മെഹറു

ഇന്നെങ്കിലും അവളോടിത് പറഞ്ഞേ പറ്റൂ. കാലം കുറേയായില്ലേ ഇങ്ങനെ പിന്നാലെ നടക്കാൻ തുടങ്ങീട്ട്. അവൾ നടന്നു വരുന്നത് ദൂരെ നിന്നേ കാണാമായിരുന്നു. എന്നെ കടന്ന് അവൾ പോയിട്ടും വായിൽ നിന്നും ഒരു വാക്ക് പോലും പുറത്ത് വന്നില്ല. ഇന്നും അങ്ങിനെ തന്നെ. നിരാശനായി അവളുടെ പുറകെ നടന്നു. ഈ നടത്തവും എന്നത്തേയും പോലെ അവൾ സ്‌കൂളിന്റെ പടി കയറുന്നത് വരെ മാത്രം. അവളുടെ കൂട്ടുകാരികൾ എന്നെയും അവളെയും നോക്കി എന്തൊക്കെയോ പറഞ്ഞു കളിയാക്കി ചിരിക്കുന്നുണ്ട്. കഷ്ടം! ഇവറ്റകൾക് വേറെ ആരെയും കിട്ടിയില്ലേ കൂടെ നടക്കാൻ. ഈ ഒടുക്കത്തെ പേടി കാരണം ഈ ജന്മത്ത് അവളോടിത് പറയാൻ പറ്റും എന്നു തോന്നുന്നില്ല. അവൾ എന്റെ അയൽവാസിയായതും അവളുടെ ഉപ്പ അറവുകാരൻ ആലി ആയതുമാണ് എട്ടാം ക്ലാസുകാരനായ എന്റെയീ പേടിക്കുള്ള കാരണം.

പെട്ടെന്നാണത് സംഭവിച്ചത്. അവൾ തിരിഞ്ഞു നിന്ന് ഒരൊറ്റ പറച്ചിലായിരുന്നു, "അതേ, എന്റെ പിന്നാലെയുള്ള ഈ നടത്തം എനിക്കിഷ്ടല്ല. മേലാൽ ഇങ്ങനെ നടക്കരുത്!"

ഉരുകിപ്പോയി ഞാൻ. കൂടെ കൂട്ടുകാരും കൂട്ടുകാരികളും തമ്മിലുള്ള കളിയാക്കിച്ചിരിയും. അവൾ നിർത്തുന്നില്ല, "അല്ല, ഇനിയും ഈ നടത്തം തുടരാനാണ് ഭാവമെങ്കിൽ..."

അവളൊന്നു നിർത്തി, ബാക്കി എനിക്ക് ഊഹിക്കാമായിരുന്നു. പക്ഷെ അവളെ പറയാൻ അനുവദിക്കാതെ ഞങ്ങളുടെ ക്ലാസ്സിലെ തന്നെ അൻവർ ആണ് ബാക്കി പറഞ്ഞത്.

"നിന്റെ ഉപ്പാടെ കത്തിക്ക് പണിയുണ്ടാക്കണ്ട, എന്നല്ലേ?", കേട്ട് എല്ലാവരും ചിരിച്ചു.

എന്നാൽ തുടർന്ന് അവൾ പറഞ്ഞത് ഞാനെന്നല്ല അവിടെയുണ്ടായിരുന്ന ആരും പ്രതീക്ഷിക്കാത്തതായിരുന്നു.

"ഇനിയും തുടരാനാണ് ഭാവമെങ്കിൽ ഇങ്ങനെ പിന്നാലെ അല്ല, കൂടെ നടക്കണം!", അവൾ ചിരിച്ചു. എനിക്ക് വിശ്വസിക്കാനായില്ല!

"മെഹറൂ...", ഞാൻ വിളിച്ചു.

ഒരു വലിയ ശബ്ദമാണ് പിന്നെ കേട്ടത്. ഞെട്ടിയെണീറ്റ് കുറച്ചു സമയമെടുത്തു ഒന്ന് സ്ഥലകാലബോധം വരാൻ. നോക്കുമ്പോൾ ഒരു സ്റ്റീൽ പാത്രം നിലത്ത് കിടന്നു കറങ്ങുന്നു. ആരോ വലിച്ചെറിഞ്ഞതാണ്. വാതിലിന്റെ മറവിൽ സനമോൾ വാ പൊത്തി ചിരിക്കുന്നു. അവൾ മൂന്നാം ക്ലാസ്സിലാണ്. എന്റെ പേരക്കുട്ടി.

"നീയാണോ ഇതെടുത്തെറിഞ്ഞത്?", ഞാൻ ഒന്ന് കോപിക്കാൻ നോക്കി.

"അല്ല ഉപ്പൂപ്പാ, ഉമ്മൂമ്മയാ.."

എന്തിനാ എന്ന് ആംഗ്യത്തിൽ ചോദിച്ചു.

"ഉപ്പൂപ്പാ ഇന്നും ഉറക്കത്തിൽ മെഹ്‌റൂ-ന്നു വിളിച്ചത്രെ", അവൾ ഉറക്കെ തന്നെ പറഞ്ഞു.

"പടച്ചോനെ, ഇതിടക്കു വിളിക്കുന്നതല്ലേ... അവളോട് പറഞ്ഞിട്ടുണ്ടല്ലോ ഞാൻ മുൻപ് എഴുതിയ ഒരു കഥയിലെ നായികയാണ് മെഹറു എന്ന്."

"ഇനി അത് പറയണ്ടാ. ഇന്നലെ കല്യാണി വന്നിട്ട് എന്നോട് പറഞ്ഞിക്ക്ണ്, നമ്മുടെ വീട്ടില് പണ്ടൊരു കുളം ഉണ്ടായിരുന്നതും അതിൽ വീണ് ഒരു പെൺകുട്ടി മരിച്ചതും ഓളെ ഇങ്ങള് വിളിച്ചിരുന്ന പേരാണ് മെഹ്‌റൂന്നും."

ഉത്തരം മുട്ടിപ്പോയി എനിക്ക്. പറയാരുന്നു. ഇത്രയും കാലം പറയാതെ ഇരുന്നതെന്തിനായിരുന്നു? നടന്നു വന്ന് ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു. ഓർമ്മകൾ വീണ്ടും വർഷങ്ങൾ പിന്നിലേക്ക്. ഹൃദയം പറിച്ചെടുത്തു കൊണ്ടാണ് അന്നവൾ പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക് പോയത്. വേദനിപ്പിക്കുന്ന ഓർമ്മകൾ. കണ്ണുകൾ നിറയുന്നു. കാഴ്ച മങ്ങുന്നു. കണ്ണുകൾ അടച്ചു കിടന്നു.

കയ്യിൽ ആരോ അമർത്തി പിടിക്കുന്നു. കണ്ണ് തുറന്നില്ല. ഫാത്തിമയാണെന്നറിയാം.

"വിഷമിക്കണ്ടാ. ഈ നാല്പത്തിനാല് വർഷത്തിൽ എത്ര പ്രാവശ്യം എന്നോട് ഈ നുണ പറഞ്ഞു, അതോർത്തപ്പോൾ ഇത്തിരി സങ്കടായി. അതാ അങ്ങിനൊക്കെ ചെയ്തതും പറഞ്ഞതും. എനിക്കറിഞ്ഞൂടെ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന്. സാരമില്ലട്ടാ..."

"പാത്തൂ, ഈ എഴുപതാം വയസ്സിലും എന്റെ ഉള്ളിൽ നിന്നോടുള്ള ഈ ഇഷ്ഖ് മുഴുവനും അവൾ എനിക്ക് തന്നിട്ട് പോയതാ. ഇനിയിപ്പോ പേരക്കുട്ടികളും അവരുടെ കുട്ടികളും ഒക്കെ ആയ സമയത്താണോ നീ എന്നോട് പിണങ്ങാൻ പോണത്?"

"ഞാൻ പിണങ്ങില്ലാന്നറിഞ്ഞൂടെ? പിന്നെന്താ പറയാണ്ടിരുന്നത്!"

"അത് പിന്നെ... എത്ര ആയാലും ഇങ്ങള് പെണ്ണുങ്ങൾ അല്ലെ?", ഞാൻ ചിരിച്ചു.

സനമോൾ അപ്പോൾ വാതിൽപടിയിൽ എത്തിയിരുന്നു.

"ഇതിനുള്ള മറുപടി സനമോൾടെ മുന്നീവെച്ച് ഞാൻ പറയുന്നില്ല!"

അവൾ വീണ്ടും ചൂട് പിടിക്കാൻ തുടങ്ങിയിട്ടുണ്ട്. അപ്പൊ നിർത്താം, കാരണം നമ്മൾ ആണുങ്ങൾ അല്ലെ ബുദ്ധിമാൻമാർ.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.