ഇവിടെ സ്വർഗ്ഗമുണ്ട്

ഒരാളിവിടെ അരമണിക്കൂറായി ഉറക്കമിളച്ച് കാത്തിരിക്കുകയാണ്. എന്നാൽ വന്നു കിടക്കുമ്പോഴെങ്കിലും ഒന്നു മൈൻഡ് ചെയ്തു കൂടെ. കിടന്നാൽത്തന്നെ ഉറങ്ങാൻ ഒരുപാട് സമയമെടുക്കാറുണ്ട്. എന്നാലും ഒന്നും മിണ്ടൂല. അദ്ദേഹത്തെ എന്തോ വല്ലാതെ അലട്ടുന്നുണ്ടെന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സ്നേഹം ആവോളം ആസ്വദിക്കാനും ഓരോ ജീവിക്കും വേണ്ട കഴിവ് ഈശ്വരൻ കൊടുത്തിട്ടുണ്ട്. എനിക്ക് സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ലാ എന്നൊരു തോന്നലുണ്ടെങ്കിൽ എന്നെയെന്തിനു കണ്ടില്ലാന്നു നടിക്കുന്നു?

എനിക്ക് പ്രണയം വളരെയധികം ഇഷ്ടമായിരുന്നു. എങ്ങനെയാ പ്രണയിക്കുക എന്നൊന്നും ചോദിച്ചാൽ എനിക്ക് അറിഞ്ഞൂടാ. എന്നാൽ സ്നേഹം വാരിക്കോരി കൊടുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. നിങ്ങളെ വേദനിപ്പിക്കുന്നത് എന്താണെന്ന് അറിഞ്ഞിരുന്നെങ്കിൽ സ്നേഹം കൊണ്ട് അതിനെ ഇല്ലാതാക്കാൻ എനിക്കാവുമായിരിക്കും. ഒന്നിങ്ങോട്ടു തിരിഞ്ഞു കിടന്നാൽ എന്താ കുഴപ്പം?

സ്നേഹത്തോടെ ഒന്നു തലോടിയാലോ..? വേണ്ട. ആദ്യം കൈ കൊണ്ട് ഒന്നു പുണരാം. ഉം... വേണ്ട. ഇനി ദേഷ്യഭാവത്തിലാണെങ്കിൽ കൈ തട്ടിമാറ്റിയാൽ എനിക്ക് സങ്കടാവും. പക്ഷെ ഞാൻ... കുറച്ചു ദിവസം ഞാൻ എവിടെയായിരുന്നു?

* * *

ഏതാണ്ട് കോളേജ്കാലം തൊട്ടാവണം ഞാൻ പ്രണയത്തെ കൂടുതൽ അടുത്തറിഞ്ഞു തുടങ്ങിയത്. സ്നേഹം എന്നത് ഭദ്രമായി പൊതിഞ്ഞു തട്ടിൻപുറത്തു വച്ചിരിക്കുന്ന അച്ഛനും, തൊട്ടതിനെല്ലാം കുറ്റം പറഞ്ഞു തല്ലാൻ വേണ്ടി മാത്രം കൈ ഉപയോഗിക്കുന്ന ജ്യേഷ്ഠനും ഇടയിൽ എപ്പോഴാണ് സ്നേഹത്തെ ഇത്രയും പവിത്രതയോടെ അടുത്തറിഞ്ഞത്. 'സ്നേഹമാണഖിലസാരമൂഴിയിൽ' എന്നത് മനുഷ്യമനസ്സിൽ ആഴത്തിൽ പഠിപ്പിക്കാൻ തൂലിക ചലിപ്പിച്ചിരുന്ന കവിഹൃദയങ്ങൾ എന്നെ വല്ലാതെ സ്വാധീനിച്ചിരിക്കണം. മനസ്സിൽ നിന്നും ഒരിക്കലും മായാതെ നിർത്താൻ ദൃശ്യരൂപേണ വെള്ളിത്തിരയിൽ പതിപ്പിച്ചു വെച്ച മഹത് രചയിതാക്കളുടെ ഭാവനകളും എന്റെ മധുരപ്പതിനേഴിനെ മുപ്പതിന്റെ പക്വത വരുതിച്ചിരിക്കണം.

എന്നിട്ടും ഞാനെന്തേ ആരെയും പ്രണയിക്കാതിരുന്നെ? കോളേജ് വരാന്തയിലൂടെ ഒന്നു നടന്നു പോകുമ്പോൾ അറിയാതെ രണ്ടുവട്ടം തിരിഞ്ഞു നോക്കിപ്പോയതിനാണ് പ്ലസ്ടുക്കാരൻ ശ്യാമൻ പിറ്റേന്ന് അണിഞ്ഞൊരുങ്ങി മുന്നിൽ വന്നു നിന്ന് പറഞ്ഞത്‌, "നിന്നെ എനിക്ക് ഇഷ്ടമാണ്, ഐ ലവ് യു"

ഞാൻ ഞെട്ടിപ്പോയി, "എന്നെയോ! എന്നെ നേരത്തെ അറിയോ?"

"ഇല്ല, ആദ്യമായിട്ട് കാണുവാ ഇന്നലെ. ആദ്യനോട്ടത്തിൽ തന്നെ ഇയാളെ ഇഷ്ടായി!"

ഇങ്ങനെയാണ് ചില ആണ്‍കുട്ടികൾ. ചീത്ത കൂട്ടുകെട്ടുകൾ അഭിമാനമായിക്കണ്ടു മൊബൈലിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന അശ്ലീലങ്ങളെ വേണ്ടുവോളം ആവാഹിച്ചു കാമം മൂത്തപ്പോൾ വഴിയേ പോയ ഒരു പെണ്‍കുട്ടി അറിയാതെ രണ്ടുവട്ടം തിരിഞ്ഞു നോക്കിയപ്പോൾ അവനു പ്രേമം തോന്നിപ്പോയി പോലും! ശരി, സമ്മതിച്ചു! എന്നെ കണ്ടപ്പോൾ നിനക്ക് പ്രേമം തോന്നി. എനിക്ക് തിരിച്ചും തോന്നണ്ടേ? പ്രണയം എന്നത് പ്രഥമദർശനത്തിൽ ഉണ്ടാവുന്ന ഒന്നാണെങ്കിൽ നിന്നോടെനിക്കെങ്ങനെയാ അത് തോന്നേണ്ടത്? ഏതു നിമിഷവും അഴിഞ്ഞു വീഴാവുന്ന പാന്റ് അടി വസ്ത്രത്തിന്റെ പാതിയിൽ ചാർത്തി വച്ചിരിക്കുന്ന നിന്റെയീ പ്രാകൃത മോഡൽ രൂപം കണ്ടിട്ടോ? രണ്ടു മനസ്സുകൾ അടുത്തറിയുമ്പോൾ ഉണ്ടാവുന്ന പ്രണയത്തിനു മാത്രമല്ലേ നിഷ്കളങ്കത ഉണ്ടാവൂ?

എനിക്കായി വിധിക്കപ്പെട്ടയാൾ എന്നെ മനസ്സിലാക്കി എന്റെ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ എന്നെങ്കിലും വരും. അന്നവനെ എന്നിൽ നിക്ഷിപ്തമായ, ഞാൻ അനുഭവിക്കാൻ ആഗ്രഹിക്കുന്ന സ്നേഹവും പ്രണയവും കൊണ്ട് വീർപ്പു മുട്ടിക്കാം. അന്ന് ഈ ലോകം ഞങ്ങൾക്ക് വേണ്ടി ഉള്ളതാണെന്ന് തോന്നും. ഈ ഭാരതാംബയുടെ മകളായി പിറന്ന് ഇവിടത്തെ സംസ്കാരത്തിന്റെ ചൂട് പറ്റി ജീവിച്ചു വന്നത് കൊണ്ടല്ലേ വിവാഹത്തെയും ജീവിതപങ്കാളിയെയും ഒരു പുണ്യമായി കാണാൻ ഇവിടത്തെ സ്ത്രീ ജന്മങ്ങൾക്ക് കഴിയുന്നത്‌? ഭാരതഭൂമിക്കു നന്ദി.

* * *

അദ്ദേഹം ലൈറ്റും ഓണ്‍ ചെയ്തു വീണ്ടും എവിടെയാ എഴുന്നേറ്റു പോയത്? ടെൻഷൻ വരുമ്പോഴൊക്കെ ഓരോ സിഗരറ്റ് പാക്ക് തീരുന്നത് പതിവാണ്. ഒരു സാധാരണയിലും താഴെയുള്ള കുടുംബത്തിൽ നിന്നും അധികം മോശമല്ലാത്ത ഒരു സമ്പന്നന്റെ ഭാര്യയായി വന്നപ്പോൾ പൊരുത്തപ്പെട്ടുവരാനെടുക്കുന്ന സമയമായിട്ടാണ് വിവാഹത്തിന്റെ ആദ്യദിനങ്ങളെ ഞാൻ കണ്ടത്. പക്ഷെ ഒരു ബിസ്സിനസ്സ്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ തിരക്ക് പിടിച്ച ജീവിതത്തിലെ ഇടവേളകളെ സമ്പുഷ്ടമാക്കിയ മറ്റു പലതുമാണ് ആ പൊരുത്തക്കേടിനു കാരണം എന്ന് അദ്ദേഹത്തിന്റെ ജീവിതം എനിക്ക് മനസ്സിലാക്കിത്തന്നു. സ്വന്തം സുഖദുഃഖങ്ങൾ പങ്കു വെയ്ക്കുന്നത് മദ്യത്തോടും സ്വകാര്യചാറ്റിങ്ങിനോടും മാത്രമായി ഒതുങ്ങിയിരുന്നു. ഒരു ഭാര്യയുടെ മനസ്സ് ഒരിക്കലും അറിയാൻ ആഗ്രഹിച്ചിരുന്നില്ല. ഞാൻ താലോലിച്ചു ഒരുക്കി വെച്ച എന്നിലെ സ്നേഹസങ്കൽപ്പങ്ങൾ എല്ലാം അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തലുകളിൽ ഒഴുകിപ്പോയി.

ഒരാണിനു ചെയ്യാവുന്ന കൊള്ളരുതായ്മകളെല്ലാം അദ്ദേഹം കാണിക്കുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഒരു പഴുതിനായി പ്രാർത്ഥിക്കുകയായിരുന്നു ഞാൻ. പരസ്ത്രീബന്ധം വിനോദമാക്കുന്നത് ഒരാണിന്റെ തന്റേടമായി എന്റെ മുന്നിൽ അവതരിപ്പിച്ചപ്പോൾ ഞാൻ സ്ത്രീജന്മങ്ങൾക്ക്‌ മാത്രമായി കനിഞ്ഞുകിട്ടിയ സഹിഷ്ണുതയുടെ നെല്ലിപ്പടിയിൽ എത്തിയിരുന്നു. ഞാൻ സ്വപ്നം കണ്ട ജീവിതം കൈയ്യെത്താദൂരത്തേക്കു പോകുന്നത് നിസ്സഹായയായി നോക്കി നിൽക്കേണ്ടി വന്നു. നിത്യവും പാദപൂജ ചെയ്യേണ്ട ആ ഭർതൃപാദങ്ങളിൽ ഇനി എന്റെ കൈ പതിയില്ലെന്നു തോന്നിയതോടെ എന്റെ മനസ്സും മലിനമാകുന്നത് ഞാനറിഞ്ഞു. ആ മാലിന്യവും സ്ത്രീ മനസ്സിന്റെ അബലതയും കൂടി ചേർന്നപ്പോഴാണ് ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ അപരാധത്തിലേക്ക് എന്റെ ചിന്ത പതിഞ്ഞത്. ഒരു ശീലത്തുമ്പിൽ ശരീരം തൂക്കിനിർത്തി ആത്മാവുമായി സങ്കടങ്ങളില്ലാത്ത ലോകത്തേക്ക് യാത്ര തിരിച്ചത് ഭീരുത്വമായിരുന്നു. പ്രപഞ്ചസ്രഷ്ടാവേ.., മാപ്പ്.

* * *

ഇവിടെ വന്നിരിക്കുകയായിരുന്നോ? ഇപ്പോഴെന്തേ ഈ മനസ്സിലൊരു വിങ്ങൽ? ഈ രാത്രികൾക്കെന്തേ നിദ്രയുടെ ശാന്തി ലഭിക്കാത്തെ? ഈ കണ്ണിൽ നിറഞ്ഞിരിക്കുന്ന കണ്ണുനീരിന് എന്തെങ്കിലും അർത്ഥമുണ്ടോ? കുറ്റബോധത്തിൽ നിങ്ങളുടെ മനസ്സു പിടയുന്നുണ്ടെങ്കിൽ പശ്ചാത്താപത്തിനു സമയം വൈകിപ്പോയില്ലേ? ദേഹിയായ എന്നെ, എന്നിലെ കൗമാരകാലത്തെ സ്നേഹോഷ്മള സ്വപ്നങ്ങളാണ് വീണ്ടും നിങ്ങളുടെ അടുത്തേക്ക് എത്തിച്ചത്. എന്നാൽ ആ മുറിയും അന്തരീക്ഷവും എന്റെ തകർത്തെറിയപ്പെട്ട ദാമ്പത്യത്തിന്റെ അവസാനനാളുകളെ ഓർമ്മപ്പെടുത്തി. എങ്കിലും ഞാൻ അനുഭവിക്കാത്ത എന്റെ സ്വപ്‌നങ്ങൾ, ഇപ്പോൾ നിങ്ങളിൽനിന്നുതിരുന്ന കണ്ണുനീരിലെ കുറ്റബോധത്തിൽ അലിഞ്ഞ സ്നേഹസ്പർശമായി എന്റെ കുഴിമാടത്തിലെ പനിനീർ പുഷ്പങ്ങളെയെങ്കിലും തഴുകി താലോലിക്കട്ടെ.

ഭാരതസംസ്കാരം നെഞ്ചിലേറ്റിയ സ്ത്രീയുടെ പാതിവ്രത്യത്തിന്റെ പവിത്രത തിരിച്ചറിയുന്ന എല്ലാ ദാമ്പത്യത്തിന്റെയും ദീർഘായുസ്സിനായി പ്രാർത്ഥിച്ചുകൊണ്ട് പരലോകപ്രവേശം നിഷേധിക്കപ്പെട്ട ഈ ആത്മാവ് മോക്ഷപ്രാപ്തി നേടിക്കൊള്ളാം.

* * *

എന്താണ് ഈ ഭാരതസംസ്കാരം എന്ന് ഇപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്ന മനുഷ്യാ, നീ അറിയുക, സ്നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു തലമുറയെ സൃഷ്ടിക്കാൻ കഴിവുള്ള ജീനുകളാണ് നിന്നെ ഇവിടെ കാത്തിരിക്കുന്നത്. ആ തലമുറയിൽ പാതി നിന്റെ സംസ്കാരമായിരിക്കും!

ഇവിടെ സ്വർഗ്ഗമുണ്ട്, ജീവിക്കാൻ അറിയുമെങ്കിൽ..!

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.