ഇലകൾ കൊഴിയുമ്പോൾ

ബസ് ഇറങ്ങി നടക്കുമ്പോൾ മനസ്സിൽ ഒരുപാട് സന്തോഷമായിരുന്നു. കൂട്ടിന് അകമ്പടി ആയി നല്ല മഴയും. മഴ അല്പം തോര്‍ന്നിട്ടു മുൻപോട്ടു പോകാമെന്ന് കരുതി അടുത്ത് കണ്ട കടത്തിണ്ണയിൽ കയറി നിന്നു. ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങൾ, അതോർക്കുമ്പോൾ ഇപ്പോഴും വല്ലാത്തൊരു നീറ്റൽ അനുഭവപ്പെടുന്നു. അഞ്ചു വർഷത്തിനിടയിൽ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾ. ഇനിയും അതോർത്തു വിഷമിക്കില്ല എന്നു കരുതിയെങ്കിലും വെറുതെ മനസു വീണ്ടും ആ ചുഴിയിൽ വീണു പോകുന്നു. ഇല്ല, ഇനി ഞാൻ വിഷമിക്കില്ല! ഞാൻ വിഷമിച്ചാൽ എന്നെ ആശ്രയിക്കുന്നവർ തകർന്നു പോകും. 'വേണ്ട അബു, നീ ഇനി വിഷമിക്കരുത്', എന്റെ മനസു മന്ത്രിച്ചു കൊണ്ടിരുന്നു.

"ഉപ്പയും ഉമ്മയും ഇല്ലെങ്കിലും അനിയത്തിമാർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കാൻ ഈ ഇക്കാക്ക ഉണ്ടല്ലോ". ഇടയ്ക്ക് മിന്നി മറയുന്ന മിന്നലിന്റെ വെളിച്ചത്തിൽ മുഖം ഒന്നു കൂടി ശോഭിച്ചു വന്നു. ഉമ്മ മരിക്കുന്നതിനു മുൻപായി ഒന്നു മാത്രമാണ് എന്നോടു പറഞ്ഞത്, "നിന്റെ അനിയത്തിമാരെ ഒരു കുറവും കൂടാതെ നോക്കണം. നീ എപ്പോഴും അവരുടെ കൂടെ ഉണ്ടാകണം." ഒരു പതിനേഴുകാരന് മനസിലാക്കാൻ കഴിയുന്നതിലും കൂടുതൽ ആയിരുന്നു എന്റെ ഉമ്മയുടെ വാക്കുകൾ. അന്നു ഷാഹിനമോൾക്ക് പതിനഞ്ചു വയസും ഇളയ അനുജത്തി കുൽസുവിനു പന്ത്രണ്ടുവയസും ആയിരുന്നു പ്രായം. ഉമ്മയുടെ വാക്കുകൾ എന്നെ പതിനേഴുകാരൻറെ ചിന്തയിൽ നിന്നും പക്വത എത്തിയ സഹോദരനാക്കി മാറ്റി.

ഞാൻ പ്ലസ് വണ്ണിനു പഠിക്കുമ്പോൾ ആണ് ഞങ്ങളുടെ ജീവിതത്തിൽ ആ ദുരന്തം ഉണ്ടായത്. ഉപ്പാ ജോലി ചെയ്തിരുന്ന കരിങ്കൽ ക്വാറിയിൽ പാറ പൊട്ടിക്കുന്നതിനിടയിൽ അബദ്ധത്തിൽ പാറക്കക്ഷണം വന്നു ഉപ്പയുടെ മേലെ വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ ഉപ്പ ഞങ്ങളെ വിട്ടു പോയി. അന്നു വരെ കിട്ടുന്ന വരുമാനം ചെറുതാണെങ്കിലും ഉപ്പ ഞങ്ങളെ ഒരു കുറവും കൂടാതെയാണ് നോക്കിയത്. ഉപ്പയുടെ മരണം ഞങ്ങൾക്കു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. എന്നെ പഠിപ്പിച്ചു ഒരു എഞ്ചീനീയർ ആക്കാനായിരുന്നു ഉപ്പയുടെ ആഗ്രഹം. അതിനുവേണ്ടി ഞാൻ നന്നായി പരിശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ ആ സ്വപ്നങ്ങൾ എല്ലാം തകർത്ത് എറിഞ്ഞുകൊണ്ടാണു ഉപ്പയുടെ മരണ വാർത്ത എത്തിയത്!

ഉപ്പയുടെ മരണം ഉമ്മയെ മാനസികമായി ഒരുപാടു തളർത്തിയെങ്കിലും, ഞങ്ങൾ പട്ടിണി ആകല്ലെന്നു കരുതി വിഷമം എല്ലാം മനസിലൊതുക്കി ഉമ്മ ഹാജിയാരുടെ വീട്ടിൽ പണിക്കു പോയി. ഞാൻ ഉമ്മാനെ പണിക്കു പോകേണ്ട എന്ന് പറഞ്ഞു തടഞ്ഞു, "ഉമ്മ പണിക്കു പോകേണ്ട, പകരം ഞാൻ പോകാം. ഞാൻ നിങ്ങളെ ജോലി ചെയ്തു നോക്കികൊള്ളാം."

"വേണ്ട മോനെ, നീ ഇപ്പോൾ പണിക്കു പോകരുത്, നിന്റെ ഉപ്പാന്റെ ആഗ്രഹം ആയിരുന്നു നിന്നെ പഠിപ്പിച്ചു എഞ്ചിനീയർ ആക്കാൻ. പക്ഷേ ഉപ്പാക്ക് ആ ആഗ്രഹം നിറവേറ്റാൻ പറ്റിയില്ല. ന്റെ മോനെ ഉമ്മ പഠിപ്പിക്കും. നീ നന്നായി പഠിക്കണം. അതിനു വേണ്ടി ഉമ്മ എന്ത് ജോലിയും ചെയ്യും."

ഉമ്മാനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ എനിക്ക് സാധിച്ചില്ല . അങ്ങനെ ഉമ്മ ഹാജിയാരുടെ വീട്ടിൽ പണിക്കു പോയി.

ഒരു ദിവസം ഞങ്ങൾ സ്കൂളിൽ നിന്നും വന്നിട്ടും ഉമ്മാനെ കണ്ടില്ല. ഞാൻ നേരെ ഹാജിയാരുടെ വീട്ടിൽ പോയി തിരക്കി. ഉമ്മ വൈകുന്നേരം തന്നെ വീട്ടിലേക്കു പോയെന്ന അവിടുന്ന് അറിയാൻ കഴിഞ്ഞത്. അറിയാവുന്ന സ്ഥലങ്ങളിലെല്ലാം ഉമ്മാനെ തിരക്കി നടന്നു. അവസാനം ഞാൻ വീട്ടിൽ എത്തിയപ്പോൾ ഉമ്മ വീട്ടിൽ വന്നിരുന്നു, "ഉമ്മ, ഇത് എവിടെ ആയിരുന്നു?"

"നീ ബഹളം വെക്കേണ്ട, കുട്ടികൾ കേൾക്കും. ഞാൻ ഒന്ന് ആശുപത്രിയിൽ പോയതാ."

"ആശുപത്രിയിലോ, എന്ത് പറ്റി ഉമ്മാ?"

"ഒന്നുല്ലെട. ചെറിയ ഒരു ക്ഷീണം കുറച്ചു ദിവസമായി തുടങ്ങിയിട്ട്. ഒന്ന് പോയി ഡോക്ടറെ കാണാമെന്നു കരുതി."

"എന്നിട്ട് ഡോക്ടര്‍ എന്ത് പറഞ്ഞു?"

"കുറച്ചു ദിവസത്തേക്കുള്ള മരുന്ന് തന്നു. പിന്നെ ഇടയ്ക്കു പോയി ഒന്ന് സ്കാൻ ചെയ്യാൻ പറഞ്ഞു."

"ഉമ്മ എന്താ ഇത് നേരത്തെ പറയാതെ ഇരുന്നത്?"

"അത്രമാത്രം കുഴപ്പമോന്നുമില്ലെട, നീ പോയിരുന്നു പഠിക്കാൻ നോക്ക്. അടുത്ത മാസം വലിയ പരീക്ഷ തുടങ്ങുവല്ലേ?"

അങ്ങനെ എന്റെ പരീക്ഷ കഴിഞ്ഞു. ഇതിനിടയിൽ ഉമ്മാന്റെ സ്കാൻ ചെയ്ത റിസൾട്ട് വന്നു. പടച്ചവന്റെ പരീക്ഷണം വീണ്ടും. ഉമ്മാക്ക് വയറ്റിൽ കാൻസർ! "കുറച്ചു കൂടി നേരത്തെ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമായിരുന്നു.", ഡോക്ടർ ഇത് പറയുമ്പോൾ ഉമ്മ തെല്ലും കുലുങ്ങിയില്ല. ഉമ്മാക്ക് ഇത് നേരത്തെ അറിയാമായിരുന്നു. ഞങ്ങൾ വിഷമിക്കരുത് എന്ന് കരുതി കുറേ നാളായി ഉമ്മ വേദന കടിച്ചമർത്തി കഴിയുകയായിരുന്നു. ഇതും കൂടി അറിഞ്ഞപ്പോൾ ഞാൻ ആകെ തകര്‍ന്നു പോയി.

ഇന്നാണ് എന്റെ പരീക്ഷ റിസൾട്ട് വരുന്നത്. കഴിഞ്ഞ നാല് ദിവസമായി ഞാൻ ഉമ്മാടെ കൂടെ ആശുപത്രിയിൽ ആയിരുന്നു. എന്റെ റിസൾട്ട് അറിയാൻ ഉമ്മ ആഗ്രഹം പറഞ്ഞപ്പോൾ അനിയത്തിമാരെ കൂട്ട് നിറുത്തി ഞാൻ റിസൾട്ട് അറിയാനായി നേരെ സ്കൂളിലേക്ക് പോയി. തിരിച്ചു റിസൾട്ട് അറിഞ്ഞു വന്നപ്പോൾ അനിയത്തിമാർ കരഞ്ഞു കൊണ്ട്, "ഇക്കാക്ക നമ്മുടെ ഉമ്മ എഴുന്നേക്കുന്നില്ല. വിളിക്ക് ഇക്കാക്കാ, ഉമ്മാനെ വിളിക്ക്!"

"ഉമ്മാ, ഉമ്മാ ഞാൻ പാസ് ആയി. ഉമ്മാ പറഞ്ഞപോലെ പ്ലസ്ടുനു ഒന്നാം റാങ്ക് എനിക്കാ ഉമ്മാ. ഇത് ഒന്ന് കണ്ണ് തുറന്നു നോക്കുമ്മാ, എന്റെ റിസൾട്ട്!"

എന്റെ കരച്ചിൽ കണ്ടിട്ട് അനിയത്തിമാരും എന്നെ കെട്ടിപിടിച്ചു കരഞ്ഞു. പെട്ടെന്ന് ഉമ്മാ ഇന്നലെ പറഞ്ഞ കാര്യം മനസ്സിൽ തെളിഞ്ഞു വന്നു, "നീ നിന്റെ അനിയത്തിമാരെ പോന്നു പോലെ നോക്കണം. അവരെ ഒരിക്കലും സങ്കടപ്പെടുത്തരുത്."

"ഇല്ല ഉമ്മാ ഞാൻ അവരെ പൊന്നു പോലെ നോക്കും!", എന്റെ വിഷമം ഉള്ളിലൊതുക്കി ഞാൻ അവരെ സമധാനിപ്പിച്ചു. "പടച്ചവനെ, എന്റെ ഉപ്പയും ഉമ്മയും അനാഥർ ആയിരുന്നു. ഇപ്പോൾ നീ ഞങ്ങളെയും അനാഥർ ആക്കിയല്ലേ. ഇനി എനിക്ക് ഈ ലോകത്ത് എന്റെ അനിയത്തിമാർ മാത്രം. അവര്‍ക്ക് ഞാനും."

ആശുപത്രിയിൽ ചിലവായ പൈസയും മറ്റും കൊടുക്കാൻ ഹാജിയാരും നാട്ടുകാരും സഹായിച്ചു. ഉമ്മയുടെ മരണശേഷം ഞങ്ങൾ തനിച്ചായി. പിറ്റേ ദിവസം രാവിലെ ഹാജിയാർ വന്നിട്ട് പറഞ്ഞു, "നിങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട് മാറണം. ഇത് ഞാൻ വേറെ ആളുകൾക്കു വാടകയ്ക്ക് കൊടുക്കുവാണ്. പകരം എന്റെ വീടിനോട് ചേര്‍ന്നുള്ള പത്തായപ്പുരയിൽ വന്നു തങ്ങിക്കോ."

ഹാജിയാരുടെ വാക്കുകൾ ആദ്യം ഒന്ന് വേദനിപ്പിച്ചെങ്കിലും ഞാൻ ആലോചിച്ചപ്പോൾ അനിയത്തിമാരുടെ സുരക്ഷയ്ക്ക് അവിടെ തങ്ങുന്നതാണ് ഉചിതമെന്ന് തോന്നി. അങ്ങനെ ഞാൻ അനിയത്തിമാരെയും കൂട്ടി പത്തായപ്പുരയിൽ താമസം തുടങ്ങി.

എനിക്ക് ഇനി പഠിത്തം നടക്കില്ല. എന്റെ അനിയത്തിമാരെ നന്നായി പഠിപ്പിക്കണം അതിനുവേണ്ടി ഞാൻ ജോലി തിരക്കിയിറങ്ങി. ഒരു ദിവസം ഞാൻ പുറത്തു പോയി വരുമ്പോൾ ആണ് ആ കാഴ്ച കാണുന്നത്, അനിയത്തിമാർ രണ്ടു പേരും ഹാജിയാരുടെ വീട്ടിലെ അടുക്കളപ്പണി ചെയ്യുന്നു! അത് കണ്ടതും ഞാൻ ആകെ തകര്‍ന്നു പോയി. അവരുടെ അടുത്ത് നിന്ന ഹാജിയാരുടെ ഭാര്യയോട് ഞാൻ ചോദിച്ചു, "എന്താ ഇവരെ കൊണ്ട് ജോലി ചെയ്യിക്കുന്നെ?"

"ഇതാ ഇപ്പോൾ നന്നായത്! വെറുതെ തിന്നും കുടിച്ചും നടക്കാൻ ഇത് ന്റെ ഉപ്പാടെ വീടോന്നുമല്ല. ഇവടെ നിൽക്കണേൽ ഇങ്ങനെ ജോലിയൊക്കെ ചെയ്യണം."

"അല്ല, ഇവര് ചെറിയ കുട്ടികളല്ലേ!"

"ചെറിയ കുട്ടികളാണ് അതോണ്ട് മൂന്ന് നേരം തിന്നാതെയും കുടിക്കാതെയും ഇരിക്കുന്നില്ലല്ലൊ? ഇവിടെ ഇങ്ങനെയാണ്. അതോണ്ട് ജോലി ചെയ്താൽ ഇവിടെ നിക്കാം."

ഷാഹിന മോൾ ഓടി വന്നിട്ട്, "ഇക്കാക്ക വിഷമിക്കേണ്ട, ഇതു ചെയ്തുന്നു വെച്ചിട്ട് ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല."

"അതല്ല മോളെ, നമ്മുടെ ഉപ്പയും ഉമ്മയും ഉണ്ടായിരുന്നെങ്കിൽ നിങ്ങളെ ഇങ്ങനെ ജോലിക്ക് വിടുമായിരുന്നോ? ഞാൻ ഉമ്മാക്ക് കൊടുത്ത വാക്ക് എനിക്ക് പാലിക്കണം നിങ്ങളെ നന്നായി പഠിപ്പിക്കണം."

പിന്നാമ്പുറത്തെ സംസാരം കേട്ടുകൊണ്ടാണ് ഹാജിയാര് വന്നത്, "എന്താ അബു അനിയത്തിയുമായി ഒരു സംസാരം?"

ഞാൻ സംസാരിക്കുന്നതിനിടയിൽ കയറി ഹാജിയാരുടെ ഭാര്യ പറഞ്ഞു, "അവന്റെ അനിയത്തിമാരെക്കൊണ്ട് ജോലി ചെയ്യിച്ചത് അവന് ഇഷ്ടപെട്ടില്ല പോലും!"

"ആണോ അബു? അവര് പെൺകുട്ടികൾ അല്ലെ, വീട്ടു ജോലി ചെയ്തു പഠിക്കട്ടെ.”

"അതല്ല ഹാജിയാരെ, എനിക്ക് അവരെ നന്നായി പഠിപ്പിക്കണം. എന്റെ ഉപ്പയുടെയും ഉമ്മയുടെയും ആഗ്രഹം ഇവരിലൂടെ എനിക്ക് സാധിക്കണം. ഇപ്പോൾ ഷാഹിന മോൾ പത്താം ക്ലാസ്സിൽ നല്ല മാർക്കോടെയാണ് പാസ് ആയത്. എനിക്കവരെ തുടർന്ന് പഠിപ്പിക്കണം. അതോണ്ട് ഇനി മുതൽ ഈ വീട്ടിലെ നിങ്ങൾ പറയുന്ന എല്ലാ ജോലിയും ഞാൻ ചെയ്തോളാം. പകരം എന്റെ കുട്ടികളെ പഠിക്കാൻ അനുവദിക്കണം."

"അതൊക്കെ ഒരു ചിലവല്ലെ അബു, ഇന്നത്തെ കാലത്ത് പെൺകുട്ടികൾ പഠിത്തം പത്താം ക്ലാസ്സൊക്കെ മതി."

"ചിലവൊക്കെ ഞാൻ നോക്കാം. അവരെ എനിക്ക് പഠിപ്പിക്കണം."

"ശരി എങ്കിൽ നാളെ മുതൽ നീ ഇവുടുത്തെ പണി കഴിഞ്ഞു നേരെ മില്ലിലേക്കു വാ. അവിടെ ഒരാളുടെ കുറവുണ്ട്."

"ശരി ഹാജിയാരെ."

അങ്ങനെ രാവെന്നോ പകലെന്നോ ഇല്ലാതെ ഹാജിയാരുടെ വീട്ടിലെയും പുറത്തെ ജോലിയും എല്ലാം ഓടി നടന്നു ചെയ്തു. അതിന്റെ എല്ലാം പ്രതിഫലം ഇപ്പോൾ കിട്ടിയിരിക്കുന്നു. ഇന്ന് ഷാഹിന മോൾ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി ഇറങ്ങുന്ന ദിവസമാണ്. അവളെ കൂട്ടിക്കൊണ്ട് പോകാനാണ് ഞാൻ വന്നത്. മഴ അല്പം കുറഞ്ഞിട്ടുണ്ട്. കത്തിയെരിയുന്ന കനൽക്കട്ടയിൽ ജലമൊഴിച്ചു കെടുത്തുമ്പോൾ ഉണ്ടാകുന്ന ആ അവസ്ഥയാണ് ഇപ്പോൾ മനസ്സിനും ശരീരത്തിനും. എന്റെ ഉമ്മാന്റെ ആഗ്രഹം ഷാഹിനമോൾ സാധിച്ചു. കോളേജിൽ എത്തിയപ്പോൾ അധ്യാപകരും കൂട്ടുകാരും എന്നെ പ്രതീഷിച്ചിരിക്കുവായിരുന്നു. എന്നെ കണ്ടതും ഷാഹിനമോൾ ഓടി വന്നിട്ട്, "ഇക്കാക്ക ഞാൻ പരീക്ഷ എല്ലാം നന്നായി എഴുതി."

"എനിക്കറിയാം മോളെ നീ നന്നായി പഠിക്കുമെന്ന്."

"ഇക്കാക്ക കുൽസു എവിടെ?"

"അവൾക്കു ചെറിയ ഒരു പനി. സാരമില്ല ഇപ്പോൾ കുറവുണ്ട്. ന്റെ ഒപ്പം വരണമെന്ന് അവൾ വാശി പിടിച്ചു. നല്ല മഴ ഉള്ളതിനാൽ ഞാൻ വരേണ്ടെന്നു പറഞ്ഞു."

അപ്പോൾ ഒരു അദ്ധ്യാപകൻ വന്നിട്ട്, “അബു, ഇവൾ ഈ കോളേജിന്റെ അഭിമാനം ആണ്. ഞങ്ങൾക്ക് ഉറപ്പുണ്ട് ഈ വർഷത്തെ എഞ്ചിനീയറിംഗ് ഒന്നാം റാങ്ക് ഇവൾക്കു തന്നെയാണെന്ന്." അത് കേട്ടപ്പോഴേക്കും ഞാൻ അറിയാതെ കരഞ്ഞു പോയി.

കൂട്ടുകാരും അധ്യാപകരും ഓരോരുത്തരായി അവളെ അഭിനന്ദിക്കുന്നതു കണ്ടപ്പോൾ ഞാൻ അറിയാതെ ഉപ്പയെയും ഉമ്മയെയും ഓർത്തു പോയി. ഇതു കാണാനുള്ള ഭാഗ്യം പടച്ചവൻ അവര്‍ക്ക് കൊടുത്തില്ലല്ലോ? അങ്ങനെ കോളേജിൽ നിന്നും യാത്ര പറഞ്ഞു നേരെ വീട്ടിലേക്കു പോയി. വീട്ടിൽ എത്തിയപ്പോൾ നേരം ഒരുപാടു ഇരുട്ടിയിരുന്നു.

"ഇക്കാക്ക, വന്നോ?", മുറിയിൽ നിന്നും കുൽസു വിളിച്ചു ചോദിച്ചു.

ഞാനും ഷാഹിന മോളും കൂടി മുറിയിലേക്ക് കയറി ചെന്നു. ഷാഹിനയെ കണ്ടതും, "ഇത്താത്താ എത്ര നാളായികണ്ടിട്ട്! ആകെ കോലം കേട്ടല്ലോ, പരീക്ഷ എളുപ്പായിരുന്നോ?"

“എളുപ്പമായിരുന്നു മോളെ, മോൾക്ക് പനി കുറവില്ലേ?”, ഷാഹിന അവളുടെ നെറ്റിയിൽ തൊട്ടു നോക്കി.

"ഇക്കാക്ക ഇവളെ തീ പോലെ പൊള്ളുന്നു!"

"ന്താ മോളെ നീ മരുന്നൊന്നും കഴിച്ചില്ലേ? വാ നമ്മുക്ക് ആശുപത്രിയിൽ പോകാം."

"കഴിച്ചു ഇക്കാ, പനി ഇപ്പോൾ കുറയും. നിങ്ങൾ രണ്ടു പേരും കൂടെ ഉണ്ടല്ലോ, കുറവില്ലെങ്കിൽ നാളെ പോകാം."

"മോൾക്ക് ഇക്കാക്ക എന്താ വാങ്ങിയിട്ട് വന്നേക്കുന്നത് നോക്കിക്കേ.."

ഇടയിൽ കയറി ഷാഹിന പറഞ്ഞു, "നിനക്ക് ഇഷ്ടമുള്ള ചിക്കൻ ബിരിയാണി!"

"വാ മോളെ നമ്മുക്ക് ഇതു കഴിക്കാം."

"എങ്കിൽ ഇക്കാക്ക ഞങ്ങൾക്ക് ഇതു വാരി തരണം.", കുൽസു വാശി പിടിച്ചു.

"നീ ഇപ്പോഴും ചെറിയ കുട്ടി തന്നെയാ! വയസു പതിനേഴായി എന്നിട്ടും."

"കുറേ നാളായില്ലേ ഇക്കാക്ക നമ്മൾ ഒരുമിച്ചിരുന്നു കഴിച്ചിട്ട്?", ഷാഹിന പറഞ്ഞു.

"എങ്കിൽ നീ ആ പൊതി എടുത്തിട്ട് വാ..", അങ്ങനെ ഒരു ഉരുള ഉരുട്ടി കുല്സുവിനു കൊടുത്തു. അടുത്തത് ഷാഹിന മോൾക്ക്. സന്തോഷം കൊണ്ട് ന്റെ മനസ് അറിയാതെ കരഞ്ഞു പോയി. അടുത്ത ഉരുള കൊടുക്കാൻ ഒരുങ്ങുമ്പോൾ കുൽസു പറഞ്ഞു, "ഇക്കാക്ക മതി തീരെ വിശപ്പില്ല."

"അത് പറഞ്ഞാൽ പറ്റില്ല ന്റെ മോള് ഇതു കൂടി കഴിക്കണം.", എന്റെ നിർബന്ധപ്പ്രകാരം അവൾ അത് കൂടി വാങ്ങി കഴിച്ചു. "ഇക്കാക്ക എനിക്ക് ഉറക്കം വരുന്നു. പിന്നെ ഇക്കാക്ക എനിക്ക് ഒരു ആഗ്രഹം കൂടിയുണ്ട്."

"എന്താ മോളെ?"

"ഇക്കക്കാടെ മടിയിൽ തലവെച്ചു ഉമ്മ പാടി തരാറുള്ള ആ പാട്ട് കേട്ട് ഉറങ്ങണം.”

"അതാണോ ആഗ്രഹം, എന്റെ മോള് പറഞ്ഞാൽ ഇക്കാക്ക പാടാതെ ഇരിക്കുമോ? ഷാഹിന നീ കഴിച്ചിട്ട് കൈ കഴുകി വാ, ഞാൻ കുൽസുമോളെ ഒന്നുറക്കട്ടെ."

ഉപ്പാന്റെ മടിയിൽ തലവെച്ചു കിടക്കുന്നപോലെ അവൾ എന്റെ മടിയിൽ കിടന്നു. ഉമ്മ പാടാറുള്ള ആ പാട്ടു പതിയെ പാടി തുടങ്ങി.

“ഉരുകുന്ന മനസിന് കുളിരേകൂ, തളരുന്ന മനസ്സിന് തണലേകൂ..." ഇടയിൽ ഷാഹിന മോളും വന്നു എന്റെ തോളത്തു ചാരി ഇരുന്നു. പാട്ടു കേട്ട് കുൽസു ഉറങ്ങി.

പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്ന പോലെ തോന്നി. കുൽസുനെ പതിയെ മടിയിൽ നിന്നും ഇറക്കി ആരാ വാതിലിൽ മുട്ടുന്നത് എന്ന് നോക്കാനായി പോയി. വാതിൽ തുറന്നപ്പോൾ അത് ഹാജിയാര് ആയിരുന്നു. "നാളെ രാവിലെ നീ പാലക്കാട് തടിയെടുക്കാൻ പോകണം." അതും പറഞ്ഞു ഹാജിയാര് പോയി.

"ആരായിരുന്നു ഇക്കാക്ക?", ഷാഹിനമോൾ ചോദിച്ചു.

"അതോ, ഹാജിയാര് ആയിരുന്നു നാളെ രാവിലെ തന്നെ പാലക്കാട് പോകണമെന്ന് പറയാൻ വന്നതാ. മോൾ ഒരു കാര്യം ചെയ്യ് നാളെ കുൽസുനു കുറവില്ലെങ്കിൽ രാവിലെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോയി കാണിക്കു. ഇക്കാക്ക വരുമ്പോൾ ഒരുപാട് ലേറ്റ് ആകും. തല്ക്കാലം മോള് ഇപ്പോൾ പോയി സുഖമായി ഉറങ്ങിക്കോ. ഞാൻ നിങ്ങൾ ഉണരും മുൻപ് തന്നെ പോകും. ചിലവിനുള്ള പൈസ ഞാൻ മേശയിൽ വെച്ചേക്കാം."

ഉദ്ദേശിച്ചതിലും ഒരു ദിവസം വൈകിയാണ് പാലക്കാടു നിന്നും തിരികെ എത്തിയത്. നേരെ വീട്ടിൽ ആണ് പോയത്യ അവിടെ എത്തിയപ്പോൾ അനിയത്തിമാരെ രണ്ടു പേരെയും കണ്ടില്ല. ഞാൻ ആകെ ഭയന്നു. നേരെ ഹാജിയാരുടെ വീട്ടിൽ തിരക്കി. ഹാജിയാരുടെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളു.

"എന്റെ അനിയത്തിമാരെ കണ്ടായിരുന്നോ?"

"നിന്റെ അനിയത്തിമാർ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു ഇതൊക്കെ നോക്കലാണോ എന്റെ പണി! ഹ ഇന്നലെ രാവിലെ രണ്ടും കൂടി ഒരു ഓട്ടോയിൽ പോകുന്ന കണ്ടു. ആർക്കറിയാം രണ്ടും കൂടി ഒട്ടോകാരന്റെ കൂടെ പോയോ ഇല്ലയോ എന്ന്!" അവരോടു മറുപടി ഒന്നും പറയാതെ ഞാൻ നേരെ ആശുപത്രിയിലേക്ക് ഓടി.

എന്നെ കണ്ടതും ഷാഹിന മോൾ അലമുറയിട്ടു കരഞ്ഞു. “ഇക്കാക്ക നമ്മുടെ കുൽസു അവള്‍, ഇപ്പോൾ ICUവിൽ ആണ്!” ഇതു കണ്ടു കൊണ്ടാണ് ഡോക്ടര്‍ വന്നത്.

"കുല്സുന്റെ ബ്രദർ ആണല്ലേ?"

"അതെ സാർ.."

"എന്റെ ഒപ്പം വരൂ അല്പം സംസാരിക്കാനുണ്ട്."

"എന്താ സാർ പറയാനുള്ളത്?"

"അവൾക്കു ഇപ്പോൾ പനി കൂടി അത് ന്യൂമോണിയ ആയി ലെൻസിൽ അണുബാധ ഉണ്ടായിരിക്കുന്നു. രക്ഷപ്പെടാൻ ചാന്‍സ് തീരെ കുറവാണ്. ഞങ്ങളാൽ കഴിയുന്ന വിധം പരിശ്രമിക്കുന്നുണ്ട്. ബാക്കി എല്ലാം ദൈവത്തിന്റെ കയ്യിൽ!"

ഡോക്ടറുടെ റൂമിൽ നിന്നും ഇറങ്ങി ഷാഹിനമോൾ ഇരിക്കുന്നിടത്തേക്ക് പോയി, "ഇക്കാക്ക, എന്താ ഡോക്ടർ പറഞ്ഞത്?"

"ഒന്നുമില്ല കുൽസുമോൾക്ക് ഒന്നുമില്ല. എല്ലാ രോഗവും പെട്ടന്ന് മാറും. പൊട്ടി കരയാൻ പലപ്പോഴും തോന്നി, പക്ഷേ ഞാൻ കരഞ്ഞാൽ ഷാഹിന മോൾ, അവളും തകർന്നു പോകും. ഒന്നുല്ല ന്റെ മോൾ വിഷമിക്കേണ്ട.”

കുറച്ചു നേരത്തിനു ശേഷം നേഴ്സ് വന്നിട്ട് പറഞ്ഞു. “ആരാ കുല്സുവിന്റെ ഇക്കാക്ക? ഇക്കക്കയെ കാണണമെന്ന് ബഹളം വയ്ക്കുന്നു!”

"ഞാനാ സിസ്റ്റർ കുല്സുവിന്റെ ഇക്കാക്ക, എന്താ ന്റെ മോൾക്ക്?"

"നിങ്ങൾ പെട്ടെന്ന് വാ."

“മോൾ ഇവിടെ ഇരിക്ക് ഇക്കാക്ക ഇപ്പോൾ വരാം." ഞാൻ കുല്സുവിനെ കണ്ടപ്പോൾ അവൾക്കു എന്നോട് എന്തോ പറയാനുണ്ടായിരുന്നു.

"ഇക്കാ... ക എനിക്ക് ഒരു..മ്മ തരോ..?"

"ന്റെ മോളെ,", ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു, "ഇല്ല മോളെ ന്റെ കുട്ടിക്ക് ഒന്നുമില്ല."

“ഇക... ക്ക....”

ഞാൻ അവളെ കെട്ടിപ്പിടിച്ചു. അപ്പോളാണ് ഞാൻ മനസിലാക്കുന്നത് അവൾ അനങ്ങാതെ എന്നെ പറ്റിപിടിച്ചു കിടക്കുന്നത്.

“മോളെ.., മോളെ! ഒന്ന് കണ്ണ് തുറക്കെടാ! ഇക്കാക്കായ വിളിക്കുന്നെ. പടച്ചവനെ എന്റെ പോന്നു മോൾ എന്ത് തെറ്റാണു ചെയ്തത്!”, ഞാൻ വാവിട്ടു കരഞ്ഞു. ഡോക്ടറും നേഴ്സും എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഞാൻ പതിയെ ICU ന്റെ വെളിയിൽ ഇറങ്ങി. എന്നെ കണ്ടതും ഷാഹിനമോൾ ഓടി വന്നു.

"ഇക്കാക്ക, കുൽസു എവിടെ? അവൾ എന്താ പറഞ്ഞത്?"

"അവൾ ഇപ്പോൾ വെളിയിൽ വരും. നീ അപ്പോൾ കണ്ടാമതി ഇതിൽ കൂടുതലൊന്നും നീ എന്നോട് ചോദിക്കരുത്!"

"ഇക്കാക്ക നമ്മുടെ കുൽസു, മോളെ.... ഉമ്മാ... നമ്മുടെ കുൽസു...!"

ഉമ്മാന്റെ മയ്യത്ത് ഖബർ അടക്കിയതിനു അടുത്തായി കുൽസുവിന്റെയും മയ്യിത്ത് ഖബർ അടക്കി. കുല്സുവിന്റെ മരണം എനിക്കും ഷാഹിന മോൾക്കും താങ്ങാവുന്നതിലും അധികം ആയിരുന്നു. എന്റെ പഴയ ഉൽസാഹമൊക്കെ പോയി. ഷാഹിന മോൾ ആണെങ്കിൽ പഴയ സംസാരമൊന്നുമില്ല. ഏപ്പോഴും കൂടെ ഉണ്ടാകുമെന്ന് കരുതിയ ഞങ്ങളുടെ കുഞ്ഞനുജത്തിയുടെ വേർപാട് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഇന്നാണ് ഹാജിയാരുടെ മകൻ സമീർ MBA പഠനം പൂർത്തിയാക്കി ലണ്ടനിൽ നിന്നും വരുന്നത്. അതോണ്ട് തന്നെ ഹാജിയാരുടെ വീട്ടിൽ വലിയ ആഘോഷം ആയിരുന്നു. എന്നെ കണ്ടതും സമീർ ചോദിച്ചു.

"നീ ആ അബു അല്ലെ? നീ ഇപ്പോൾ ഉപ്പാന്റെ കൂടെയാണോ?"

“അതെ.”

"കേട്ടോ ഉമ്മ, ഇവൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇവനെ കണ്ടു പഠിക്കു, ഇവനെ കണ്ടു പഠിക്കൂന്നു പറഞ്ഞു സാർമാരു എനിക്കൊക്കെ എത്രയ തല്ലിയത്! എന്നിട്ടിപ്പോൾ ഞാൻ എവിടെ കിടക്കുന്നു, ഇവനെവിടെ കിടക്കുന്നു! കഷ്ടം!", സമീറിന്റെ പരിഹാസപരമായ സംസാരം എന്നെ വേദനിപ്പിച്ചു.

"നോക്കി നിൽക്കാതെ മോന്റെ പെട്ടിയും, സാധനങ്ങളും മുറിയിൽ കൊണ്ട് പോയി വെക്കെടാ..", ഹാജിയാരുടെ ഭാര്യ വിളിച്ചു പറഞ്ഞു. അതും എടുത്തു വെച്ച് ഞാൻ നേരെ വീട്ടിൽ പോയി. എന്നെ കണ്ടതും ഷാഹിന മോൾ ചോദിച്ചു. "എന്താ ഇക്കാക്ക, ഹാജിയാരുടെ വീട്ടിൽ ഒച്ചയും ബഹളവുമൊക്കെ?"

"അതോ, ഹാജിയാരുടെ മകൻ സമീർ പഠിത്തം കഴിഞ്ഞു വന്നിട്ടുണ്ട്."

"ഓ, ആ അലവലാതി ആണോ?"

"എന്താ മോളെ?"

“ഒന്നുല്ല ഇക്കാക്ക, ഞാൻ പത്തിൽ പഠിക്കുമ്പോൾ എന്റെ പുറകെ നടന്നു ഇവൻ കുറെ ശല്യം ചെയ്തിട്ടുണ്ട്. ഞാൻ ഈ കാര്യം ഉമ്മാനോട് പറഞ്ഞതാ. ഉമ്മ പറഞ്ഞു ഇക്കക്കനോട് ഈ കാര്യം പറയരുത് എന്ന്. അതാ ഞാൻ ഈ കാര്യം പറയാതെ ഇരുന്നത്. പിന്നീട് വേറെ ശല്യം ഒന്നും ഉണ്ടായിട്ടില്ല."

"ഉം അതുശരി! മോളെ, എനിക്ക് കുറച്ചു വെള്ളം കുടിക്കാൻ കൊണ്ട് വാ. വല്ലാത്തൊരു ക്ഷീണം. അൽപനേരം ഒന്ന് കിടക്കട്ടെ."

"എന്താ ഇക്കാക്ക എന്ത് പറ്റി?"

"ഒന്നുല്ല മോളെ, നീ പോയി വെള്ളം കൊണ്ടു വാ."

കുറച്ചു നാളുകൾക്കു ശേഷം ഒരു ദിവസം ഹാജിയാർ വന്നിട്ട്, "അബു, നീ ഇപ്പോൾ തീരെ ഉഴപ്പാണല്ലോ. കുറച്ചു ദിവസമായി നീ ജോലിയിലൊന്നും ശ്രദ്ധിക്കുന്നില്ലല്ലോ. അനിയത്തിക്ക് ജോലി കിട്ടുമെന്ന് കരുതിയാണോ നീ ഇങ്ങനെ ഉഴപ്പുന്നത്? ആദ്യം അവളുടെ റിസൾട്ട് വരട്ടെ, എന്നിട്ടല്ലേ ബാക്കി."

"അതൊന്നുമല്ല ഹാജിയാരെ, എനിക്ക് തീരെ സുഖമില്ലായിരുന്നു. അതാ ഞാൻ."

"എന്നിട്ട് കണ്ടിട്ട് വലിയ കുഴപ്പമൊന്നും തോന്നുന്നില്ലല്ലോ. ശരി ഞങ്ങൾ നാളെ രാവിലെ പാലക്കാട് കല്യാണത്തിന് പോകും വരുമ്പോൾ ഒരുപാട് ലേറ്റ് ആകും. നീ നാളെ രാവിലെ മില്ലിൽ പോയി അവിടുത്തെ കാര്യങ്ങൾ നോക്കണം. സമീർ ബാംഗ്ലൂർ പോയിരിക്കുവാണ്. അവൻ വരുമ്പോൾ ഞങ്ങളെ കണ്ടില്ലെങ്കിൽ കല്യാണത്തിനു പോയ കാര്യം പറയണം. ഇതും പറഞ്ഞു ഹാജിയാർ പോയി.

"ഇക്കാക്ക, എന്താ ഹാജിയാർ പറഞ്ഞിട്ട് പോയത്?"

"നാളെ അവർ കല്യാണത്തിന് പോകും, രാവിലെ മില്ലിൽ പോകണമെന്ന് പറയാൻ വന്നതാ."

"അത് ശരി, ഈ ചായ ഇക്കാക്ക ഇതുവരെ കുടിച്ചില്ലേ? അതിപ്പോൾ ചൂടാറിക്കാണും."

"മോളെ ഇക്കാക്ക ഒന്ന് പുറത്തു പോയിട്ട് വരാം. നീ കതക് അടച്ച് അകത്തിരുന്നോ."

"എവിടെ പോകുന്നു ഇക്കാക്ക?"

"ഒരു കൂട്ടുകാരനെ കണ്ടിട്ട് വരാം."

"ശരി ഇക്കാക്ക."

പിറ്റേ ദിവസം രാവിലെ ഞാൻ മില്ലിൽ പോയി. അവിടുത്തെ ജോലി കഴിഞ്ഞു നേരെ ആശുപത്രിയിലേക്കാണ് പോയത്. ഇന്നലെ കൂടുകാരനെ കാണാൻ പോകുന്നു എന്ന് പറഞ്ഞു വന്നത് ആശുപത്രിലേക്ക് ആയിരുന്നു. ഇന്നാണ് സ്കാൻ ചെയ്ത റിസൾട്ട് തരാമെന്ന് പറഞ്ഞേക്കുന്നത്. ഞാൻ നേരെ ഡോക്ടറുടെ റൂമിലേക്ക് ആണ് പോയത്. എന്നെ കണ്ടതും ഡോക്ടർ, "വാ അബു, ഇരിക്കൂ. എങ്ങനെ പറയണമെന്ന് എനിക്കറിയില്ല."

"എന്താ ഡോക്ടർ പറയൂ."

“അബുവിന്റെ സ്കാൻ ചെയ്ത റിസൾട്ട് നെഗറ്റീവ് ആണ് കാണിക്കുന്നത്. അതെ അബുവിന്റെ ഉമ്മയുടെ അതെ അസുഖം വയറ്റിൽ കാൻസർ. ഇതിപ്പോൾ പ്രാരംഭഘട്ടമായതിനാൽ നമ്മുക്ക് ചികിത്സിച്ചു ഭേദമാക്കം. ആദ്യം അബു ഇതിനോട് സഹകരിക്കുക."

"സഹകരിക്കാം, സഹകരിക്കാം ഡോക്ടർ.", വേറെ ഒന്നും പറയാതെ ഞാൻ ആശുപത്രിയുടെ പുറത്തിറങ്ങി നേരെ വീട്ടിലേക്കു നടന്നു. മനസ് മുഴുവനും ഷാഹിനമോൾ ആണ്. ന്റെ റബ്ബേ, എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ ഷാഹിനമോൾ! അവൾ എന്ത് ചെയ്യും?! ഒന്നും അറിഞ്ഞിട്ടില്ല എന്ന മട്ടിൽ ഞാൻ വീട്ടിൽ എത്തി.

"മോളെ, ഇക്കാക്കാക്ക് കുടിക്കാൻ വെള്ളം കൊണ്ടു വാ. മോളെ, ഈ കുട്ടി വാതിലും തുറന്നിട്ട് എന്ത് എടുക്കുവാ, മോളെ ഷാഹിനാ..."

"ഇക്കാക്ക, പതിഞ്ഞ സ്വരത്തിൽ അവൾ വിളിച്ചു.

"നീ വെട്ടമൊന്നും ഇടാതെ എന്ത് ചെയ്യുകയാണ്?", ഞാൻ ലൈറ്റ് ഇട്ടതും ആ കാഴ്ച കണ്ടു ഞെട്ടി! കട്ടിലിന്റെ ഓരത്ത് വിറങ്ങലിച്ചു ഇരിക്കുന്ന ഷാഹിനമോൾ. റൂമിലെ സാധനങ്ങൾ എല്ലാം ചിതറി കിടക്കുന്നു.

"മോളെ എന്ത് പറ്റിയെടാ നിനക്ക്?!"

"ഇക്ക.. ക്കാ.... ആ സമീർ, സമീർ ഇവിടെ വന്നു എന്നെ കയറി പിടിച്ചു! എനിക്ക് രക്ഷപ്പെടാൻ മാർഗമില്ലെന്നു ആയപ്പോൾ കൈയ്യിൽ കിട്ടിയ കത്തികൊണ്ടു ഞാൻ അവനെ വെട്ടി! അവൻ വേദനിച്ചു കൊണ്ടു പുറത്തേക്കു ഓടി."

"ന്റെ ഉമ്മാ, ഞാൻ എന്താ ഈ കേൾക്കുന്നത്! എന്റെ അനിയത്തിയെ സംരഷിക്കാൻ എനിക്ക് പറ്റിയില്ലല്ലോ?", ഞാൻ വാവിട്ടു കരഞ്ഞു.

"ഇക്കാക്ക, എനിക്ക് പേടി ആകുന്നു! എന്നെ തനിച്ചാക്കി ഇക്കാക്ക എങ്ങും പോകരുത്!"

"ഇല്ല മോളെ, ഇനി മോളെ തനിച്ചാക്കി ഇക്കാക്ക എവിടെയും പോകില്ല! ഞാൻ എവിടെ പോയാലും ന്റെ മോളും ഒപ്പം ഉണ്ടാകും.", എന്റെ കണ്ണീരു തുടച്ചു.

"സാരമില്ല മോളെ നമ്മുക്ക് ഒരു യാത്ര പോകാം, ആരുടേയും ശല്യമില്ലാത്ത ഒരു ഇടത്തേക്ക്. അതിനു മുൻപ് നമ്മുക്ക് എന്തെങ്കിലും കഴിക്കാം. ഞാൻ പോയി ഭക്ഷണം എടുത്തിട്ട് വരാം. മോൾ ഇവിടെ ഇരിക്കൂ."

"മോളെ ഇത് കഴിക്ക്.", ഞാൻ ഒരു ഉരുള ഉരുട്ടി അവൾക്കു കൊടുത്തു. അടുത്തത് ഞാൻ കഴിച്ചു. രണ്ടാമത്തെ ഉരുള അവൾ വാങ്ങിയിട്ട്, "ഇക്കാക്ക, ഇതിൽ വിഷം കലർത്തിയിട്ടുണ്ട് അല്ലെ? എനിക്ക് ഇത് അറിയാമായിരുന്നു."

"മോളെ, ഇക്കാക്കയോട് ക്ഷമിക്കൂ. മോളെ സംരഷിക്കാൻ ഇക്കാക്ക് പറ്റിയില്ല. മോൾക്ക് അറിയുമോ എനിക്കും ഉമ്മയുടെ അതെ അസുഖമാണ്. നാളെ ഞാൻ മരിച്ചാൽ എന്റെ മോൾ ഒറ്റക്കാകും. അപ്പോൾ സമീറിനെപ്പോലുള്ള കഴുകന്മാർ നിന്നെ പിച്ചി ചീന്തും. അതിനു ഞാൻ ഒരിക്കലും സമ്മതിക്കില്ല. നമ്മുക്ക് പോകാം ഉപ്പയും ഉമ്മയും കുല്സുവും ഉള്ള ആ ലോകത്തേക്ക്!"

"പോകാം ഇക്കാക്ക, എന്റെയും ആഗ്രഹം അത് തന്നെ ആയിരുന്നു. കുൽസു നമ്മളെ വിട്ടു പോയപ്പോൾ തന്നെ മനസ്സിൽ തോന്നിയതാ. ഇക്കാക്കാനോട് ഇത് ഞാൻ എങ്ങനെയാ പറയുക, അതോണ്ട് ഒന്നും മിണ്ടിയില്ല. നമ്മുക്ക് പോകാം ഇക്കാക്ക ഈ ലോകത്ത് നിന്നും."

"മോള് എന്റെ മടിയിൽ തല വെച്ച് കിടന്നോ. ഉമ്മ പാടാറുള്ള ആ പാടു ഞാൻ പാടി തരാം."

"ഉരുകുന്ന മനസിന് കുളിരേകൂ, തളരുന്ന മനസ്സിന് തണലേകൂ..."

പിറ്റേന്നു രാവിലെ പത്തായപ്പുരയുടെ മുൻപിൽ ആൾക്കൂട്ടം. "അബു ഇറങ്ങി വാടാ, നീ കതകും പൂട്ടി അകത്തിരിക്കുവാണോ? ഇറങ്ങി വാടാ വെളിയിൽ! ഹാജിയാരുടെ മകനെ വെട്ടിയിട്ട് അകത്തിരിക്കുവാണോ!?", ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

കുറേ നേരമായിട്ടും അകത്തു നിന്നും അനക്കമൊന്നും ഇല്ലാത്തതിനാൽ കൂടിനിന്നവരിൽ ഒരാൾ ജനൽ പാളി തുറന്നു നോക്കി.

"അയ്യോ, ഹാജിയാരെ. അകത്ത്!"

"എന്താടാ, ചവിട്ടി പൊളിക്കെടാ കതക്!"

അവർ കതക് ചവിട്ടി പൊളിച്ചു അകത്തു കടന്നതും ആ കാഴ്ച കണ്ടു ഞെട്ടി! അബുവിന്റെ മടിയിൽ കിടക്കുന്ന ഷാഹിന. അബുവിന്റെ വായിൽ നിന്ന് ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. സമീപത്ത് ആയി അവർ കഴിച്ചതിന്റെ ബാക്കി ഭക്ഷണം ചിതറി കിടക്കുന്നു. ഒരുവേള എന്ത് ചെയ്യണമെന്ന് അറിയാതെ ഹാജിയാര് സ്തംഭിച്ചു നില്പ്പുണ്ടായിരുന്നു.

ഇതിനിടയിൽ കുറച്ച് ആളുകൾ ഷാഹിനയുടെ വീട് തിരക്കി വന്നു. അവർ നേരെ ഹാജിയരോട് ഷാഹിനയുടെ വീട് ഏതാന്നു തിരക്കി.

"ഈ വർഷത്തെ എഞ്ചിനീയറിംഗ് ഒന്നാം റാങ്ക് ഷാഹിനക്കാ...", കൂട്ടത്തിൽ ഒരാൾ പറഞ്ഞു.

"ഇതാ ഷാഹിനയുടെ വീട്, അവൾ അകത്തുണ്ട്."

മനസാക്ഷിയുള്ള ഏതൊരാളും കണ്ടാലും തകർന്നു പോകുന്ന ആ കാഴ്ച കണ്ട് അവർ ഞെട്ടി. ഷാഹിനയുടെ ചിരിക്കുന്ന ഫോട്ടോ എടുക്കാൻ വന്നവർ അവളുടെ ചിരി മാഞ്ഞുപോയ ആ മുഖത്തിന്റെ ഫോട്ടോ എടുത്തു. പിറ്റേന്നു പത്രങ്ങളിലൂടെ നാട്ടുകാർ ആ സഹോദരന്റെയും സഹോദരിയുടെയും ദാരുണ മരണം അറിഞ്ഞു.

***

ജീവിതത്തിൽ ഒരിക്കൽ പോലും സന്തോഷം അറിയാത്ത അബു എന്ന സഹോദരന് ആയിരമായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. നമ്മുക്ക് ചുറ്റും അബുവിനെ പോലെ ഒരുപാട് സഹോദരങ്ങൾ ഉണ്ട്. അവരെപ്പോലുള്ളവരെ കണ്ടെത്തി നമുക്ക് സഹായിക്കാം.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.