മന്ത്രിയും കുറെ കടലാസ്സുകഷണങ്ങളും

ഇരുട്ട്, കൂരാക്കൂരിരുട്ട്. അതങ്ങനെ മനപ്പൂർവ്വം സൃഷ്ടിച്ചതാണ്. പുറത്തെ പ്രകാശം ഉള്ളിലേക്ക് കയറാതിരിക്കാൻ കറുത്ത കർട്ടൻ കൊണ്ട് ജനാലകൾ മറയ്ക്കാൻ ഞാൻ തന്നെയാണു പറഞ്ഞത്. ബെഡ് ലാമ്പ് ഇടാമായിരുന്നിട്ടും അങ്ങനെ ചെയ്യാതിരിക്കുന്നതാണ്. ഇരുട്ടിനോടുള്ള അമിതമായ പ്രണയം കൊണ്ടല്ല. മനസ്സിനെ ബാധിച്ച ഇരുട്ടിനോട് പൊരുത്തപ്പെടാനുള്ള ശ്രമം നടത്തുകയാണ്. ഭയമല്ല ഇപ്പോൾ ഇരുട്ടിനോട് തോന്നുന്നത് ഒരുതരം സഹതാപമാണ്. എന്നെപ്പോലെത്തന്നെയാണ് അവളും. തലയിണയോട് മുഖം അമർത്തി കിടക്കുമ്പോൾ ഞാൻ ആലോചിച്ചുകൊണ്ടേയിരുന്നു. ഉറക്കെ ഒന്ന് ചിരിക്കണമെന്ന് തോന്നി. എല്ലാവരും മരണത്തിലാണ്. ദൈവസ്പർശം ലഭിക്കുന്നവർ പുലർച്ചെ ലാസറസിനെപോലെ ഉണരും. അല്ലാത്തവർ ഒരിക്കലും ഉണരാതെ...

മനസ്സിൽ പറഞ്ഞു, "അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം."

എപ്പോഴോ ഉറങ്ങി. ക്രിസ്തുവിന്റെ കരസ്പർശം ഏറ്റുകൊണ്ടല്ല ഉണർന്നത്. "എന്നാൽ നാളെ കാലത്ത് എട്ട് മണിക്ക് തന്നെ ഇറങ്ങാം.", എന്നച്ചായൻ പറയുന്നത് കേട്ടു. ഉറക്കം പോയ ദേഷ്യത്തിൽ ഒന്ന് തിരിഞ്ഞു കിടന്നുറങ്ങാൻ ശ്രമിച്ചു . സാറ വാതിൽ തുറന്നു കൊടുത്തിട്ടുണ്ടാവും.

ഉറക്കം വരാതെ വീണ്ടും തിരിഞ്ഞു കിടന്നു. പുറത്തു നിലാവും കാറ്റും കെട്ടിപ്പുണരുകയാവും. കല്യാണം കഴിഞ്ഞ നാളുകളിലെ സുന്ദര രാത്രികളേപ്പറ്റി ഓർത്തു. ഇത് പോലെ നിലാവും കാറ്റും ഇണചേർന്ന് കൊണ്ടിരുന്ന ഒരു രാത്രിയിൽ ശീൽക്കാര ശബ്ദം പുറപ്പെടുവിച്ചു ഒരു പാമ്പിനെപ്പോലെ അയാൾ എന്നിൽ പടർന്നു കയറി. എത്ര തിരക്കുണ്ടെങ്കിലും പിന്നീടെല്ലാ രാത്രികളിലും ആ യുവമന്ത്രി ഈ ജെസീക്കയിൽ അലിഞ്ഞില്ലാതായിരുന്നു.

അപ്പച്ചനും അമ്മച്ചിയും തനിക്കു വേണ്ടി സ്വർഗ്ഗം തീർത്തു തന്നു എന്ന് അന്നൊക്കെ അഹങ്കാരത്തോടെ തന്നെ പറഞ്ഞിരുന്നു. ഓഫിസിൽ നിന്ന് വേഗം വന്നു ജോലി എല്ലാം തീർത്ത് മന്ത്രി പണിയും കഴിഞ്ഞു അച്ചായൻ വരാൻ കാത്തിരുന്ന ദിവസങ്ങളായിരുന്നു അതെല്ലാം. പക്ഷെ പിന്നീടെപ്പോഴോ അയാളുടെ വഴികൾ എന്നിലെത്താതെ തെറ്റി ഒഴുകാൻ തുടങ്ങി. ചോദിച്ചപ്പോൾ വല്ലാത്ത തിരക്കും.

മന്ത്രിയല്ലേ..? തിരക്ക് തന്നെയാവും എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു, ഒരുപാടൊരുപാട്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ക്ലാസിലെ എറ്റവും പിന്നിലെ ബെഞ്ചിൽ അറ്റത്ത് ഇരുന്നിരുന്ന റോയിയെ പോലെ ആയിരുന്നു മനസ്സ്. ടീച്ചർ എത്ര പറഞ്ഞാലും ഒന്നും മനസ്സിലാവാതെ റോയി മിഴിച്ചു നിൽക്കുന്നത് കണ്ട് എത്ര കളിയാക്കിയിരിക്കുന്നു. റോയിയുടെ ശാപമാണോ..?

പിന്നീടുള്ള ദിവസങ്ങൾ അവസാനിക്കാത്ത ഒരു യുദ്ധം ആയിരുന്നു. ഹൃദയത്തെ ഒരു തീക്കട്ട ആക്കിയും വാക്കുകൾ കൂരമ്പുകളാക്കിയും കണ്ണുകളിലൂടെ കടലൊഴുക്കിയും അയാളോട് പൊരുതി. എന്ത് കാര്യം..? ചിലപ്പോഴൊക്കെ പൊട്ടിത്തെറിച്ചു, പിന്നീട് അതും ഇല്ലാതായി. പതുക്കെപ്പതുക്കെ ഞാനും വെടിനിർത്തൽ പ്രഖ്യാപിച്ചു. പുതിയ ജീവിതത്തോട് പൊരുത്തപ്പെടാനുള്ള ശക്തി തരാൻ കണ്ണുകളടച്ചു മുട്ടിപ്പായി പ്രാർത്ഥിച്ചു. ഉള്ള അപ്പം കൊണ്ടും വീഞ്ഞ് കൊണ്ടും തൃപ്തിപ്പെടാൻ പഠിച്ചു. മനസ്സ് കൊണ്ട് എപ്പോഴോ അപ്പച്ചനേം അമ്മച്ചിയേയും ഓർത്തു പല്ല് ഞെരിച്ചു, ദേഷ്യത്തോടെ അല്ലെങ്കിൽ പോലും.

"ജെസീക്ക എഴുന്നേൽക്കൂ..! മരണത്തിൽ നിന്ന് പുറത്ത് ജീവനിലേക്കു വരൂ..!", അലാറം ആയിരുന്നു വിളിച്ച് എഴുന്നേൽപ്പിച്ചത്. തിരക്കിട്ട് ദിനചര്യകളൊക്കെ കഴിച്ച് ഡൈനിംഗ് ടേബിളിലേക്കോടി.

"സാറാ...അച്ചായൻ പോയോ..?"

"സാറു നേരത്തെ ഇറങ്ങി. ഒന്നും കഴിച്ചില്ല."

കഴിച്ചെന്നു വരുത്തി ഞാനും ഇറങ്ങി. ബ്ലാക്ക്‌ ആക്റ്റിവ എന്നെയും കൊണ്ട് പറന്നു. ഞങ്ങൾക്ക് ഈ ലോകത്തിന്റെ അങ്ങേ തലയ്ക്കൽ എത്തണമായിരുന്നു. ശബ്ദമുണ്ടാക്കി മറ്റൊരു ബൈക്ക് എന്നെ കടന്നു പോയി. പിന്നിലിരിക്കുന്നവൻ നോക്കി പല്ലിളിക്കുന്നുണ്ട്. അവനെ നോക്കി കൊഞ്ഞനം കുത്തി. എനിക്കപ്പോൾ അങ്ങനെ ചെയ്യാനാണ് തോന്നിയത്. പെട്ടെന്ന് ഇടയിലേക്ക് കയറിയ കാർ എനിക്ക് പരിസര ബോധം തിരിച്ചു തന്നു.

സിസ്റ്റം ഓണ്‍ ആക്കി ആദ്യം എന്റെ ലോകത്തിലേക്ക്‌ കടന്നു. പ്രമീളയും പൂജയും ശ്വേതയും ഷാഹിനയും ഹേബയും എന്ത് പറയുന്നു എന്നറിയാനുള്ള തിടുക്കത്തിൽ ആയിരുന്നു ഞാൻ. ഭാഗ്യം സിഗ്നൽ ഓണ്‍ ആണ്. പുഞ്ചിരിച്ചു കൊണ്ട് എല്ലാരുടേയും സ്ക്രാപ്പുകൾ വന്നു കിടപ്പുണ്ട്, "വിഷ് യു എ വെരി വെരി ഹാപ്പി മാരീഡ് അനിവേഴ്സറി."

ആദ്യത്തെ വിഷ് വായിക്കുമ്പോൾ മനസ്സിൽ പറഞ്ഞു, "ഓ ഇന്നാണല്ലേ അത്!"

എല്ലാർക്കും വാരിക്കോരിത്തന്നെ നന്ദി പറഞ്ഞു. ചെലവ് ചോദിച്ചവർക്കെല്ലാം വേണ്ടത് ഓഫർ ചെയ്തു.

വീണ്ടും മനസ്സിനൊരു സുഖമില്ലായ്മ. മൊബൈൽ എടുത്ത് അച്ചായനെ വിളിച്ചു. റിങ്ങിംഗ്, ബട്ട്‌ ഫോണ്‍ കട്ട്‌ ചെയ്തു. ബിസി ആയിരിക്കും എന്ന് മനസ്സിനോട് പറഞ്ഞു.

വൈകീട്ട് നേരത്തേ ഇറങ്ങി. ബസ്‌റ്റാന്റിൽ ഉള്ള പുസ്തകക്കടയിൽ നിന്നും കാർഡ്‌ വാങ്ങി. വേഗം വീട്ടിലേക്കെത്തണം. ഒരിക്കൽ കൂടി ഹൃദയം ഈ കാർഡിലേക്ക് പറിച്ചു നട്ട് അച്ചായന് കൊടുക്കണം. അവസാനിച്ചു പോയ ഇന്നലെകളെല്ലാം തിരിച്ചു പിടിക്കണം. മനസ്സിലെ ചിന്തകൾ വേഗം കൂട്ടി.

വീട്ടിലെത്തിയതും നേരെ അകത്തേക്കോടി. ജനാലകൾക്കു മീതെ ഉണ്ടായിരുന്ന കറുപ്പ് കർട്ടൻ വലിച്ചു കീറി. റൂമുകളിൽ പ്രകാശം പരത്തി. ഹൃദയത്തെ കാർഡിൽ നിറച്ചു കൊണ്ടിരിക്കുമ്പോൾ സാറ വന്നു പറഞ്ഞു.

"സാറ് ഉണ്ട്."

കാർഡ്‌ എടുത്ത് സന്തോഷം അടക്കാനാവാതെ അച്ചായന്റെ ഓഫിസ് റൂമിലേക്കോടി. അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നു. തുറക്കുന്നില്ല. പത്തു മിനിറ്റ് നേരത്തെ കാത്തിരിപ്പിനു ശേഷം വാതിൽ തുറന്ന് ഒരു സൗന്ദര്യം ഇറങ്ങിപ്പോയി. കണ്ണിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു എങ്കിലും ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞ് അച്ചായന്റെ റൂമിൽക്കയറി മേശപ്പുറത്തിരിക്കുന്ന പേപ്പറിൽ എഴുതിയത് വായിച്ചു, "വിൻഡ് എനർജി പ്രൊജക്റ്റ്‌ ബൈ വർഷ."

കാർഡ്‌ മേശപ്പുറത്തു വച്ച് തിരിച്ചു നടക്കുമ്പോൾ അയാൾ പറഞ്ഞു, "ഒന്നും നടക്കാൻ പോണതല്ല, ചുമ്മാ കടലാസ്സു കഷണങ്ങൾ..."

തിരിഞ്ഞു നോക്കുമ്പോൾ അയാൾ അതെല്ലാം എടുത്ത് ചീന്തി ചവറ്റുകൊട്ടയിൽ ഇട്ടു നടക്കുന്നു.

എന്റെ ഹൃദയം..! രണ്ടു കൈകൾ കൊണ്ടും നെഞ്ചത്ത് അമർത്തിപ്പിടിച്ച് കൊട്ടയിലേക്ക് നോക്കി. വർഷ, ഹൃദ്യ, അഷാന, സാറ... ഒരുപാട് കടലാസ്സുകഷണങ്ങൾ... ഒടുവിൽ അവയ്ക്കിടയിൽ എന്റെ മുഖവും.

കണ്ണുകൾ ഇറുക്കി അടച്ചു... ഇരുട്ട് തന്നെയാണ് നല്ലത്..!

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.