ഹാൾടിക്കറ്റ്‌

പുസ്തകങ്ങൾക്കിടയിൽ തലയും കുനിച്ചവൾ ഇരുന്നു. ഇന്ന് പരീക്ഷാ തലേന്നാൾ. ഇതുവരെയായിട്ടും താൻ ഒന്നും പഠിച്ചിട്ടില്ല എന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു - ഇത് എല്ലാ പെണ്‍കുട്ടികളുടെയും ഒരു പൊതു സ്വഭാവം. പുസ്തകങ്ങൾ മുന്നിൽ നിരത്തി. താളുകൾ കണ്മുന്നിൽ മറഞ്ഞു കൊണ്ടേയിരുന്നു.

സമയം രാത്രി പന്ത്രണ്ടര. അവളുടെ കണ്ണുകൾ ഉറക്കത്തിനു വഴി മാറുന്നു. ഇല്ല ഞാനുറങ്ങില്ല, കണ്ണുകൾ വലിച്ചു തുറന്നു പിന്നെയും പുസ്തകങ്ങളിൽ കണ്ണോടിച്ചു.

"നിനക്ക് ഉറങ്ങാറായില്ലേ, ഇന്നാണോ പരീക്ഷയാണെന്നു നീ അറിഞ്ഞത്. പോയി കിടന്നുറങ്ങാൻ നോക്ക് പെണ്ണേ...", അമ്മയുടെ ശകാരത്തിനൊടുവിൽ മനസ്സില്ലാ മനസ്സോടെ അവൾ കിടക്കാനായി പോയി.

രാവിലെ വളരെ വൈകിയാണവൾ എഴുന്നേറ്റത്. അതും അമ്മയുടെ ശകാരത്തിന്റെ പിന്നണിയോടെ. തിടുക്കപ്പെട്ട് പ്രഭാതകൃത്യങ്ങൾ ചെയ്തവൾ അന്നത്തെ പരീക്ഷയുടെ പുസ്തകങ്ങൾ വാരി വലിച്ചു ബാഗിൽ നിറച്ചു ദൈവത്തെ മനസ്സിൽ ധ്യാനിച്ച്‌ സ്കൂളിലേക്ക് യാത്രയായി.

അപ്പോഴും താൻ പഠിച്ചു കഴിഞ്ഞില്ലല്ലോ എന്നവൾ ഭയപ്പെട്ടു. സ്കൂളിൽ എത്തിയ ഉടൻ പുസ്തകത്താളുകൾ അവൾക്കു മുന്നിൽ ഭീകര നൃത്തമാടി. പെട്ടെന്ന് പരീക്ഷയ്ക്കുള്ള മണി മുഴങ്ങി. അതൊരു ഇടി മുഴക്കമായി അവൾക്കു തോന്നി. പുസ്തകത്താളുകൾ പിന്നെയും മറയുന്നു. ഞെട്ടലോടെയാണവൾ അത് തിരിച്ചറിഞ്ഞത്. താൻ ഹാൾടിക്കറ്റ്‌ എടുത്തിട്ടില്ല!

അവളുടെ കണ്ണുകൾ നിറയുന്നു, ചുണ്ടുകൾ വിറയ്ക്കുന്നു. ആകെ ഒരു ശൂന്യത...

പെട്ടെന്നു അലാറം ശബ്ദിച്ചു. അവൾ ഞെട്ടി ഉണർന്നു. സമയം നോക്കിയപ്പോൾ അഞ്ചു മണി.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.