മഞ്ഞുമേഘം

അയാൾ കാറിന്റെ ആക്സിലറേറ്ററിൽ കാൽ അമര്‍ത്തി. സാധാരണ ഇത്ര വേഗത്തിൽ കാറോടിക്കാറില്ല. ഇന്ന് മനസ്സിന് അല്പം ധൃതിയാണ്. കഴിഞ്ഞ തവണ അവിടെ പോയിട്ട് ഇപ്പോള്‍ ആഴ്ചകൾ പലതു പിന്നിട്ടു. വിവാഹവുമായി ബന്ധപ്പെട്ട തിരക്കിനിടയില്‍ അവിടേക്ക് ഒരു തവണയെങ്കിലും പോവാൻ പറ്റാത്തതിൽ അയാൾക്ക്‌ സങ്കടമുണ്ട്.

നഗരത്തിന്റെ തിരക്കുകൾക്കിടയിൽ നിന്നും മാറി ഗ്രാമീണത തുടങ്ങുന്നിടത്താണ് ആ സ്ഥാപനം. കഴിഞ്ഞ പിറന്നാളിന്റെ അന്നായിരുന്നു ആദ്യമായി അവിടം സന്ദര്‍ശിച്ചത്. ഒരു സുഹൃത്ത് മുഖേന വിലാസം സംഘടിപ്പിച്ചു വലിയ ഒരു കേക്ക് വാങ്ങി പുറപ്പെടുകയായിരുന്നു. നിലവില്‍ ഇരുപത്തിയഞ്ചോളം കുട്ടികൾ അന്തേവാസികൾ ആയിട്ടുണ്ട്‌. അവര്‍ക്ക് അച്ഛനും അമ്മയുമായി ഒരു ഫാദർ./

വിവിധ പ്രായത്തിലുള്ള കുട്ടികൾ അവിടെ സഹോദരങ്ങളായി വളരുന്നു. വിവിധ മാതാപിതാക്കളുടെ മക്കൾ. ഫാദർ ഓരോ കുട്ടിയേയും കുറിച്ച് വിശദമായി പറഞ്ഞു തന്നില്ല. എന്നാൽ കുട്ടികൾ അവിടുത്തെ അന്തേവാസികളായി വരുവാനുള്ള കാരണങ്ങളെക്കുറിച്ച് ഒരു ധാരണ പകര്‍ന്നു തന്നു.

നിഷ്കളങ്കരായ കുട്ടികൾ പിറന്നാൾ കേക്ക് വെച്ച മേശയ്ക്കു ചുറ്റും കൂടി നിന്ന് ചിരിക്കുന്ന രംഗം അയാൾക്ക്‌ മറക്കാൻ ആവുന്നതല്ല. പുഞ്ചിരിക്കാൻ മാത്രം അറിയുന്ന കുട്ടികൾ. അവർ അനാഥരാണെന്ന കാര്യം അവർ അറിയുന്നുണ്ടാവുമോ? ചിലരുടെ അച്ഛനമ്മമാര്‍ അപകടത്തിൽ മരിച്ചതാവാം. ചിലരുടേത് ആത്മഹത്യ ചെയ്തവർ. മറ്റു ചിലരുടേത് അസുഖങ്ങൾ വന്നു മരണപെട്ടവർ. മാതാപിതാക്കളെ വേര്‍പിരിഞ്ഞു ജീവിത്തത്തിന്റെ പടിവാതിലിൽ നില്ക്കുന്ന കുരുന്നുകൾ അന്നത്തെ ജന്മദിനത്തെ അവിസ്മരണീയമാക്കി.

അതിനു ശേഷം അയാൾ ഒന്ന് രണ്ടാഴ്ചകൾ കൂടുമ്പോള്‍ അവിടം സന്ദര്‍ശിക്കുക പതിവായി. അയാളുടെ വരുമാനത്തിൽ നിന്നും ഒരു സംഖ്യ ഓരോ മാസവും അവര്‍ക്കു വേണ്ടി മാറ്റി വെച്ചു. ഒരു മഹാത് വാചകം ഓര്‍മ വന്നു, 'പരസ്പരം സഹായിക്കാനും ഉദ്ധരിക്കാനുമല്ലെങ്കിൽ പിന്നെ എന്തിനാണ് നാം ജീവിക്കുന്നത്.'

അനാഥരായ എത്ര കുട്ടികൾ ലോകമെമ്പാടും ഉണ്ടാകും? എത്ര കുട്ടികൾ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടതകൾ അനുഭവിക്കുന്നുണ്ടാവും? തെരുവുകളിൽ വളരുന്ന കുട്ടികൾ ഓരോ ദിവസവും എത്രയെത്ര പീഡനങ്ങള്‍ക്ക് ഇരയാവുന്നു? മോശം സാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾ പിന്നീട് സാമൂഹത്തിന് അപകടകരമായ അക്രമകാരികളായി മാറുന്നു. ഒരു കാലഘട്ടത്തിലെ സമൂഹത്തിന്റെ സമാധാനത്തിന് അതിനു മുന്‍പത്തെ കാലത്തിലെ കുട്ടികളെ നന്നായി വളര്‍ത്തേണ്ടതുണ്ട്.

ആ ഫാദർ ചെയ്യുന്നത് കുട്ടികള്‍ക്കു വേണ്ടിയുള്ള ആതുര സേവനം മാത്രമല്ല. യഥാർത്ഥത്തിൽ അത് നല്ലൊരു സമൂഹത്തിനു വേണ്ടിയുള്ള പ്രയത്നം തന്നെയാണ്. സ്വന്തം സുഖവും സന്തോഷവും മാത്രം ആഗ്രഹിച്ചു ജീവിക്കുന്ന സ്വാര്‍ത്ഥമതികളായ ഭൂരിപക്ഷം മനുഷ്യര്‍ക്കും ഇതൊക്കെ എങ്ങനെ മനസ്സിലാവാൻ! സ്വന്തം ജീവനും സ്വത്തിനും ഭീഷണിയുണ്ടാവുമ്പോള്‍ മാത്രമേ മനുഷ്യര്‍ അക്രമത്തെപ്പറ്റി ചിന്തിച്ചു വിഷമിക്കുന്നുള്ളൂ.

അടുത്ത തവണ പോയപ്പോൾ പുതിയൊരു അതിഥി എത്തിയിട്ടുണ്ടായിരുന്നു. ഒരു മൂന്നു വയസ്സുകാരൻ. അവനും അവന്റെ അച്ഛനും അമ്മയും സഞ്ചരിച്ച കാര്‍ അപകടത്തിൽ പെട്ടു. കുട്ടിയെ ആശുപത്രിയില്‍ നിന്ന് ബന്ധുക്കൾ നേരെ ആതുരാലയത്തിൽ കൊണ്ടു വന്നു ചേര്‍ത്തു.

അവനെ നോക്കി നിന്നപ്പോൾ അയാളുടെ മനസ്സു വല്ലാതെ വിഷമിച്ചു. നല്ല ഓമനത്തമുള്ള കുട്ടി. സമ്പന്ന കുടുംബത്തിൽ പിറന്ന അവൻ ഒറ്റ നിമിഷം കൊണ്ട് ആരോരുമില്ലാത്തവനായി. അവനെ മാത്രമായി വിളിച്ചു കുറച്ചധികനേരം സംസാരിച്ചു. അന്ന് കൊണ്ടുപോയ ബിസ്ക്കറ്റുകളിൽ ഒരു പാക്കറ്റ് അവനു അധികമായി സമ്മാനിച്ചു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഫാദർ അയാളെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഗൗരവമായ എന്തോ ഒരു കാര്യം പറയാനുള്ള ഭാവത്തിലായിരുന്നു ഫാദർ. മുഖവുരകൾ കൂടാതെ ഫാദർ പറഞ്ഞു, "ഇവിടുത്തെ ഒരു കുട്ടിയേയും അധികമായി ലാളിക്കരുത്. അതായത് മറ്റു കുട്ടികള്‍ക്ക് ആര്‍ക്കും വിഷമം ഉണ്ടാക്കുന്ന രീതിയിൽ ഒരു കുട്ടിക്ക് മാത്രമായി അധിക പരിഗണന നല്കരുത്. ഒരു കുട്ടിക്കും ഇവിടെ മറ്റൊരു കുട്ടിയോട് അസൂയയും വൈരാഗ്യവും ഉണ്ടാവരുത്."

തെറ്റ് മനസ്സിലായിരുന്നു, "സോറി ഫാദർ!"

ഫാദർ എത്ര മഹാനായ മനുഷ്യനാണ്! ആതുരാലയം നടത്തിക്കുന്നതിൽ ദീനാനുകമ്പയുള്ള ഒരു മനസ്സ് മാത്രം പോര. അതിസൂക്ഷ്മതയോടെയുള്ള നിരീക്ഷണവും സാങ്കേതികതയും കൂടി ഉള്ള മനസ്സിനുടമയാവണം എന്ന് അന്ന് മനസ്സിലായി.

വിവാഹത്തിനു ശേഷമുള്ള ഇന്നത്തെ യാത്രയിൽ അയാളുടെ കൂടെ അയാളുടെ പ്രിയതമയും കൂടി ഉണ്ട്. ആരോരുമില്ലാത്തവർക്കു വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങളിലും അയാളുടെ ജീവിതത്തിലും പങ്കാളിയാവാൻ ആയാള്‍ ആരോരുമില്ലാത്ത ഒരു യുവതിയെ തന്നെ വിവാഹം ചെയ്തു. നഗരത്തിൽ നിന്നും വളരെ ദൂരെയുള്ള സ്വന്തം നാട്ടില്‍ നടന്ന ലളിതമായ ചടങ്ങിൽ അവൾ അയാളുടെ ജീവിതസഖിയായി.

വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ അയാൾക്ക്‌ ആ നഗരത്തിലെ ഒരു വലിയ കമ്പനിയിൽ തന്നെ ജോലി ലഭിച്ചിരുന്നു. ജീവിതത്തെക്കുറിച്ച് അന്നുതന്നെ വളരെ നല്ല കാഴ്ച്ചപ്പാടുണ്ടായതിനാൽ അച്ചടക്കത്തോടെ സമ്പാദിക്കുകയും നാട്ടില്‍ കുറച്ചു സ്ഥലം വാങ്ങുവാനും അതിൽ സാമാന്യം നല്ല ഒരു വീട് വെക്കുവാനും അയാൾക്ക്‌ കഴിഞ്ഞിരുന്നു. പിന്നീട് ബാങ്കിൽ ഒരു ഫിക്സഡ് ഡെപോസിറ്റ്‌ തുടങ്ങുകയും വിവാഹസമയം ആകുമ്പോഴേക്കും ഉദ്ദേശിച്ച തുക വളര്‍ത്തുകയും ചെയ്തിരുന്നു.

ഒരു വര്‍ഷം മുന്‍പാണ് ജീവിതത്തിനു പുതിയൊരു അര്‍ത്ഥതലങ്ങൾ ഉണ്ടാകുന്ന വിധം അയാൾ മാറി ചിന്തിച്ചത്. ഒരു പിറന്നാൾ ദിനത്തില്‍ തന്നെ അതിനു തുടക്കമിട്ടത് മറ്റൊരു നിയോഗമായിരുന്നു.

ബാങ്കിലെ തന്റെ വിവാഹനിധി ഫാദറിന്റെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്തു. പുറം ലോകത്തെ കുട്ടികൾ അനുഭവിക്കുന്ന ഏതാണ്ട് എല്ലാ പഠന പഠനേതരസൗകര്യങ്ങൾ തങ്ങളുടെ കുട്ടികള്‍ക്കും വേണം എന്ന് ഫാദറിനോട് പറഞ്ഞു. ആ തുക അതിനായി ഉപകാരപ്പെടട്ടെ. കുട്ടികൾ കളിച്ചു പഠിച്ചു വളരട്ടെ. നന്മയോടെ വളരുന്ന അവർ സമൂഹത്തിനും ഇനിയുണ്ടാവുന്ന അനാഥക്കുട്ടികള്‍ക്കും അനുഗ്രഹമാവട്ടെ.

ഇക്കാര്യം പറയാൻ വിളിച്ചപ്പോൾ അച്ചൻ മറ്റൊരു കാര്യം പറഞ്ഞു, "നമ്മുടെ കുടുംബത്തിൽ ഒരു പെണ്‍കുട്ടി ജോയിൻ ചെയ്തിട്ടുണ്ട്. ഏതാണ്ട് രണ്ടു വയസ്സ് കാണും."

പാവം. ജീവിതത്തിനു മുന്നില്‍ പകച്ചുനിന്ന ഒരു കുരുന്നു കൂടി ഫാദറിന്റെ സ്നേഹഭവനത്തിൽ ചേക്കേറിയിരിക്കുന്നു.

അയച്ചു കൊടുത്ത തുക ഏറ്റവും നാന്നായിത്തന്നെ പ്ലാൻ ചെയ്തു ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് പുറപ്പെടാൻ നേരം ഫാദർ പറഞ്ഞിരുന്നു. പൂര്‍ത്തിയായ അത്രയും പണികൾ കാണാൻ കൊതിയായതോടെ ധൃതി കൂടി. അതാണ്‌ വേഗത്തിൽ കാറോടിച്ചു പോകുന്നത്. ഭാര്യയും കുറെ നാളുകളായി കുട്ടികളെ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു.

സൂര്യൻ തന്റെ ശക്തി കുറച്ചു പടിഞ്ഞാറേ ചക്രവാളത്തിലേക്ക് താഴുവാൻ തുടങ്ങിയിരിക്കുന്നു. നഗരാതിര്‍ത്തികൾ കടന്നു കാർ വിശാലമായ കൃഷിയിടങ്ങള്‍ക്കിടയിലൂടെ പാഞ്ഞു പോകുന്നു. ഒരു വളവു തിരിഞ്ഞപ്പോൾ ഇടത്തേക്ക് തിരിഞ്ഞു ചെമ്മണ്‍പാതയിലൂടെ ഒരല്പം നീങ്ങി ഒരു മതിലിനു പുറത്ത് നിന്നു. അയാളും ഭാര്യയും കാറിൽ നിന്നിറങ്ങി ഗേറ്റിനകത്ത് കടന്നു.

പരിസരമാകെ കുറേ മാറിയിട്ടുണ്ട്. മതിൽക്കെട്ടിനകത്തു ഒരു കൊച്ചു പാര്‍ക്കുതന്നെ നിര്‍മ്മിച്ചിരിക്കുന്നു. കുട്ടികളെല്ലാം പുതിയ കളിസ്ഥലങ്ങളിൽ വിവിധങ്ങളായ കളികളിൽ മുഴുകിയിരിക്കുന്നു. അവരില്‍ ചിലര്‍ അയാളെ കണ്ട് കളി മതിയാക്കി അയാൾക്കു നേരെ ഓടി വന്നു. ഇത് കണ്ട മറ്റു കുട്ടികളും മറ്റുള്ളവരുടെ കൂടെ ഓടി വന്നു. ആദ്യം അടുത്തെത്തിയ കുട്ടികൾ പൊടുന്നനെ അയാളുടെ കാലുകളിൽ കെട്ടിപ്പുണര്‍ന്നു നിന്നു. മറ്റുള്ളവരും ചുറ്റും കൂടി മറ്റു കുട്ടികളെ പൊതിഞ്ഞു നിന്നു. അയാളുടെ സിരകളിൽ കൂടി ഒരു വൈദ്യുതസ്ഫുലിംഗം കടന്നു പോയി.

അയാൾ ചുറ്റും നോക്കി. കുറച്ചകലെ ഓഫീസിന്റെ വാതിൽക്കൽ നിന്ന് ഫാദർ പുഞ്ചിരി പൊഴിക്കുന്നു. ഫാദർ കുട്ടികളോട് പറഞ്ഞുകാണണം ഈ പുതിയ സൗകര്യങ്ങളുടെ സ്പോണ്‍സർ താൻ ആണെന്ന്. കുട്ടികൾക്കിടയിൽ എല്ലാവര്‍ക്കും ഒരേ പരിഗണന കൊടുക്കുന്ന ഫാദർ, പുറത്ത് നിന്നും ഒരാള്‍ അവര്‍ക്കു വേണ്ടി സഹായങ്ങൾ നൽകിയാൽ അതിന് ഏറ്റവും നന്നായി തന്നെ നന്ദി പ്രകടിപ്പിക്കാൻ അവരെ പഠിപ്പിച്ചിട്ടുണ്ട്.

കുട്ടികൾ ഓരോരുത്തരായി പറഞ്ഞു കൊണ്ടിരുന്നു, "താങ്ക്സ് അങ്കിൾ... താങ്ക്സ് അങ്കിൾ..."

സന്തോഷം നിറഞ്ഞു തുളുമ്പിയ മനസ്സിന്റെ ആര്‍ദ്രത കൈകളിലേക്ക് പടര്‍ത്തി അയാൾ അവരെ ഓരോരുത്തരേയും തന്നിലേക്ക് അമര്‍ത്തി പുണര്‍ന്നു. കുറച്ചു ദൂരെ കുഞ്ഞു സ്ലൈഡറിന്റെ അരികില്‍ ഒരു കൊച്ചുപെണ്‍കുട്ടി ഇതെല്ലാം കണ്ടു നില്ക്കുന്നുണ്ടായിരുന്നു. ആ സ്നേഹത്തണലിലെ ഏറ്റവും പുതിയ അതിഥി ആയിരിക്കും. ഒന്നും മനസ്സിലായില്ലെങ്കിലും ആ കുഞ്ഞു പുഷ്പവും ഓടിവന്നു മറ്റു കുട്ടികള്‍ ചെയ്യുന്നതുപോലെ അവരുടെ പിറകിലായി ചേർന്ന് കൈകള്‍ വിടര്‍ത്തി അവരെ പുണര്‍ന്നു നിന്നു.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.