ഹിമവാന്റെ നെടുവീർപ്പ്

പ്രകൃതിയുടെ സൗന്ദര്യം കണ്ടു ഞാൻ അതിശയിച്ചു നില്ക്കുന്നു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവുന്നില്ല. ഇങ്ങനെ ഒരു സ്ഥലം ഞാൻ ഇതിനു മുൻപ് കണ്ടിട്ടേയില്ല. മനുഷ്യന്റെ കൃത്രിമത്ത്വം ഏതുമില്ലാതെ പ്രകൃതി അതിന്റെ വശ്യമനോഹാരിതയിൽ കുളിച്ചു നില്ക്കുന്ന കാഴ്ച അത്ഭുതകരം തന്നെ. പൂമ്പാറ്റകളും പക്ഷികളും മൃഗങ്ങളും മണ്ണും മരങ്ങളും എല്ലാം ഏതോ മായികലോകത്തിലെന്ന പോലെ സ്നേഹോഷ്മളമായ ഒരു പാരസ്പര്യത്തിൽ മുഴുകിക്കഴിയുന്നു.

പൂത്തും കായ്ച്ചും നില്ക്കുന്ന മാമരങ്ങൾക്കും സസ്യലതാദികൾക്കുമപ്പുറം സാവധാനം ഒഴുകുന്ന തെളിനീരരുവിയുടെ കരയിൽ വിശാലമായ പുൽത്തകിടി കാണാം. ആ പുൽത്തകിടിയിൽ മേഞ്ഞും കളിച്ചും നടക്കുന്ന നാൽക്കാലിമൃഗങ്ങൾ. എന്നെ കണ്ടിട്ടാണോ, അതിലൊരു സുന്ദരിപ്പശുക്കിടാവ് തല ഉയർത്തി എന്നെ നോക്കുന്നു. അയ്യോ! അതെന്റെ മണിക്കുട്ടിയല്ലേ?! ഇവളെ കാണാതെ കുറച്ചു കാലമായിരുന്നല്ലോ, ഇപ്പോൾ ഇവിടെ?!

പുൽത്തകിടിയിൽക്കൂടി ഓടി ഞാൻ അവളുടെ അടുത്തെത്താൻ കൊതിച്ചു. ഞാൻ ഓടുന്നുണ്ട്, പക്ഷെ എന്റെ കാലുകൾ നിലത്തു സ്പർശിക്കുന്നില്ല. ഇതെന്താ ഇങ്ങനെ?

ഇതാ എന്റെ മുന്നിൽ എന്റെ പ്രിയപ്പെട്ട മണിക്കുട്ടി! അവൾ മുൻപത്തേതിനേക്കാൾ വളരെ സുന്ദരിയായിരിക്കുന്നു. അവളുടെ കഴുത്തിൽ ഞാൻ കെട്ടിക്കൊടുത്ത കുഞ്ഞു ഓട്ടുമണി ഇപ്പഴും ആടിക്കളിക്കുന്നു. അവളുടെ കുഞ്ഞിക്കഴുത്തിൽ ഞാൻ കെട്ടിപ്പിടിച്ചു. അത്ഭുതം! ഞാൻ അവളെ പുണരുന്നുണ്ട്, പക്ഷെ ആ സ്പർശനം ഞാൻ അറിയുന്നില്ല. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.

ഞാൻ ഇപ്പോൾ എവിടുന്നാണ് വരുന്നത്. ഓർക്കാൻ വളരെ കഷ്ടപ്പെട്ടു. ഒടുവിൽ ശൂന്യമായ ഓർമപ്പാളികളിൽ ചില ചിത്രങ്ങൾ തെളിഞ്ഞു തുടങ്ങി.

ഏഴാം തരത്തിലെ വാർഷികപ്പരീക്ഷ കഴിഞ്ഞു മധ്യവേനലവധിയുടെ ആസ്വാദനത്തിൽ മുഴുകിയ ഒരു നാൾ. കൂട്ടുകാരുമൊന്നിച്ചു കമ്പ്യൂട്ടർ ഗെയ്മുകളിലെ മത്സരങ്ങൾ ചൂട് പിടിച്ചതായിരുന്നു. ഏതാണ്ട് ഉച്ചയോടടുത്ത സമയം. പെട്ടെന്ന് ഒരു പ്രകമ്പനം. ഞങ്ങൾക്ക് മുന്നിലെ കമ്പ്യൂട്ടർ മോണിറ്റർ, കീബോർഡ് എല്ലാം വിറയ്ക്കാൻ തുടങ്ങി. മുറിയിലെ മറ്റു സാധനങ്ങളും വിറകൊള്ളുന്നു. പൊടുന്നനെ ഞങ്ങൾ കസേരയിൽ നിന്നും ഊർന്നുവീണു. പിഡഞ്ഞെണീറ്റു മുറിക്കു പുറത്തേക്ക് ഓടുമ്പോഴേക്കും ഒരു ഭീകരശബ്ദത്തോടെ മേല്ക്കൂരയും ചുമരുകളും ഞങ്ങൾക്ക് മേൽ പതിച്ചു! ദേഹം ശക്തിയോടെ ഞെരിഞ്ഞമർന്നു. തല ഉടഞ്ഞുപോകുന്നത് ഞാൻ അറിഞ്ഞു.

എങ്കിലും എളുപ്പത്തിൽ പിടഞ്ഞെഴുന്നെല്ക്കാൻ സാധിച്ചു. എഴുന്നേറ്റു നിൽക്കുമ്പോഴേക്കും കാലുകൾ നിലത്തു ഉറക്കാതെ ഞാൻ മുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നു. എവിടെയും പിടിക്കാൻ സാധിക്കുന്നില്ല. ഉയർന്നുയർന്നു പോകുന്നു. താഴേക്കു നോക്കി. ഭൂമി പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. കുഴഞ്ഞു മറിയുന്ന ധൂളികൾക്കിടയിലൂടെ കാണായി, എന്റെ വീടും തൊട്ടടുത്തുള്ള വീടുകളും കെട്ടിടങ്ങളും എല്ലാം തകർന്നു തരിപ്പണമായി മണ്‍കൂനകളായി മാറിയിരിക്കുന്നു.

തകർന്നു കിടക്കുന്ന ആ കലക്കൂമ്പാരങ്ങൾക്കടിയിൽ എത്ര പേർ ഉടഞ്ഞു പോയിട്ടുണ്ടാവും?! എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ടാവും?! കുറച്ചു പേരെ തകർന്ന തെരുവിൽക്കൂടി ഓടുന്നതായി കണ്ടു. ഒന്നും വിശ്വസിക്കാൻ ആവുന്നില്ല. ഈ ഭൂമിക്ക് ഇത് എന്ത് പറ്റി!

ഞാൻ ഉയർന്നുയർന്നു പോകുന്നു. താഴെ അപ്പോഴും ഭൂമി വിറച്ചു കൊണ്ടിരുന്നു! പതുക്കെ എല്ലാം ഒരു അന്ധകാരത്തിൽ മൂടപ്പെട്ടു. പിന്നെ ഞാൻ കണ്ടത് ഈ പുതിയ ലോകമാണ്.

ഈ മണിക്കിടാവും എന്റെ കൂടെ മരണപ്പെട്ടതാണോ? അല്ലല്ലോ. മണിക്കുട്ടിയെ വേർപിരിഞ്ഞിട്ടു കുറച്ചു കാലമായിരുന്നു. വീണ്ടും ഓർത്തു നോക്കി. ഓർമ്മകൾ തിരശ്ശീലയിലെന്ന പോലെ തെളിഞ്ഞു വന്നു.

മാസങ്ങൾക്ക് മുൻപ് തൊട്ടടുത്ത ഗ്രാമത്തിൽ നടന്ന മഹോത്സവം. അത് ആ ഗ്രാമത്തിന്റെ മാത്രം ഉത്സവം ആയിരുന്നില്ല. അത് എന്റെ വലിയ രാജ്യത്തിന്റെ തന്നെ ദേവപ്രീതിക്കുള്ള ആഘോഷം ആയിരുന്നു. കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന കൂറ്റൻ മൈതാനമാണ് ഉത്സവനഗരി. പ്രശസ്തമായത്‌ ഒരു പ്രധാന ചടങ്ങാണ് - മഹാമൃഗബലി!

ദേവതാപൂജയുടെ സുപ്രധാന ചടങ്ങാണത്. രാജ്യത്തിന്റെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കുമായി നടക്കുന്ന മൃഗബലി. ഓരോ കുടുംബവും തങ്ങൾക്കാവുന്ന വിധം കന്നുകാലികളെ ഉത്സവനഗരിയിൽ കൊണ്ടു വന്നു ബലി നല്കണം.

എന്റെ വീട്ടിലെ നന്ദിനിപ്പശു ഒരു പെണ്‍കിടാവിനു ജന്മം നല്കിയിട്ടു ഏതാനും ദിവസം മാത്രമേ ആയിരുന്നുള്ളു അന്ന്. ഉത്സവദിനത്തിൽ അതിരാവിലെ തന്നെ അച്ഛൻ ഉണർന്നു, നന്ദിനിയേയും മണിക്കുട്ടിയേയും കുളിപ്പിച്ച് ഒരുക്കി. ഞാൻ ഉണർന്നു എഴുന്നെൽക്കുമ്പോഴേക്കും അച്ഛൻ അവരെയും കൊണ്ടു ഉത്സവനഗരിയിൽ എത്തിയിരുന്നു.

അതികഠിനമായ ഒരു മൂകത മനസ്സിൽ തളം കെട്ടി. എന്തിനാണ് വളർത്തുമൃഗങ്ങളെ ബലി നല്കുന്നത്? അതിലൂടെ എങ്ങനെ ദൈവങ്ങൾ സന്തോഷിക്കും? എങ്ങനെ രാജ്യം സമ്പൽസമൃദ്ധി കൈവരിക്കും? ഒന്നിനും ഉത്തരം കിട്ടുന്നില്ല. മണിക്കുട്ടിയെ എങ്കിലും വെറുതെ വിട്ടു കൂടെ? അതിനു ശ്രമിക്കണം. ഉത്സവനഗരി ലക്ഷ്യമാക്കി ഓടി.

ഒരു ഗ്രാമം മുഴുവൻ അത്യാഹ്ലാദത്തോടെ നീങ്ങുകയാണ്. ആഘോഷപൂർവ്വം നടന്നു നീങ്ങുന്ന ആളുകൾക്കൊപ്പം കുളിച്ചു കുങ്കുമം ചാർത്തിയ കന്നുകാലികളും. കഷ്ടം തോന്നി. ഒന്നും അറിയാതെ മരണത്തിലേക്ക് പോയ്ക്കൊണ്ടിരിക്കുന്ന നാൽക്കാലികളും അതിനു അകമ്പടിയാകുന്ന മനുഷ്യരും എന്റെ മുന്നില്ലൂടെ ഒഴുകിക്കൊണ്ടിരുന്നു.

ഒടുവിൽ മൃഗബലിയുടെ വേദിയിൽ എത്തി. നോക്കെത്താതെ പരന്നു കിടക്കുന്ന മൈതാനം കന്നുകാലികളെ കൊണ്ടു നിറഞ്ഞിരിക്കുന്നു. മൃഗങ്ങളെ പാകി നിർമിച്ച മൈതാനം പോലെ തോന്നി. വിവിധതരം മൃഗരോദനങ്ങളാൽ ആ ഭൂമി ശബ്ദമുഖരിതമാണ്. ആ ശബ്ദകോലാഹലത്തിൽ മൃഗങ്ങളുടെ ദീനരോദനങ്ങളും മുറിഞ്ഞു പോകുന്ന ഗദ്ഗദങ്ങളും കേൾക്കാം. വല്ലാത്തൊരു ഗന്ധവും ആ കോലാഹലങ്ങൾക്ക് തീവ്രത പകർന്നു.

പതിനായിരക്കണക്കിനു മൃഗങ്ങളെ കുരുതി കൊടുക്കേണ്ടത് കൊണ്ടു അതിരാവിലെ തന്നെ ചടങ്ങ് തുടങ്ങിയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. മൈതാനത്തിന്റെ വിവിധ മൂലകളിൽ നിന്നും കുരുതി ആരംഭിച്ചിരുന്നു. ദൃഢഗാത്രരായ ചെറുപ്പക്കാർ വലിയ വാൾക്കത്തി കൊണ്ട്‌ ഓരോ മൃഗത്തിന്റെ കഴുത്തും കഷ്ണിക്കുന്ന കാഴ്ച അധികനേരം നോക്കി നില്ക്കാൻ ആയില്ല.

ചോരയിൽ മുക്കിയ പോലത്തെ വാളുകൾ വായുവിൽ ഉയർന്നു മൃഗങ്ങളുടെ കഴുത്തിൽ ആഞ്ഞു പതിക്കുന്നു. തലയറ്റു പിടയുന്ന ശരീരങ്ങൾ ആ പരിസരം രക്തത്തിൽ ചാലിക്കുന്നു. പകുതിക്കു വെച്ച് മുറിഞ്ഞ നിലവിളികൾ മറ്റു മൃഗങ്ങളുടെ നിസ്സഹായമായ രോദനങ്ങളിൽ മുങ്ങിപ്പോകുന്നു. ഒരു ജനത ഇതെല്ലാം കണ്ടു ഭക്തിപുരസ്സരം ആനന്ദനൃത്തം ചവിട്ടുന്നു.

ഈ മൃഗങ്ങളിൽ എത്ര മണിക്കുട്ടികൾ ഉണ്ടാവും! എത്ര ഗർഭിണികളായ പശുക്കൾ ഉണ്ടാവും! ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ മൃഗങ്ങൾ തലയറ്റു പിടഞ്ഞു വീണു കൊണ്ടിരുന്നു. ചില ഗോമാതാക്കൾ കണ്ണുകളിൽ ഭീതി നിറയുമ്പോഴും തന്റെ കിടാക്കളെ നക്കിക്കൊണ്ടിരുന്നു. പിടഞ്ഞു വീഴുന്ന ദേഹങ്ങളിൽ നിന്നും കാലുകൾ വായുവിൽ നൃത്തം ചെയ്തു, കുഞ്ഞുങ്ങളോട് ഓടി രക്ഷപ്പെടാൻ പറയുന്ന പോലെ!

തളർന്നു പോയ എന്റെ കണ്ണുകളെ ഞാൻ പിന്തിരിച്ചു. ഈ കൊടും ക്രൂരതയിൽ സംപ്രീതരായി രാജ്യത്തിനു സുഖവും സമ്പൽസമൃദ്ധിയും അനുഗ്രഹിച്ചു നല്ക്കുന്ന ദൈവങ്ങൾ എവിടെ? ഞാൻ ചുറ്റിലും കണ്ണോടിച്ചു. അകലെയകലെ ഹിമവാന്റെ ശൃംഗങ്ങളിൽ വെള്ളിനിറം വെട്ടിത്തിളങ്ങുന്നതു മാത്രം കണ്ടു.

ഓർമ്മകൾ കൊട്ടിയടക്കാൻ ഞാൻ ആഗ്രഹിച്ചു. മനിക്കുട്ടിയോടു മാപ്പ് പറയാൻ പോലും അർഹതയില്ലാതെ, അജ്ഞാനം അലങ്കാരമാക്കിയ ഒരു ജനതയുടെ പ്രതിനിധിയായി ഞാൻ മുഖം പൊത്തി മുട്ടുകുത്തിയിരുന്നു. ക്രൂരതയെ എതിർക്കാതെ നിശ്ചലനായി നിലകൊണ്ടത് ഞാൻ ചെയ്ത പാപം.

എന്നെപ്പോലെ നിസ്സഹായനായ ഒരാൾ കൂടി ഉണ്ടായിരുന്നു എന്ന് ഞാൻ ഇന്ന് തിരിച്ചറിയുന്നു. ഒരു രാജ്യത്തിനു ഫലഭൂയിഷ്ടമായ മണ്ണും ജലവും സംരക്ഷണവും നല്കിയ ഒരു മഹാമയൻ, ഹിമവാൻ! മനുഷ്യന്റെ വിഡ്ഢിത്തങ്ങൾ നിറഞ്ഞ കൊടും ക്രൂരതയിൽ മനം നൊന്തു കണ്ണുകൾ ഇറുകിയടച്ചു മിഴിനീർ പൊഴിച്ചു കൊണ്ടിരുന്ന ഹിമവാൻ നാളുകൾ നീണ്ട തേങ്ങലുകൾക്കൊടുവിൽ ഒരു നാൾ ഒന്ന് നെടുവീർപ്പിട്ടതായിരിക്കണം. താഴ്‌വരകൾക്കിപ്പുറവും ഭൂമി പിടഞ്ഞു. നിസ്സാരനായ മനുഷ്യനും അവന്റെ അഹങ്കാരത്തിന്റെ സൗധങ്ങളും തകർന്നു തലയുടഞ്ഞു മരിച്ചു. അവശേഷിക്കുന്നവരുടെ തിരിച്ചറിവുകൾ ഇനിയുള്ള ജീവിതങ്ങൾക്ക് വെളിച്ചമാകാൻ മഞ്ഞു നിറഞ്ഞ ശൈലശൃംഗങ്ങൾ ആഗ്രഹിക്കുന്നുണ്ടാവാം.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.