ദേവൂട്ടി

എനിക്ക് പ്ലസ് വണ്ണിനു ക്ലാസ് തുടങ്ങിയിട്ട് ഇന്ന് മൂന്നാം നാള്‍. കഴിഞ്ഞ രണ്ടു ദിവസവും ഓരോ അധ്യാപകരുടെ വക ബോറൻ പരിചയപ്പെടല്‍. ഇനിയുള്ള ദിവസങ്ങളിലും ഈ കലാപരിപാടികള്‍ തന്നെയായിരിക്കും. ഇന്ന് എന്തൊക്കെ സംഭവിച്ചാലും ക്ലാസ്സിൽ കയറുന്ന പരിപാടി ഇല്ല. പരിചയപ്പെടല്‍ ഒരു പരിധി വരെ സഹിക്കാം. പക്ഷെ എല്ലാ അധ്യാപകരും ദേവിക എന്ന ഒരു പഠിപ്പിസ്റ്റ് പെണ്‍കുട്ടിയെ വല്ലാതെ അങ്ങ് പുകഴ്ത്തുന്നതാണ് സഹിക്കാനാവാത്തത്. കുത്തിയിരുന്ന് കാണാപ്പാഠം പഠിച്ച് അതുപോലെ ആൻസർ പേപ്പറിൽ കമഴ്ത്തിയാൽ ആർക്കും ഉയർന്ന മാർക്ക്‌ കിട്ടും. അത് ഇത്ര മാത്രം കൊട്ടിഘോഷിക്കാൻ എന്തിരിക്കുന്നു! അല്ല പിന്നെ..!

ഏതായാലും ഇനി ഇത് സഹിക്കാൻ പാടാണ്. അങ്ങനെ മൂന്നാം നാളായ ഇന്ന് പതിവ് പോലെ വീട്ടിൽ നിന്നും സ്കൂളിലേക്കെന്ന വ്യാജേന ഇറങ്ങി. പുതുമുഖമായതിനാൽ സ്കൂൾപരിസരത്ത് ആർക്കും തിരിച്ചറിയാൻ പറ്റില്ല. യൂണിഫോറം ആയിട്ടും ഇല്ല. അങ്ങനെ സ്കൂളിന്റെ തൊട്ടടുത്തുള്ള ചായക്കടയിൽ ഇരിക്കാൻ തീരുമാനിച്ച് യാത്രയായി. നാൽപ്പത്തിയഞ്ച് മിനിറ്റ് നേരം ബസ് യാത്ര ഉണ്ട് പുതിയ സ്കൂളിലേക്ക്.

അങ്ങനെ പത്ത് മണിയോടുകൂടി സ്കൂൾപരിസരത്ത് എത്തി. ചായക്കടയിൽ കയറി ക്ലാസ് മുറിയിലേക്ക് വലിഞ്ഞുനോക്കി. എല്ലാ പഠിപ്പിസ്റ്റുകളും വന്നിട്ടുണ്ടെന്ന് തോന്നുന്നു. ഏതായാലും വല്ല്യ പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയില്ല. ആദ്യത്തെ രണ്ടു ദിവസം!

ഞാൻ ഒരു ചായക്ക്‌ ഓർഡർ കൊടുത്തുകൊണ്ട് ചുറ്റുപാടുകൾ ഒന്ന് കണ്ണോടിച്ചു. എല്ലാം ശാന്തം. കടയുടെ മൂലയിൽ തനിച്ച് ഒരാൾ ഇരിക്കുന്നു. തനിച്ച് എന്ന് പറയേണ്ട കാര്യമില്ല. കടയുടമയും ഞാനും ആ മനുഷ്യനും ഒഴികെ ആ കടയിൽ വേറെ ആരും തന്നെ ഇല്ല.

ചായ വാങ്ങി ഒരു കവിൾ കുടിച്ചിറക്കിക്കൊണ്ട് ഞാൻ ആ തനിച്ച് വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന മനുഷ്യന്റെ കണ്ണുകളെ പിന്തുടർന്നു. 'കൊച്ചുകള്ളൻ', എന്റെ മനസ്സ് മന്ത്രിച്ചു. ഞാൻ ആ മനുഷ്യനെ സൂക്ഷിച്ചുനോക്കി. അമ്പത് അമ്പത്തിയഞ്ച് വയസ്സ് പ്രായം. ക്ഷീണിച്ച കണ്ണുകൾ. ചുണ്ടിൽ പാതി കത്തിയെരിഞ്ഞ ബീഡി. തന്റെ വീട്ടുജോലികൾ ധൃതിയിൽ ചെയ്തുതീർക്കുന്ന ഒരു സ്ത്രീയിൽ ആണ് ആ മനുഷ്യന്റെ ശ്രദ്ധ മുഴുവൻ.

എന്റെ സാമീപ്യം തിരിച്ചറിഞ്ഞ അയാൾ എന്നെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. ഞാനും. എന്റെ മനസ്സിലെ ചിന്തകൾ തിരിച്ചറിഞ്ഞ പോലെ അയാൾ എന്നോട് സംസാരിക്കാൻ തുടങ്ങി.

"ആ സ്ത്രീ ഒരു പാവമാണ്.", ഒരു തരത്തിലുള്ള മുഖവുരയും കൂടാതെ അയാൾ ഒരു കഥ പറയുന്ന മൂഡിൽ വരികയാണെന്ന് എനിക്ക് മനസ്സിലായി. എനിക്കാണെങ്കിൽ കഥ കേൾക്കാൻ വളരെ ഇഷ്ടവുമാണ്.

അയാൾ തന്റെ ശോഷിച്ച കൈ ഉയർത്തി ആ സ്ത്രീയുടെ വീടിനു തൊട്ടടുത്ത് കിടക്കുന്ന ഇരുനില കോണ്‍ക്രീറ്റ് വീട് ചൂണ്ടിക്കാണിച്ചു.

"ആ വീട്ടിൽ സുഖമായി ജീവിക്കേണ്ടുന്ന സ്ത്രീയാണ് അവർ, ആ വീട്ടിലെ മൂത്ത മകന്റെ ഭാര്യയായി.", എന്നിലെ ആകാംക്ഷ വളർന്നു തുടങ്ങി. ഞാൻ ചോദ്യഭാവത്തിൽ ആ മനുഷ്യനെ നോക്കി. അയാൾ അടുത്ത ഒരു ബീഡിക്ക് തീ കൊളുത്തിക്കൊണ്ട് കഥ തുടർന്നു.

"വയസ്സായ അച്ഛനെ നോക്കാൻ വളരെ ചെറുപ്പത്തിലേത്തന്നെ വീട്ടുജോലികൾക്കായി പോയിത്തുടങ്ങിയതാണ് ആ സ്ത്രീ. അച്ഛൻ മാത്രമായിരുന്നു അവർക്ക് കൂട്ട് ആ വീട്ടിൽ. വീട്ടുജോലിക്കായി തൊട്ടടുത്തുള്ള ആ വലിയ വീട്ടിൽ പോയിത്തുടങ്ങിയ കാലത്ത് അവിടത്തെ മൂത്തമകന് അവളോട്‌ ഇഷ്ടം തോന്നി. ആ ബന്ധം വളരെ പെട്ടെന്ന് തന്നെ വളർന്നു. പ്രണയത്തിന്റെ പതിവ് മുദ്രാവാക്യങ്ങൾ ഒരിക്കൽ കൂടി ഉച്ചത്തിൽ മുഴക്കിക്കൊണ്ട്, 'സ്നേഹത്തിനു കണ്ണും മൂക്കും ഇല്ല..!'

അവന്റെ വീട്ടിൽ കാര്യം അറിഞ്ഞു. അവർ എതിർത്തു. വീട്ടുകാർ അവളുടെ സ്നേഹത്തിന് നോട്ടുകെട്ടുകൾ കൊണ്ട് വിലയിടാൻ ശ്രമിച്ചു. അവൾ അത് നിരസിച്ചു. അവർ സ്വന്തം മകനെ തിരുത്താൻ ശ്രമിച്ചു. അയാൾ തന്റെ അച്ഛന്റെ എതിർപ്പുകളെ പ്രതിരോധിച്ചു. അവസാനം അവളെത്തന്നെ കെട്ടാൻ തീരുമാനിച്ചു. ഇതിനിടയ്ക്ക് അവളുടെ ഏക ആശ്രയമായിരുന്ന അച്ഛൻ മരിച്ചു. അവൻ അവളെയും കൂട്ടി തന്റെ കൂട്ടുകാരുടെ സാന്നിധ്യത്തിൽ അവളെ കല്ല്യാണം കഴിച്ചു.

അവന്റെ അച്ഛൻ എല്ലാ സ്വത്തുക്കളും അവന്റെ അനുജന്റെ പേരിൽ എഴുതിവെച്ച് അവനെ വീട്ടിൽ നിന്നും എന്നെന്നേക്കുമായി പുറത്താക്കി. അങ്ങനെ ഒരു സമ്പാദ്യവും ഇല്ലാതെ അവർ ആ കാണുന്ന കൊച്ചുവീട്ടിൽ താമസം ആരംഭിച്ചു."

അയാള്‍ അടുത്ത ഒരു ബീഡി കത്തിച്ചുകൊണ്ട് ഒരു ചായക്ക് പറഞ്ഞു.

"കൂലിപ്പണിയെടുത്ത് അയാൾ ആ കുടുംബം പുലർത്തി. ഏറെ വൈകാതെ അവർക്കൊരു മോൾ ഉണ്ടായി. അവരാ മോളെ ലാളിച്ചു വളർത്തി. അതിനിടയ്ക്ക് ജോലി സ്ഥലത്ത് നിന്നും തല കറങ്ങി അയാൾ വീണു. കൂട്ടുകാർ ഹോസ്പിറ്റലിൽ എത്തിച്ചു. അത് ഒരു അറ്റാക്ക് ആയിരുന്നു. രണ്ടാമത്തെ അറ്റാക്ക്. ഭാരിച്ച ജോലികൾ ഒന്നും പാടില്ല എന്ന് ഡോക്റ്റർ നിർദ്ദേശിച്ചു. ഭാര്യയേയും മകളെയും ഈ കാര്യങ്ങൾ അറിയിക്കാതെ അയാൾ പിന്നെയും ജോലിക്ക് പോയി."

ഒരു ചെറുപുഞ്ചിരിയോടെ അയാൾ എന്നോട് ചോദിച്ചു, "ആ സ്ത്രീ തിരക്കിട്ട് വീട്ടുജോലികൾ തീർക്കുന്നത് എന്തിനാണെന്ന് അറിയാമോ?". ഞാൻ ഇല്ല എന്ന് ആംഗ്യം കാണിച്ചു. അയാൾ തുടർന്നു, "ഇന്ന് ഉച്ചയ്ക്ക് അവരുടെ മകൾക്ക് ഈ സ്കൂളിൽ നിന്നും ഒരു അവാർഡ് കൊടുക്കുന്നുണ്ട്. അതിനു പോവാനുള്ള തയ്യാറെടുപ്പാണ് ആ കാണുന്നത്...

നിർഭാഗ്യം! ആ കുട്ടിയുടെ അച്ഛൻ ഇപ്പോൾ തീരെ ജോലിക്ക് പോവുന്നില്ല. ആ സ്ത്രീയും മകളും വിചാരിച്ചിരിക്കുന്നത് മടിയും അലസതയും കൊണ്ടാണ് ജോലിക്ക് പോവാത്തത്‌ എന്നാണ്. ഭാര്യയേയും മകളെയും ഒന്നും അറിയിക്കാതെ അവസാനത്തെ അറ്റാക്കും കാത്തുകഴിയുകയാണ് അയാൾ."

ഞാൻ ഇതൊക്കെ കേട്ട് വല്ലാതെ തരിച്ചിരിക്കുകയാണ്. ഇതിനിടയിൽ അയാൾ അടുത്ത ഒരു ചായക്കു കൂടി ഓർഡർ ചെയ്തു. അടുത്ത ഒരു ബീഡിയും കത്തിച്ചു.

സ്കൂളിൽ ഇന്റർവെൽ ആയി. കുട്ടികൾ കൂട്ടമായും ഒറ്റയ്ക്കും പല വഴികളിലായി ചിതറി ഓടുന്നു. എന്റെ ക്ലാസ്സിലെ കുട്ടികളിൽ നിന്നും ഞാൻ അല്പം ഒന്ന് മാറി നിന്നു. ആ സ്ത്രീയുടെ അടുത്തേക്ക് ഒരു പെണ്‍കുട്ടി ഓടിയെത്തുന്നത് ഞാൻ കണ്ടു. ദേവിക! എന്റെ ക്ലാസ്സിലെ എല്ലാവരും പുകഴ്ത്തുന്ന ആ മിടുക്കിക്കുട്ടി. അവൾ ആ സ്ത്രീയുടെ മകൾ..!

അമ്മയോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവർ ഈ കടയിലേക്ക് കൈ ചൂണ്ടുന്നതും ദേവിക ഓടി കടയിലേക്ക് വരുന്നതും ഞാൻ പരുങ്ങലോടെ കണ്ടു.

"അച്ഛാ.., ഇന്നും പണിക്കു പോയില്ല അല്ലേ..! അല്ലാ, അച്ഛൻ വരുന്നില്ലേ സ്കൂളിലെ പരിപാടിക്ക്..?", എനിക്ക് കഥ പറഞ്ഞു തന്ന ആ മനുഷ്യന്റെ ദേഹത്തേക്ക് കുസൃതിയോടെ ചാഞ്ഞുകൊണ്ട് അവൾ ചോദിച്ചു.

"ഇല്ല മോളേ, നീ അമ്മയെയും കൂട്ടി പൊയ്ക്കോ. അച്ഛന് എല്ലാം ദൂരെ നിന്നു കാണുന്നതാണ് ഇഷ്ടം..."

ആഗ്രഹിച്ചത്‌ നേടിയെടുത്തത്തിന്റെ അഭിമാനത്താൽ ഉയർന്ന ശിരസ്സും കാലം തീർത്ത അവശതയുമായി തന്റെ സ്വപ്നവും പ്രതീക്ഷയുമായ ദേവികയുടെ കൈകൾ കവർന്നുകൊണ്ട് അയാൾ പതുക്കെ വീട്ടിലേക്ക് നടന്നു. അപ്പോഴും അഭിമാനപുളകിതമായ ആ ചുണ്ടുകൾ പതുക്കെ ചിരിക്കുകയും വ്യാകുലതകളാൽ അന്ധാളിച്ച ആ കണ്ണുകൾ കരയുകയും ചെയ്യുന്നത് ഞാൻ കണ്ടു.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.