കരിമൂർഖൻ

എനിക്ക് മൂന്നര വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി കരിമൂർഖനെ കാണുന്നത്, അമ്മയുടെ കൈ പിടിച്ച് അങ്കണ്‍വാടിയിൽ പോവുമ്പോൾ. അതിനു മുൻപും കരിമൂർഖനെ ഞാൻ കണ്ടിരിക്കണം. പക്ഷെ ഓർക്കുന്നില്ല. അമ്മ വാരിത്തരുന്ന ചോറു തിന്നാൻ കൂട്ടാക്കാത്തപ്പോൾ കരിമൂർഖനോടു പറഞ്ഞു കൊടുക്കും എന്ന് അമ്മ പറഞ്ഞിരിക്കണം. ഇന്നത്തെ കുരുത്തം കെട്ട കുട്ടികളെ നിലക്കു നിർത്താൻ അമ്മമാർ ഇടവഴിയിൽ കൂടി പോകുന്ന കരിമൂർഖനെ കാണിച്ചു ഭീഷണിപ്പെടുത്താറുണ്ട്.

എന്റെ കഥാനായകൻ കരിമൂർഖൻ ഒരു പാമ്പല്ല, നാട്ടിലെ പേരെടുത്ത ഒരേയൊരു ചട്ടമ്പിയാണ്. കഴിഞ്ഞ ഇരുപതു വർഷങ്ങൾക്ക് ഇപ്പുറം അയാളുടെ ശരീരത്തിന്റെ എണ്ണക്കറുപ്പുനിറം കുറച്ചു കൂടി ഇരുണ്ടു എന്നല്ലാതെ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.

അയാളുടെ സാമാന്യത്തിലധികം വലിയ ശരീരത്തിലെ ഓരോ മാംസപേശിയും ദൃഢവും കരുത്തുറ്റതും ആയിരുന്നു. മുഖം എപ്പോഴും വലിഞ്ഞു മുറുകിയതും നോട്ടം തീക്ഷ്ണവും ആയിരുന്നു. ഒരു ചട്ടമ്പി എന്ന പ്രതിച്ഛായ ഉണ്ടാക്കാൻ അയാളുടെ ശരീരഘടനയും മുഖഭാവവും ധാരാളമായിരുന്നു.

കരിമൂർഖൻ എന്ന ഇരട്ടപ്പേര് അത്രമേൽ വിഖ്യാതമാകയാൽ അയാളുടെ യഥാർത്ഥനാമം അയാൾ പോലും മറന്നുപോയി എന്ന് തോന്നുന്നു. നാട്ടിലെ യുവാക്കളുടെ, പ്രത്യേകിച്ച് താന്തോന്നികളുടെ പേടിസ്വപ്നം ആയിരുന്നു കരിമൂർഖൻ. അയാളുടെ വിളയാട്ടങ്ങളുടെ ഒട്ടനവധി ക്രൂരകഥകൾ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്നു. ആ കഥകളുടെ യാഥാർഥ്യത്തെ സാധൂകരിക്കുമാറ് ഒരു സംഭവവും ഇക്കാലമത്രയും ഞാൻ നേരിൽ കണ്ടിട്ടില്ല.

മിടുക്കരായ മന:ശാസ്ത്രജ്ഞർക്ക് ഈ കരിമൂർഖൻ നല്ലൊരു വിഷയം ആകുമായിരുന്നു. എന്നുവെച്ചാൽ ഇയാൾ ഒരു മനോരോഗി കൂടി ആയിരുന്നു എന്നല്ല. എന്റെ പക്വതയെത്താത്ത മനസ്സിൽപോലും ഒരു വിദ്യാർഥി എന്ന നിലയിൽ പല ചോദ്യങ്ങളും ചില ചോദ്യങ്ങൾക്ക് എന്റേതായ രീതിയിലുള്ള ഉത്തരങ്ങളും ഉയർന്നിരുന്നു.

എങ്ങനെയായിരിക്കും ഒരു ചട്ടമ്പി ഉണ്ടാവുന്നത്? ജന്മനാ വികലാംഗൻ എന്നുപറയും പോലെ ജന്മനാ ഗുണ്ട ആയിരുന്നു അയാൾ എന്നു പറയാൻ പറ്റില്ലല്ലോ. ജീവിത സാഹചര്യങ്ങളാണ് ഒരാളെ കലാകാരനോ കുറ്റവാളിയോ ആക്കി മാറ്റുന്നത് എന്നു ഏതോ ഒരു സിനിമയിൽ നായകകഥാപാത്രം പറഞ്ഞത് ഓർക്കുന്നു.

സമൂഹമാണ് ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ രൂപീകരിക്കുന്നത് എന്നു എവിടെയോ വായിച്ചിട്ടുണ്ട്. കോളേജിലെ ബുദ്ധിജീവിയായ ഒരു സുഹൃത്ത്‌ പറഞ്ഞിരുന്നു, അച്ഛനും അമ്മയും ആണ് ഒരുത്തന്റെ സ്വഭാവത്തെ സ്വാധീനിക്കുന്നത് എന്ന്. അഞ്ചുവയസ്സ് വരെ മാതാപിതാക്കളിൽ നിന്നും നന്മയും ക്രിയാത്മക ഗുണങ്ങളും കണ്ടു വളരുന്ന കുട്ടി ഏതൊരു മോശം സാഹചര്യത്തിലും സ്വയം ചീത്തയാവുന്നില്ല എന്നു അവൻ പറഞ്ഞു സ്ഥാപിച്ചു. ചന്ദനം ചാലിച്ചാൽ ചന്ദനം മണക്കും, ചാണകം ചാലിച്ചാൽ ചാണകം മണക്കും എന്നു കവലയിലെ ചായക്കടയിൽവെച്ച് ഒരാൾ അഭിപ്രായപ്പെട്ടത് ബുദ്ധിജീവിയുടെ അഭിപ്രായവുമായി ഒത്തുവരുന്നുണ്ട്.

കരിമൂർഖൻ എന്ന വ്യക്തിത്വത്തെ നന്മയുടെ വഴിയിലേക്ക് നയിക്കുക എന്ന കാര്യം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് അതിനുള്ള ശ്രമം തുടങ്ങിയാലോ എന്നു ഒരിക്കൽ ചിന്തിച്ചതാണ്. ഏതൊരു ചെളിയിൽ നിന്നും നന്മയുടെ ചെന്താമര വിടരാനുള്ള സാധ്യത ഉണ്ടല്ലോ.

പക്ഷെ ഈ കരിമൂർഖൻ കാലങ്ങളായി ശരീരത്തിൽ ചേർത്തു വെച്ചിരിക്കുന്ന ഈ ദുഷിച്ച പീലി അത്ര പെട്ടെന്ന് പോഴിക്കുമോ? മാത്രമല്ല വേദപാഠം അനുസരണയോടെ കേട്ടു നിന്ന് അതു ജീവിതത്തിൽ പകർത്തിയ പോത്തുകൾ ഇല്ലല്ലോ. കരിമൂർഖന്റെ ആക്രമണത്തിന്റെ ഒരു ഇര ഞാൻ ആവാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ നേരിട്ട് അയാളെ നന്നാക്കാനുള്ള ശ്രമം ഞാൻ ഉപേക്ഷിച്ചു.

ഒരിക്കൽ നാട്ടിലെ കലാകായിക സമിതി അംഗങ്ങൾ ആ വർഷത്തെ ഓണാഘോഷം നടത്തുകയായിരുന്നു. വളരെ ചെറിയ തോതിൽ കുട്ടികൾക്കു വേണ്ടി നടത്തപ്പെടുന്ന കലാകായിക പരിപാടികൾ ആയതിനാൽ സമൂഹത്തിലെ ഉന്നത വ്യക്തികളെ സംഘാടകസമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കലാപരിപാടികൾ നടക്കുന്ന മൈതാനത്തേക്ക്‌ കാഴ്ചക്കാരൻ ആയിട്ടെങ്കിലും കരിമൂർഖൻ വരരുതേ എന്നായിരുന്നു എല്ലാവരുടെയും പ്രാർത്ഥന.

പക്ഷെ പൊന്നിൻചിങ്ങത്തിന്റെ തെളിനീലമാനത്ത് കാർമേഘം പോലെ കരിമൂർഖൻ പ്രത്യക്ഷപ്പെട്ടു. മൈതാനത്ത് വരച്ച കളിക്കളങ്ങളുടെ ഒത്ത നടുക്ക് അയാൾ വന്നു നിൽപ്പായി. കുട്ടികളും സ്ത്രീകളും അകന്നു മാറി നിന്നു. എന്തു ചെയ്യണമെന്നു സംഘാടകരായ ചെറുപ്പക്കാർക്കു നല്ല നിശ്ചയം ഉണ്ടായിരുന്നില്ല. കൂട്ടത്തിൽ പ്രായം ചെന്ന ഒരാൾ അഭിപ്രായപ്പെട്ടു, “കുറച്ചുനേരം കഴിയട്ടെ, നിന്നു മടുക്കുമ്പോൾ അയാൾ പോയ്‌ക്കൊള്ളും. പരിപാടികൾ അതുവരെ നിർത്തി വെയ്ക്കാം.”

പക്ഷെ അതു ഫലവത്താകും എന്നു എനിക്കു തോന്നിയില്ല. കാരണം അത്ര പെട്ടെന്നു സ്ഥലം വിടാനായിരിക്കില്ല അയാൾ അവിടെ വന്നത്.

ഉപേക്ഷിച്ചതെങ്കിലും എന്റെ വളരെ കാലത്തെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു കരിമൂർഖനോട്‌ ഒന്ന് നേരിട്ടു സംവദിക്കുക എന്നത്. ഒന്നുമല്ലെങ്കിലും നന്മ നിറഞ്ഞ ഒരു വാക്കിനോട് അയാളുടെ പ്രതികരണം എന്തായിരിക്കും എന്നറിയാമല്ലോ.

ഒരു സുവർണാവസരമാണ് എന്റെ മുന്നിൽ നിൽക്കുന്നത്. പക്ഷെ ചുറ്റും നോക്കിയപ്പോൾ എന്റെ ആത്മവിശ്വാസത്തിന് മങ്ങലേറ്റു. ഇത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് ഞാൻ കരിമൂർഖന്റെ കൈവേലക്ക് ഇരയായെങ്കിൽ.!

കരിമൂർഖന്റെ ഇരയാവുക എന്നത് അപകടം ആണെങ്കിലും അപമാനകരം ഒന്നും അല്ല. ധൈര്യം സംഭരിച്ചു അയാളുടെ അടുത്തേക്ക് നീങ്ങി. അയാൾ എന്റെ നേരെ തിരിഞ്ഞു നിന്നപ്പോൾ കാലിൽ നിന്നും തലയിലേക്ക് ഒരു കമ്പനം പാഞ്ഞുപോയി. അയാളുടെ മുഖത്തു നോക്കി സൌമ്യനായി പറഞ്ഞു, “ചേട്ടാ, അവിടെ ഒരു കസേരയിൽ ചെന്നിരിക്കാമോ.., കുട്ടികൾ കളിച്ചോട്ടെ…”

അയാൾ എന്നെ രൂക്ഷമായി നോക്കി. ഞാൻ ധൈര്യത്തോടെ വീണ്ടും പറഞ്ഞു, “ചേട്ടാ, കുട്ടികളുടെ സന്തോഷം അല്ലെ നമ്മുടെ സന്തോഷം. ഈ കൂടിയിരിക്കുന്ന ഇത്രേം ആളുകൾ അതിൽ സന്തോഷിക്കുന്നില്ലേ. വളർന്നു വരുന്ന നല്ല കുട്ടികളല്ലേ നമ്മുടെ നാടിന്റെ സന്തോഷം?”

കരിമൂർഖന്റെ മുഖഭാവത്തിനു വലിയ വ്യത്യാസം തോന്നിയില്ല. പക്ഷെ ഇപ്പോഴത്തെ രൂക്ഷഭാവം അല്പം കൃത്രിമം ആണെന്ന് തോന്നി. അയാൾ മെല്ലെ അരികിലേക്ക് മാറി അവിടെ കണ്ട ഒരു ചെങ്കല്ലിന്മേൽ ഇരുന്നു.

ആ നാടിന്റെ നായകനായി വളരെ പെട്ടെന്നു തന്നെ ഞാൻ മാറിയതായി എനിക്കു തോന്നിയില്ല. കാരണം കരിമൂർഖൻ ഇനി എന്തു ചെയ്യുമെന്നു പറയാൻ പറ്റില്ലല്ലോ. പക്ഷെ ഒന്നും സംഭവിച്ചില്ല. അൽപനേരം കഴിഞ്ഞു അയാൾ അവിടെ നിന്നു പോയി.

പിന്നീട് ഒരിക്കൽ കൂടി ഞാനും കരിമൂർഖനും തമ്മിൽ കണ്ടു മുട്ടിയ സംഭവം ഉണ്ടായി. അന്ന് പക്ഷെ ഞങ്ങൾ രണ്ടു പേർ മാത്രമേ മനുഷ്യരായി ആ സമയത്ത് ഉണ്ടായിരുന്നുള്ളൂ.

ഞങ്ങുടെ സമിതിയുടെ ആഭിമുഖ്യത്തിൽ പരിസരത്തെ ഒരു റോഡുപണിയുടെ ശ്രമദാനം കഴിഞ്ഞു ക്ഷീണിച്ച് എല്ലാവരും അവരവരുടെ വീടുകളിലേക്കു മടങ്ങുകയായിരുന്നു. ഭക്ഷണത്തിനു മുൻപ് തന്നെ പഞ്ചായത്തു കുളത്തിൽ നല്ലൊരു കുളി പാസ്സാക്കാമെന്നു എല്ലാവരും തീരുമാനിച്ചു. വീട്ടിൽ ചെന്ന് തോർത്തും മറ്റും എടുത്തു വരാമെന്ന് പറഞ്ഞ് എല്ലാവരും അവരവരുടെ വീടുകളിലേക്കു പെട്ടെന്നു പോയി. എനിക്കു ചെമ്മണ്‍ പാതയുടെ ഇടത്തേ വളവു തിരിഞ്ഞു കുളവും കഴിഞ്ഞു വേണം വീട്ടിൽ എത്താൻ എന്നതിനാൽ ഞാൻ കുളത്തിന്റെ അടുത്ത് ചെന്നു.

കുളക്കരയിലെ മഹാഗണി മരത്തിന്റെ ചുവട്ടിൽ കരിങ്കൽ പലകകൾ കിടത്തിയും ചാരിയും വെച്ചിരുന്നു. മരത്തിന് അധികം ഉയരം ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല താഴത്തെ ചില്ലകളും ഇലകളും വളരെ താണു കിടന്നിരുന്നു. ക്ഷീണമകറ്റാൻ ആ കരിങ്കൽമെത്ത എന്നെ മാടി വിളിക്കുന്നതായി തോന്നി. ചാഞ്ഞു കിടന്നപ്പോൾ മരത്തിന്റെ ശീതളിമ നല്ല സുഖം സമ്മാനിച്ചു. മരച്ചുവട്ടിലെ സുഖം മറ്റെവിടെയും കിട്ടില്ല എന്നൊക്കെ ചിന്തിച്ചു കിടന്നപ്പോൾ കണ്ണുകൾ ക്ഷീണം കൊണ്ട് പതുക്കെ കൂമ്പുന്നുണ്ടായിരുന്നു.

ഇളം കാറ്റിൽ മഹാഗണി മരത്തിന്റെ ചാഞ്ഞ ചില്ലയിലെ ഇലക്കൈകൾ എന്റെ തലയിൽ തലോടുന്നു. ഇടയ്ക്കിടെ കൈവിരലുകൾ കൊണ്ട് തലമുടിയിഴകളിൽ കോതുന്നത് എന്റെ സ്വഭാവം ആയിരുന്നു. അതിന് ഇപ്പൊ ചില്ലകളും എന്നെ സഹായിച്ചു. പാതി കൂമ്പിയ കണ്ണുകൾ അൽപ്പമൊന്നു തുറക്കാൻ ശ്രമിച്ചപ്പോൾ കണ്ടു, കുറച്ചകലെയായി ചെമ്മണ്‍ പാതയിൽ കൂടി കരിമൂർഖൻ ചേട്ടൻ നടന്നു വരുന്നു. അയാൾ എന്നെ കണ്ടില്ലെന്നാണ് കരുതിയത്‌. പക്ഷെ റോഡിൽ നിന്നും അയാൾ പെട്ടെന്നു കുളത്തിനു നേരെ തിരിഞ്ഞ് എന്റെ അടുത്തേക്ക് വന്നു.

എന്റെ ഉള്ളിൽ നിന്ന്‌ പൊട്ടിവന്ന ഉത്കണ്ഠ പക്ഷെ ഞാൻ പുറത്തു കാട്ടിയില്ല. അയാളുടെ അപ്പോഴത്തെ മുഖഭാവം ഭീതിജനകമൊന്നും ആയിരുന്നില്ല.

പൊടുന്നനെ അയാൾ എന്റെ കൈയിൽ ശക്തിയോടെ പിടിച്ചു അരിച്ചാക്കു വലിച്ചിടും പോലെ നിലത്തേക്ക് എറിഞ്ഞു.! ഞാൻ കൈകൾ കുത്തി തെറിച്ചു വീണു.

ഞെട്ടിത്തെറിച്ചു പിടഞ്ഞെണീറ്റ് ഓടാൻ ഭാവിച്ചെങ്കിലും ധൈര്യത്തോടെ ഞാൻ ചോദിച്ചു, “എന്താ ചേട്ടാ..?!” അയാൾ പറഞ്ഞു, “അവിടെ ഒരു പാമ്പ്‌..!”

അയാൾ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നോക്കി. മഹാഗണി മരത്തിന്റെ ചാഞ്ഞ ചില്ലയിൽ ഒരു വലിയ കറുത്ത പാമ്പ്‌..! നനുത്ത കറുപ്പുനിറത്തിൽ ചില വരകളും തലയിൽ കളമെഴുത്തിനെ ഓർമിപ്പിക്കുന്ന ഒരു ചിത്രവും, സാക്ഷാൽ കരിമൂർഖൻ.! ഞാൻ കിടന്നിരുന്നപ്പോൾ എന്റെ തലയിൽ മുട്ടുന്നുണ്ടായിരുന്ന അതേ ചില്ലമേൽ.

“നിന്റെ കൈ അനങ്ങുന്നതിനനുസരിച്ച് ആ പാമ്പ് തല ആട്ടുന്നുണ്ടായിരുന്നു..!”, അയാൾ പറഞ്ഞുകൊണ്ടു നടന്നു പോയി.

എന്റെ നീറുന്ന കൈവെള്ളയിലെ കല്ലുകൊണ്ട് പൊട്ടിയ രണ്ടു കണ്ണുകളിൽ നിന്നും രക്തം പൊടിഞ്ഞിറങ്ങി, വലിയൊരു പാമ്പ് സമ്മാനിച്ച കടിവായ പോലെ.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.