മീനക്കൊയ്ത്ത്

പട്ടിണിയും ദാരിദ്രവും പടികയറി വന്ന ഒരു ചെറിയ കുടിൽ. അതിനുള്ളിൽ അമ്മയും അച്ഛനും പിന്നെ രണ്ടു മക്കളും. നാട്ടിലെ ജന്മിയോട് എന്തിനോ വേണ്ടി കയർത്ത് മുഖം കറുപ്പിച്ചു തൊഴിലില്ലാതെ കുടിലിൽ കണ്ണീർ വാർന്ന് ഇരിക്കുകയാണ് മാധവൻ. പലതും ക്ഷമിച്ചു, ഇനി വയ്യ.

അമ്മയും കുട്ടികളും കൂരയുടെ മൂലയിൽ വിശന്നിരിക്കുന്നു. വയറൊട്ടി വല്ലാണ്ടായിരിക്കുന്നു എല്ലാവരും.

"എപ്പഴാ അച്ഛാ ഇനി പണിക്കു പോവുക..?", ഇളയ കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം. അതിനു മുന്നിൽ മാധവന് ഉത്തരമില്ലാണ്ടായി.

"ഉടനെ പോകും മോനേ.., ജന്മി എല്ലാം മറന്നു എന്നെ തിരിച്ചു വിളിക്കും.", വെറും വാക്ക്. കുട്ടി അതുവിശ്വസിച്ചു ആശ്വസിക്കുകയും ചെയ്തു. പാവം അവനൊന്നും അറിയാറായിട്ടില്ല, പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം, അടിമയും ഉടമയും തമ്മിലുള്ള അന്തരം, പട്ടിണിയും സുഭിക്ഷതയും തമ്മിലുള്ള അന്തരം.

ദിവസങ്ങൾ വർഷങ്ങൾ പോലെ കടന്നുപോയി. അമ്മയുടേയും കുട്ടികളുടേയും പല പല ചോദ്യങ്ങൾ മാധവന്റെ മനസ്സിലേക്ക് തീപ്പൊരി പോലെ ആഞ്ഞുകുത്തിക്കൊണ്ടിരുന്നു. ഇളയകുട്ടിക്കു നല്ലോണം വയ്യാണ്ടായിരിക്കുന്നു. സഹിക്കവയ്യാതെ മാധവൻ തോളത്തു നിറം മങ്ങിയ ഒരു തോർത്തും ഇട്ട് പുറത്തേക്കിറങ്ങി. ആരുടെ കാലു പിടിച്ചായാലും ജോലി തിരികെ വാങ്ങണം.

തെങ്ങിൻ തോപ്പുകൾ കഴിഞ്ഞ് പച്ചപ്പ്‌ നിറഞ്ഞ പാടവരമ്പിലൂടെ പകുതിയോളമെത്തിയപ്പോഴേക്കും കാര്യസ്ഥൻ എതിരെ വരുന്നത് കണ്ടു. വരമ്പിൽ നിന്നും പാടത്തേക്കിറങ്ങി താണു വണങ്ങി നിന്നു.

"ഉം... എന്താ...?", താനാണ് ജന്മി എന്നുള്ള മട്ടിൽ കാര്യസ്ഥന്റെ അധികാരച്ചുവയുള്ള ചോദ്യം.

"എന്റെ ജോലി...", മാധവന്റെ പേടിയും ബഹുമാനവും കലർന്ന വാക്കുകൾ.

മാധവനെ കണ്ണുരുട്ടി ഒന്ന് നോക്കി കാര്യസ്ഥൻ ഒന്നും മിണ്ടാതെ നടന്നു നീങ്ങി. അയാളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പാടത്ത് വീണു. ആ കണ്ണീരിന്റെ ചൂടിൽ അത്രയും ഭാഗത്തെ പുല്ലുകൾ കരിഞ്ഞിരിക്കണം. അത്രയ്ക്കു തീവ്രതയുണ്ടായിരുന്നു അതിന്.

മാധവൻ ജന്മിയുടെ മാളികയ്ക്കടുത്തേക്ക് നീങ്ങി. ജന്മി മുറുക്കാൻ ചവച്ചു കൊണ്ട് വരാന്തയിൽ ചാരുകസേരയിൽ ചാഞ്ഞിരിക്കുകയാണ്. അരികിൽ ഒരാൾ വിശറി വീശി തണുപ്പിക്കുന്നു. മറ്റൊരാൾ മറുവശത്ത് കോളാമ്പിയുമായി നിൽപ്പുണ്ട്.

മാധവൻ മുറ്റത്തേക്കുള്ള പടികയറി വരാന്തയ്ക്കു മുന്നിലെത്തി. ഒരു മൂലയിലേക്ക് നീങ്ങി നിന്നു, "അടിയന് എന്തെങ്കിലും ജോലി തരണം അങ്ങുന്നേ...", മാധവന്റെ ശബ്ദം ഇടറി. ജന്മി തലതിരിച്ചു ഇരിക്കുകയാണ്. "അടിയന് മാപ്പ് തരണം.." മാധവൻ വരാന്തപ്പടിക്കൽ തൊഴുകയ്യോടെ വീണു കേണപേക്ഷിച്ചു.

ജന്മി ദേഷ്യത്തോടെ തന്റെ വായിലെ മുറുക്കാൻ ചവച്ചു ആഞ്ഞു തുപ്പി! മാധവന്റെ മുഖത്ത് ഒരു വശത്ത് മുറുക്കാൻ തുപ്പൽ ഒലിച്ചിറങ്ങി. ജന്മി അയാളെ ചവിട്ടുകയും കാലുകൊണ്ട്‌ തന്നെ തള്ളി മാറ്റുകയും ചെയ്തു. പിന്നെ എഴുന്നേറ്റു അകത്തേക്ക് പോയി. കൂടെ വിശറിക്കാരനും കോളാമ്പിക്കാരനും.

ജന്മിയുടെ കൂട്ടാളിയായ മൂന്നു പേർ വന്ന് മാധവനെ വീണിടത്തു നിന്നും തൂക്കിയെടുത്ത് കൊണ്ടുപോയി പാടത്തേക്കെറിഞ്ഞു. നല്ലോണം വയ്യാണ്ടായ മാധവന് തല ചുറ്റുന്നത്‌ പോലെ അനുഭവപ്പെട്ടു. താൻ ദിവസങ്ങളോളം അദ്ധ്വാനിച്ചുണ്ടാക്കിയ പാടം, ഇപ്പോൾ അതിൽ തൊടാൻ പോലും തനിക്കു അവകാശമില്ലാണ്ടായിരിക്കുന്നു. മാധവൻ വേച്ചു വേച്ച് എഴുന്നേറ്റ് പാടത്ത് നിന്നും ഒരുപിടി മണ്ണെടുത്ത്‌ ജന്മിയെ ശപിച്ചു. പിന്നെ കരഞ്ഞുകൊണ്ട്‌ തന്റെ കുടിലിലേക്ക് നടന്നു പോയി.

പിറ്റേന്നാൾ നേരം വെളുക്കുമ്പോൾ ജന്മിയും കൂടെയുള്ളവരും ഞെട്ടി. പാടം മുഴുവനും തീയിട്ടു നശിപ്പിച്ചിരിക്കുന്നു. ഇനി ഒരിടവും കത്തിയമരാൻ ബാക്കിയില്ല.

ജന്മി ദേഷ്യം മൂത്ത് വരാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു. കണ്ണുകളിൽ ചോര തിളച്ചു. കവിളുകൾ ചുവന്നു തുടുത്തു. ജന്മി കാര്യസ്ഥനേയും കൂട്ടി മാധവന്റെ കുടിലിലേക്ക് പോകാൻ ഇറങ്ങി. പിറകിൽ രണ്ടു തടിമാടന്മാരുമുണ്ട്.

പാടത്ത് നെൽക്കതിരിനും നട്ടിക്കും പകരം വെണ്ണീർപ്പുഴ! ചിലയിടങ്ങളിൽ പുക മേൽപ്പോട്ടുയർന്നു. വീശിയടിക്കുന്ന കാറ്റിൽ വെണ്ണീർ പാറിപ്പറന്നു. വരമ്പുകൾ പോലും കാണാണ്ടായി. കാര്യസ്ഥൻ ഓലക്കുട കൊണ്ട് ജന്മിയുടെ അടുത്തേക്ക് പാറി വരുന്ന വെണ്ണീരിനെ തടഞ്ഞുകൊണ്ടിരുന്നു.

തെങ്ങിൻ തോപ്പുകളിലേക്കെത്തി. ഓലകൾ തീയുടെ ചൂടുകൊണ്ട് കരിഞ്ഞു വാടിയിരിക്കുന്നു. ജന്മിയുടെ ഉള്ളിൽ തീ പിന്നെയും പിന്നെയും ആളിക്കത്തി. മാധവന്റെ കുടിലിലേക്ക് എത്താറായപ്പോൾ പല അടിയാന്മാരും വഴിയിൽ ദുശ്ശകുനമായി പ്രത്യക്ഷപ്പെട്ടു. എല്ലാവരെയും കൊന്നുകളയാനുള്ള ദേഷ്യവും വാശിയും ജന്മിയുടെ മുഖത്ത് ഇളകി മറിഞ്ഞു.

മാധവന്റെ കുടിൽ കണ്മുന്നിൽ തെളിഞ്ഞു വന്നു. ഒപ്പമുണ്ടായ തടിമാടന്മാർ പഴകിയ ഓല താങ്ങിയിരുന്ന രണ്ടു മരത്തൂണുകളും അടിച്ചു വീഴ്ത്തി. ഓല നിലത്തുവീണമർന്നു. കാര്യസ്ഥൻ ചാഞ്ഞു കിടക്കുന്ന ഓല മാറ്റി മാധവന്റെ കൂരയ്ക്കുള്ളിലേക്ക് കടന്നു. ആ കുടിലിനുള്ളിൽ കണ്ടത് നാല് ജഡങ്ങൾ.!

"നിന്നെയും നിന്റെ സമ്പത്തും ഞാനുണ്ടാക്കിയതാണെങ്കിൽ, അത് നീ മനസ്സിലാക്കുന്നില്ലെങ്കിൽ ഞാൻ മരിക്കുമ്പോൾ അവയും മരണം വരിക്കട്ടെ.!"

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.