ആൾക്കൂട്ടത്തിൽ വേറിട്ടവർ

ഒരു കൊച്ചു പെണ്‍കുട്ടിയുടെ കൈയും പിടിച്ച് ഒരു ഭാണ്ഡവും ചുമന്നു കൊണ്ട് അവൾ ബസ്സിറങ്ങി. എന്തോ അന്വേഷിച്ചു കണ്ടെത്താനെന്ന വണ്ണം ചുറ്റുവട്ടത്തിൽ സംശയ ദൃഷ്ട്യാ നോക്കിക്കൊണ്ട്‌ ആൾക്കൂട്ടത്തിൽ അങ്ങിങ്ങായി നടന്നകലുകയാണ്. കുറെ വർഷങ്ങൾക്കു ശേഷം ഏതോ ഉൾവിളി പോലെ സ്വന്തം നാട്ടിലേക്ക് വണ്ടി കയറുമ്പോൾ ഈ കവലയ്ക്ക് ഇത്രയേറെ മാറ്റങ്ങൾ വരുമെന്ന് അവർ കരുതിയിരുന്നില്ല.

എവിടെയാണ് ഒഴിവു സമയങ്ങളിൽ കൂട്ടുകാരികളുമൊത്ത് ചക്കര വാക്കുകൾ പറഞ്ഞുകൊണ്ടിരുന്ന നാണിചേച്ചിയുടെ വീട്? ചോയ്യമ്പുവിന്റെ വറുത്ത കടലയും തേങ്ങാപ്പൂളും വളക്കച്ചവടം, മുറുക്കാൻ കട, പഴമയുടെ പെരുമ വിളിച്ചോതുന്ന ഗ്രാമീണ സൗന്ദര്യം ഒക്കെ മാറി ഈ നാട്ടിന്നു തന്നെ പുതിയൊരു അലങ്കാരമായി മാറിയിരിക്കുകയാണ്. എല്ലാവരും ഓരോ തിരക്കിൽ സഞ്ചരിക്കുന്നവർ. ആരോട് ചോദിക്കാനാണ് എന്റെ പഴയ കാര്യങ്ങൾ. പഴയ മുഖങ്ങൾ ഒന്നും കാണാനില്ല.

ഗ്രാമത്തിന്റെ മുഖ:ഛായ തന്നെ മാറിയിരിക്കയാണ്. എവിടെ നോക്കിയാലും തലയുയർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ, ഗസ്റ്റ് ഹൗസുകൾ, ഷോപ്പിംഗ്‌ കോംപ്ലെക്സ്, കാഴ്ച ബംഗ്ലാവുകൾ, ബ്യൂട്ടി പാർലറുകൾ, നിശാ ക്ലബ്ബുകൾ. പകലിനെ വെല്ലുന്ന നിയോണ്‍ ബൾബുകൾ പ്രകാശം പരത്തിക്കൊണ്ട്‌ ആകർഷകമാക്കി വെച്ചിരിക്കയാണ്‌. റോഡിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നു. അന്യഭാഷ സംസാരിക്കുന്നവർക്കിടയിൽ എന്തു ചെയ്യണം എന്ന് അറിയാതെ അവൾ കൊച്ചിന്റെ കൈയും പിടിച്ച് നടക്കുകയാണ്.

പത്തു പതിനഞ്ചു വർഷങ്ങൾക്കു മുമ്പുള്ള ഒരു സന്ധ്യാ സമയത്താണു നാടും വീടും വിട്ടു പോകാൻ ഒരു നിമിത്തമുണ്ടായത്. കൂലിവേല ചെയ്തു അല്ലലില്ലാതെ ഭർത്താവ് അവളെയും കുട്ടിയെയും അമ്മയെയും നോക്കുമായിരുന്നു. ഒരു ദിവസം രാത്രി ചാറ്റൽ മഴ കാരണം പതിവിലും നേരത്തേ അവൻ വീട്ടിലെത്തി. അപ്പോഴേക്കും അപ്പുറത്തെ വീട്ടിലെ ദയാനന്ദൻ അടുക്കള ഭാഗത്തു കൂടി ഇറങ്ങി പോകുന്നത് ഭർത്താവിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ അയാൾ അവളെ കടന്നു പിടിച്ചു പൊതിരെ തല്ലി. അവനുമായുള്ള ചങ്ങാത്തം ഇന്നവൾക്കു വലിയ ദുരന്തമായി.

അന്ന് രാത്രി തന്നെ അവർ രണ്ടു പേരും നാട് വിട്ടു. കാമുകീ കാമുകന്മാരായ അവർ നാടും വീടും വിട്ടു അലഞ്ഞു നടക്കുകയാണ്. ആൾക്കാരുമായി ഇണങ്ങി ചേർന്നു ഒരു ജോലി തരപ്പെടുത്താൻ കുറെ യാതനകളും വേദനകളും അനുഭവിക്കേണ്ടി വന്നു.

നാട്ടിൽ നിന്ന് പോകുമ്പോൾ ഇവളെ വല്ലവർക്കും കൈമാറി വലിയൊരു സംഖ്യ കൈപ്പറ്റാമെന്നായിരുന്നു അവന്റെ മനസ്സിൽ. രണ്ടു പേരും ചെന്നെത്തിയത് ബോംബെയിലെ ചെമ്പൂരി എന്ന സ്ഥലത്ത് സ്ത്രീകളെ ലൈംഗിക വേഴ്ചക്കായി ഒറ്റിക്കൊടുക്കുന്ന വൻകിട റാക്കറ്റായ സോമശേഖരൻ മുതലാളിയുടെ വാടകക്കെട്ടിടത്തിലേക്കാണ്. അവന്റെ കൂടെയുള്ള പെണ്‍കൊടിയെ കണ്ട മാത്രയിൽ മുതലാളിയുടെ മനസ്സിൽ അവളിൽ ലയിച്ചു പോയി. മുല്ല മൊട്ടിന് സമാനമായ പല്ലും താമരദളം പോലെയുള്ള കണ്ണുകളും നീണ്ടു കണങ്കാൽ വരെ എത്തുന്ന കാർക്കൂന്തലും ചന്ദനക്കവിളുള്ള മുഖവും എല്ലാം കണ്ടാൽ ഏതൊരു പുരുഷനും അവളിലേക്ക്‌ വഴുതി വീഴും. മുതലാളി അവരെ കണ്ട മാത്രയിൽ കയറി ഇരിക്കാൻ പറഞ്ഞു. നിങ്ങൾ എവിടുന്നു വരുന്നു എന്ന് അയാൾ അവരോടു ചോദിച്ചു. ഞങ്ങൾ വളരെ അകലെ നിന്ന് ഒരു ജോലി അന്വേഷിച്ചു വന്നതാണ്. എന്ത് ജോലിയും ചെയ്യാൻ തയ്യാറാണെന്ന് അവർ അറിയിച്ചു.

"എന്നാൽ നിങ്ങൾക്ക് ഞാൻ ഇവിടെ ഒരു ജോലി തരാം. വരൂ, മേലെ തട്ടിൽ എട്ടും ഒൻപതും പത്തും റൂമിന്റെ താക്കോൽ നിന്നെ ഏൽപ്പിക്കുന്നു.", രണ്ടാം നിലയിൽ നമ്പറില്ലാത്ത ഒരു റൂം അവർക്ക് താമസിക്കാൻ മുതലാളി കാട്ടിക്കൊടുത്തു.

അവൾക്കു ജോലി അവിടെ അടിച്ചു വൃത്തിയാക്കൽ. വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി മൂന്നു മണി വരെ വാടകയ്ക്ക് താമസിക്കാൻ ആൾക്കാർ ചെന്നെത്തും. അവർക്ക് റൂം കാണിച്ചു കൊടുത്തു താക്കോൽ കൈമാറണം. രാത്രി മുഴുവൻ പ്രവർത്തിക്കുന്ന കട ഉണ്ട് അതിന്നപ്പുറം. വല്ലതും വേണമെങ്കിൽ അവർക്ക് എത്തിച്ചു കൊടുക്കണം. പകൽ മുഴുവൻ ഒഴിവാണ്.

മുതലാളി അന്ന് തന്നെ അവനു താക്കോൽ കൈമാറി. പിറ്റേ ദിവസം തന്നെ ഏല്പിച്ച ജോലി അവൻ ആത്മാർഥമായി ചെയ്തു വരികയാണ്. ഭാഷകൾ കുറച്ചൊക്കെ അറിയാവുന്ന അവനു റൂം അന്വേഷിച്ചു വരുന്നവരോട് സംസാരിക്കാൻ യാതൊരു പ്രയാസവും ഉണ്ടായില്ല. സന്ദർശകരായ സ്ത്രീപുരുഷന്മാരുടെ ശരീര ഭംഗിയും അടുക്കും ചിട്ടയും ഏവരെയും അതിശയിപ്പിക്കും. ജോലിയോടുള്ള ആത്മാർഥതയും പെരുമാറ്റവും മൂലം അധികം താമസിയാതെ സന്ദർശകരുടെ ആരാധകനായി അവൻ മാറി.

കാമുകിക്കു എല്പിച്ച അടിച്ചു വൃത്തിയാക്കുന്ന ജോലിയും അവൻ തന്നെ ചെയ്തു വരികയാണ്. ഓരോരുത്തരുടെ അഭിരുചിക്ക് അനുസരിച്ചു എന്ത് വേണമെങ്കിലും അവൻ എത്തിച്ചു കൊടുക്കുന്നുണ്ട്. അതിനനുസരിച്ച് പ്രത്യേക പാരിതോഷികവും അവർ കൊടുക്കുന്നുണ്ട്. ജോലിയോടുള്ള താൽപര്യത്തിൽ മുതലാളിക്ക് അവനോടു പ്രത്യേകം മമത തോന്നി.

അതിനു ശേഷം മുതലാളിയും അവനും എന്തോ കുശല പ്രശ്നം നടന്നു. അവൾ അഞ്ചു മാസം ഗർഭിണിയാണ്. ആദ്യകുഞ്ഞിനേയും താലോലിച്ചു വളർത്തണമെന്നാണു അവളുടെ ആഗ്രഹം. അതിനെന്താ പ്രസവം കഴിഞ്ഞ ശേഷം അവളെ സ്വന്തമാക്കാം. ഇന്നലെ ഏതാണെന്നോ ഇന്നേതാണെന്നോ അറിയാതെ അവർ സുഖിച്ചു വാഴുകയാണ്. അയാൾ ഇടയ്ക്കിടെ ഡോക്ടറെ വീട്ടിൽ വിളിച്ചു വരുത്തി അവളുടെ ആരോഗ്യനില മെച്ചമാണെന്നു ഉറപ്പു വരുത്താറുണ്ട്. അധികം താമസിയാതെ അടുത്തുള്ള സിസ്റ്റെരുടെ മേൽനോട്ടത്തിൽ അവൾ ഒരു പെണ്‍കുഞ്ഞിന്നു ജന്മം നൽകി. പ്രസവശുശ്രൂഷയ്ക്ക് പ്രത്യേകം പരിചാരികയെ നിർത്തിയിരുന്നു. അങ്ങനെ ആ കുഞ്ഞിന്റെ കളിയും ചിരിയും കണ്ട് അവർ സുഖിച്ചു വാഴുകയാണ്.

മാസങ്ങളും ദിവസങ്ങളും കഴിഞ്ഞ ശേഷം മുതലാളി അവളെ സ്വന്തമാക്കി. ഏഴു വർഷം അവിടെ തങ്ങിയ ശേഷം മുതലാളി അവനു കൊടുക്കാനുള്ള കാശ് കൂടാതെ പാരിതോഷികമായി ജീവിത കാലം മുഴുവൻ കഴിഞ്ഞു കൂടേണ്ട സംഖ്യയും കൊടുത്തു വിട്ടു. പിറ്റേ ദിവസം ആണ് അവൻ നാട് വിട്ട വിവരം മുതലാളിയിൽ നിന്ന് അവൾ അറിയുന്നത്.

അവൻ പോയതിൽ യാതൊരു വിഷമവും അവൾക്കില്ല. മുതലാളിയും അവളും സുഖ ജീവിതം നയിക്കുകയാണ്. എന്തസുഖം വന്നാലും അവളെയും മകളെയും ഡോക്ടറെ വീട്ടിൽ വിളിച്ചു വരുത്തി ചികിത്സിപ്പിക്കും. സ്ത്രീകളെ ഉപഭോഗവസ്തുവായി സ്വീകരിക്കുന്ന പുരുഷന്മാർ നമ്മുടെ ഇടയിൽ ഒട്ടും കുറവില്ലതാനും.

നാലഞ്ചു വർഷം അവൾ നല്ല ആരോഗ്യ ജീവിതം നയിച്ച്‌ പോന്നു. ഈയിടെ അവൾക്കു വിട്ട് മാറാത്ത പണിയും വയറിളക്കം, ചുമ, ശരീര തൂക്കക്കുറവ് എന്നിവ അനുഭവപ്പെട്ടതു പോലെ. അവളെ കാണാൻ തന്നെ വല്ലാണ്ടിരിക്കുന്നു. കുടുംബ ഡോക്ടറെ വിളിച്ചു ചികിത്സ നടത്തി. യാതൊരു മാറ്റവും ഇല്ല. അതിനിടെ മകൾക്കും അതേ ലക്ഷണം തന്നെ അനുഭവപ്പെട്ടു.

പിന്നെ ദൂരെ എവിടെയോ പരിശോധനയ്ക്കായി മുതലാളി രണ്ടു പേരെയും കൂട്ടി ചെന്നു. പരിശോധനയിൽ രണ്ടു പേരും എച്ച് ഐ വി ബാധിതരാണ് എന്ന് അറിഞ്ഞു. മകളുടെ പിന്നിലെ സൂത്രധാരൻ എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലായിക്കാണുമല്ലോ. എല്ലാം കലികാലവൈഭവം എന്നല്ലാതെ മറ്റെന്തു പറയാനാണ്. പരിശോധനയിൽ എച്ച് ഐ വി എന്ന് അറിഞ്ഞതിൽ പിന്നെ അയാൾ അവളുമായി സമ്പർക്കം പുലർത്തിയില്ല.

തടിക്കു അസുഖം ബാധിച്ചത് മൂലം നാട്ടിൽ വന്നു ഭർത്താവിന്റെ അമ്മയെയും മകനെയും താലി കെട്ടിയ ഭർത്താവിനെയും കണ്‍കുളിർക്കെ കാണണമെന്ന ആഗ്രഹം അവളിൽ ഉണ്ടായി. പിറ്റേ ദിവസം തന്നെ അയാൾ അമ്മയെയും മകളെയും അല്പം കാശ് കൊടുത്തു ബസ് കയറ്റി വിട്ടു. എച്ച് ഐ വി പകരാതിരിക്കാൻ അയാൾ നേരത്തെ തന്നെ മുൻകരുതൽ എടുത്തിരുന്നു.

നാട്ടിൽ എത്തിയ അവർ എവിടെ ചെന്ന് എത്തിയതെന്ന് അറിയാതെ മിഴിച്ചു നില്ക്കയാണ്. അടുത്തുള്ള തെങ്ങിൻതോപ്പ്, ആമ്പൽക്കുളം, നെൽവയലുകൾ എല്ലാം മായ്ച്ചു കളഞ്ഞതിൽ അവർ വിഷമിക്കുന്നു. വാർദ്ധക്ക്യം നിറഞ്ഞ അമ്മയുടെ മുഖം മായാതെ മനസ്സിൽ നില്ക്കുന്നു. ഒപ്പം കണ്ണൻ നായർ, പെരുവണ്ണാൻ, പെരുമലയൻ എന്നിവർ ഇപ്പോൾ എവിടെ? അവരും എന്നെപ്പോലെ ദിക്കറിയാതെ ദേശങ്ങൾ താണ്ടി പോയതാണോ? പകരം അന്യദേശക്കാർ അവരുടെ ഭാഷ സംസാരിച്ചുകൊണ്ടു നീങ്ങിക്കൊണ്ടിരിക്കുന്നവർ, നാടിന്റെ പുതിയ സന്തതികൾ.

എവിടെ ആയിരിക്കും വീട്? ആരോട് ചോദിക്കാൻ? ചുറ്റും അപരിചിതർ. അമ്മ ജീവിച്ചിരിപ്പുണ്ടാകുമോ? എന്റെ മകന്റെ പഠിത്തം എവിടം വരെ എത്തിക്കാണും? ഭർത്താവ് കല്യാണം കഴിച്ചു കാണുമോ? പിന്നെ കൂട്ടുകാരികൾ, ബന്ധുക്കൾ... മനസ്സിൽ അണപൊട്ടിയ നൂറുകൂട്ടം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാവാതെ അവർ വീർപ്പുമുട്ടി കഴിയുകയാണ്. കൈത്തോട്‌ പോലുള്ള ചെറുതോടുകൾ വലിയ റോഡുകൾ ആയി മാറിയിരിക്കയാണ്. നഗരം മഹാസാഗരായി അറ്റം കാണാത്ത കടൽ ഇരമ്പി. ശരീരം ശോഷിച്ച അവൾ എന്തു ചെയ്യണമെന്നു അറിയാതെ മകളുടെ കൈയ്ക്ക് പിടിച്ചു കൊണ്ടു ആൾക്കാരുടെ മുന്നിൽ കണ്മിഴിച്ചു നിൽക്കുകയാണ്. എവിടെയാണ് താൻ എത്തിയതെന്ന് അറിയാതെ നാടിന്റെ മാറ്റം കണ്ടു അവൾ ലക്ഷ്യമില്ലാതെ അലഞ്ഞു നടക്കുകയാണ്.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.