ഇനിയെന്ന്

ജാതി മത വർഗ്ഗീയതയുടെ മതിൽക്കെട്ട് ഭേദിച്ച്, പെണ്ണിനെ മാംസക്കഷ്ണമായ് കാണുന്ന നരാധമന്മാരുടെ കണ്ണിൽപ്പെടാതെ ഒരു അപ്പൂപ്പൻതാടിയായി പാറി നടക്കാൻ അവൾ ആഗ്രഹിച്ചു. എന്നിട്ട് ലോകത്തോട്‌ വിളിച്ചു പറഞ്ഞു, "ഞാനും നിങ്ങളിലൊരാൾ.., ഞാനും സ്വതന്ത്ര! രാത്രിക്കോ പകലിനോ എന്റെ യാത്രയെ തടസപ്പെടുത്താൻ ആവില്ല ഇനി. എനിക്ക് ചുറ്റും രക്ഷാവലയം തീർത്തു നിൽക്കുന്നവർ ഭാരതാംബയുടെ മണ്ണിലെ സഹോദരങ്ങളാണ്."

പക്ഷെ ഇതൊക്കെ അവളുടെ വ്യാമോഹങ്ങൾ ആയിരുന്നു. അവൾക്കും എനിക്കും ചുറ്റും പാറിനടക്കുന്നത് കഴുകൻകണ്ണുള്ള നികൃഷ്ടജീവികളാണ്. പെണ്ണിന്റെ സ്വപ്നങ്ങൾക്ക് പുഴുവരിക്കാൻ തുടങ്ങിയിരിക്കുന്നു. അവളുടെ ആഗ്രഹങ്ങൾ അടുപ്പിൽ പുകയുന്നു. അവളുടെ സ്ത്രീത്വത്തിന് പട്ടണത്തിൽ വില പേശുന്നു...

ഈ സമൂഹത്തിൽ ശബ്ദം നഷ്ടപ്പെട്ട അവൾ ഹൃദയം വലിച്ചു കീറി കാണിച്ചു കൊടുത്തു, "എന്റെ മനസ്സിൽ ഇതായിരുന്നു, ഞാൻ പറയാൻ ബാക്കി വച്ചതും ഇതായിരുന്നു. ഇനി എന്നാണ് 'ഒരു ഉപഗുപ്തസഹോദരൻ' ഇവിടെ ഉണർന്നെഴുന്നേൽക്കുക? മാരനായിട്ടല്ല.., മണവാളൻ ആയിട്ടല്ല, പെണ്ണിന്റെ മാനം കാക്കുന്ന സഹോദരൻ ആയിട്ട്..!"

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.