ഒരു നുണക്കഥ ബാക്കിവെച്ചത് 6

അയാളുടെ കാറില്‍ അവര്‍ സിറ്റിയിലേക്ക് തിരിച്ചു. തൃശൂര്‍ റൗണ്ടില്‍ കടന്നതും ബാലു അവനെ കണ്ടു. ഓടക്കുഴല്‍ വില്‍ക്കുന്ന ഒരു ബാലന്‍. കാര്‍ നിര്‍ത്താന്‍ പറഞ്ഞു. ഒരു അമ്പതു രൂപ നോട്ട് എടുത്തു നീട്ടി. ഒരു ഓടക്കുഴല്‍ തരാന്‍ പറഞ്ഞു.

"അസാര്‍ റുപ്യെ ചായിയെ ഭായ്."

"മേരെ കോ ഏക്‌ ബാസുരി ചായിയെ. ബസ് ഏകീ."

"നഹി മിലെകാ ഭായ്."

ബാലു ആയിരം രൂപ എടുത്തു നീട്ടി. കൃഷ്ണന്‍ പറഞ്ഞതല്ലേ, ഒന്നും കാണാതിരിക്കില്ല. എന്റെ നന്ദയുടെ ജീവന്റെ വിലയായിരിക്കും ഈ ആയിരം രൂപ.

പൈസ കിട്ടിയതും ബാക്കി കയ്യിലുണ്ടായിരുന്ന ഓടക്കുഴലുകള്‍ എല്ലാം അവിടെ ഉപേക്ഷിച്ചു അവന്‍ ഓടിക്കളഞ്ഞു. ബാലു ഡ്രൈവറോടു അവന്റെ പുറകെ പോവാന്‍ പറഞ്ഞു. ബാലു ഗ്ലാസ് താഴ്ത്തി പിന്നില്‍ നിന്നും അവനെ ഉറക്കെ വിളിച്ചു. ഈ സീന്‍ കണ്ടിട്ടാവണം ഒരു ഓട്ടോ ഡ്രൈവര്‍ അവനെ ഓടിച്ചിട്ട്‌ വട്ടം പിടിച്ചു. അപ്പോഴേക്കും ബാലുവിന്റെ കാറും അവിടെ എത്തിയിരുന്നു.

ബാലു അവനോട് കാര്യം തിരക്കി, എന്തിനാ ഒരു ഓടക്കുഴലിനു മൊത്തം പൈസയും വാങ്ങി തിരക്കുപിടിച്ച് ഓടിയത് എന്ന്. അവന്‍ റെയില്‍വേ കോളനിക്ക് പിറകുവശമുള്ള പുറംപോക്കില്‍ ആണ് താമസിക്കുന്നത് എന്നും ടെന്റിനകത്തു അവന്റെ അനിയത്തി പനി പിടിച്ചു മൂന്നു ദിവസമായി കിടപ്പിലാണെന്നും പറഞ്ഞു.

'ഗവണ്‍മെന്റ് ആശുപത്രിയില്‍ കാണിച്ചിട്ട് കുറവില്ല. വേറെ ആശുപത്രിയില്‍ കാണിക്കാന്‍ പൈസയില്ല. ഇന്നലെയും ഒരു ഓടക്കുഴലേ വില്ക്കാന്‍ കഴിഞ്ഞുള്ളൂ. അതുകൊണ്ട് അവള്‍ക്കു ഉച്ചക്കും രാത്രിയിലും കഞ്ഞി വാങ്ങിച്ചു കൊടുത്തു. ഇന്നലെ ഉറങ്ങുമ്പോള്‍ ഒരു സ്വപ്നം കണ്ടു. ഒരാള്‍ ഓടക്കുഴല്‍ വാങ്ങിക്കാന്‍ വരുന്നത്. അയാളുടെ കൈയ്യില്‍ നിറയെ പൈസയുണ്ടായിരുന്നു. ഞാന്‍ അയാളോട് ഒന്നിന്റെ വില എല്ലാത്തിന്റെയും ചേര്‍ത്ത് പറഞ്ഞു. അയാള്‍ അത് വാങ്ങി. നിങ്ങളുടെ മുഖം പോലെ ഉണ്ടായിരുന്നു അയാളുടെ മുഖവും. അത് കൊണ്ടാണ് ഞാന്‍ അത്രയും വില പറഞ്ഞത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞാന്‍ അവിടെ ഉപേക്ഷിച്ച എല്ലാ ഓടക്കുഴലും എടുത്തോള്ളൂ..'

കാര്യം അറിഞ്ഞ ഓട്ടോ ഡ്രൈവര്‍ മനസ്സില്‍ ഒരു തെറിയും വിളിച്ചു ഓട്ടോയും എടുത്ത് പോയി.

ബാലു അവനെ കാറില്‍ കയറ്റി. അവന്റെ ടെന്ടിനടുത്തുപോയി അനിയത്തിയെയും എടുത്തു ആശുപത്രിയില്‍ എത്തിച്ചു.

ഇറങ്ങുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്‌ ബാലു കണ്ടു. ഒരു ആയിരം രൂപ നോട്ട് എടുത്തു അവനു കൊടുത്തു. അവന്‍ വാങ്ങിച്ചില്ല. അവന്റെ പോക്കറ്റില്‍ വച്ച് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞു തിരിഞ്ഞു നടന്നു.

തിരിച്ചു ഹോസ്പിറ്റലില്‍ എത്തുമ്പോള്‍ ബാലുവിന്റെ ഹൃദയമിടിപ്പിന്റെ ശക്തി കൂടിയിരുന്നു. പുറത്തിറങ്ങി ടാക്സി ഡ്രൈവര്‍ക്ക് പൈസ നീട്ടിയപ്പോള്‍ അയാള്‍ അത് വാങ്ങിച്ചില്ല.

"എന്റിഷ്ടാ. ഇഷ്ടനെ പോലത്ത ഗടികളെ എപ്പളും കാണാന്‍ പറ്റില്ലട്ടാ. ഈ കാശ് ഗടി വച്ചോ ഗട്യേ. ഒരു സന്തോഷത്തിന്നാ ന്റെ ഗട്യേ. ഇന്റെടുട്ത് ദ് വാങ്ങാന്‍ പറയര്ത്."

ബാലു പിന്നെ അവിടെ നിന്നില്ല അവന്‍ തിരക്ക് പിടിച്ചു നടന്നു. അപ്പോള്‍ അയാള്‍ പിന്നില്‍ നിന്നും വിളിച്ചു, " ഒരു സന്തോഷ വാര്‍ത്ത ഗടീനേം കാത്തിരിക്കുന്നുണ്ടാവുട്ടാ."

മനസ്സില്‍ അയാള്‍ക്ക്‌ നൂറു വട്ടം നന്മ നേര്‍ന്നു ബാലു വേഗത്തില്‍ നടന്നു.

***

നേരെ ഐ സി യു ലക്ഷ്യമാക്കിയാണ് ബാലു നടന്നത്. അവിടെ അവന്റെ അമ്മയും അച്ഛനും അവളുടെ അമ്മയും ഉണ്ടായിരുന്നു.

"നീ എവിടെയായിരുന്നു? പേടിക്കാന്‍ ഒന്നും ഇല്ല. ഡോക്ടര്‍ പറഞ്ഞു. അവള്‍ക്കു നല്ല സങ്കടം ഉണ്ട്. എല്ലാം അവള്‍ പറഞ്ഞു. എന്റെ മോന്‍ ഒരു പാട് സഹിച്ചു അല്ലേ?", അവളുടെ അമ്മയാണ് പറഞ്ഞത്.

ബാലു അവന്റെ അച്ഛന്റെ അടുത്തേക്ക് നടന്നു. അയാള്‍ അവനെ ചേര്‍ത്ത് പിടിച്ചു. 'നിന്നെ പോലെ ഒരു മകനെ കിട്ടിയതില്‍ എനിക്ക് അഭിമാനം ഉണ്ട്' എന്ന് അയാളുടെ ഹൃദയം മന്ത്രിച്ചു.

"എനിക്ക് അവളെ ഒന്ന് കാണണം."

"ഇപ്പോള്‍ ഇനി കാണാന്‍ പറ്റില്ല. കുറച്ചു കഴിഞ്ഞാല്‍ റൂമിലേക്ക്‌ കൊണ്ട് വരും എന്ന് പറഞ്ഞു. റൂം അവര്‍ സെറ്റ് ചെയ്യുന്നുണ്ട്."

***

അവന്‍ പതുക്കെ നടന്നു ഹാളിലെ ജനലിലൂടെ പുറത്തേക്കു നോക്കി. താഴെ പള്ളി കാണാം. ആ പടവുകളില്‍ വച്ച് ഞാന്‍ കണ്ടത് സ്വപ്നമായിരുന്നോ എന്ന് ചിന്തിച്ചു. ഇല്ല, കൃഷ്ണന്‍ എല്ലായ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു. അതെ അങ്ങിനെ വിശ്വസിക്കാനാണ് ഇഷ്ടം. അതാണ്‌ ധൈര്യം. കൃഷ്ണാ നീ അവളുടെ ജീവന്‍ തിരിച്ചു തന്നിരിക്കുന്നു. ഇനി അവള്‍ സ്വസ്ഥമായി ജീവിക്കട്ടെ. കണ്ണെത്താ ദൂരത്തിരുന്നു ഞാന്‍ അവളെ സ്നേഹിച്ചോളാം.

"ബാലൂ അവളെ റൂമിലേക്ക്‌ കൊണ്ട് വന്നു", അമ്മയാണ്.

എങ്ങിനെ അവളുടെ മുഖത്ത് നോക്കും എന്ന് ഓര്‍ത്തപ്പോള്‍ ബാലുവിന്റെ ധൈര്യം എല്ലാം ചോര്‍ന്നു പോയത് പോലെ തോന്നി. പക്ഷെ അവളെ കാണാന്‍ മനസ്സ് വല്ലാതെ വെമ്പല്‍ കൊള്ളുന്നു. അവന്‍ റൂമിലേക്ക്‌ ചെന്നതും അവരെല്ലാം പുറത്തിറങ്ങി.

അവനെ കണ്ടതും നന്ദ മുഖം തിരിച്ചു. അവന്‍ പതുക്കെ അവളുടെ അടുത്ത് ചെന്നിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

"നന്ദാ", അവന്‍ പതുക്കെ വിളിച്ചു. അവള്‍ വിളി കേട്ടില്ല.

"നന്ദാ എന്നോട് ക്ഷമിക്കണം. ഒരു നിമിഷം ഞാന്‍ നിയന്ത്രണം വിട്ടു പോയി. എന്നാലും നീ ഇങ്ങനെ ചെയ്യും എന്ന് ഞാന്‍ കരുതിയീല. എന്നെ ഇങ്ങനെ വിഷമിപ്പിക്കും എന്ന്..", അവനു വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു.

"ഒരു നിമിഷം നീ എന്നെപ്പറ്റി ചിന്തിച്ചിരുന്നോ. എന്റെ സ്നേഹം നീ മനസ്സിലാക്കിയിരുന്നു എങ്കില്‍. നീ പറ ഇനി ഞാന്‍ എന്ത് ചെയ്യണം? വേണ്ട ഇനി നീ ഒന്നും പറയേണ്ട നിന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നില്ല. ഞാന്‍ തിരിച്ചു പോവാന്‍ തീരുമാനിച്ചു. എല്ലാറ്റിനും മാപ്പ്. അറിയാതെ ചെയ്തു പോയ ഒരു വലിയ തെറ്റിന്. അതിനു എന്റെ ജീവിതം പകരം നല്‍കി പരിഹാരം കാണാം എന്ന് വിശ്വസിച്ചു നിന്നെ വീണ്ടും വീണ്ടും വിഷമിപ്പിച്ചതിന്..."

അവന്‍ എഴുന്നേറ്റ്‌ പതുക്കെ തിരിച്ചു നടന്നു.

"ബാലൂ, എന്നെ വിട്ടു പോവാന്‍ കഴിയുമോ നിനക്ക്? നിന്റെ സ്നേഹം ഞാന്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നു. ഞാന്‍ സ്വാര്‍ത്ഥയാവുകയായിരുന്നു ബാലൂ. കൂടുതല്‍ കൂടുതല്‍ നീ എന്നെ സ്നേഹിക്കാന്‍...

ആദ്യമെല്ലാം ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നില്ല എന്നത് സത്യമാണ്. നിന്റെ ജീവിതം നശിപ്പിക്കും എന്ന് കരുതി തന്നെയാണ് ഞാന്‍ നിന്നോടൊപ്പം ജീവിക്കാന്‍ തയ്യാറായത്. പക്ഷെ നീ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തു കളഞ്ഞു. സ്നേഹം കൊണ്ട് നീ എന്നെ തോല്‍പ്പിച്ചു കളഞ്ഞു. പിന്നെ പിന്നെ നിന്നോട് പിണങ്ങിയിരിക്കുന്ന ഓരോ നിമിഷവും ഞാന്‍ നിന്നെയോര്‍ത്തു നിന്നെക്കാള്‍ ഏറെ സങ്കടപ്പെട്ടു.

ഇന്നലെ എന്നോട് വഴക്കിട്ടു പോയ നീ പിന്നെ ഫോണ്‍ ചെയ്തു ഇനി തമ്മില്‍ കാണില്ല. നാളെ ഏതെങ്കിലും റെയില്‍വേ ട്രാക്കില്‍ നിന്റെ ശവം ഉണ്ടാവും എന്നൊക്കെ പറഞ്ഞു. ഞാന്‍ പറഞ്ഞതൊന്നും നീ കേട്ടില്ല. നീ ഫോണ്‍ കട്ട്‌ ചെയ്തു. പിന്നെ ഞാന്‍ എന്താ ചെയ്യാ..? നീ ഇല്ലാതെ എനിക്ക് പറ്റുമോ ബാലൂ..? അതാ ഞാന്‍..."

ഞാന്‍ ഇന്നലെ ഫോണ്‍ ചെയ്തോ? ഓര്‍മയില്ല എനിക്ക്... ഇന്നലെ വീണ്ടും ഞാന്‍ കുറെ മദ്യപിച്ചു. വിളിച്ചതായി ഓര്‍ക്കുന്നില്ല. ഉവ്വ് അച്ഛന്റെ ഫോണ്‍ വരുമ്പോള്‍ ഞാന്‍... വേണ്ട, എന്തിനാണ് ഞാന്‍ അവിടെ ചെന്നത്... കൃഷ്ണാ... ആത്മഹത്യ ഞാന്‍ ആഗ്രഹിച്ചിരുന്നോ? ഇല്ലാ, വെള്ളപ്പുറത്ത് തോന്നിയതാവാം.

"സോറി നന്ദാ..."

"ജോബിന്‍ വന്നിരുന്നു. അവന്‍ എല്ലാം പറഞ്ഞു. എന്റെ പെരുമാറ്റത്തില്‍ നീ എത്രമാത്രം സങ്കടപ്പെട്ടിരുന്നു എന്ന്. എന്നോട് പൊറുക്കണം. എല്ലാം എല്ലാം. നമ്മുടെ കുഞ്ഞിനെ ഞാന്‍ കൊന്നു കളയുമോ ബാലൂ. എനിക്കതിനു പറ്റുമോ..?"

അവള്‍ അവന്റെ കയ്യെടുത്ത് അവളുടെ വയറ്റില്‍ വച്ചു.

"അവന്‍ ഇവിടുണ്ട്, ഒരു ഉണ്ണിക്കണ്ണന്‍. നീ എപ്പോളും സ്വപ്നം കാണാറുണ്ട് എന്ന് ഞാന്‍ കേള്‍ക്കാന്‍ വേണ്ടി ഉറക്കെ പറയാറില്ലേ. നമ്മുടെ ഉണ്ണി സുഖമായിരിക്കുന്നു ബാലൂ."

കണ്ണുകള്‍ നിറഞ്ഞു ഒഴുകുമ്പോളും അവള്‍ പുഞ്ചിരിച്ചു. അവന്‍ ആദ്യമായി അവളുടെ നെറ്റിയില്‍ അവളുടെ സമ്മതത്തോടെ ഒരു ചുംബനം നല്‍കി. എല്ലാം കഴുകി കളയാനെന്ന പോലെ രണ്ടുപേരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നെയും എന്തോ പറയാന്‍ മുതിര്‍ന്ന അവളുടെ ചുണ്ടുകളില്‍ അവന്‍ വിരല്‍ വച്ചു. ഇനിയൊന്നും പറയേണ്ടെന്ന് കണ്ണടച്ച് കാണിച്ചു.

അപ്പോള്‍ വാതിലില്‍ മുട്ട് കേട്ടു. മീനാക്ഷിയായിരുന്നു.

"ഇപ്പോള്‍ എല്ലാം മംഗളമായി എന്ന് ഞാന്‍ കരുതുന്നു. അവസാനം എന്റെ നന്ദേച്ചി, സ്നേഹത്തിനു കീഴടങ്ങി എന്ന് ഞങ്ങള്‍ എല്ലാവരും വിശ്വസിച്ചോട്ടെ?"

അവര്‍ രണ്ടു പേരും നിറഞ്ഞ മനസ്സോടെ തലയാട്ടി.

"എന്താ വാക്കുകള്‍ പുറത്തേക്കു വരുന്നില്ലേ?", മീനാക്ഷി വീണ്ടും കളിയാക്കി.

അപ്പോള്‍ ഡോക്ടര്‍ അകത്തേക്ക് വന്നു. ബാലു പുറത്തേക്കിറങ്ങി. അവന്‍ അപ്പോള്‍ ജോബിനെപ്പറ്റി ചിന്തിക്കുകയായിരുന്നു. അവന്‍ വന്നിട്ട് എന്നെ കാണാതെ പോയതെന്ത്? രണ്ടു ദിവസം മുന്‍പ് വിളിച്ചപ്പോഴും വരുന്ന കാര്യം പറഞ്ഞില്ലല്ലോ. അവന്‍ ജോബിന്റെ ഗള്‍ഫിലെ നമ്പര്‍ ഡയല്‍ ചെയ്തു.

"ഹല്ലോ. ബാലു. എന്താ വിശേഷം? സുഖമല്ലേ? നിന്റെ നന്ദ എന്ത് പറയുന്നു? എല്ലാം ഓക്കേ ആവാന്‍ പോവുകയാടാ. അതിന്റെ ആദ്യ പടിയായാണ് നീ അച്ഛനാവാന്‍ പോവുന്നത്. ഹലോ.. ഹലോ ബാലു കേള്‍ക്കുന്നില്ലേ?"

അവന്‍ അവിടെ തന്നെയുണ്ട്. അപ്പോള്‍ നന്ദ പറഞ്ഞത്... അപ്പോള്‍ മുറിക്കു പുറത്തു വന്ന ഡോക്ടര്‍ അവനു നേരെ ചിരിച്ചു കൈ വീശി കാണിച്ചു. ആ ഡോക്ടര്‍... കുറച്ചു മുന്‍പ് കണ്ട കൃഷ്ണന്റെ മുഖമാണോ അയാള്‍ക്ക്‌!

അവന്‍ പിറകെ ചെന്നു. പക്ഷെ അയാളെ കണ്ടില്ല. പെട്ടെന്ന് റൂമില്‍ വന്നു. അകത്തു മീനാക്ഷിയും നന്ദയും മാത്രം.

"ഡോക്ടര്‍ എന്ത് പറഞ്ഞു?"

"അതിനു പിന്നെ ഡോക്ടര്‍ വന്നില്ലല്ലോ.", നന്ദയാണ് പറഞ്ഞത്.

‌"മീനാക്ഷി മാത്രമല്ലെ വന്നത്. അവള്‍ വന്നതും ബാലു പുറത്തേക്കു പോയില്ലേ. പിന്നെ ആരും ഇങ്ങോട്ട് വന്നില്ല."

"അപ്പോള്‍ ഞാന്‍ കണ്ടത്! മനസ്സില്‍ കൃഷ്ണനെ ധ്യാനിച്ചു. കൃഷ്ണാ, നീ എല്ലാം എനിക്ക് വേണ്ടി ചെയ്തു കഴിഞ്ഞിരിക്കുന്നു. എന്റെ ഈ ജന്മം കൊണ്ട് എനിക്കൊന്നും പകരം തരാന്‍ ഇല്ല. നിന്നോടുള്ള സ്നേഹം അല്ലാതെ..."

"നന്ദാ നിനക്ക് അല്പം നടക്കാന്‍ കഴിയുമോ? ക്ഷീണം ഉണ്ടോ? താഴെ കാര്‍ ഉണ്ടാവും നമുക്ക് ഒരു സ്ഥലം വരെ പോവണം. ഒരുമിച്ച്..."

"ഇല്ല. നിന്നോടൊപ്പം ഭൂമിയുടെ അങ്ങേയറ്റം വരെ നടന്നാലും ഇനി ഞാന്‍ ക്ഷീണിക്കില്ല. എങ്ങോട്ടാണെന്ന് ചോദിക്കുന്നുമില്ല. ബാലുവിന്റെ ഈ നന്ദ തയ്യാറാണ്."

അവള്‍ പതുക്കെ എഴുന്നേറ്റു. അവന്റെ കൈ പിടിച്ചു അവള്‍ നടന്നു. അപ്പോള്‍ അവന്റെ ലക്‌ഷ്യം ഗുരുവായൂര്‍ ക്ഷേത്രം ആയിരുന്നു.

***

പിന്നീട് സന്തോഷത്തിന്റെ രാപ്പകലുകള്‍ ആയിരുന്നു അവരുടെ ജീവിതത്തില്‍. അവര്‍ ഭൂമിയില്‍ ഒരു സ്വര്‍ഗം തീര്‍ക്കുകയായിരുന്നു.

സന്തോഷത്തിന്റെ ഒരു പകല്‍ കൂടി കഴിഞ്ഞു. രാത്രി അവര്‍ സുഖമായുറങ്ങുകയായിരുന്നു. അന്നും ബാലു ഒരു സ്വപ്നം കണ്ടു. കുറെ നാളുകള്‍ കഴിഞ്ഞു വീണ്ടും അവന്റെ കൃഷ്ണന്‍ അവന്റെ മുന്നില്‍.

"കൃഷ്ണാ, അന്ന് നീ ഓടക്കുഴല്‍ വാങ്ങിക്കാന്‍ പറഞ്ഞ പയ്യന്‍ ഒരു പാവം ആയിരുന്നു. അവന്റെ അനിയത്തി..."

"അറിയാമായിരുന്നു ബാലു. അതല്ലേ ഞാന്‍ അവന്റെ അടുത്തേക്ക് നിന്നെ അയച്ചത്. നിങ്ങള്‍ ഭൂമിയില്‍ നന്മ ചെയ്തു കൊണ്ടിരിക്കുക. ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടാവും.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വരെ അവര്‍ക്ക് അമ്മയും അച്ഛനും ഉണ്ടായിരുന്നു. മനുഷ്യന്‍ മനുഷ്യനല്ലാതായ ഒരു ദിവസം അവര്‍ക്ക് എല്ലാം നഷ്ടമായി. മനുഷ്യരില്‍ നന്മ വളര്‍ത്താന്‍ ഞങ്ങള്‍ മതങ്ങള്‍ സൃഷ്ടിച്ചു. പക്ഷെ നിങ്ങള്‍ ആ മതങ്ങളുടെ പേരില്‍ നന്മ മറന്നു കൊണ്ടിരിക്കുന്നു."

"അതെ കൃഷ്ണാ... ഭയമാണ്! ലോകം എങ്ങോട്ടാണ് പോവുന്നത്?"

"നീ അതോര്‍ത്തു വിഷമിക്കേണ്ട. ദൈവം എന്നത് ഒരു കടലാണെന്ന് കരുതുക. മതങ്ങള്‍ പുഴകള്‍ ആണെന്നും. നോക്കൂ എല്ലാ പുഴകളും കടലില്‍ അവസാനിക്കുന്നു. എല്ലാ മതങ്ങളുടെയും അവസാനം ദൈവത്തിലെക്കാണ്. അപ്പോള്‍ പിന്നെ നമ്മള്‍ എന്തിനു മറ്റു പുഴകള്‍ മലിനപ്പെടുത്തണം? കാരണം അവസാനം ആ പുഴകളും നമ്മോടൊപ്പം ചേരാനുള്ളതല്ലേ..? ഈ കടലില്‍ എല്ലാ പുഴകള്‍ക്കും ഒരേ സ്ഥാനം ആണ്."

"ഹിന്ദുവിനെയും മുസല്മാനെയും ക്രിസ്ത്യനേയും സൃഷ്ടിച്ച ഈശ്വരന്മാര്‍ക്കില്ലാത്ത വര്‍ഗ്ഗീയത മനുഷ്യന് എന്തിനാ കൃഷ്ണാ?"

"ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് ഒരിക്കലും വര്‍ഗ്ഗീയത കൊണ്ടുനടക്കാന്‍ പറ്റില്ല ബാലൂ. വര്‍ഗ്ഗീയവാദികളെ വിട്ടു മനുഷ്യനെ സ്നേഹിക്കാന്‍ കഴിയുന്നവന്‍ ആണ് വിശ്വാസി. ഞങ്ങളുടെ പേരില്‍ തമ്മില്‍ തല്ലി കൊന്നും കൊല്ലപ്പെട്ടും വരുന്നവന് ഞങ്ങള്‍ ഒരു സ്ഥാനവും നല്‍കുന്നില്ല എന്നും നീ അറിയുക. നിന്റെ ചങ്ങാതികള്‍, അവര്‍ ഏതു മതക്കാരന്‍ ആയാലും അവരെ നീ ഇത് പഠിപ്പിക്കുക. അവരെ സ്നേഹിക്കുക."

"പുണ്യാളന്‍ എന്ത് പറയുന്നു കൃഷ്ണാ?"

"ഒന്നും പറയേണ്ട. ആ രഞ്ജിത് എന്നോട് ഇങ്ങനെ ചെയ്യരുതായിരുന്നു."

"എന്താ കൃഷ്ണാ?"

" അവന്‍ എന്നെ വച്ച് നന്ദനം സിനിമ ചെയ്തു. ഞാന്‍ അത് സൂപ്പര്‍ ഹിറ്റ്‌ ആക്കി കയ്യില്‍ കൊടുത്തില്ലേ? പിന്നെ അടുത്ത പടം അവന്‍ പുണ്യാളനു കൊടുത്തതെന്തിനാ?"

"സാരമില്ല കൃഷ്ണാ. പുണ്യാളന്‍ ആ പടം ബമ്പര്‍ ഹിറ്റ്‌ ആക്കി കയ്യില്‍ കൊടുത്തല്ലോ."

‌"അത് ശരി! അപ്പോള്‍ നീയും ഇപ്പോള്‍ പുണ്യാളന്റെ ആളാണല്ലേ?"

"എന്നെ വെറുതെ പറ്റിക്കേണ്ട കൃഷ്ണാ. എല്ലാം ഒരാള് തന്നെയല്ലേ?"

"എന്തായാലും നിങ്ങളുടെ ലവ് സക്സെസ്സ് ആയില്ലേ. ഈ കഥ ഒരു സിനിമയാക്കാന്‍ പറഞ്ഞാലോ? എനിക്കിതില്‍ ആദ്യാവസാനം റോള് ഉണ്ടല്ലോ."

"എന്റെ കൃഷ്ണാ ചതിക്കല്ലേ", ബാലു ഉറക്കെ പറഞ്ഞു.

അതുവരെ ബാലുവിന്റെ അടുത്ത് സുഖമായി ഉറങ്ങിയിരുന്ന നന്ദ ഞെട്ടി എഴുന്നേറ്റു.

"എന്താ ബാലു?! ഇന്നും സ്വപ്നം കണ്ടോ?"

ഹാ.. എന്നവന്‍ തലയാട്ടി.

"ഇന്നെന്തായിരുന്നു സ്വപ്നം?"

"പറയാം കളിയാക്കരുത്."

"ഇല്ല."

"നമ്മെ വച്ച് ഒരു സിനിമ ചെയ്യാന്‍ പോണു കൃഷ്ണന്‍. രഞ്ജിത് സംവിധാനം ചെയ്യും."

കേട്ടതും ഉറക്കെ ചിരിച്ചു നന്ദ.

"ഞാന്‍ ആദ്യമേ പറഞ്ഞതാ ചിരിക്കരുതെന്നു. നിന്നെ ഞാന്‍..", അവന്‍ പുതപ്പെടുത്തു അവരുടെ മേലേക്കിട്ടു.

"ഹേയ് ബാലു, ബാലൂ.., മോന്‍..."

അപ്പോള്‍ ദൂരെ രാധ കൃഷ്ണന്റെ കണ്ണ് പൊത്തി കാതില്‍ പതുക്കെ പറഞ്ഞു, "ഇനി അവര്‍ സന്തോഷമായി കഴിയട്ടെ. വൃന്ദാവനം നമ്മെ കാത്തിരിക്കുന്നു."

രാധ പറഞ്ഞതാ ശരി. ഇനി അവര്‍ സുഖമായി ജീവിക്കട്ടെ. അവര്‍ക്കിടയില്‍ ഇനി നമുക്കെന്താ കാര്യം. ഞാന്‍ അടുത്ത കഥ തേടി പോവുന്നു. നിങ്ങളും മെല്ലെ വിട്ടോ

സസ്നേഹം നിങ്ങളുടെ നൗഷു തെക്കിനിയത്ത്

ഇഷ്ടമായെങ്കിൽ ഈ നോവലെറ്റ് സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ.