ഒരു നുണക്കഥ ബാക്കിവെച്ചത് 5

"എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല. കാലത്ത് നന്ദ വന്നു വിളിച്ചപ്പോളാണ് ഉണര്‍ന്നത്.

അവള്‍ കുളിച്ചു കുറി തൊട്ടു കയ്യില്‍ ചായയുമായി നില്‍ക്കുന്നു. ടൗവ്വലോട് കൂടെ കെട്ടിവെച്ചിരിക്കുന്ന മുടിയിലെ നനവ്‌ അവളുടെ കഴുത്തിലൂടെ അരിച്ചിരങ്ങുന്നുണ്ടായിരുന്നു.

‎'എന്തൊരു ഉറക്കമാ ഇത് എഴുന്നേറ്റു ഫ്രഷ്‌ ആയിട്ട് വാ…', അവളുടെ ശബ്ദം നേര്‍ത്തതും പ്രണയാതുരവും ആയിരുന്നു.

'ഇന്നലെ കണ്ട നന്ദ എവിടെ? ഇവള്‍ ഇതെന്തു ഭാവിച്ചാ?' എന്നെല്ലാം ചിന്തിച്ചു. അവള്‍ എന്റെ അടുത്തായി കട്ടിലില്‍ ഇരുന്നു. അവള്‍ ഇന്നലത്തെ കാര്യങ്ങള്‍ക്ക് സോറി പറയാന്‍ വേണ്ടിയാവും എന്ന് ഞാന്‍ കരുതി. ഞാന്‍ പതുക്കെ അവളുടെ നനഞ്ഞ മുടി മുന്നിലേക്ക് ഇട്ടു അവളുടെ പുറത്തു ചുംബിച്ചു.

ആ നിമിഷം അവള്‍ അവളുടെ കൈയ്യിലെ ചായ‎ഗ്ലാസ് നിലത്തെക്കിട്ടു. തിരിഞ്ഞു എന്നെ നോക്കിയ അവളുടെ കണ്ണിലേക്ക് ഒരു നിമിഷത്തില്‍ കൂടുതല്‍ നോക്കാന്‍ എനിക്ക് ധൈര്യം വന്നില്ല. ദേഷ്യവും പകയും കൊണ്ട് അവളുടെ കണ്ണുകള്‍‎ വല്ലാതെ ചുവന്നിരിക്കുന്നു. ആ നോട്ടത്തില്‍ നിന്നും ഞാന്‍ എല്ലാം മനസ്സിലാക്കി. ഇന്ന് മുതല്‍ അവളെ ‎പോലെ ഞാനും അഭിനയിച്ചു തുടങ്ങണം എന്ന സത്യം!

ഞാന്‍ എല്ലായ്പോഴും അവളെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കാന്‍ ശ്രമിച്ചു. അവള്‍ എന്നെ ഗൗനിച്ചതേയില്ല. അവള്‍ പനി പിടിച്ചു കിടന്ന ദിവസങ്ങളില്‍ ഞാന്‍ ഉറങ്ങിയില്ല. അവള്‍ക്കു വേണ്ടി ഞാന്‍ എന്റെ ജോലി ഉപേക്ഷിച്ചു. എല്ലാം ശരിയായിട്ടേ ഇനി തിരിച്ചു പോവൂ എന്നുറപ്പിച്ചു.‎

‎"എത്ര വലിയ കരിങ്കല്‍ ഹൃദയം ഉള്ളവളും അലിഞ്ഞില്ലാതാവുന്ന വിധം ഞാന്‍ അവളെ സ്നേഹിച്ചില്ലേ കൃഷ്ണാ. എന്നിട്ടും അവള്‍ എന്നെ മനസ്സിലാക്കിയില്ലല്ലോ."

‎"ഇന്നലെ പിന്നെ അവള്‍ക്കു എന്ത് പറ്റി? അവള്‍ എന്തിനാ ഇത് ചെയ്തത്?"

‎"ഇന്നലെ ആദ്യമായി ഞാന്‍ അവളെ ഒന്ന് പൊട്ടിച്ചു. ഏതൊരു ഭര്‍ത്താവും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒന്നാണ് ഇന്നലെ വീട്ടില്‍ പോയി വന്ന അവള്‍ എന്നോട് പറഞ്ഞത്. അവള്‍ അബോര്‍ഷന്‍ നടത്തി എന്ന്!"

‎"അതിന് ഇതെല്ലം എപ്പോള്‍ സംഭവിച്ചു?!"

‎"മൂന്ന് മാസം മുന്‍പ്. എന്റെ പൊള്ളാച്ചിയില്‍ ഉള്ള ഒരു ചെറിയമ്മ ഞങ്ങളെ വിരുന്നിനു വിളിച്ചു. ഞാനും അവളും പോവാന്‍ സമ്മതിച്ചതാണ്. ‎പക്ഷെ ആ ദിവസം അവള്‍ വരാന്‍ സമ്മതിച്ചില്ല. അവള്‍ക്കു നല്ല സുഖമില്ല എന്ന് പറഞ്ഞു. ഞങ്ങള്‍ വരാം എന്ന് പറഞ്ഞിട്ട് പോയില്ലെങ്കില്‍ ചെറിയമ്മക്കു വിഷമം ആവുമല്ലോ എന്ന് പറഞ്ഞു അന്ന് അച്ഛനും അമ്മയും അനിയത്തിയും കൂടെ പോയി. അവള്‍ ഇവിടെ തനിച്ചാണല്ലോ എന്നതിനാല്‍ ഞാന്‍ പോയില്ല.

എനിക്ക് ദു:ഖം സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ആദ്യമായി അന്ന് മദ്യപിച്ചു. അച്ഛന്റെ മിലിട്രി ക്വാട്ടയില്‍ കിട്ടിയ ഒരു ബോട്ടിലും എടുത്തു ‎ബാത്രൂമില്‍ കയറി ഞാന്‍ അടി തുടങ്ങി. ഷവര്‍ തുറന്നിട്ട്‌ ബാത്ടബ്ബില്‍ ഇരുന്നടിച്ചു. എത്ര അടിച്ചു എന്നോ എത്ര നേരം ആയി എന്നോ ‎അറിഞ്ഞില്ല. അവള്‍ വന്നതുമില്ല.

കുറെ കഴിഞ്ഞു എല്ലാം ഒരുമിച്ചു പുറത്തേക്കു വന്നു. ചര്‍ദ്ദിച്ചു അവശനായി. ബോധം മറയുന്നത് വരെ അടിച്ചു.

പിന്നീടെപ്പോഴോ ബോധം തെളിയുമ്പോള്‍ അവള്‍ എന്റെ അടുത്തുണ്ടായിരുന്നു. അവള്‍ പിന്നെ വളരെ പണിപ്പെട്ടു ഡ്രസ്സ്‌ എല്ലാം മാറി എന്നെ ‎റൂമിലേക്ക്‌ കൊണ്ടുവന്നു എനിക്ക് കാലു നിലത്തു ഉറക്കുന്നുണ്ടായിരുന്നില്ല.

കട്ടിലില്‍ വന്നു വീണ എന്റെ മുടിയിഴകള്‍ അവള്‍ പതുക്കെ തലോടി. ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകള്‍ അപ്പോളും ചുവന്നു തന്നെയിരുന്നു. അത് പക്ഷെ ദേഷ്യം കൊണ്ടല്ല സങ്കടം കൊണ്ടാണെന്ന് നിറഞ്ഞു തുളുമ്പിയ കണ്ണുനീര്‍ തെളിയിച്ചു. എന്റെ കണ്ണുകള്‍ പതുക്കെ അടയുകയായിരുന്നു.

നെറ്റിയില്‍ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോള്‍ ആണ് വീണ്ടും ‎കണ്ണുകള്‍ തുറന്നത്. അവള്‍ തുണി നനച്ചു എന്റെ നെറ്റിയില്‍ വെക്കുകയായിരുന്നു. എനിക്ക് വല്ലാതെ പനിക്കുന്നുണ്ടായിരുന്നു. അവള്‍ ‎എന്തൊക്കെയോ മന്ത്രിക്കുന്നത് കേട്ടു. തന്നോടുള്ള ദേഷ്യം തീര്‍ക്കാന്‍, ഇല്ലാത്ത പുതിയ രീതികള്‍ തുടങ്ങുകയാണെന്നും മറ്റും അവള്‍ പിറുപിറുത്തു .‎ ഞാന്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.

അവള്‍ എന്നെ കെട്ടിപ്പിടിച്ചു. 'എന്തിനാ എന്നെ ഇഷ്ടമില്ലാത്തവര്‍ എന്നെ കെട്ടിപ്പിടിക്കുന്നത്' എന്ന് ഇല്ലാത്ത പരിഭവം നടിച്ചു ചോദിച്ചു. 'ഞാന്‍ കാരണം വന്ന പനിയല്ലേ. എനിക്ക് പകര്‍ന്നോട്ടെ' എന്ന് അവള്‍ ‎പതുക്കെ മന്ത്രിച്ചു. അവള്‍ എന്നിലേക്ക്‌ അലിയുകയായിരുന്നു. ഞാന്‍ കാത്തിരുന്ന ‎ നിമിഷം! എല്ലാ പിണക്കങ്ങളും പരിഭവങ്ങളും മറന്നു ഞങ്ങള്‍ ഒഴുകുകയായിരുന്നു. ഇത് വരെ പോവാത്ത വഴികളിലൂടെ, ഇതുവരെ കാണാത്ത കാഴ്ചകള്‍ കണ്ടു. ഭൂമിയില്‍ നിന്നും ദൂരെ ദൂരെ…"

***

"എന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങുന്ന അവളോട്‌ ഞാന്‍ ചോദിച്ചു, ‎'നിനക്ക് പനിക്കുന്നുണ്ടോ?'

'ഇല്ല . എന്തേ?'

'എന്റെ പനി മാറിയിരിക്കുന്നു. നിനക്ക് പകര്‍ന്നോ എന്നറിയാന്‍ ചോദിച്ചതാണ്. നീ കാരണം വന്ന പനിയല്ലേ?'

അവള്‍ ചിരിച്ചു. ഞാനും മനസ്സ് തുറന്നു ചിരിച്ചു, കുറെ മാസങ്ങള്‍ക്ക് ശേഷം."

***

"പക്ഷെ രാത്രി വീണ്ടും അവള്‍ നിലത്തു തന്നെ കിടന്നു. ഞാന്‍ വിളിച്ചപ്പോള്‍ 'നടക്കാന്‍ പാടില്ലാത്തത് നടന്നു എന്ന് കരുതി എന്റെ തീരുമാനങ്ങള്‍ മാറില്ല' എന്ന് പറഞ്ഞു. ഞാന്‍ എന്ന ഭര്‍ത്താവിനെ സ്വയം പഴിച്ചു ഞാന്‍ ദിവസങ്ങള്‍ തള്ളിനീക്കി.

പക്ഷെ കൃഷ്ണാ നീ എന്നോടൊപ്പം ഉണ്ടെന്നു തെളിയിച്ചുകൊണ്ട് എനിക്കൊരു നല്ല വാര്‍ത്ത കിട്ടി. ഞാന്‍ ഒരു അച്ഛനാവുന്നു എന്ന്! ഞാന്‍ എന്റെ സ്നേഹം കൂടുതല്‍ കൂടുതല്‍ ശക്തമായി പ്രകടിപ്പിച്ചു കൊണ്ടിരുന്നു. അവള്‍ പക്ഷെ കണ്ടതായിപ്പോലും ഭാവിച്ചില്ല.

ഒരു ദിവസം അവള്‍ വീട്ടില്‍ പോവണം എന്ന് പറഞ്ഞു. 'നമുക്ക് പോവാം' എന്ന് ഞാന്‍ പറഞ്ഞു.

'എന്നെ അവിടെ വിട്ടിട്ടു വന്നാല്‍ മതി, രണ്ടു ദിവസം എനിക്ക് അമ്മയോടൊപ്പം തനിച്ചു നില്‍ക്കണം' എന്ന് അവള്‍ പറഞ്ഞു. ഞാന്‍ അവളെ വീട്ടില്‍ വിട്ടു തിരിച്ചു വരുമ്പോള്‍ എല്ലാവരും ചോദിച്ചു 'ഇന്നിവിടെ നിന്നിട്ട് നാളെ പോയാല്‍ പോരെ?' എന്ന്. പക്ഷെ നന്ദയെ വിഷമിപ്പിക്കാന്‍ എനിക്ക് വയ്യായിരുന്നു. ഞാന്‍ തിരിച്ചു പോന്നു.

പിന്നെ ഇന്നലെയാണ് അവള്‍ വീട്ടില്‍ വന്നത്. രണ്ടു ദിവസം അവളെ കാണാതെ ഞാന്‍ ശരിക്കും വിഷമിച്ചിരുന്നു. അവള്‍ വന്നു റൂമില്‍ കയറിയതും ഞാന്‍ അവളെ പിന്നില്‍ നിന്നും വട്ടം പിടിച്ചു. അവളുടെ പിന്‍കഴുത്തില്‍ ചുംബിച്ചു. എന്നില്‍ നിന്നും കുതറിമാറിയ അവള്‍ എന്നോട് പറഞ്ഞ വാക്കുകള്‍ എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല കൃഷ്ണാ.!

'നിങ്ങളുടെ കുട്ടിയുടെ അമ്മയാവാന്‍ പോവുകയാണെന്ന അധികാരം ആണ് കാണിച്ചതെങ്കില്‍ ഇനി അത് വേണ്ട. ഞാന്‍ അത് ഒഴിവാക്കിയിരിക്കുന്നു!'

ഇത് കേട്ടതും ഞാന്‍ അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. ആദ്യമായാണ് കൃഷ്ണാ ഞാന്‍ അവളെ തല്ലിയത്.‎ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവള്‍ പറഞ്ഞതും, ഞാന്‍ ചെയ്തതും. എല്ലാം എനിക്ക് നഷ്ടപ്പെടുന്നത് പോലെ തോന്നി.

ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി. അവളെപ്പറ്റി ചിന്തിച്ചില്ല. പിന്നെ അച്ഛന്റെ ഫോണ്‍ കാള്‍‎ കിട്ടിയപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത്. അവള്‍ എല്ലാം അവസാനിപ്പിക്കാന്‍ ശ്രമിച്ചു എന്നത്. എന്നോട് വളരെ ക്രൂരമായി അവള്‍ പകവീട്ടി എന്നത്. എന്തെ കൃഷ്ണാ അവള്‍ എന്റെ സ്നേഹം മനസ്സിലാക്കാതെ പോയത്?

ഇനി ഒന്നും എനിക്ക് വേണ്ട അവളുടെ ജീവന്‍ മാത്രം... അത് തിരിച്ചു കിട്ടിയാല്‍ ഞാന്‍... പിന്നെ ഞാന്‍ അവളെ‎ വിഷമിപ്പിക്കില്ല. ഞാന്‍ തിരിച്ചു ഗള്‍ഫിലേക്ക് തന്നെ പോവാം. അവള്‍ എന്റെ ഭാര്യയായി തന്നെ എന്റെ വീട്ടില്‍ കഴിയട്ടെ... കൃഷ്ണാ, ഇതെങ്കിലും നീ എനിക്ക് ചെയ്തു താ കൃഷ്ണാ… നന്ദയുടെ ജീവന്‍ മാത്രം എനിക്ക് തിരിച്ചു താ. പകരം വെക്കാന്‍ എന്റെ ഈ ജീവന്‍ ഉണ്ട്!"

"എന്റെ ബാലൂ, നിന്നെ എനിക്ക് സഹായിക്കണം എന്നുണ്ട്. പകരം നിന്റെ ജീവന്‍ ഒന്നും ‎വേണ്ട. നീ വടക്കുംനാഥക്ഷേത്രത്തില്‍ വാ... അവിടെ ഓടക്കുഴല്‍ വില്‍ക്കുന്ന ഒരു ബാലന്‍ ഉണ്ട്. അവന്റെ കയ്യില്‍ നിന്നും ഒരു ഓടക്കുഴല്‍ നീ എനിക്കായി വാങ്ങിക്കണം. അത് ഗുരുവായൂര്‍ ‍ക്ഷേത്രത്തില്‍ കൊണ്ടുവരണം. ബാക്കി കാര്യം ഞാന്‍ ഏറ്റു. പക്ഷെ അവളുടെ ജീവന്‍ തിരിച്ചു തരുന്ന കാര്യം മാത്രം. റൊമാന്‍സ് നിന്റെ സ്വന്തം റിസ്കില്‍ വേണം, ഓക്കേ?"

"ഡാ ഗട്യേ, നീ കുറെ നേരമായല്ലോ ഈ കൂത്ത്‌ തുടങ്ങീട്ട്. ഞാന്‍ ആദ്യം കരുതിയത്‌ നീ ബ്ലൂ ടൂത്ത് വച്ച് സംസാരിക്കന്നല്ലേ. ന്തെടാ നെന്റെ പ്രോബ്ലം?"

കുറെ നേരമായി ബാലുവിനെ തന്നെ നോക്കിനിന്നിരുന്ന ഒരു ടാക്സി ഡ്രൈവര്‍ വന്നു വിളിച്ചപ്പോള്‍ ആണ് അവന്‍ ഞെട്ടി ഉണര്‍ന്നത്.‎

"ചേട്ടാ, വടക്കുംനാഥന്റെ അമ്പലം വരെ ഒന്ന് പോവണം."

"ന്നാ വന്നു കേറെടാ ശവീ."

അയാളുടെ കാറില്‍ അവര്‍ സിറ്റിയിലേക്ക് തിരിച്ചു. തൃശൂര്‍ റൗണ്ടില്‍ കടന്നതും ബാലു അവനെ കണ്ടു. ഓടക്കുഴല്‍ വില്‍ക്കുന്ന ഒരു ബാലന്‍!

ഇഷ്ടമായെങ്കിൽ ഈ നോവലെറ്റ് സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ.