മരിജുവാന

പണ്ടൊരിക്കൽ ഒരു കഞ്ചാവുബീഡി പുകച്ച് ഒറ്റക്കൊഴുകുന്നൊരു പുഴക്ക് കൂട്ടിരിക്കാൻപോയി.
ചെന്നപ്പോളാണറിഞ്ഞത് പുഴ ഒറ്റക്കല്ല, ബലിയിടുന്നവരുടേയും മണലൂറ്റുന്നവരുടേയും തിരക്ക്.
അതിനിടയിലൂടെ നീർച്ചാലായി ഒഴുകുന്ന പുഴ.
"എന്നാലും എനിക്കിത്തിരി ഇടം തരണം ഞാനീ മൂലക്കിരുന്നോളാം". പുഴ സമ്മതിച്ചു.
അതിനിടക്ക് പുകച്ചുരുൾകൊണ്ട് ശൂന്യതയിൽ ഒരു പൂജ്യം വരക്കാൻ ശ്രമം നടത്തി.
നീ പൂജ്യമാണെന്ന് എഴുതിക്കാണിക്കേണ്ടതില്ലെന്ന് കാറ്റ്.
ഞാൻ ബലിയിടുന്നോരേം മണലൂറ്റുന്നോരേം ഒരേ താളത്തിൽ നോക്കിയിരുന്നു,
ഇവരീ ബലിയിടുന്നത് പിതൃക്കൾക്കോ അതോ പുഴക്കോ?
ആ..! ആർക്കറിയാം!
ഇന്നിപ്പോ പുഴവറ്റി.
ബലിയിടുന്നോർ പുതിയ തീരങ്ങൾതേടി.
മണലൂറ്റുകാർ റോക്ക്സാൻഡിന്റെ പരിപാടി തുടങ്ങി.
പുഴവറ്റിച്ചു.
ഇനി കുന്നിടിക്കണം.
മല നിരത്തണം.
ഉച്ചക്കിറുക്കിനു കഞ്ചാവുതിരഞ്ഞ ഞാൻ മാത്രം പ്രാന്തൻ!
പ്രകൃതിയെ പ്രണയിച്ചവൻ ക്രിമിനലും കൊല്ലുന്നവൻ മാന്യനും.
ഇതെന്തുലോകം?!
ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.