മൈലാഞ്ചിക്കുന്നിലെ വിശേഷങ്ങൾ

ഏറെ നേരമായി സുറുമിയേയും കാത്ത് ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട്. ഇന്നെന്തോ അവള്‍ ഒരുപാട് വൈകിയിരിക്കുന്നു. അവള്‍ ടൈപിംഗ് പഠിക്കാന്‍ പോവുന്നത് തന്നെ ഈ ഒരു കൂടിക്കാഴ്ചക്ക് വേണ്ടിയാണ്. മാളിയേക്കല്‍ ഹസൈനാര്‍ ഹാജിയുടെ മകള്‍ സുറുമിയെ മോഹിക്കാന്‍ മാത്രം ഒരു യോഗ്യതയും എനിക്കില്ല.

അത് അറിയാഞ്ഞിട്ടല്ല, ചെറുപ്പം തൊട്ടേ ഉള്ളില്‍ ഉള്ള ഒരു ഇഷ്ടം ആയിരുന്നു. ഓത്തു പഠിക്കാന്‍ ഒരുമിച്ചു പോയിരുന്ന കാലത്ത് തൊട്ടേ ഉള്ള ഇഷ്ടം . അവരുടെ വീട്ടിലെ അടുക്കളക്കാരിയാണ് ഉമ്മ. ഒരു അടുക്കളക്കാരി ആയിട്ടോ അടുക്കളക്കാരിയുടെ മകന്‍ ആയിട്ടോ അല്ല ഞങ്ങളെ അവര്‍ കണ്ടിട്ടുള്ളത്.

പൂര്‍ണസ്വാതന്ത്ര്യം ഉണ്ട് ആ വീട്ടില്‍. രണ്ടു പെണ്‍കുട്ടികളാണ് അവര്‍ക്ക്. മൂത്തവള്‍ സുറുമി. അനിയത്തി സുലൈഖ .അവരുടെ ഒരു മൂത്ത ആണ്‍കുട്ടിയെ എന്ന പോലെയാണ് അവര്‍ എല്ലാം എന്നെ കാണുന്നത്. എന്റെയും സുറുമിയുടെയും ഇഷ്ടം അവര്‍ അറിയുന്ന ദിവസം, അതോര്‍ക്കാന്‍ കൂടി വയ്യ! വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു വലിയ തറവാട്ടില്‍ നിന്നും കഷ്ടപ്പാടിലേക്ക് കൈ പിടിച്ചിറക്കിക്കൊണ്ടു വന്നതാണ് എന്റെ ഉപ്പ ഉമ്മയെ. അന്ന് വീട്ടുകാരും നാട്ടുകാരും കയ്യൊഴിഞ്ഞ ഉപ്പയെയും ഉമ്മയെയും സഹായിക്കാന്‍ തയ്യാറായത് ഹസൈനാര്‍ ഹാജിയാണത്രേ. ആ ഒരു കടപ്പാട് ഉപ്പ മരിക്കുന്നത് വരെ അവരോടു കാണിച്ചിരുന്നു.

പിന്നീട് എനിക്ക് ബുദ്ധിയുറക്കാത്ത പ്രായത്തില്‍ ഉമ്മയെയും കൈക്കുക്കുഞ്ഞായ ഹസിമോളെയും എന്റെ കയ്യില്‍ ഏല്പിച്ചിട്ട് ഉപ്പ പോയി. അന്ന് ഹസൈനാര്‍ ഹാജിയുടെ ഭാര്യ ഫാത്തിമത്താടെ കൈവിരല്‍ തുമ്പില്‍ പിടിച്ചു ഉപ്പയുടെ മയ്യിത്ത്‌ കൊണ്ട് പോവുന്നത് കണ്ട ഒരു ഓർമ ബാക്കിയുണ്ട്. അന്ന് മുതല്‍ എനിക്ക് നാല് മക്കള്‍ ആണെന്ന് ഫാത്തിമത്ത പറയുമായിരുന്നു. ഒരു പാത്രത്തില്‍ നിന്നും ഞങ്ങള്‍ നാലുപേര്‍ക്കും ഭക്ഷണം തരുമായിരുന്നു. മൂന്ന് അനിയത്തിമാരായിരുന്നു എനിക്ക്. പിന്നീട് എപ്പോളാണ് സുറുമി എനിക്ക് പ്രണയിനി ആയത്? ആര്‍ക്കായിരുന്നു പിഴച്ചത്? എനിക്കോ അതോ അവള്‍ക്കോ?

"എന്താ ഇത്ര വലിയ ആലോചന?", സുറുമിയാണ്.

"ഒന്നുമില്ല, നമ്മുടെ ഈ ബന്ധം നിന്റെ വീട്ടുകാര്‍ എങ്ങിനെ കാണും? എങ്ങിനെ പ്രതികരിക്കും?"

"ഒന്നും ഉണ്ടാവില്ല. ഞാന്‍ കരയുന്നത് കാണാന്‍ ഉപ്പാക്ക് കഴിയില്ല, എന്നെ പോലെ തന്നെ ഉപ്പ നിന്നെയും സ്നേഹിക്കുന്നുണ്ട്, അവര്‍ക്ക് സന്തോഷമാവും, എനിക്കുറപ്പാണ്."

"ആ സ്നേഹം ആണ് എന്റെ പ്രശ്നം, അനിയത്തിയായി കാണേണ്ട നിന്നെ ഞാന്‍ പ്രേമിക്കുന്നു എന്ന് നമ്മുടെ വീട്ടില്‍ അറിയുന്ന കാര്യം ഓര്‍ക്കാന്‍ കൂടി വയ്യ സുറുമീ."

"എന്റെ മോന്‍ ഇപ്പോള്‍ അതൊന്നും ആലോചിക്കേണ്ട, റിസള്‍ട്ട്‌ വന്നാല്‍ ഉപ്പാടെ നാഗ്പൂരുള്ള അടക്ക ബിസിനസ്‌ നിന്നെ ഏല്പിക്കാന്‍ പോവാണെന്ന് ഉമ്മയോട് പറഞ്ഞത്രേ, പിന്നെ നമുക്കവിടെ നിന്റെ ഉമ്മപറഞ്ഞു തരാറുള്ള അറബിക്കഥയിലെ രാജകുമാരിയും രാജകുമാരനുമായി കഴിയാം."

"സുറുമീ"

"എന്താ"

"നിനെക്കെന്നാ എന്നോട് പ്രണയം തുടങ്ങിയത്?"

"ചെറുപ്പത്തിലെ"

"ചെറുപ്പത്തില്‍ എന്ന് പറഞ്ഞാല്‍?"

"നല്ല ചെറുപ്പത്തിലെ"

"എന്നാലും... ശരിക്കും പറ"

"ഞാന്‍ ഉമ്മാടെ അറബിക്കഥകള്‍ കേള്‍കാന്‍ തുടങ്ങിയ അന്ന് തൊട്ടേ..."

"എന്ന് പറഞ്ഞാല്‍ .., മദ്രസയില്‍ പോവുന്നതിനും മുന്‍പോ?"

"ഉം...", അവള്‍ക്കു നാണം വന്നു. ആ വെള്ളാരം കണ്ണുകള്‍ പാതി അടഞ്ഞു.

"എന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ?"

"ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്നോട് പറയാന്‍ "

"അതിനു നിന്നോട് ആരാ പറഞ്ഞത് എനിക്ക് നിന്നോട് ഇഷ്ടം ഉണ്ടെന്നു?"

"വല്യ ബാദുഷയൊന്നും ചമയേണ്ട, എനിക്കറിയാരുന്നു, മൈലാഞ്ചിക്കുന്നു നേര്‍ച്ച വരുമ്പം എന്നോടല്ലേ ചോദിക്കുന്നത് എന്ത് കളര്‍ വളയാണ് വേണ്ടത് എന്ന്? സുറുമയും തട്ടവും എല്ലാം എന്റെ കയ്യില്‍ അല്ലെ തരാറുള്ളൂ. അപ്പോഴേ എനിക്കറിയാം എന്നോട് മുഹബ്ബത്താണ് എന്ന്."

"മുഹബ്ബത്തല്ലെടീ പൊട്ടീ, പ്രണയം, നീ നിന്റെ വീട്ടില്‍ തന്നെ ഇരുന്നു പഴഞ്ചനായി, അതുകൊണ്ടാ ഞാന്‍ നിന്റെ ഉപ്പാനെ കൊണ്ട് നിന്നെ ടൈപ്പിങ്ങിനു വിടാന്‍ പറഞ്ഞത്."

"ഹോ ഹൊ.. അല്ലാതെ എന്നെ ഇത്തിരി നേരം തനിച്ചു കാണാനും മിണ്ടാനും അല്ല?", അവളുടെ മുഖം വാടി.

"എന്റെ മുത്തെ നിന്നെ കാണാന്‍ തന്നെയാണ്, സുറുമയിട്ട നിന്റെ ഈ വെള്ളാരം കണ്ണുകളില്‍ എനിക്ക് ജന്നത്ത് കാണാന്‍ വേണ്ടി, പിന്നെ നിന്റെ ഒരു പാട്ട് കേള്‍ക്കാന്‍ വേണ്ടി, അതില്‍ മുഴുകി ഈ മൈലാഞ്ചിക്കുന്നിനു മുകളില്‍ കൂടി ഒഴുകിനടക്കാന്‍ വേണ്ടി, നിന്റെ ഈ മുഹബ്ബത്ത് തന്നെയാണ് സുഖം."

"മുഹബ്ബത്ത് എന്ന് പറയാനാ എനിക്കും ഇഷ്ടം, പ്രണയം എന്ന് പറയുമ്പോള്‍ ഒരു പേടിയാ, മുഴുവനും കള്ളമാണ്."

"നിന്റെ ഉപ്പ ഈ മൈലാഞ്ചിക്കുന്നു മുഴുവന്‍ ഇങ്ങനെ കയ്യടക്കി വച്ചിരിക്കുന്നത് എന്തിനാ?"

"നമുക്ക് ഇങ്ങനെ ഇരുന്നു മുഹബ്ബത്ത് പങ്കുവയ്ക്കാന്‍ വേണ്ടി", അവള്‍ ചിരിച്ചു.

"സുറുമീ, എനിക്കിന്ന് മയില്‍‌പീലി കണ്ണ് കൊണ്ട് എന്ന പാട്ട് പാടിത്തരണം", ഞാൻ പറഞ്ഞാല്‍ അവള്‍ പാടും. നേരം പുലരുന്നത് വരെ പാടും.

"മയില്‍ പീലി കണ്ണ് കൊണ്ട് കരളിന്റെ കടലാസ്സില്‍ മാപ്പിള പാട്ട് കുറിച്ചവനെ...."

"അള്ളോ... നേരം ഒരുപാടായി... ഇപ്പോള്‍ മഗരിബ് ബാങ്ക് വിളിക്കും, ഞാന്‍ പോവ്വാ...", അവള്‍ കുറച്ചു മൈലാഞ്ചി ഇലകളും നുള്ളി ഓടിപ്പോയി.

പക്ഷെ ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നില്ല, ഞങ്ങളുടെ പ്രണയം നിറച്ച സന്തോഷത്തിന്റെ ദിനങ്ങള്‍ അവസാനിക്കുകയായിരുന്നു എന്ന്.

***

അന്ന് വൈകീട്ട്, എന്നെ അന്വേഷിച്ചു ഇന്‍സ്പെക്ടര്‍ അബ്ബാസ്‌ അലി വന്നിരുന്നു എന്ന് മാധവപ്പണിക്കര്‍ പറഞ്ഞു. മാധവപ്പണിക്കരുടെ കളരിയിലെ കാര്യങ്ങള്‍ എല്ലാം ഞാന്‍ തന്നെയായിരുന്നു നോക്കിയിരുന്നത്. എന്നെ അവിടുത്തെ അടുത്ത കുരിക്കള്‍ ആക്കണം എന്ന് മൂപ്പര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ ഗുരുനാഥന്‍ പട്ടാമ്പിയിലെ കുരിക്കള്‍ കുട്ടി ആലി അദ്ദേഹത്തിനു പകര്‍ന്നു കൊടുത്ത ചില പ്രത്യേക മുറകള്‍ എനിക്ക് അദ്ദേഹം പറഞ്ഞു തന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഇതെല്ലം വിശ്വസിച്ചു കൈമാറാന്‍ ഇപ്പോള്‍ ഈ നാട്ടില്‍ നീ മാത്രമേ ഉള്ളൂ. ബാക്കി ആര്‍ക്കും പറഞ്ഞു കൊടുക്കാന്‍ ധൈര്യം ഇല്ല എന്ന്.

സ്റ്റേഷനില്‍ ചെന്നപ്പോള്‍ അബ്ബാസ്‌ സര്‍ ഉണ്ടായിരുന്നു. നേരം വൈകിയതിന് ഒന്നും പറഞ്ഞില്ല.

"സര്‍ അന്വേഷിച്ച വിവരം അറിയാന്‍ വൈകി...”

“അതിനു നിനക്കെവിടെ സമയം? നീ ...”, അബ്ബാസ്‌ അലി അടുത്തു നിന്ന കോണ്‍സ്റ്റബിള്‍ രാജനെ നോക്കി. അയാള്‍ അവിടെ നിന്നും പോയി. അതിനു ശേഷമാണ് അബ്ബാസ്‌ അലി പറഞ്ഞു വന്നത് അവസാനിപ്പിച്ചത്.

"...കാണുന്ന പെണ്‍കുട്ടികളെ എല്ലാം പഞ്ചാരയടിക്കാന്‍ നടക്കല്ലേ, നിനക്ക് മാളിയേക്കല്‍ തറവാട്ടീന്നു തന്നെ വേണം അല്ലെ പെണ്ണിനെ?”

എന്തോ പന്തികേട് തോന്നി.

“നിന്റെ പഞ്ചാരയടിയെ പറ്റി ഹാജിയാര്‍ അറിഞ്ഞു, അതങ്ങോട്ട് അവസാനിപ്പിക്കാന്‍ വേണ്ടിയാ നിന്നെ ഇവിടേക്ക് വിളിപ്പിച്ചേ , മനസ്സിലായോ നിനക്ക് ?“ ഒന്നും പറഞ്ഞില്ല.

“എനിക്കിങ്ങനെ ഉപദേശിച്ചു നന്നാക്കുന്ന ശീലം ഇല്ലാത്തതാ, ഹാജിയാര്‍ പറഞ്ഞു, മോനെ പോലെ വളര്‍ത്തിയ ചെക്കനാ, അവനു തല്ലുകൊണ്ടാല്‍ വേദനിക്കുന്നത് എനിക്കാ എന്ന് “

അപ്പോള്‍ ഹസൈനാര്‍ ഹാജി അങ്ങോട്ട്‌ വന്നു.ഇതുവരെ വാല്‍സല്യം അല്ലാതെ വേറെ ഒരു വികാരം ആ മുഖത്ത് കണ്ടിട്ടില്ല.പക്ഷെ ഇന്ന് ...

“ഒരാഴ്ച സമയം നിനക്ക് തരും , നീ ഇവിടം വിട്ടു പോവണം, പറക്കമുറ്റാത്ത പ്രായത്തില്‍ നിന്നെയും നിന്റെ കുടുംബത്തെയും രക്ഷിച്ച ഒരാള്‍ ആയത് കൊണ്ട് മാത്രം ഞാന്‍ നിനക്ക് തരുന്ന ഔദാര്യം. അതാണ്‌ ഇപ്പോള്‍ നിന്റെ ഈ ജീവന്‍, ഇനി തമ്മില്‍ കാണാന്‍ ഇടവരരുത്. വന്നാല്‍, നിന്റെ ഉമ്മയാവും അടുത്ത പ്രാവശ്യം ഇവിടെ വരുന്നത്, ഇത് കണ്ടോ ഫാത്തിമാടെ മാല, ഇത് നിന്റെ ഉമ്മ മോഷ്ടിച്ചൂന്നു ഒരു പരാതി, അത്ര മാത്രം മതിയാവും. മനസ്സിലായെങ്കില്‍ വിട്ടോ.“

വളരെ ശാന്തമായിട്ടാണ് പറഞ്ഞത് എങ്കിലും ആ കണ്ണുകളില്‍ കണ്ട ദേഷ്യം വളരെ വലുതായിരുന്നു. അന്ന് തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ ഒരു നിശ്ചയവും ഇല്ലായിരുന്നു. ഇനി എന്താ ചെയ്യാനുള്ളത് എന്ന്. അല്ലെങ്കിലും ഞാന്‍ കാണിച്ചത് നന്ദികേട്‌ തന്നെയായിരുന്നു. പിറ്റേന്ന് ഹസൈനാര്‍ ഹാജി വിളിപ്പിച്ചു. വീട്ടിലേക്കു ചെല്ലുമ്പോള്‍ എല്ലാവരും ഉണ്ട്. ഫാത്തിമത്തയും സുറുമിയും അനിയത്തിയും. എല്ലാവരുടെയും മുഖത്ത് സന്തോഷം. ഞാന്‍ ചെന്നതും ഹസൈനാര്‍ ഹാജി ഒരു കവര്‍ എടുത്തു നീട്ടി.

“നിനക്കൊരു വിസയാണ്, പെട്ടെന്ന് തന്നെ പോവണം, നീ എത്രാന്നു വെച്ചാ ഇങ്ങനെ കഷ്ടപ്പെടുന്നത്? അനിയത്തിയുടെ കല്യാണം നടത്തേണ്ടേ? ഒരു രണ്ടു മൂന്നു കൊല്ലം കഴിഞ്ഞാല്‍ നിനക്കും വേണ്ടേ ഒരു പെണ്ണ്?”, ഫാത്തിമത്തയാണ് പറഞ്ഞത്. വല്ലാതെ സന്തോഷം തോന്നി. ഇവിടുന്നു പോവണം എന്ന് പറഞ്ഞെങ്കിലും എവിടേക്ക് പോവും എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു.

“എന്താ? നിനക്ക് വേണ്ടേ?“, ഹസൈനാര്‍ ഹാജിയുടെ ചോദ്യം.

“അല്ല വേണം... പെട്ടെന്ന് തന്നെ പോവാനുള്ള കാര്യങ്ങള്‍ നോക്കാം.“

“നീ ഒന്നും നോക്കേണ്ട, എല്ലാം മൂപ്പര് നോക്കിക്കൊള്ളും. നാളേം കഴിഞ്ഞു മറ്റന്നാള്‍ പോവാന്‍ നീ തയ്യാറായിക്കോ, ടിക്കെറ്റ്‌ എല്ലാം ശെരിയാക്കി വെച്ചിട്ടുണ്ട്.“

എങ്ങോട്ടാണെന്ന് ചോദിച്ചില്ല, എന്തായാലും ഇവിടുന്നു തല്‍ക്കാലത്തേക്ക് മാറണം. സുറുമിയെ മറക്കണം, ഞാന്‍ പോയാല്‍ അവള്‍ക്കും അത് എളുപ്പമാവും, പ്രായത്തിന്‍റെ ഒരു വട്ടായിട്ടു പിന്നീട് ചിലപ്പോള്‍ ഓര്‍ക്കുമായിരിക്കും.

***

“ഉമ്മാ?”

“എന്തോ“

“എന്തിനാ കരയുന്നത് “

“ഞാന്‍ കരയുന്നോന്നുല്ല“

“അപ്പോ പിന്നെ പല്ലി മൂത്രം ആവും എന്റെ മുഖത്ത് വീണത്‌ “

“അനക്കെന്തിന്റെ കേടാ?”

“ഉമ്മാ, ഉമ്മാക്ക് ഓര്‍മയില്ലേ , ഉമ്മ എന്നെ എപ്പോഴും ഓര്‍മിപ്പിച്ചിരുന്ന ഒരു കാര്യം, നാലര വയസ്സുള്ള എന്റെ കയ്യില്‍ പിടിച്ചു ഉപ്പ എന്നോട് സത്യം ചെയ്യിച്ച ഒരു കാര്യം , ആ സത്യം എനിക്ക് സാധിക്കെണ്ടേ ഉമ്മ ? ഹസിമോള്‍ടെ കല്യാണം വളരെ ആഘോഷമായി നടത്തണ്ടേ ? മഴ പെയ്താല്‍ ചോര്‍ന്നൊലിക്കാത്ത ഒരു വീട് വേണ്ടേ നമുക്ക്‌ ? അതിനെല്ലാം വേണ്ടി റബ് കാണിച്ചു തന്ന ഒരു വഴിയല്ലേ”

“ഇക്കാക്ക ഇവിടുന്നു പോയിട്ട് എന്റെ കല്യാണം നടത്തേണ്ട..!”

“മോള് ഉറങ്ങീലെ ഇത് വരെ ? ഒരു കൊല്ലം കഴിഞ്ഞാല്‍ ഇക്കാക്ക ഇങ്ങട്ട് പറന്നു വരും, പിന്നെ മോള്‍ടെ നിക്കാഹ് , ഇക്കാക്കന്റെ നിക്കാഹ് , എന്നും സന്തോഷം ആയിരിക്കും.“

“ഇക്കാക്ക്‌ പരീക്ഷ്ടെ റിസള്‍ട്ട്‌ വന്നാല്‍ നല്ല പണി കിട്ടും എന്ന് സുറുമിത്താത്ത പറഞ്ഞല്ലോ , പിന്നെന്തിനാ ഇപ്പൊ പോണെ?”

“ആ പൊട്ടിക്ക് ഒന്നും അറിയില്ല, പത്താം ക്ലാസ്സ്‌ വരെ മാത്രം പഠിച്ചിട്ടുള്ള ഓള്‍ടെ വാക്ക് ഇയ്യ് കേക്കണ്ട, എല്ലാരും കെടന്നോ, നാളെ നേരത്തെ എനിക്ക് പോവാനുള്ളതാ“, ഉമ്മയെയും ഹസിമോളെയും ചേര്‍ത്ത് പിടിച്ചു കിടന്നു. ഉറങ്ങാന്‍ പറ്റില്ലായിരുന്നു എനിക്കന്നു. ഓര്‍മ വെച്ച നാള് മുതല്‍ ഉമ്മയെയും ഹസിമോളെയും പിരിഞ്ഞു നിന്നിട്ടില്ല. നാളെ മുതല്‍ തനിച്ചു ഏതോ ഒരു രാജ്യത്ത്‌ , ഒരു പരിജയവും ഇല്ലാത്തവരുടെ കൂടെ.

***

താഴെ നാടിന്റെ പച്ചപ്പ് മറയുന്നത് വരെ നോക്കിയിരുന്നു. എത്ര ശ്രമിച്ചിട്ടും കണ്ണുകള്‍ നിറഞ്ഞൊഴുകി.

“ആദ്യായിട്ടാ അല്ലെ?”

അടുത്തിരുന്ന പ്രായം ചെന്ന ഒരാള്‍ ചോദിച്ചു. അതെ എന്ന് തലയാട്ടി.

“വല്ലാത്ത ഒരു ലോകാ മോനെ ഗള്‍ഫ്‌ , ആദ്യക്കാരനോട് ഒരു കാര്യം മാത്രം പറയാ , ഒരുപാട് കാലം നില്‍ക്കണ്ട, എന്താണ് പ്രധാന ഉദ്ദേശം ,അത് നടന്നാല്‍ നിര്‍ത്തി പൊയ്ക്കോ, അല്ലെങ്കി ഇതാ എന്നെ പോലെ ആയുസ്സ് മുഴുവന്‍ മരുഭൂമിയില്‍ തന്നെ“

പെട്ടെന്ന് ഒരാളെ കിട്ടിയപ്പോള്‍ എല്ലാ സങ്കടങ്ങളും പുറത്തെക്കൊഴുകി.

“അത് ശരി, അപ്പോള്‍ ഇതൊരു നാട് കടത്തലാ അല്ലെ ? അല്ല ഓളെ മറക്കാന്‍ പറ്റോ”

“അറിയില്ല, എന്തായാലും അകന്നു നിന്നെ പറ്റൂ“

“മറക്കും, എല്ലാം മറക്കും അങ്ങിനെ ഒരു ഗുണം കൂടി ഉണ്ട് ആ മണ്ണിനു, പിന്നെ ഒരു ജോലി ശരിയാവുന്നത് വരെ എന്റെ കൂടെ കൂടിക്കോ, റൂമും ഭക്ഷണവും ആണ് ഗള്‍ഫില്‍ പ്രധാന സംഭവം, അത് രണ്ടും ഞാന്‍ ഏറ്റു, എനിക്കൊരു കഫ്തീരിയ ഉണ്ട്, ഒരു നാല് ടാബിളും മൂന്നു പണിക്കാരും ഉള്ള ഒരു ചെറിയ ചായക്കട“

“എന്താ പേര്?“

“പടച്ചോനെ അത് മറന്നു, എന്റെ പേര് മജീദ്‌, മലപ്പുറത്ത് എടപ്പാള്‍ കേട്ടിട്ടുണ്ടോ, അവിടെയാണ് വീട്“

“ഞാന്‍ ഷെമീര്‍, മലപ്പുറത്ത് തന്നെ , കുറെ ഉള്ളിലേക്കാ , മൈലാഞ്ചിക്കുന്ന് അറിയോ?”

“അറിയോന്നോ! എന്റെയൊക്കെ ചെറുപ്പത്തില്‍ , മൈലാഞ്ചിക്കുന്ന് നേര്‍ച്ച ഒന്ന് പോലും ഒഴിവാക്കില്ല, മൈലാഞ്ചിക്കുന്ന് മാത്രമല്ല, വെളിയങ്കോട്, പുത്തന്‍പള്ളി, പുതിയങ്ങാടി അങ്ങിനെ എല്ലാ നേര്‍ച്ചകളും, അതൊരു കാലം, അന്നൊക്കെ വയറ് നെറയെ വല്ലതും തിന്നുന്നത് നേര്‍ച്ചക്കും, പിന്നെ വല്ല കല്യാണത്തിനും ആണ്“

ഷാര്‍ജ എത്തിയത് അറിഞ്ഞില്ല, സങ്കടം എല്ലാം എങ്ങോട്ട് പോയി എന്നറിയില്ല, ഞാനും ഒരു പ്രവാസിയായി. വേറെ പണിയൊന്നും അന്നെഷിച്ചില്ല, കഫ്തീരിയയില്‍ തന്നെ കൂടി, കുറെ മാസങ്ങള്‍. ഭാഷ എല്ലാം ശരിയായി വന്നപ്പോള്‍ മജീദ്‌ക്ക നിര്‍ബന്ധിക്കാന്‍ തുടങ്ങി.വേറെ ജോലി നോക്കാന്‍, വേറെ ഒരു ജോലി ഒത്തു വന്നതും വളരെ യാദ്രിശ്ചികം ആണ്.

ഹോട്ടെലില്‍ വെച്ച് ഖാലിദ്‌ അഹ്മദ് എന്ന ആളെ കാണുന്നതും ആളുടെ കമ്പനിയില്‍ പണി കിട്ടുന്നതും എല്ലാം ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. നല്ല ശമ്പളം. എല്ലാ വിധ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. പിന്നെ മജീദ്‌ക്കാടെ കഫ്തീരിയ ഇന്നത്തെ 'ഇക്കാസ്‌ റെസ്ടോരന്റ്' ആക്കിയതും മജീദ്‌ക്ക എന്‍റെയും അദ്ദേഹത്തിന്റെ മകന്റെയും പേരില്‍ ലൈസന്‍സ് മാറ്റുന്നതും, പിന്നീട് ഹസിമോളെ മജീദ്‌ക്കാടെ മകന് കല്യാണം ആലോചിക്കുന്നതും എല്ലാം പടച്ചോന്റെ തീരുമാനങ്ങള്‍ മാത്രം ആയിരുന്നു എന്ന് വിശ്വസിക്കാന്‍ ആണ് ഇഷ്ടം.

“മോനെ ഇതെന്തൊരു കെടപ്പാ ഇത്? അകത്തു വന്നു കെടന്നൂടെ“

"ഹാ! ഉമ്മാ, ഞാന്‍ വെറുതെ ഓരോന്നും ഓര്‍ത്ത്‌ അങ്ങിനെ... ഓരെല്ലാം പോയോ ഉമ്മാ?”

“ഹാ എല്ലാരും പോയി, കൊറച്ചു കഴിയുംബേക്കും ഹസിമോളും ചെക്കനും വരും.”

“ഉമ്മാ എല്ലാം വളരെ ഭംഗിയായിരുന്നില്ലേ ?ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ലല്ലോ?”

“എല്ലാം നന്നായി മോനെ, ഇഞ്ഞി ഇജ്ജോന്ന് കുളിച്ചാ , രണ്ടു മൂന്നീസത്തെ ഒറക്കസീണം ഇണ്ട് അനയ്ക്ക്, മക്കള് വന്ന ഞാ ബിളിക്കാ, അത് വരെ ഒന്ന് കെടന്നോ, ഹാ മോനെ അന്റെ കെടപ്പ് കണ്ടപ്പ പറയാന്‍ ബന്ന കാര്യം ഇമ്മ മറന്ന്, ഹാജിയാര് ഇരിക്കീണ്ട് പന്തലില്, അന്നോട് എന്താണ്ട് പറയണംന്നു പറഞ്ഞ്“

ഹാജിയാര്. മാളിയേക്കല്‍ ഹസൈനാര്‍ ഹാജി എന്ന വലിയ മനുഷ്യനില്‍ നിന്നും ഇന്നത്തെ ഹാജിയാര്‍ ഒരുപാട് മാറി. എന്‍റെ കഴിഞ്ഞു പോയ ആറു വര്‍ഷക്കാലം ഞാന്‍ ഓര്‍ക്കാതെ പോയത് ആ കുടുംബത്തെ പറ്റിയാണ്. എന്നാലും ഉമ്മ പറഞ്ഞിരുന്നു ആ മനുഷ്യന്റെ ഓരോ വീഴ്ചകളും. സുറുമിയുടെയും ശേഷം ഫാത്തിമത്തയുടെയും മരണ വാര്‍ത്ത എന്നെ ഏറെ കാലം വേട്ടയാടി. പിന്നെ എല്ലാം മനപ്പൂര്‍വം മറക്കുകയായിരുന്നു, ഒരിക്കല്‍ പോലും ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു. ഉമ്മയെയും വിലക്കി. ഒരു മാസം മുന്‍പ് നാട്ടില്‍ എത്തിയപ്പോള്‍ ആണ് കാലങ്ങള്‍ക്ക് ഇപ്പുറം അദ്ദേഹത്തെ കാണുന്നത്. അപ്പോള്‍ അദ്ദേഹത്തില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ ... ഒരുപാട് വേദനിപ്പിക്കുന്നതായിരുന്നു... ഒപ്പം ഞെട്ടിപ്പിക്കുന്നതും.

ഞാന്‍ ഷാര്‍ജയില്‍ എത്തി ഒരു വർഷം കഴിയും മുന്‍പേ സുറുമിയുടെ കല്യാണം കഴിഞ്ഞു. കൊച്ചിയില്‍ ബിസ്നെസ് നടത്തുന്ന അവളുടെ ഭര്‍ത്താവിനു അവളുടെ പണത്തില്‍ ആയിരുന്നു കണ്ണ്. കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോഴേക്കും അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി. ഗര്‍ഭിണിയായ സുറുമിയെ അബോര്‍ഷന്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു എന്ന് ഒരിക്കല്‍ അവള്‍ വീട്ടില്‍ അറിയിച്ചിരുന്നു. ഒരിക്കല്‍ രാത്രിയില്‍ വീട്ടിലേക്കു വിളിച്ചു എത്രയും വേഗം വരാന്‍ അവള്‍ പറഞ്ഞു, നേരം വെളുത്തിട്ടു വരാം എന്ന് പറഞ്ഞ് അന്ന് ഹാജിയാര്‍ പോയില്ല. പക്ഷെ പുലരും മുന്‍പേ അവളുടെ വീട്ടില്‍ നിന്നും വിളി വന്നു. അവള്‍ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞ്. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് ഉറച്ചു വിശ്വസിച്ച ഹാജിയാര്‍ കേസ് നടത്തി അവനു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തീരുമാനിച്ചു. കേസിന് വേണ്ടി എല്ലാം വിറ്റ്‌ തുലച്ചു. ഇപ്പോള്‍ ഒന്നും ബാക്കി ഇല്ല. മൈലാഞ്ചിക്കുന്നിലെ സുല്‍ത്താന്‍ ഇന്ന് ഫക്കീര്‍ ആയി പള്ളിപ്പീടികയിലെ ഒരു മുറിയില്‍ തന്‍റെ മകളുമായി കഴിയുന്നു.

“അസ്സലാമു അലൈക്കും“

“വ അലൈക്കുമുസ്സലാം, മോന് ബുദ്ധിമുട്ടായോ?”

“എന്തിന്?”

“എനിക്കൊരു കാര്യം പറയാന്‍ ഉണ്ട്...”

“ഹാജിയാര്‍ക്ക് എന്നോട് എന്ത് വേണം എങ്കിലും പറയാം, ആജ്ഞാപിക്കാം.”

“എന്‍റെ അവസ്ഥ നിനക്കറിയാലോ , ഇനി എത്ര കാലം എല്ലാം കണ്ടും കെട്ടും കഴിയണം എന്നറിയില്ല, അതിനും മുന്‍പേ എനിക്കെന്‍റെ സുലൈഖയെ ആരുടെ എങ്കിലും കയ്യില്‍ ഏല്‍പ്പിക്കണം. കുറച്ചു ദിവസം മുന്‍പ് നിന്റെ ഉമ്മ ഒരു കാര്യം സൂചിപ്പിച്ചു...”

“ഉമ്മ പറഞ്ഞിരുന്നു.., പക്ഷെ സുലൈഖയെ ഞാന്‍...”

“അറിയാം ..നിന്‍റെ നിലക്കും വിലക്കും ഇപ്പോള്‍ ചേര്‍ന്ന ബന്ധമല്ല...”

“ഹാജിയാര്‍ എന്താ ഈ പറയുന്നത്? എന്റെ നിലയും വിലയും എല്ലാം മാളിയേക്കല്‍ അസൈനാര്‍ ഹാജിയുടെ ദയയാണ്, സുലൈഖ എനിക്കെന്‍റെ അനിയത്തിയെ പോലെയാണ്. അവളെ എനിക്ക് എന്റെ അനിയത്തിയായെ കാണാന്‍ പറ്റൂ. അവള്‍ക്കു നല്ലൊരു ആലോചന ഞാന്‍ കണ്ടു വെച്ചിട്ടുണ്ട്. പിന്നെ ഞാന്‍ നാളെ തിരിച്ചു പോവും, ഇനി മുതല്‍ ഉമ്മ ഇവിടെ തനിച്ചാണ്, അത് കൊണ്ട് സുലൈഖയും ഹാജിയാരും ഇവിടെ ഉണ്ടാവണം. ഞാന്‍ അവിടെ ചെന്നാല്‍ ഉടന്‍ ഫൈസിയുടെ അനിയന്‍ നാട്ടില്‍ വരും. അവര്‍ തമ്മില്‍ ഒന്ന് കാണട്ടെ. ഹാജിയാരെ പറ്റി മജീദ്‌ക്കാക്ക് എല്ലാം അറിയാം. മാത്രമല്ല ഇനി രണ്ടു പേരും ഒരു വീട്ടിലേക്കു ചെന്ന് കയറുമ്പോള്‍ എപ്പഴും ഉമ്മയുടെ അടുത്തു ആരെങ്കിലും കാണുമല്ലോ, ഒരാള്‍ അവിടെ ചെന്നാല്‍ അടുത്തയാള്‍ ഇങ്ങോട്ട് പോരട്ടെ. മജീദ്‌ക്കാടെ മരുമക്കള്‍ ആയി അവര്‍ അവിടെ സന്തോഷായി കഴിയും എനിക്ക് ഉറപ്പാണ്.”

“ഇഞ്ഞി എന്നാ അണക്കൊരു പെണ്ണ്? അന്റെ നിക്കാഹുംപാടെ കയിഞ്ഞു മരിക്കാന ഇന്റെ പൂതി. അത് നടക്കോ?”

“ഉമ്മ ഇങ്ങള് ദേഷ്യപ്പെടെണ്ട..അടുത്തു തന്നെ അതും ഉണ്ടാവും“

***

ഉപ്പയുടെ രണ്ടു മീസാനുകള്‍ക്കടുത്തും മൈലാഞ്ചി കാടുപിടിച്ചു പൂത്തു നില്‍ക്കുന്നു. മീസാന്‍ കല്ലില്‍ എഴുതി വെച്ചിരുന്ന പേര് എന്നേ നിറം മങ്ങി അപ്രതക്ഷ്യമായിരിക്കുന്നു. ആദ്യമായി ഇവിടെ വരുന്നത് ഹാജ്യാരുടെ കയ്യില്‍ പിടിച്ചായിരുന്നു. തളിരിട്ടും പൊഴിഞ്ഞും കാലം കുറെ ഏറെ മുന്‍പോട്ടു പോയിരിക്കുന്നു. ഓര്‍മയില്‍ ഇപ്പോഴും തോര്‍ത്തും കൊണ്ട് വിയര്‍പ്പു തുടച്ചു വീട്ടിലേക്കു വരുന്ന ഉപ്പയുടെ പുഞ്ചിരിയുള്ള മുഖം.

“എന്‍റെ പ്രിയ ഉപ്പാ, ഉപ്പ എന്നെ ഏല്‍പിച്ച കാര്യങ്ങള്‍ എല്ലാം ഞാന്‍ ഭംഗിയായി നിറവേറ്റിയിരിക്കുന്നു. ഉപ്പയുടെ പൊന്നുമോളെ, എന്‍റെ അനിയത്തിയെ ഞാന്‍ നല്ലോരാളെ കൈ പിടിച്ചേല്‍പ്പിച്ചിരിക്കുന്നു. ഉമ്മയുടെ എല്ലാ ആഗ്രഹങ്ങളും ഞാന്‍ നിറവേറ്റി. ഒന്ന് പക്ഷെ ഞാന്‍ ബാക്കി വെക്കുന്നു. ഒരു പെണ്‍കുട്ടിയെ എന്‍റെ ജീവിതത്തിലേക്ക് കൂട്ടുക എന്ന ഉമ്മയുടെ ഒരു വലിയ ആഗ്രഹം. അതിനെനിക്കു കഴിയില്ല എന്ന് ഉപ്പക്കറിയാലോ. ഉപ്പ ഞങ്ങളെ തനിച്ചാക്കി പോയത് പോലെ... വയ്യ ഉപ്പാ... ഉപ്പയെ ഞങ്ങളില്‍ നിന്നും കവര്‍ന്നെടുത്ത അതേ വിധി തന്നെ ഇപ്പഴും... എനിക്കറിയില്ല എത്ര നാള്‍ കൂടി ഈ സത്യം എല്ലാവരില്‍ നിന്നും മറച്ചു പിടിക്കാന്‍ എനിക്ക് കഴിയും എന്ന്. നാളെ ഞാന്‍ യാത്ര തിരിക്കും എല്ലാവരും കരുതുന്ന പോലെ ഗള്‍ഫിലേക്കല്ല, ഹോസ്പിറ്റലിലേക്ക്!”

***

"സാറേ ആശുപത്രി എത്തി,” ടാക്സിക്കാരന്റെ ശബ്ദമാണ് വീണ്ടും ഓര്‍മകളില്‍ നിന്ന് ഉണര്‍ത്തിയത്.

“മലയാളി ആണല്ലേ?”

“എന്ത് ചോദ്യമാണ് സാറേ,സാറ് എന്‍റെ വണ്ടിയില്‍ കയറിയപ്പഴേ എനിക്ക് മനസ്സിലായി.ആട്ടെ ഇവിടെ ആരെ കാണാന?ആരാ കിടക്കുന്നത് ?”

“ആരും ഇല്ല, കുറച്ചു ദിവസം എനിക്കൊന്നു കിടക്കണം.”

“ഇന്നാലിന്നാഹി....ചികിത്സക്ക് വേണ്ടി വരുന്നവര്‍ ഇവിടെ തനിച്ചു വരാറില്ല, അത് കൊണ്ടാ ചോദിച്ചത്,പിന്നെ നാട്ടില്‍ തന്നെ ഇതിനു നല്ല ആശുപത്രികള്‍ ഉണ്ടല്ലോ,പിന്നെന്തിനാ മുംബായി?”

അതിനു മറുപടി പറയാതെ കാശ് കൊടുത്തു നേരെ നടന്നു.

സുറുമിയുടെ കാര്യം ഒഴിച്ചു ഉമ്മ അറിയാത്തൊരു രഹസ്യവും ഉണ്ടായിരുന്നില്ല. ഉമ്മയില്‍ നിന്നും മക്കള്‍ എന്തെങ്കിലും രഹസ്യങ്ങള്‍ സൂക്ഷിക്കുകയും പിന്നീട് അത് ഉമ്മ അറിയുകയും ചെയ്യുന്ന പോലെ ഒരു വലിയ വേദന വേറെ ഒന്നുണ്ടാവില്ല ഉമ്മക്കും മക്കള്‍ക്കും ഇടയില്‍. അധികം വൈകാതെ തന്നെ ഉമ്മ എല്ലാം അറിയുമായിരിക്കും, ഉമ്മാക്ക് പക്ഷെ എന്നെ വെറുക്കാന്‍ കഴിയില്ല. കാരണം അങ്ങിനെ ഒരു രഹസ്യം അല്ലല്ലോ എനിക്കുള്ളത്. ഉമ്മയോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടല്ലേ ഞാന്‍ ഉമ്മയോട് ഇത് മറച്ചു വെച്ചത്. എന്‍റെ മരണ ശേഷം ഹാജിയാര് എല്ലാം പറഞ്ഞു മനസ്സിലാക്കും ഉമ്മയെയും ഹസി മോളേയും. ഹാജിയാരുടെത് ഒരു വല്ലാത്ത നിയോഗം ആണ്. എന്‍റെ ഉപ്പയുടെയും അസുഖത്തെ കുറിച്ച് അറിയാമായിരുന്ന ആള്‍ ഹാജിയാര്‍ ആയിരുന്നു.

***

“എനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്നെ ദുബായില്‍ നിന്നും ഡോക്ടര്‍ സാമുവല്‍ വിളിച്ചു പറഞ്ഞ ആ ആള് തന്നെ ആണോ ഇത്? എങ്കില്‍ എന്തോ വലിയ അത്ഭുതം സംഭവിച്ചിരിക്കുന്നു.”, ഡോക്ടര്‍ രാം നാഥന്‍ വല്ലാത്തൊരു അന്ധാളിപ്പില്‍ ആണ്.

"എന്താ ഡോക്ടര്‍ എനിക്ക് പേടിക്കാന്‍ തക്ക ഒന്നും ഇല്ലേ?"

“ഇല്ലെടോ ഒരു സാധാരണ മനുഷ്യനായി താന്‍ ഇനിയും ഒരുപാട് കാലം ജീവിക്കും,ഒരു മരുന്നും മന്ത്രവും ഇല്ലാതെ.”

“ഡോക്ടര്‍ എനിക്ക് വീട്ടിലേക്കൊന്നു വിളിക്കണം, ഞാന്‍ പുറത്തേക്കൊന്നു പൊയ്ക്കോട്ടേ?”, മറുപടിക്ക് കാത്തു നില്‍ക്കാതെ പുറത്തേക്ക് ഓടുകയായിരുന്നു. ഉമ്മാക്ക് വിളിക്കണം, കൂടുതല്‍ ഒന്നും പറയണ്ട, ഉമ്മയുടെ ആഗ്രഹപ്പ്രകാരം ഒരു കല്യാണം ഉടന്‍ ഉണ്ടാവും എന്ന് പറയണം.

“ഹാ ഷമീര്‍ കാത്തിരുന്നു മുഷിഞ്ഞോ?", ഡോക്ടര്‍ വിളിച്ചപ്പോള്‍ ആണ് ഉണര്‍ന്നത്. സ്വപ്നം ആയിരുന്നോ!!

“ഹേയ് ഇല്ല ഡോക്ടര്‍ ”

“തന്നില്‍ നിന്നും ഒന്നും മറച്ചു പിടിക്കണ്ട എന്ന് സാമുവല്‍ പറഞ്ഞിരുന്നു.“

“അറിയാം,,കുറച്ചൊക്കെ”

"മൂന്നു ദിവസം കൊണ്ട് എന്ത് തോന്നുന്നു? ട്രീറ്റ്മെന്‍റ് ഇവിടെ തന്നെ തുടങ്ങണോ അതോ തിരിച്ചു ദുബായിലേക്ക് മടങ്ങുന്നോ? അറിയാലോ കാര്യങ്ങള്‍ എല്ലാം..?“

“അറിയാം.., ഇവിടെ തന്നെ മതി. ഞാന്‍ തയ്യാറാണ്, മനസ്സിനെ പാകപ്പെടുത്താന്‍ ഈ ദിവസങ്ങള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ട്“

“എങ്കില്‍ ഇന്ന് തന്നെ തുടങ്ങണം. വരൂ ...”

ഡോക്ടര്‍ പോയ വഴിയെ നടന്നു... ഇനി ഒരു പക്ഷേ എന്നെ കണ്ടാല്‍ എന്‍റെ ഉമ്മ പോലും തിരിച്ചറിയില്ലായിരിക്കാം.

കുറച്ചു ദൂരെ പ്രകാശിക്കുന്ന ഒരു ചെറിയ ചുവന്ന ബള്‍ബിനു താഴെ കീമോതെറാപ്പിയുടെ ബോര്‍ഡ് അവ്യക്തമായി കാണാം. അവിടെ നിന്നും എന്‍റെ പ്രണയിനിയിലേക്കുള്ള ദൂരം എത്രയാണെന്ന് ഒന്നറിയാന്‍ കഴിഞ്ഞെങ്കില്‍...

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.