ജ്യോതിർഗമയ

സമയം കാലത്ത് ഏഴു മണി. ഇറയത്തെ മുറ്റത്തു നിന്നും നോക്കിയാൽ കാണാവുന്ന ചുമരിലെ പഴയ പെൻഡുലം ക്ലോക്ക് മണി ഏഴടിച്ചു. അടുക്കളയിൽ നിന്നും അമ്മയുടെ വിളി., "മോനേ മനു..., എണീറ്റേ..., മണി ഏഴായി". " ഉം..." ഉറക്കം വിട്ടുമാറാത്ത ഒരു മൂളൽ. അമ്മ നിലത്തു അടുപ്പിനരികിൽ ഇരുന്നുകൊണ്ട് ദോശ ചുടുകയായിരുന്നു. കുറച്ചു കഴിഞ്ഞ് വീണ്ടും അമ്മ, "എണീക്കെടാ മനു...", "എണീറ്റമ്മേ...", കിടക്കപ്പായയിൽ പുതപ്പിനടിയിൽ നിന്നും മനു അമ്മയ്ക്കുത്തരം കൊടുത്തു. ഉറക്കപ്പിച്ചിൽ മനു എണീറ്റുവന്ന് ഇറയത്തെ വാതിൽപ്പടിയിൽ ഇരുന്നു പുറകോട്ടു നോക്കി, ക്ലോക്കിലേക്ക്. മണി എട്ടു കഴിഞ്ഞിരിക്കുന്നു. പിന്നെ അടുക്കളയിലേക്കു ചെന്നു. അടുക്കളയിലെ പുക പിടിച്ച ചുമരിന്റെ ഉത്തരത്തിണ്ണയിൽ നിന്നും കുറച്ചു ഉമിക്കരിയെടുത്ത്‌ അമ്മ മനുവിന്റെ കുഞ്ഞു കൈവെള്ളയിൽ ഇട്ടുകൊടുത്തു. "കുറച്ചു കൂടി താ അമ്മേ..." മനു കൊഞ്ചി. "ങാ മതി മതി., പോയി പല്ല് തേച്ചു വാ... അമ്മ ചായ എടുത്തു വയ്ക്കാം."

മനുവിന്റെ അമ്മയ്ക്ക് മനു മാത്രമേ ഉള്ളു. മനുവിന് അമ്മയും. അവന് ഒന്നര വയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം. അന്നുമുതൽ പട്ടിണിയും ദാരിദ്രവും പടികടന്നു വന്നതാണു ഈ വീട്ടിൽ. അമ്മ മറ്റു വീടുകളിൽ പണിയെടുത്താണ് ജീവിതമാർഗ്ഗം കണ്ടെത്തുന്നത്.

"വേഗം വാ മനു.., അമ്മയ്ക്ക് പണിയുണ്ട്". അടുക്കളയിൽ നിന്നും അമ്മയുടെ വിളി. മനു വേഗം കൈയും വായും കഴുകി ഇറയത്ത്‌ നിലത്തു ചമ്മ്രം പടിഞ്ഞിരുന്നു. അവന് അടുക്കളയിൽ ഇരിക്കുന്നതിനേക്കാൾ ഇഷ്ടം ഇറയത്താണ്. താൻ തൊട്ടിലിൽ കിടക്കുമ്പോൾ അച്ഛൻ സമ്മാനിച്ച കുറേ കളിപ്പാട്ടങ്ങൾ ഇറയത്തെ മൂലയിൽ ഒരു ചെറിയ നിറം മങ്ങിയ സഞ്ചിയിൽ കെട്ടി വച്ചിരിക്കുകയാണ്. അതിന്നും മനുവിന് പ്രിയപ്പെട്ടവയാണ്. അച്ഛൻ മരിച്ചതിനു ശേഷം തനിക്കു ഇന്നേവരെ കളിപ്പാട്ടം കിട്ടിയിട്ടില്ല. അടുത്ത വീട്ടിലെ ദീപുവിനു അവന്റെ അച്ഛൻ ജെ സി ബി യും ബസ്സും ഒക്കെ കൊണ്ടുവന്നു കൊടുത്തിട്ടുണ്ട്. അതുകാണുമ്പോൾ മനുവിന് കണ്ണ് നിറയും. ഇല്ലത്തെ ഉത്സവത്തിനു മറ്റു കുട്ടികൾ ഐസും ഓംലെറ്റും കഴിക്കുന്നതും ബലൂണ്‍ ഊതി പറപ്പിക്കുന്നതും നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും അവൻ സങ്കടം ഉള്ളിലൊതുക്കും. അമ്മയോട് ഒരാഗ്രഹവും ഇന്നേവരെ പറഞ്ഞിട്ടില്ല അവൻ.

അമ്മ ചായ അവന്റെ മുന്നിൽ കൊണ്ടുവന്ന് വച്ചു. പിന്നെ ഒരു ദോശ എടുത്ത് അവന്റെ കിണ്ണത്തിലിട്ടു. മേലെ കറിയും. ഇടയ്ക്ക് കറി ഉണ്ടാവില്ല. ദോശ മാത്രം. അമ്മയുണ്ടാക്കുന്ന ചൂടു ചൂടു ദോശ അവന് ഏറ്റവും പ്രിയപ്പെട്ടതാണ്. അത് കറിയില്ലാതെ കഴിക്കാനാണു അവന് ഏറെ ഇഷ്ടം. ഇന്നിപ്പോ ചൂടെല്ലാം ആറിയിരിക്കുന്നു.

അമ്മ പണിക്കു പോകുവാൻ ഒരുങ്ങി. "നീ അപ്പുറം പോയി കളിച്ചോ മോനേ..., അമ്മ വൈകീട്ട് കൂട്ടാൻ വരാം". "ഉം... റ്റാറ്റാ... വൈകീട്ട് വേഗം വരണേ...", മനു ദീപുവിന്റെ വീട്ടിലേക്കോടി. അമ്മ വീട് അടച്ചു പൂട്ടി. വീട് പൂട്ടിയിടുന്നത് വെറുതെയാണ്. ഒരാൾ വന്ന് തള്ളിയാൽ തുറന്നു വരും. അത്രയ്ക്ക് കാലപ്പഴക്കം വന്നിരിക്കുന്നു ഇറയത്തെ വാതിലിന്.

അന്ന് വൈകുന്നേരം അമ്മയുടെ മുഖത്ത് നല്ല സന്തോഷം കണ്ടു, മനു. എന്നും അമ്മയ്ക്ക് സങ്കടമാണ്. ഇന്നിതെന്തുപറ്റി..?! പക്ഷെ അതെന്തിനാണെന്നു അവൻ ചോദിച്ചില്ല. രാത്രിയിൽ അവനെ അടുത്തിരുത്തി അമ്മ പറഞ്ഞു, "നിന്നെ പഠിപ്പിക്കാമെന്ന് ഏറ്റിരിക്കുന്നു, ഇല്ലത്തെ വീട്ടുകാർ." മനുവിന്റെ മുഖത്ത് സന്തോഷം തിരതല്ലി. "നേരാണോ അമ്മേ...? എനിക്ക് പള്ളിക്കൂടത്തിൽ പോകാൻ പറ്റുമോ..? പുതിയ ഉടുപ്പും ബാഗും ഒക്കെ കിട്ടുമോ..?" അവന് എല്ലാം അറിയാൻ ആകാംഷയായി. "അതെ മോനേ.., നിനക്ക് പുതിയ ഉടുപ്പും ബാഗും പുസ്തകവും എല്ലാം അവർ തരും. പക്ഷെ എന്റെ മോൻ നല്ലപോലെ പഠിക്കണം..., പഠിച്ചു വലിയ ആളാകണം." മനു അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മയുടെ കണ്ണുകളിൽ നിന്നും സന്തോഷാശ്രുക്കൾ മനുവിന്റെ കവിളിലേക്കു വീണു താഴേയ്ക്ക് ഒലിച്ചിറങ്ങി. അന്ന് രാത്രി രണ്ടു പേരും ഉറങ്ങിയില്ല.

ദീപുവിനും തനിക്കും ഒരേ പ്രായമാണ്. എങ്കിലും അവൻ ക്ലാസ്സിൽ എന്നെക്കാൾ രണ്ടു പടി മുന്നിലെത്തും. എല്ലാവരും എന്നെ കളിയാക്കുമൊ..?! ഇല്ല...,ഞാൻ നന്നായി പഠിക്കും. ദീപുവിനേക്കാൾ വലിയ ആളാകും ഞാൻ... അവന്റെതിനേക്കാൾ വലിയ ജെ സി ബി യും ബസ്സും ഒക്കെ വാങ്ങണം, എനിക്ക്. പല രാത്രികളിലും അവൻ പല പല സ്വപ്‌നങ്ങൾ നെയ്തു കൂട്ടി.

പള്ളിക്കൂടത്തിലെ നാളുകൾ പെട്ടെന്നു തന്നെ നീങ്ങിത്തുടങ്ങി. മനുവും ദീപുവും ഒക്കെ പൊടിമീശക്കാരായി. രണ്ടു ക്ലാസ്സ്‌ പുറകിലാണെങ്കിലും ചിമ്മിനി വെട്ടത്തിൽ ഇരുന്നു പഠിച്ച മനു ടേബിൾ ലാമ്പിന്റെ പ്രകാശത്തിൽ ഇരുന്നു പഠിച്ച ദീപുവിനേക്കാൾ മാർക്ക്‌ വാങ്ങി. "ഞാൻ പഠിച്ചു വലിയ ഡോക്ടർ ആവും അമ്മേ..." ഒരു ദിവസം പാതിരായ്ക്ക് മനു അമ്മയോട് പറഞ്ഞു. അവൻ പറഞ്ഞത് അമ്മ കേട്ടില്ല. "അമ്മേ...." അവൻ ഉറക്കെ വിളിച്ചു. ഇല്ല.., ഇനി ആ കണ്ണുകൾ തുറക്കില്ല.

നാട്ടുകാർ കൂടി. എല്ലാ കർമ്മങ്ങളും കഴിഞ്ഞു. മനുവിനെ ഇല്ലത്തെ വീട്ടുകാർ ഏറ്റെടുത്തു. ആ ഇടയ്ക്ക് ഇല്ലത്തെ വീട്ടുകാർ പറയുന്നത് കേട്ടു, അമ്മയ്ക്ക് കാൻസർ ആയിരുന്നെന്ന്. കരഞ്ഞു തീരാത്ത നാളുകൾ വളരെ തുച്ഛമായി. ഇല്ലത്തുകാർ തന്നെ നന്നായി നോക്കുന്നുണ്ടെങ്കിലും മറ്റെല്ലാ കുട്ടികൾക്കും ഉള്ള എന്തോ ഒന്ന് അവന് നഷ്ടമായത് പോലെ. അന്നവൻ പ്രതിജ്ഞ ചെയ്തു, "ഇനി ഞാൻ കരയില്ല.അമ്മയുടെ ആഗ്രഹം പോലെ പഠിച്ചു വലിയ ആളാവണം. സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കണം."

പഠനം ഗംഭീരമായിത്തന്നെ നടന്നു. ഗുരുനാഥന്മാരുടെ പ്രിയപ്പെട്ടവനായി. ഏതു സാഹചര്യത്തോടും പൊരുതി നിൽക്കാൻ പഠിച്ചു.

കാലങ്ങൾ കഴിഞ്ഞു. നാടിനും വീടിനും അകലെ ഒരു മഹാനഗരത്തിൽ അവൻ പ്രശസ്തനായ ഒരു ഡോക്ടർ ആയി മാറി. നഗരത്തിലെ ഒരു വലിയ വീട്ടിൽ ഭാര്യയും കുട്ടികളും ഒക്കെയായി. ഇല്ലക്കാരോടുള്ള കടപ്പാട് തീരില്ല. എങ്കിലും അവൻ ഇപ്പോഴും വരും. ആ പഴയ കുടിലിലേക്ക്. അവന്റെ അമ്മയുടെ കുഴിമാടത്തിനടുത്തേക്ക്.

പിന്നെയും കാലം കുറെ കഴിഞ്ഞപ്പോൾ ആ പഴയ കുടിലിന്റെ സ്ഥാനത്ത് അവൻ വലിയ വീട് പണിതുയർത്തി. അമ്മയുടെ കുഴിമാടം ഉയർത്തിക്കെട്ടി. നാട്ടിൽ തന്നെ വലിയ ഹോസ്പിറ്റൽ തുടങ്ങി. പാവപ്പെട്ടവർക്ക് സൗജന്യമായി ചികിത്സ നടത്തി. തന്റെ വലിയ വീട്ടിൽ പുറത്ത് നിന്നും നോക്കിയാൽ കാണാവുന്ന ഇറയത്തെ ചുമരിൽ പഴയ പെൻഡുലം ക്ലോക്കും പിന്നെ അമ്മയുടെ മാലയിട്ട പഴയ ഫോട്ടോയും.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.