ഇടവേളകളിലെ പ്രേമം

പ്രേമം ഇങ്ങനെ പൂത്തുനിക്കണ കാലം. ഞാൻ ആണേൽ വല്ല്യ പണിയും കാര്യോം ഒന്നുമില്ലാതെ നടക്കുന്ന കാലത്താണ് ഓളെ കാണണത്. എന്നും കാണാറുണ്ടെങ്കിലും വല്ല്യ അത്ഭുതം ഒന്നും തോന്നീർന്നില്ല. കാരണം ഞാൻ എണീക്കുമ്പോഴേക്കും ഓള് കോളേജിൽ പോയിട്ടുണ്ടാവും. ഞാൻ തെണ്ടിത്തിരിഞ്ഞു വീട്ടില് എത്തുമ്പോ കാണാം അവളൊരു ബുക്കും കൈയ്യിൽ പിടിച്ചു ഇരിക്കുന്നത്.

പെട്രോൾ അടിക്കാനുള്ള പണമെങ്കിലും അദ്ധ്വാനിച്ച് ഉണ്ടാക്കിയില്ലേൽ അതെന്റെ അഭിമാനത്തെ വരെ ചോദ്യം ചെയ്യുന്ന അവസ്ഥകളും വാക്കുകളും വീട്ടിൽ നിന്ന് പതിവായപ്പോ കാറ്ററിംഗ് ജോലിക്ക് പോവാന്ന് തീരുമാനിച്ചു. അതാകുമ്പോ പശുവിന്റെ കടിയും കാക്കേടെ വിശപ്പും മാറുംന്ന് കാർന്നോന്മാര് പറഞ്ഞ പോലെ നൂറ്റിയമ്പത് രൂപേം കിട്ടും അത്യാവശ്യം നന്നായി വായി നോട്ടവും നടക്കും.

അങ്ങനെ അങ്ങനെ ഒരു ദിവസം, കുറച്ചു ദൂരെയാ പണി. നേരത്തേ എണീറ്റ്‌ നമ്മുടെ സ്വന്തം സ്പ്ളണ്ടര്‍ ബൈക്കുമെടുത്ത് ഇറങ്ങി. ഇടവഴിയിൽ അതാ ഒരു മൊഞ്ചത്തി. മുഖം കണ്ടിട്ടില്ല. കറുത്ത നിറമുള്ള പർദ്ദയിട്ട ഇവള് എതെടാ എന്നോർത്ത് ഞാൻ ബൈക്ക് വേഗം മുന്നിലേക്ക് എടുത്ത് കണ്ണാടിയിലൂടെ ഒന്ന് നോക്കി. ന്റെ പടച്ചോനെ, ഇതോള് തന്നെയല്ലേ! ഓൾക്കിത്ര മൊഞ്ചുണ്ടായിരുന്നോ..! എണീക്കാൻ വൈകിയ പകലുകളെ ശപിച്ചു കൊണ്ട് ഞാൻ കുറച്ചപ്പുറം പോയി വണ്ടി നിർത്തി. സിനിമേല് പറയണ പോലല്ലാട്ടാ - ഓള് തട്ടമിട്ടാൽ ഒരു ഒന്നൊന്നര മൊഞ്ചാണ്!

പെട്രോൾ കഴിഞ്ഞ് പല തവണ ഞാൻ വഴിയിൽ അങ്ങനെ പിഞ്ചുബാലനെ പോലെ മാനം നോക്കി നിക്കണത് നാട്ടുകാര് കുറേ കണ്ടിട്ടുള്ളത് കൊണ്ട് ആർക്കും എന്റെ നിൽപ്പിൽ പന്തികേട്‌ തോന്നിയില്ല. ഓളടുത്ത് എത്തിയപ്പോ ഞാൻ ചോദിച്ചു, "അല്ല ആമിനാ, അനക്ക് ഇത്രേം മൊഞ്ച് ഇണ്ടെന്നു പടച്ചോനാണേ ഞാൻ അറിഞ്ഞില്ല. നാളെ മുതൽ പണിയില്ലേലും ഞാൻ സുബഹിക്ക് എണീക്കും." ചിരിച്ചു കൊണ്ട് പോയതല്ലാതെ ഓളൊന്നും പറഞ്ഞില്ല.

ഇടവഴി തീരും വരെ മാത്രേ അവൾ പർദ്ദയുടെ മുഖവും കണ്ണും മൂടുന്ന ഭാഗം ഇടാതിരിക്കൂ. അതുകൊണ്ട് ഞാൻ തന്നെയാവും ഓൾടെ മൊഞ്ച് കൂടുതൽ കണ്ടത്. പഠിക്കുന്നത് പെങ്കുട്ട്യോൾടെ കോളേജിൽ ആയോണ്ട് എല്ലാം കൊണ്ട് ഞാൻ രക്ഷപ്പെട്ടു. ഇടവഴികളിലെ നില്‍ക്കലും കിന്നരിക്കലും പതിവയപ്പോ ആമിനാക്കും ഇന്നോട് ഇത്തിരി മൊഹബത് ഉണ്ടെന്നു എനിക്കും തോന്നിത്തുടങ്ങി. എന്റേല് നോക്കിയ-3310ഉം ഓൾടെ വീട്ടില് ലാൻഡ്‌ ഫോണും ആയോണ്ടും, മൊബൈലിൽ നിന്ന് ലാൻഡ്‌ ഫോണിലേക്ക് ചാർജ് കൂടുതൽ ആണെന്നുള്ളത് കൊണ്ടും വിളിച്ചു കൊണ്ടുള്ള പ്രേമം ഒന്നും ഞങ്ങൾ ആസ്വദിച്ചില്ല.

ഒരു ദിവസം രാവിലെ ഓള് പറഞ്ഞു ഞാൻ ഇവുട്ന്നു ബസ്‌ കയറി അടുത്ത സ്റ്റോപ്പിൽ ഇറങ്ങും, അത്ര മാത്രേ പറഞ്ഞുള്ളൂ. എന്താ കാര്യം എന്നറിയാണ്ട് ഞാൻ ആദ്യം അന്ധാളിച്ചു നിന്നെങ്കിലും ബസ് പോയതിനു പിന്നാലെ ഞാനും പോയി. പറഞ്ഞത് പോലെ അവൾ അവിടെ ഇറങ്ങി നിക്കുന്നു. അടുത്തു ചെന്ന് എന്താ ആമിനാ കാര്യന്നു ചോദിക്കുന്നതിനു മുൻപ് ഓൾടെ കൈ എന്റെ തോളത്ത് എത്തീർന്നു. പടച്ചോനെ, പെണ്ണിന് പ്രേമം മൂത്ത് പ്രാന്തായോ എന്നാലോചിക്കുമ്പോ ഓള് പറയാ 'വണ്ടിയെടുക്ക് കാക്കാ നേരം വൈകീ'ന്ന്.. മിനിമം 70 സ്പീഡിൽ ബൈക്കിൽ പോയിരുന്ന ഞാൻ അന്ന് 30 - 40 എന്നും വെച്ചു പോയി. 'സ്പീഡിൽ പോ പോ' എന്നോള് പറയാതെ പറഞ്ഞത് എന്റെ പുറത്ത് നുള്ളിയിട്ടായിരുന്നു.

സഡൻ ബ്രേക്കുകളോ ഫോൺ വിളിയും മെസേജും ഐസ് ക്രീം പാർലറും പാർക്കും വീഡിയോ ചാറ്റും സെൽഫിയും ഇല്ലാതെ ഞാനും ആമിനയും നല്ല പച്ചയായ പ്രേമം കുറെയേറെ ആ യാത്രകളിൽ അനുഭവിച്ചു.

ആയിടക്കാണ്‌ ഹലാക്കിന്റെ അവുലൂസുംകഞ്ഞി എന്ന് പറഞ്ഞ പോലെ അബുദാബീന്നു എനിക്കൊരു പേപ്പർ വരുന്നത്. നോക്കിയപ്പോ വിസ! "ആമിനാ ഇജ്ജ് ഇന്നെ കാത്തിരിക്കണം എന്നൊന്നും ഞാൻ പറയൂല. പക്ഷെ ഞാൻ അനക്ക് തന്നത് മൊഹബ്ബത്താണ്, കളങ്കമില്ലാത്ത മൊഹബത്..." അത്രേം പറഞ്ഞോണ്ട് അവസാനം ആയി അവളെ കോളേജിൽ ഇറക്കിവിട്ടു വീട്ടിൽ വന്ന് വൈകുന്നേരം 5.25-നു നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അബുദാബിക്ക് എയർ ഇന്ത്യയുടെ ഒരു കെ.എസ്.ആര്‍.ടി.സി-ഫീൽ തരുന്ന സർവീസ് ഉണ്ട് (പോയവർക്ക് മനസ്സിലായല്ലോ അല്ലെ? ഇല്ലേൽ പറയണം). അതിൽ കയറിപ്പോന്നു.

നാലു കൊല്ലം കഴിഞ്ഞു ആമിനാക്ക് ഇന്ന് രണ്ടര വയസ്സുള്ള മോനുണ്ട്. ഞാൻ എയർ ഇന്ത്യയിൽ ഇന്നും എമിറേറ്റ്സ് എയർലൈനിൽ യാത്ര ചെയ്യാൻ പാകത്തിൽ എത്തിയിട്ടുണ്ട്.

ഈ ഓർമ്മകളിൽ എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിക്കുന്ന കാര്യം ആമിനാടെ കെട്ട്യോനു ബൈക്ക് ഓടിക്കാൻ അറിയില്ല എന്നുള്ളതാണ്. ആമിനാ അനക്ക് ഞാൻ തന്നത് മൊഹബത്താണ്, കളങ്കമില്ലാത്ത മൊഹബത്ത്...

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.