മിഥ്യ

"കുട്ടാ അവിടെ നിക്കെടാ, എണ്ണ തേപ്പിക്കട്ടെ",

സുമ മകനു പിറകെ ഓടാൻ തുടങ്ങി. അവൻ തലങ്ങും വിലങ്ങും ഓടി. സുമ കിതച്ചു മടുത്തു. മണി ഏഴര കഴിഞ്ഞു . ഇനിയും ഓടിക്കളിക്കാൻ നേരമില്ല.

സുമ ആവി പറക്കുന്ന ഇലയട ഒരെണ്ണമെടുത്ത് ഡൈനിങ്ങ് ടേബിൾ മേൽ കൊണ്ട് വച്ചു. അവൾ കുറിഞ്ഞിപ്പൂച്ചയെ നീട്ടി വിളിച്ചു,

"കുറിഞ്ഞീ, ഓടിവാ ഇലയട തരാം. കുട്ടൻ ഇനിയും കുളിച്ചില്ല. അവനുള്ളതും കൂടി നിനക്ക് തരാം."

സുമ തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ കുറിഞ്ഞിയും കുട്ടനും.

പിന്നെ ഒരൊന്നൊന്നര കുളിയായിരുന്നു. സുമ കുട്ടനെ എണ്ണ തേപ്പിച്ചു. കുട്ടൻ സുമയുടെ തലയിലും. അമ്മയും മകനും പരസ്പരം വെള്ളം കോരി ഒഴിച്ച് ആകെ ബഹളമയം.

ധൃതിയിൽ കുളിച്ചു വസ്ത്രം മാറി ചായ കഴിച്ചു. കുട്ടനുമായുള്ള ഓട്ടത്തിനിടയിൽ ഓഫീസിലേക്കുള്ള യാത്ര അല്പം വൈകിയത് അറിഞ്ഞതേ ഇല്ല. കുട്ടനോട് ബൈ പറയാൻ നോക്കിയതാണ് സുമ. അവനതാ സ്കൂട്ടിയിൽ കയറിയിരിക്കുന്നു. ഇറങ്ങാൻ പറഞ്ഞപ്പോൾ അവൻ ചിണുങ്ങി,

"ഇന്ന് ഓഫീസിൽ പോണ്ടമ്മേ, ഇന്ന് ലീവാ.., അപ്പ്രത്തെ ടീച്ചറാന്റി പോണില്ലല്ലോ..."

അവൻ വാശി പിടിച്ചു. 'കിന്റർ ജോയ്' വാഗ്ദാനത്തിൽ അവന്റെ പിടിവാശി അവസാനിച്ചു. അവനെ അമ്മയെ ഏൽപ്പിച്ച് സുമ സ്കൂട്ടറിൽ കയറി. എത്ര ശ്രമിച്ചിട്ടും സ്റ്റാർട്ട്‌ ആകുന്നില്ല.

'ദൈവമെ... ഇതെന്തു പറ്റി? മണി ഒൻപതര കഴിഞ്ഞു. ഇനിയും വൈകിയാൽ അര ദിവസത്തെ ലീവ് കൊടുക്കേണ്ടി വരുമല്ലോ... ഇനി എന്ത് ചെയ്യും..?'

അവൾക്കു ആധിയായി. അകലെ എവിടെയോ മണി മുഴക്കം. ശബ്ദം അടുത്തടുത്ത് വരുന്നു. അല്ല, അത് തനിക്കു കാണാം. മണി അഞ്ചു കഴിഞ്ഞിരിക്കുന്നു. അവൾ പിടഞ്ഞെഴുന്നേറ്റു ഒരു നെടുവീർപ്പോടെ ബാത്ത് റൂമിലേക്ക്‌ നടന്നു.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.