അത്ഭുതക്കുരങ്ങ്

വലിയ ഒരു ഭീകരനായ മരത്തിന്റെ ചില്ലകൾക്കിടയിലൂടെ പ്രകാശം മുഖത്തേക്ക് പതിച്ചു. ഞെട്ടിയുണർന്ന അയാൾ അറിഞ്ഞു, താൻ കാട്ടിലാണ്. കണ്ട സ്വപ്നങ്ങളെല്ലാം വെറുതെയായി. ചെണ്ടമേളവും താലപ്പൊലിയേന്തിയ ബാലികമാരും ഒരു വലിയ ജനാവലിയും തന്നെ മാലയിട്ടു സ്വീകരിക്കുന്നു. ഒരത്ഭുത ജീവിയേയെങ്കിലും കണ്ടു പിടിക്കണമെന്ന് ഉറച്ച് ഇറങ്ങിത്തിരിച്ചതാണ് താൻ. കുറേ കാലമായി ഒരത്ഭുതയിനം കുരങ്ങ് സ്വപ്നത്തിൽ വന്നു ശല്യപ്പെടുത്തുന്നു. ഈ കാടും ഇതേപോലെ സ്വപ്നത്തിൽ ഉണ്ടായത് തന്നെ. എല്ലാം വെറും സ്വപ്നം.!

അയാൾ പതുക്കെ എണീറ്റ്‌ മരത്തിന്റെ തടിയിൽ ചാരിയിരുന്നു. തലേന്നാൾ കാലിൽ ഉണ്ടായ മുറിവിൽ രക്തം കല്ലിച്ചിരിക്കുന്നു. അയാൾ കാലിന്മേൽ കാൽ കയറ്റിവെച്ച് മുറിവിന്റെ ആഴം പരിശോധിച്ചു. ഇല്ല, അധികമില്ല, സ്വയം ഒരു ആത്മഗദം നടത്തി. പിന്നെ എഴുന്നേറ്റ് അടുത്തുള്ള കൊല്ലിയിൽ നിന്നും മുഖം കഴുകി. ശുദ്ധമായ ഉറവ കല്ലിന്റെ ഇടുക്കിൽ നിന്നും പൊട്ടി ഒലിച്ചിറങ്ങി ഒരു തോടോടു ചേരുകയാണ്. അയാൾ ചുറ്റും നോക്കി. അടുത്തെങ്ങും ഒരനക്കവുമില്ല.

എങ്ങനെ ഈ കാട്ടിൽ നിന്നും രക്ഷപ്പെടും? എങ്കിലും ആ കുരങ്ങ് എന്തിനെന്നെ സ്വപ്നത്തിൽ വന്നു ശല്യപ്പെടുത്തുന്നു? അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു,

"ഹേയ് കുരങ്ങാ.., നിനക്ക് സ്വപ്നത്തിൽ വരാനേ കഴിയൂ..? ധൈര്യമുണ്ടെങ്കിൽ അടുത്ത് മുന്നിൽ വാടാ.. വരാൻ..."

ഇല്ല, ആരും കാണാനോ കേൾക്കാനോ ഇല്ല. ഈശ്വരാ.., വീട്ടിൽ എത്തിയാൽ തന്നെ അവരോടെന്തു സമാധാനം പറയും? ഭാര്യയും കുട്ടികളും നാട്ടുകാരും തന്നെ പിന്നെയും ഒരു ഭ്രാന്തനാക്കുമോ.?! ഒന്നും അറിയില്ല. മടങ്ങിയാലോ..? അയാൾ ആലോചിച്ചു. ഇല്ല, അത്ഭുത കുരങ്ങല്ലെങ്കിൽ മറ്റെന്തെങ്കിലും. അതെയെന്നുറച്ചു അയാൾ പിന്നെയും കാട് താണ്ടി.

നാട്ടുകാരും വീട്ടുകാരും എന്തിനെന്നെ ഭ്രാന്തനെന്നു മുദ്ര കുത്തുന്നു? എന്താണവരെന്നെ അഗീകരിക്കാത്തത്? ഒന്നിനും ഉത്തരമില്ല. അയാൾ വീണ്ടും നടന്നു. ഒന്നുകിൽ അത്ഭുതക്കുരങ്ങുമായി വീട്ടിലേക്ക്, അല്ലെങ്കിൽ ഇവിടെത്തന്നെ.

അയാൾ കുറേ കൂടി മുകളിലേക്ക് നടന്നു. താഴെ നിരപ്പായ സ്ഥലത്ത് മരങ്ങൾക്ക് മുകളിലൂടെ കുറേ പുല്ലു മേഞ്ഞ വീടുകളുടെ ഒരു സമൂഹം തന്നെ കാണാം. എന്താണത്? അയാൾ പിന്നെയും തല നീട്ടിയും നോട്ടം ഒന്നുകൂടി വ്യക്തമാക്കിയും അങ്ങോട്ട്‌ നോക്കി. കാട്ടുമനുഷ്യർ.! അവരുടെ കുടിലുകളാണ്. അവിടെ നിന്നും നോട്ടം പിൻവലിക്കുന്നതിനു മുൻപ് കണ്ണിലേക്ക്‌ എന്തോ ഒരു പൊടി വന്നു വീണതുപോലെ. പിന്നെ ഒന്നും ഓർമ്മയില്ല. ബോധം വന്നപ്പോൾ താൻ കാട്ടുമനുഷ്യരുടെ കുടിലിലാണ്.

തന്റെ ചുറ്റും കൂടിയിരുന്ന് തന്നെ അത്ഭുതത്തോടെയും പേടിയോടെയും നോക്കുന്ന കുട്ടികൾ. പരിഭ്രാന്തിയിൽ എഴുന്നേറ്റ് വേഗം കുടിലിനു വെളിയിലേക്കിറങ്ങി. വെളിയിൽ ആളുകൾ കൂടിയിരിക്കുന്നു. കുടിലുകൾ ഉള്ള സ്ഥലത്ത് മാത്രം ഒരിലപോലും ഇല്ലാതെ വൃത്തിയാക്കിയ അത്രയും ഭാഗത്ത് മനുഷ്യർ കൂടി നിൽക്കുന്നു. ഓടാൻ പോലും രക്ഷയില്ല, പിടിക്കപ്പെടും. ഒരു നിമിഷം നിശ്ചലമായി നിന്നു. ശരീരം ഇലകൊണ്ട്‌ മറച്ച കാട്ടുമനുഷ്യർ. തലയിൽ ഇലകൊണ്ട്‌ ഒരു പ്രത്യേക രീതിയിൽ മെടഞ്ഞ കിരീടവും കാണാം. തങ്ങൾക്കിതൊന്നും ബാധകമല്ല എന്ന പോലെ കുട്ടികളും. അവർ ആളുകൾക്കിടയിൽ മുന്നിൽത്തന്നെയായി അടിപിടി കൂടുകയാണ്. അവരുടെ കൈയിൽ തന്റെ തലയിലുണ്ടായിരുന്ന തൊപ്പിയാണ്‌.

"ആരീ..?", കാട്ടുവാസികളുടെ ഇടയിൽ നിന്നും ഒരു ചോദ്യം. അയാൾക്ക്‌ കുറച്ചു ആശ്വാസമായി. ഭാഗ്യം.! മലയാളം തന്നെ. കുറച്ചു വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ചോദ്യങ്ങൾ അയാൾക്ക്‌ മനസ്സിലാക്കാൻ പറ്റുന്നുണ്ട്. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അയാൾക്കും പിന്നെ കാട്ടുവാസികൾക്കും ഒരുപോലെ ആശ്വാസമായി. ആർക്കും പേടിക്കാനില്ല. മനസ്സിനുള്ളിലെ പേമാരി കുറച്ചു തോർന്നു.

കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ അയാളും അവരിൽ ഒരാൾ ആയി മാറി. തന്നെ ഒരു ഭ്രാന്തനായി കാണുന്ന നാട്ടുകാർക്കും വീട്ടുകാർക്കും ഇടയിൽ ഇനി താൻ എന്തിനു പോകണം എന്ന് തോന്നിത്തുടങ്ങി. അങ്ങനെ അയാൾ ആദിവാസികൾക്കിടയിൽ സുഖമായി ജീവിക്കുവാൻ തുടങ്ങി. അയാൾ അവർക്കിടയിൽ ബഹുമാനം നിറഞ്ഞ ഒരാളായി മാറാൻ ദിവസങ്ങളേ എടുത്തുള്ളൂ. നാട്ടിൽ ആർക്കും വേണ്ടാതെ കഴിഞ്ഞ അയാൾ ആദിവാസികൾക്കിടയിൽ എല്ലാവർക്കും വേണ്ടപ്പെട്ട ഒരാൾ ആയി മാറി.

കാടുകൾ വെട്ടി നശിപ്പിച്ചു കെട്ടിട സമുച്ചയങ്ങൾ പണിതുയർത്തുന്ന മനുഷ്യൻ പ്രകൃതിയുടെ ശാപം കൊണ്ട് കുരങ്ങിൽ നിന്നും മനുഷ്യനായി പിന്നെ കുരങ്ങിലേക്കുതന്നെ പോകുന്ന ഒരവസ്ഥ! കാലങ്ങൾ കഴിയുമ്പോൾ പ്രകൃതി തന്നെ ഇല്ലാതാകുമ്പോൾ നിങ്ങളും കണ്ടേക്കാം, ഒരായിരം അത്ഭുതക്കുരങ്ങുകളെ.!

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.