്ന ഒരു ടീ ഷര്‍ട്ടും ‎നീല ജീന്‍സും. ഇതെന്തു വേഷം എന്ന് ചോദിക്കാന്‍ തുടങ്ങിയതും വാളിനേക്കാള്‍ മൂര്‍ച്ചയുള്ള അവളുടെ വാക്കുകള്‍.

'ഇന്നലെ തീരെ ഉറങ്ങാന്‍ പറ്റിയില്ല. എനിക്ക് ഉറക്കം വരുന്നു. നീ കട്ടിലില്‍ കിടന്നോ... ഞാന്‍ താഴെ കിടക്കും. ‎ഇന്ന് മുതല്‍ നമ്മള്‍ ഇങ്ങനെ ജീവിക്കും എന്നെ ശല്യപ്പെടുത്തരുത്.'

അതും പറഞ്ഞു കട്ടിലില്‍ കിടന്നിരുന്ന പുതപ്പ് അവള്‍ ഒരു വലി വലിച്ചു. വീണു പോവാതിരിക്കാന്‍ ഞാന്‍ കട്ടിലില്‍ അള്ളിപ്പിടിച്ചു.

'നീ ഒറ്റയ്ക്ക് അങ്ങനെ ഒരു തീരുമാനം എടുത്താല്‍ എങ്ങനെയാ മോളേ.., ഞാന്‍ പിന്നെ നിന്റെ കോന്തന്‍ ഭര്‍ത്താവായി ജീവിക്കണോ അതിനു ‎വേറെ ആളെ നോക്ക്. കട്ടിലില്‍ കയറി കിടക്കെടീ കോപ്പേ..!', എന്ന് പറയണം എന്ന് മനസ്സ് വല്ലാതെ ആഗ്രഹിച്ചു. പക്ഷെ വാക്കുകള്‍ പുറത്തു വന്നില്ല. ഞാന്‍ ദയനീയമായി അവളെ ഒന്ന് നോക്കി. അവള്‍ ‎ചെരിഞ്ഞു കിടന്നു ഉറക്കം തുടങ്ങിയിരിക്കുന്നു.

അവളുടെ കോലം കണ്ടതും എന്റെ പ്രണയാതുരമായ മനസ്സ് മരവിച്ചു പോയിരുന്നു. ഇനി കൂടുതല്‍ ‎സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. മറ്റുള്ളവരെ ഒന്നും അറിയിക്കേണ്ട. ഞാനും കിടക്കാന്‍ തീരുമാനിച്ചു. മുല്ലപ്പൂവിന്റെ ഗന്ധം ഇത്രയ്ക്കു ‎വൃത്തികെട്ടതാണോ എന്ന് തോന്നാന്‍ തുടങ്ങി. എന്തൊരു നാറ്റം. മനുഷ്യന് കിടന്നുറങ്ങാനും വയ്യാതായി.

'ആ പിന്നെ പാല് ടേബിളിൽ ഇരിക്കുന്നുണ്ട്‌. വേണമെങ്കില്‍ എടുത്തു കുടിച്ചോ...', അവളുടെ ശബ്ദം.

ചൊറിഞ്ഞു കേറിയതാണ്. പക്ഷെ കണ്ട്രോള്‍ കണ്ട്രോള്‍ എന്ന് ആരോ പറയുന്നത് പോലെ തോന്നി.

എപ്പോഴാണ് ‎ഉറങ്ങിയത് എന്നറിയില്ല. കാലത്ത് നന്ദ വന്നു വിളിച്ചപ്പോളാണ് ഉണര്‍ന്നത്."

ഇഷ്ടമായെങ്കിൽ ഈ നോവലെറ്റ് സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ.