അമ്മ

ഓഫീസിൽ നിന്നും അയാൾ അന്ന് വൈകുന്നേരം പതിവിലും നേരത്തേ ഇറങ്ങി. വെള്ളിയാഴ്ചയാണ്. തിങ്കളാഴ്ച അമേരിക്കൻ സ്വാതന്ത്ര്യ ദിനം ആയതിനാൽ അന്ന് ഡ്യൂട്ടി ഇല്ല. മൂന്നു ദിവസം അടുത്തടുത്തായി അവധി വന്നാൽ നാട്ടിൽ പോവുക പതിവാണ്. ജനുവരിയിൽ ഈ വർഷത്തെ കമ്പനി അവധി ദിനങ്ങളുടെ എക്സെൽ ഷീറ്റ് എച്ച് ആർ മാനേജരുടെ മെയിലിൽ കണ്ടപ്പോൾ തന്നെ കലണ്ടറിൽ ലീവുകൾ സേവ് ചെയ്തു വെച്ചു.

അഷ്‌റഫ്‌ ട്രാവൽസിനു ഇരുപതു ദിവസത്തിനുള്ളിൽ മാത്രമേ മുൻകൂട്ടി സീറ്റ്‌ ബുക്ക് ചെയ്യുവാൻ പറ്റു. അതുകൊണ്ടു തന്നെ നാട്ടിലേക്കുള്ള യാത്രകൾ പ്ലാൻ ചെയ്തപ്പോൾ തന്നെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുവാൻ പറ്റിയില്ല. നാട്ടിലേക്കുള്ള ഏറ്റവും നല്ല ബസ്‌ അഷ്‌റഫ്‌ ട്രാവൽസ് അല്ല. പക്ഷെ അയാൾക്ക് ആ ബസിനോട് പ്രത്യേക മമതയാണ്‌. ഒരു ജോലിയില്ലാതെ ബാംഗ്ലൂരിൽ അലഞ്ഞ കാലത്തും വളരെ ചെറിയ ശമ്പളത്തിൽ ആദ്യത്തെ ജോലി ലഭിച്ച കാലത്തും ഇടയ്ക്ക് നാട്ടിൽ പോയിരുന്നത് ആ ബസിൽ ആയിരുന്നു.

അന്നു മറ്റുള്ള ബസുകളെക്കാൾ ടിക്കറ്റ്‌ നിരക്ക് വളരെ കുറവായിരുന്നതിനു കാരണം എല്ലാ ട്രിപ്പുകളിലും യാത്ര ചെയ്തിരുന്ന മൂട്ടകൾ ആയിരുന്നു. പക്ഷെ ഈയിടെയായി ഈ ബസിൽ നിന്നും മൂട്ടകൾ ഒഴിഞ്ഞു പോയിരിക്കുന്നു. അതുകൊണ്ടുതന്നെ അയാൾക്ക്‌ വീട്ടിൽ കൂടുതലായി ഒരു മന:സ്സമാധാനം കൂടി ഉണ്ട്. മുൻപൊരിക്കൽ നാട്ടിൽ ചെന്നപ്പോൾ അച്ഛൻ പറയുകയുണ്ടായി, 'ഇനി നീ മൂട്ടയുമായി വന്നാൽ നിന്റെ ബാഗ്‌ ഞാൻ കത്തിക്കും'.

ഫ്ലാറ്റിൽ ഉദ്ദേശിച്ചതിനേക്കാൾ നേരത്തെ എത്തി. എങ്കിലും വൈകിക്കാതെ ബാഗും എടുത്തു ബസ്റ്റോപ്പിലേക്ക് നടന്നു. അഷ്‌റഫ്‌ ട്രാവൽസിന്റെ ബോഡിംഗ് പോയിന്റിലേക്ക് ഇനി സിറ്റി ബസിൽ പോകണം. നേരത്തെ ഇറങ്ങിയാലും രക്ഷയില്ല. തിരക്കില്ലാത്ത രാവിലെകളിൽ പത്ത് മിനുട്ട് കൊണ്ട് എത്താൻ പറ്റുന്ന ദൂരം മുടിഞ്ഞ ട്രാഫിക് ബ്ലോക്ക് കാരണം ഒന്നര മണിക്കൂർ വരെ എടുക്കാറുണ്ട്, പ്രത്യേകിച്ചു വെള്ളിയാഴ്ചകളിൽ.

എങ്കിലും പ്രതീക്ഷിച്ചതിലും നേരത്തേ അഷ്‌റഫ്‌ ട്രാവൽസിന്റെ ഓഫീസിൽ എത്തി. ഓഫീസിൽ റിപ്പോർട്ട്‌ ചെയ്തു നേരെ അടുത്തുള്ള റെസ്റ്റൊറെന്റിലേക്ക് ചെന്നു. ബസ് പുറപ്പെടാൻ ഇനിയും ഇഷ്ടം പോലെ സമയം ഉണ്ടായതിനാൽ ഇഡ്ഡലിയും വടയും സാമ്പാറും ചമ്മന്തിയും കൂട്ടി പതുക്കെ കഴിച്ചു. ബസിൽ കയറി ഇരുന്നു. പുഷ്ബാക്ക് സീറ്റ്‌. വിൻഡോസൈഡ് ആണ്.

ജനാലയിലൂടെ ചുറ്റുപാടും വെറുതേ നോക്കി ഇരുന്നു. ഒരല്പം മാറി ഫൂട്ട് പാത്തിന്റെ അരികിൽ മൂന്നു പേരെ കണ്ടു. വളരെ പ്രായം ചെന്ന ഒരു സ്ത്രീ ഒരു അരികിൽ മതിൽ ചാരി ഇരിക്കുന്നു. കൈയിലെ കുഞ്ഞുപൊതിയിൽ നിന്നും എന്തോ എടുത്തു ഇടയ്ക്കിടെ ചവക്കുന്നു. അരികിൽ വാലാട്ടി നില്ക്കുന്ന ഒന്നു രണ്ടു തെരുവുനായ്ക്കൾക്ക് ഓരോ കഷ്ണം ഇട്ടു കൊടുക്കുന്നുണ്ട്. മധ്യ വയസ്സിന്റെ അവസാന ഘട്ടത്തിൽ എത്തിയ മറ്റൊരു സ്ത്രീ കൈയിൽ പൊതിഞ്ഞ ഒരു തുണി കൊണ്ടു ചുറ്റിലും തുടച്ചു വൃത്തിയാക്കുന്നു. അനന്തമായ ആകാശം മേല്ക്കൂര ചൂടിയ, രണ്ടോ മൂന്നോ മീറ്റർ മാത്രം ചുറ്റളവുള്ള അവരുടെ അന്നത്തെ വീട്.

ഇനി ഒരാൾ കൂടി ഉണ്ട്. യുവാവാണ്. കുറച്ചു പഴന്തുണികൾ മെത്തയാക്കി അതിൽ കിടക്കുന്നു. വളരെ ചെറുതും ശോഷിച്ചതുമായ കാലുകൾ അസ്വാഭാവികമായ രീതിയിൽ മടക്കി ഇരുവശത്തേക്കും വിടർത്തി വെച്ചിരുന്നു. സ്ഥിരമായി മലർന്നു കിടന്നതിനാൽ ഉടൽ അല്പം വീർത്ത് ഇരുവശത്തേക്കും ഉടഞ്ഞു വീണ പോലെ. നിലത്തു കുത്തിയിരുന്നു നീങ്ങി നീങ്ങി നിലം വൃത്തിയാക്കുന്ന ആ സ്ത്രീ കിടക്കുന്നയാളുടെ അടുത്ത് എത്തിയപ്പോൾ കൈയിലെ തുണി താഴെ വെച്ചു. യുവാവിന്റെ വളരെ അടുത്ത് കാൽമുട്ടു കുത്തി ഇരുന്നു. അയാൾ കിടന്ന തുണിക്കെട്ടിന്റെ അടിയിൽ കൂടി കൈ തിരുകി അയാളെ അല്പം ഉയർത്തി വൃത്തിയാക്കിയ സ്ഥലത്തേക്ക് കിടത്തി. അമ്മയ്ക്കും മകനുമിടയിലെ അത്ഭുത ശക്തി! ആരാരും ശ്രദ്ധിക്കാത്ത ദൈവികത! ദൈവം ഉണ്ടോ ദൈവത്തെ കാണിച്ചു തരാമോ എന്ന് ചോദിക്കുന്നവരോട് പറയാം, ദാ അവിടെ ദൈവം ഉണ്ട്. മനുഷ്യൻ അവന്റെ ദൗർബല്യങ്ങൾക്കു മുന്നിൽ നിസ്സഹായനാവുമ്പോൾ അതിജീവനം നല്കുന്ന സാഹചര്യങ്ങൾ, ആളുകൾ എല്ലാം അവന്റെ ദൈവങ്ങൾ ആയിരിക്കും.

ശേഷിച്ച സ്ഥലവും തുടച്ചു വൃത്തിയാക്കി ആ സ്ത്രീ മകനെ പഴയ സ്ഥലത്ത് തന്നെ കിടത്തി. പിന്നെ മൂടി വെച്ചിരുന്ന, വശങ്ങൾ ഉടഞ്ഞ പഴയ കുടത്തിൽ നിന്നും അല്പം വെള്ളം പൊട്ടിയ ഒരു മഗ്ഗിലേക്ക് പകർന്നു മറ്റൊരു തുണിക്കഷ്ണം മടക്കി വെള്ളത്തിൽ മുക്കി അല്പം പിഴിഞ്ഞു മകന്റെ ദേഹം മുഴുവൻ തുടച്ചു. അനുഗ്രഹീതൻ ആയ ഒരു മകന്റെ നീരാട്ട്.

ഒരു നല്ല അമ്മ. ദാരിദ്ര്യം ജീവിതത്തിന്റെ നിറം മങ്ങിച്ചുവെങ്കിലും ആ അമ്മയുടെ മുഖത്തിന്റെ തേജസ്സു മായാതെ നിന്നു. മുഖം എല്ലാ സമയത്തും മനസ്സിന്റെ കണ്ണാടി എങ്കിൽ മനസ്സിലെ നന്മ മുഖത്ത് എന്നെന്നും ഒരു തേജസ്സു ചാർത്തി വെക്കും.

വൃദ്ധസദനങ്ങളിൽ കഴിയുന്ന ആയിരക്കണക്കിനു അമ്മമാരെ അയാൾ ഓർത്തു. ചുടുചോര മുലപ്പാലാക്കി വളർത്തി മക്കൾക്കു ജീവിതത്തിന്റെ സുവർണ കാലങ്ങൾ സമ്മാനിച്ചവർ. അവസാനം മക്കളുടെ ജീവിതത്തിൽ ബാധ്യത ആയപ്പോൾ വൃദ്ധസദനത്തിന്റെ ചുമരുകൾക്കുള്ളിലേക്ക് തുടച്ചു നീക്കപ്പെട്ടവർ. ഇവിടെ എഴുന്നേൽക്കാൻ പോലും ആവാത്ത ഒരു മകൻ ഒരു ബാധ്യതയേ അല്ലാതെ ഒരമ്മ ഇന്നും മുലപ്പാലിന്റെ മാധുര്യം നിർമലമായ സ്നേഹത്തിന്റെ രൂപത്തിൽ നല്കിക്കൊണ്ടേ യിരിക്കുന്നു.

ആ ദൃശ്യം ആർദ്രമാക്കിയ മനസ്സുമായി അയാൾ ബസ്സിൽ നിന്നും ഇറങ്ങി ആ കുടുംബത്തിന്റെ നേരെ നടന്നു. "പോകാൻ നേരമായി സാർ", ഡ്രൈവർ വിളിച്ചു പറഞ്ഞു."ഒരു മിനുറ്റ്, ഇപ്പൊ വരാം", അയാൾ വേഗത്തിൽ നടന്നു. ആ അമ്മയ്ക്ക് എന്ത് കൊടുക്കും? ബാഗിൽ ഉണ്ടായിരുന്നത് ലാപ്‌ടോപും ഒന്നു രണ്ടു ഷർട്ടുകളും മാത്രം. പേഴ്സ് തുറന്നു നോക്കി. എല്ലാം കൂടി ആയിരത്തി എഴുന്നൂറ്റി മുപ്പതു രൂപ. കൈയിൽ പണം ആയി സൂക്ഷിക്കാറില്ല. ആവശ്യത്തിനു മാത്രം എ ടി എംമ്മിൽ നിന്നും എടുക്കാറാണു പതിവ്.

അടുത്ത് എത്തി അയാൾ ആ അമ്മയെ തൊട്ടു വിളിച്ചപ്പോൾ അവർ ഒരല്പം ഞെട്ടിയെന്നു തോന്നി. തിരിഞ്ഞു നോക്കി. അയാൾ പുഞ്ചിരിച്ചു. ആ സ്ത്രീ അല്പം ഭയത്തോടെ പുഞ്ചിരിക്കാൻ ശ്രമിച്ചു. അയാൾ അവരുടെ വലതു കൈ പിടിച്ചെടുത്തു ഒരു ആയിരം രൂപ നോട്ട് കൈ വെള്ളയിൽ വെച്ചു കൊടുത്തു. താഴികക്കുടവും ശ്രീകോവിലും ഇല്ലാത്ത ഒരു അമ്പലത്തിലെ ജീവനുള്ള ദേവിക്ക് ഒരു ഭക്തന്റെ ചെറിയ കാണിക്ക. ആ അമ്മയുടെ മുഖഭാവം, മേല്ക്കൂരയും ചുവരുകളും ഇല്ലാത്ത ആ വീടിന്റെ ഭംഗി ഇവയൊന്നും ശ്രദ്ധിക്കാതെ അയാൾ തിരിഞ്ഞു നടന്നു.

അവരുടെ അപ്പോഴത്തെ മാനസികാവസ്ഥ എന്തായിരിക്കും? അത്തരം ഒരു കറൻസി അവരുടെ കൈയിൽ ഇതിനു മുൻപ് വന്നിട്ടുണ്ടായിരിക്കുമോ? ചൂട് താങ്ങാൻ ആവാതെ ആ കൈവെള്ള പൊള്ളിയിട്ടുണ്ടാകുമോ? വേനലിൽ വരണ്ട പാടത്ത് പുതുമഴ ശരവർഷമായി പെയ്തിറങ്ങിയ തണുപ്പു അനുഭവപ്പെട്ടിട്ടുണ്ടാകുമോ? അയാൾ തിരിഞ്ഞു നോക്കിയില്ല.

ബസ്സിൽ കയറി അയാൾ തന്റെ സീറ്റിൽ ഇരിക്കുമ്പോഴേക്കും ബസ്‌ സ്റ്റാർട്ട്‌ ചെയ്തു. ആ ചെറു സംഘത്തിനു നേരെ വെറുതേ ഒന്നു കണ്ണോടിച്ചു നോക്കി, ആ മകനെയും പ്രായമായ സ്ത്രീയേയും മാത്രമേ കാണാനുള്ളു. ചുറ്റും നോക്കുമ്പോൾ ബസ്സിന്റെ തൊട്ടടുത്ത്‌ ഉണ്ട് ആ സ്ത്രീ. ഓരോ ജനാലയുടെ ചുവട്ടിലും വന്നു അയാളെ തിരയുകയാണവർ. നിമിഷങ്ങൾക്കകം അവർ അയാളെ കണ്ടെത്തി. ജനാലയുടെ തൊട്ടുതാഴെ നിന്നു തൊഴുകൈയോടെ മുകളിലേക്ക് നോക്കി അവർ വിതുമ്പിക്കൊണ്ട് എന്തൊക്കെയോ പറയാൻ ഭാവിച്ചു. കൈകൾക്കുള്ളിൽ നിന്നു ഒരറ്റം പുറത്തു കാണുന്ന കറൻസി നോട്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ആ മുഖഭാവം അയാൾ അത് വരെ മറ്റൊരാളിലും കണ്ടിട്ടില്ല. പൊങ്കാല അർപ്പിച്ചു ആറ്റുകാലമ്മയുടെ തിരുമുൻപിൽ തൊഴുതു നിന്നു വിതുമ്പുന്ന പ്രായമേറിയ ഒരു സ്ത്രീമുഖം ഓർമയിൽ വന്നു. ആ കണ്ണുകൾ ഭക്തിലഹരിയിൽ എന്നപോലെ നിറഞ്ഞൊഴുകി. ഞങ്ങൾക്കു നിന്നെ പോലെയുള്ളവരാണ്‌ ദൈവം എന്ന് അവർ പറയുന്നതായി അയാൾക്ക്‌ തോന്നി. മനസ്സ് തരളം ആയിരുന്നു. ആ അമ്മയോടു എന്തു പറയണം എന്ന് നല്ല നിശ്ചയം ഉണ്ടായിരുന്നില്ല. ഒരു വേദന തൊണ്ടയിൽ വന്നു പിടഞ്ഞു. ഞാൻ ആരുമല്ല, ദൈവം എല്ലാം മുകളിൽ നിന്നും കാണുന്നുണ്ട് എന്നു മാത്രം ആംഗ്യ ഭാഷയിൽ കാണിച്ചു കൊടുത്തു.

ബസ് പതുക്കെ നീങ്ങിത്തുടങ്ങി. ആ സ്ത്രീയെ പിന്നിലേക്ക്‌ നീക്കി ആ കുടുംബത്തിന്റെ ചിത്രം ഇരുട്ടിൽ ലയിപ്പിച്ചു കൊണ്ട് അയാളുടെ ബസ്‌ തിക്കി തിരക്കി നീങ്ങുന്ന മറ്റു വാഹനങ്ങളുടെ ഇടയിലേക്ക് നൂണു കയറി. അയാൾ മൊബൈൽ ഫോണ്‍ എടുത്തു അണ്‍ലോക്ക് ചെയ്തു. മെനു - ഗാലറി - കാറ്റഗറി - അമ്മ . വിരൽനഖത്തോളം വരുന്ന ഒരു കുഞ്ഞുചിത്രം തൊട്ടപ്പോൾ സുന്ദരിയായ ഒരു യുവതിയുടെ കറുപ്പിലും വെളുപ്പിലും ചാലിച്ച പഴയ ചിത്രം വലുതായി വന്നു മൊബൈൽ ഫോണിന്റെ സ്ക്രീനിൽ നിറഞ്ഞു നിന്നു. അയാൾ നാലാം തരത്തിൽ പഠിക്കുമ്പോൾ വർഷങ്ങളോളം വേദന തിന്നു ഒടുവിൽ മരണത്തിനു കീഴടങ്ങിയ അമ്മ. അയാളുടെ വളർച്ചയ്ക്കൊപ്പം സന്തോഷിക്കാൻ അയാളുടെ അമ്മ ഇല്ലാതെ പോയി. മൊബൈൽ ഫോണ്‍ സ്ക്രീനിൽ നിന്നും ആ ചിത്രം അയാളെ നോക്കി പുഞ്ചിരിച്ചു. തൊണ്ടയിൽ പിടഞ്ഞിരുന്ന വേദനയിൽ നിന്നും ഒരു തുള്ളി ടച്സ്ക്രീനിൽ വീണുടഞ്ഞു.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.