എമിറേറ്റ്സ് ഐഡി
ദുബായ്ജീവിതം മതിയാക്കാൻ തീരുമാനിച്ച കാലം. ഇനി ഒരു മൂന്ന് മാസം കൂടി. ബാങ്കിലെ ചില പുതിയ നിയമങ്ങൾ കാരണം ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തു വേറെ ബാങ്കിൽ അക്കൗണ്ട് എടുക്കേണ്ടതായി എന്റെ കമ്പനിയിൽ നിന്നും നിർദേശം വന്നു.
ഞാൻ തല ചൊറിഞ്ഞു. ഇനിയിപ്പോ എന്തിനാ ഒരു പുതിയ അക്കൗണ്ട്. ഞാൻ പോവ്വല്ലേ. എന്തായാലും പഴയ അക്കൗണ്ട് ക്യാൻസൽ ചെയ്യണം. ബിജുവേട്ടനെ ചാക്കിലാക്കി വൈകിട്ട് ബാങ്കിലേക്ക്, കൂടെ സാബുവും.
മിർദിഫ് സിറ്റി സെന്റർ ബ്രാഞ്ചിൽ തിരക്ക് തീരെ ഇല്ല. അക്കൗണ്ട് ഡീറ്റൈൽസ് ഏൽപ്പിച്ചു. നീണ്ടു മെലിഞ്ഞു വെള്ളാരം കണ്ണുള്ള ഒരു വെളുത്ത ഇറാനി പെണ്കുട്ടി ഡെസ്കിൽ, "എ റ്റി എം കാർഡ് ആൻഡ് ഐ ഡി കാർഡ് പ്ലീസ്..."
അതുമായി അവൾ അകത്തേക്ക് പോയിട്ട് സമയം കുറച്ചായി. ഉം.., ഇതെന്താ ഇവൾ നാട്ടിലെ ഹോമിയോ ഡോക്ടറിനു പഠിക്കുകയാണോ., അങ്ങേരു മരുന്നെടുക്കാൻ പോയാൽ ഇതാണ് അവസ്ഥ.
പിന്നെയും കുറച്ചു നേരം കഴിഞ്ഞ് അവൾ പ്രത്യക്ഷപെട്ടു. വിളറിയ ആ മുഖം ഒന്ന് കൂടി വിളറിയിരുന്നു. ഭാവത്തിലും ഒരു വിളർച്ച. ഇതെന്താ പറ്റ്യേ..!
"മാനേജരിനു നിങ്ങളെ കാണണം"
അതിനും മാത്രം ഒരു തെറ്റ് ഞാൻ ചെയ്തില്ലല്ലൊ എന്നു പറയാനാണ് അവളെ കണ്ടപ്പോൾ തോന്നിയത്. അവളെ അനുഗമിച്ചു കൊണ്ട് അകത്തേക്ക് നടന്നു. മാനേജറിനു മുന്നിലുള്ള ഒരു സീറ്റിൽ ഞാൻ ഇരുന്നു. മറ്റൊന്നിൽ അവളും.
മാനേജർ: "നിങ്ങളുടെ ഐ ഡി കാർഡ് ഇവൾ ക്രഷ് ചെയ്തു".
എന്താ പറഞ്ഞത് എന്ന് മനസിലാവുന്നതിനു മുൻപേ അയാൾ തുടർന്നു, "എ ടി എം കാർഡ് ക്രഷ് ചെയ്യുന്ന മെഷീനിൽ നിങ്ങളുടെ ഐ ഡി കാർഡ് ഇട്ടു."
രണ്ടും ഒരു പോലെയാണല്ലോ ഇരിക്കുന്നത്. മനസിൽ ഓടിയത് അപ്പോഴാണെന്ന് മാത്രം.
ഞാൻ അന്തം വിട്ടിരുന്നു. ശെടാ, പൊല്ലാപ്പായല്ലോ! നാട്ടിലേക്ക് പോവാൻ ഒരുങ്ങുമ്പോഴാണ് ഓരോ ഗുലുമാൽ.
"ഇതിനു പരിഹാരം?"
"നിങ്ങൾക്ക് വേണമെങ്കിൽ പോലീസിൽ കംപ്ലൈന്റ് ചെയ്യാം. അതാണ് റൂൾ. അതല്ലെങ്കിൽ നിങ്ങൾക്ക് ഇതിന്റെ പേരിൽ ചെലവാകുന്ന തുക ഇവരുടെ കൈയിൽ നിന്നും വാങ്ങിക്കാം."
ഞാൻ അവളെ നോക്കി. പാവം അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നു. ജോലി തെറിക്കുന്ന പരിപാടിയല്ലേ കാണിച്ചു വെച്ചിരിക്കുന്നത്.
എന്റെ തലയിൽ ഒന്നും ഉദിക്കുന്നില്ല, "പുറത്ത് എന്റെ കൂട്ടുകാർ ഉണ്ട്. അവരോടൊന്നു ചോദിക്കട്ടെ."
"ഓക്കേ, എന്നിട്ടെന്തുവേണം എന്ന് ഇവരോട് പറഞ്ഞോളു"
"അയ്യോട..! പണി ആയല്ലോ", ബിജുവേട്ടൻ സങ്കടപ്പെട്ടു.
സാബു പൊട്ടിച്ചിരിച്ചു. "എടാ, നിനക്ക് എവിടെ പോയാലും പണി കിട്ടും, ഇല്ലേ..? നിന്റെ ഒരു കാര്യം!"
ശരിയാണ്, മിക്കവാറും പണി കിട്ടാറുണ്ട്. പണ്ട് പ്ലസ്ടുവിനു ചേരുന്ന സമയത്ത് എസ് എസ് എൽ സി ബുക്ക് അറ്റസ്റ്റ് ചെയ്യാൻ ഞാനും കൂട്ടുകാരും ഓടി നടന്നത് ഓർമ വന്നു.
അഡ്മിഷൻ ദിവസത്തിന് തലേദിവസം ആണ് എസ് എസ് എൽ സി ബുക്ക് അറ്റസ്റ്റ് ചെയ്യേണ്ട കാര്യം ഓർമ വന്നത്. പിന്നെ ഓട്ടം തന്നെ ആയിരുന്നു. ആരൊക്കെയാണ് ഗസറ്റഡ് ഓഫിസർ എന്നോ എന്താ ഈ 'അറ്റസ്റ്റ്' എന്നോ പിടിയും ഇല്ല. അന്ന് ഗസറ്റഡ് ഓഫിസർ ആയിരുന്നു അറ്റസ്റ്റ് ചെയ്യേണ്ടത്. ഇന്ന് സ്വയം അറ്റസ്റ്റ് ചെയ്താൽ മതിയെന്ന് തോന്നുന്നു. ഈ ഓട്ടമൊന്നും വേണ്ട. പക്ഷെ ഞങ്ങൾക്ക് ഓടേണ്ടി വന്നു. ആരോ പറഞ്ഞു അടുത്തുള്ള ഡിസ്പെൻസറിയിലെ ഡോക്ടർ അറ്റസ്റ്റ് ചെയ്തു തരും. നേരെ അങ്ങോട്ട് വച്ചു പിടിച്ചു.
ഡിസ്പെൻസറി പൂട്ടി പോവാൻ തയ്യാറാവുകയായിരുന്നു ഡോക്ടറും അനുയായിയും. ലേഡി ഡോക്ടർ. മുഖം നിറയെ പുഞ്ചിരി, എന്റെ അമ്മയെ പോലെ അല്പം തടിച്ച രൂപം, ഏതാണ്ട് അമ്മയുടെ അതേ പ്രായം. തടിച്ച ശരീരം ഉളളവർ സ്നേഹമുള്ളവരാണെന്ന് ആരോ പറഞ്ഞത് ഓർത്തു.
സത്യം. സ്നേഹമയിയായ ഡോക്ടർ ഞങ്ങളെ പരിഗണിച്ചു. ആദ്യം എന്റെ ഊഴം. എസ് എസ് എൽ സി ബുക്കും അതിന്റെ രണ്ടു മൂന്ന് ഫോട്ടോസ്റ്റാററ്റ് കോപ്പിയും കൊടുത്തു. ഡോക്ടർ വേഗം തന്നെ അറ്റസ്റ്റിങ്ങ് എന്നെഴുതി ഒപ്പും ഇട്ടു സീലും അടിച്ചു. അടുത്ത കോപ്പി എടുത്തു. അയ്യോ..! നിറയെ പുഞ്ചിരിയുള്ള ആ മുഖം പെട്ടെന്നു വാടി. എനിക്കൊന്നും മനസിലായില്ല.
സംഭവം ഇങ്ങനെ: തിരക്കുപിടിച്ച് ഡോക്ടർ അറ്റസ്റ്റ് ചെയ്തത് എന്റെ ഒറിജിനൽ എസ് എസ് എൽ സി ബുക്കിൽ! അടുത്ത കോപ്പി എടുത്തപ്പോഴാണ് ഡോക്ടർ അത് ശ്രദ്ധിച്ചത്. ഇനിയെന്താ ചെയ്യാ! ലൈഫ് ടൈം വേണ്ട സർട്ടിഫിക്കറ്റ് ആണ്. ഡോക്ടർ ആകെ സങ്കടത്തിലായി. കുറച്ചു നേരം സർട്ടിഫിക്കറ്റ് നോക്കിയിരുന്നു. ലെറ്റർപാഡിൽ എന്തോ എഴുതിത്തന്നു.
"ഇതെന്റെ കൈയ്യിൽ നിന്നും വന്ന തെറ്റാണ് ആണ് എന്ന് ഞാൻ ഇതിൽ എഴുതിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്നം വരികയാണെങ്കിൽ ഇത് കാണിച്ചാൽ മതി. അത് പരിഗണിച്ചില്ലെങ്കിൽ എന്നെ വിളിച്ചു പറയൂ."
പക്ഷെ അതുകൊണ്ട് ഒരു ബുദ്ധിമുട്ട് ഇത് വരെ ഉണ്ടായിട്ടില്ല. ആ ഒപ്പ് ഇപ്പോഴും എന്റെ എസ് എസ് എൽ സി ബുക്കിന് ഒരു അലങ്കാരമായി കിടക്കുന്നുണ്ട്, കൂടെ ആ കത്തും..!
ഇതാ ഇപ്പോൾ മറ്റൊന്ന്. ഇനി ഇതിൽ നിന്നും എങ്ങനെ രക്ഷപെടും? പി ആർ ഓ-യെ വിളിച്ചു നോക്കാം. സാബു ഫോണ് എടുത്ത് ഡയൽ ചെയ്തു. അവൻ സംസാരിക്കുന്നതിൽ കാതുകൊടുത്തു ഞാനും.
"എടാ, ഐ ഡി ഡ്യൂപ്ലിക്കേറ്റ് എടുക്കാം. നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് അപ്ലിക്കേഷൻ കൊടുത്താൽ മതി."
ഹാവൂ..! പകുതി ആശ്വാസമായി.
"എത്ര ചെലവ് വരും."
"370 ദിർഹം"
"നീ അവളോട് അത് വാങ്ങിക്കെടാ", ബിജു ഏട്ടൻ.
"അത് വേണോ?"
"അതെന്താ നിനക്ക് ഐ ഡി കാർഡ് വേണ്ടേ?"
"എന്നാലും..."
"ഒരെന്നാലും ഇല്ല! അവളുടെ തെറ്റല്ലേ?"
"ഓക്കേ. എന്നാ വാങ്ങിക്കാം, അല്ലെ?"
ഇറാനി പെണ്ണിന്റെ മുഖം അല്പം തെളിഞ്ഞു. "ഇപ്പൊ 370 ദിർഹം ഞാൻ തരാം. നിങ്ങൾക്ക് കൂടുതൽ എന്തു ചെലവുണ്ടായാലും എന്നോടു വന്നു പറഞ്ഞാൽ മതി.", ഒപ്പം എ ടി എം കാർഡും കൈയിൽ തന്നു, "ഇത് എന്തുവെണമെങ്കിലും ചെയ്തോ. എനിക്ക് വയ്യ ഇനിയും..."
ഷോപ്പിങ്ങും കഴിഞ്ഞു റൂമിൽ എത്തുമ്പോൾ ഏറെ വൈകി. കുളി കഴിഞ്ഞു കിടന്നു. നല്ല ക്ഷീണം. എന്നിട്ടും ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഇല്ല.
'എടാ, അബദ്ധങ്ങളുടെ ആശാനായ നീ എങ്ങനെ അവളുടെ കൈയ്യിൽ നിന്ന് കാശും വാങ്ങി വന്നു? ഒരു തെറ്റ് ആർക്കും വരാവുന്നതല്ലേ?', ഉള്ളിൽ നിന്നും ആരോ ഒരു ചോദ്യം. അതെന്റെ ഉറക്കം കളഞ്ഞു.
"നിനക്ക് വട്ടാ, അവളുടെ തെറ്റല്ലെ? നീ എന്തിനാ ടെൻഷൻ അടിക്കുന്നെ? ആ പെണ്ണിനെ ഇഷ്ടപ്പെട്ടോ? എന്താ അവളോടൊരു സിമ്പതി? കിടന്നുറങ്ങെടാ..!", സാബു കളിയാക്കാൻ ഒരുങ്ങി.
എന്തായാലും പൈസ തിരിച്ചു കൊടുക്കണം. മനസ്സിൽ ഉറച്ചു.
രണ്ടു ദിവസം കഴിഞ്ഞു വീണ്ടും സിറ്റി സെന്ററിൽ പോവാൻ അവസരം കിട്ടി. നേരെ ബാങ്കിലേക്ക്. അവൾക്ക് കാശ് തിരിച്ചു കൊടുത്തു.
"പുതിയ ഐ ഡി കാർഡ് എടുത്തില്ലേ..?"
"ഇല്ല. ഇപ്പൊ ഏതായാലും എടുക്കുന്നില്ല. അഥവാ എടുക്കേണ്ടി വന്നാൽ ഞാൻ എടുത്തോളാം."
മെസ്സിന് വേണ്ടുന്ന സാധനങ്ങൾ വാങ്ങാൻ സാബുവിനൊപ്പം കാരിഫോറിലേക്ക് നടക്കുമ്പോൾ എയർ കണ്ടീഷൻ ചെയ്ത ആ വലിയ കെട്ടിടത്തിലെ തണുപ്പ് എന്റെ ഉള്ളിലേക്ക് അരിച്ചിറങ്ങുന്നത് ഞാൻ അറിഞ്ഞു.
അഭിപ്രായങ്ങൾ
മുൻപ് ലഭിച്ച അഭിപ്രായങ്ങൾ
-
സാമ്യതയുള്ള കഥകൾ
-
വേഗം
-
സ്വര്ഗ്ഗത്തിലെ മണവാട്ടി
-
ഋതുഭേദം
-
ഒരു പ്രവാസിയുടെ അവധിക്കാലം
-
നെപ്പോളിയന്
Paraperuthady
2014
Mohan
2014
Thekkiniyath
2014
RAJA
2015