മൂന്നു കരിക്കുകൾ

വളരെയേറെ വർഷങ്ങൾക്കു ശേഷം ഇന്ന് ഞാൻ ചന്ദ്രശേഖരൻ മാസ്റ്ററെ കണ്ടു. ട്രാഫിക്‌ സിഗ്നലിൽ എനിക്ക് തൊട്ടടുത്ത കാറിന്റെ പിൻസീറ്റിൽ ചാഞ്ഞിരിക്കുന്നു. മാസ്റ്റർ എന്നെ കണ്ടില്ല. കണ്ടിരുന്നെങ്കിലും എന്നെ തിരിച്ചറിയാൻ ആവില്ലായിരിക്കും. മാഷിനു ഇപ്പഴും വലിയ മാറ്റങ്ങളൊന്നും ഇല്ല. മുഖത്തെ തൊലി ഒരല്പംകൂടി തൂങ്ങി നിൽക്കുന്നോ എന്ന് സംശയം. മുടിയിൽ കുറച്ചെണ്ണത്തിനു വെളുപ്പുനിറം ബാധിച്ചിട്ടുണ്ട്.

പ്രീ-ഡിഗ്രിക്കായിരുന്നു ടാലെന്റ്സ് കോളേജിൽ ചേർന്നത്‌. ഒരു പാരലൽ കോളേജ്. ബി എ, ബി കോം, പ്രീ-ഡിഗ്രി, എസ് എസ് എൽ സി തോറ്റവരുടെ ബാച്ച് എന്നിവയിലായി കുറച്ചധികം വിദ്യാർഥികൾ ഉണ്ടായിരുന്നു അന്ന്. കോളേജിന്റെ ചുറ്റുവട്ട പ്രദേശത്തെ ഒട്ടുമിക്ക മോശം വിദ്യാർഥികളും വീട്ടിലെ മടുപ്പ്, കൗമാരത്തിന്റെ ചൊറിച്ചിൽ എന്നിവയ്ക്ക് ഒരു ആശ്വാസം തേടിയിട്ടായിരുന്നു ആ കോളേജിൽ ചേർന്നിരുന്നത്. ഞാനും സാമാന്യം മോശമായ നിലയിൽ പത്താം ക്ലാസ് കഷ്ടിച്ചു രക്ഷപ്പെട്ടു ടാലെന്റ്സ് കോളേജിൽ പ്രീ-ഡിഗ്രിക്കു ചേരാൻ യോഗ്യത നേടി.

ആ ടാലെന്റ്സ് കോളേജിലെ മാനേജർ കം പ്രിൻസിപ്പൽ ആയിരുന്നു ഈ ചന്ദ്രശേഖരൻ സാർ. ആൾ മഹാ കർക്കശക്കാരൻ. കൊടും ഭീകരൻ ആണയാൾ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അയാളുടെ അതിരു കവിഞ്ഞ ശിക്ഷാരീതികൾ ഞങ്ങൾക്കിടയിൽ കുപ്പ്രസിദ്ധമായിരുന്നു. പക്ഷെ മാസ്റ്ററുടെ മുൻകോപം ഒന്നു മാത്രം ആയിരുന്നു ഞങ്ങളുടെ കോളേജിന്റെ അച്ചടക്കത്തിനെ അല്പമെങ്കിലും പോഷിപ്പിച്ചിരുന്നത്.

ഭാരതീയ ശിക്ഷാ നിയമത്തിൽ എവിടെയും പ്രതിപാദിച്ചിട്ടില്ലാത്ത ഈ ശിക്ഷാ നടപടികൾ ഒരു സ്വകാര്യ സ്ഥാപനം എന്ന നിലയിൽ കോളേജിന്റെ പ്രസിദ്ധിയെയോ കച്ചവട തന്ത്രങ്ങളെയോ ഒട്ടും നിഷ്ക്രിയമായി ബാധിച്ചില്ല. പകരം അത് കോളേജിന്റെ ഇപ്പറഞ്ഞ വാണിജ്യ നിലവാരത്തെ പുഷ്ടിപ്പെടുത്തുക മാത്രമാണു ചെയ്തത്. നാട്ടിലെയും അയൽനാടുകളിലെയും പോക്കിരികളായ അസംഖ്യം കൗമാരതോന്ന്യവാസികളുടെ മാതാപിതാക്കൾ അവരുടെ പ്രിയപ്പെട്ട പുത്രന്മാരെ തങ്ങൾക്കു ചെയ്യാൻ ആവാത്ത ശിക്ഷാരീതികൾ മാസ്റ്റർ ചെയ്യട്ടെ എന്നു കരുതി ടാലെന്റ്സ് കോളേജിൽ കൊണ്ടുവന്നു ചേർത്തു.

മാസ്റ്റർ ആണെങ്കിൽ ഓരോ പുതിയ കുട്ടി കോളേജിൽ ചേരുമ്പോഴും പുന്നെല്ലു കണ്ട എലിയെപ്പോലെ സന്തോഷിക്കുകയും തന്റെ പ്രാകൃതമായ ശിക്ഷാ രീതി ഘോര ഘോരം തുടരുകയും ചെയ്തു. സാറിനോടും രക്ഷിതാക്കളോടും തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത വീരരിൽ വീരന്മാർ സാറിന്റെ വ്യാപാരങ്ങളിൽ പുതുപുത്തൻ പരീക്ഷണങ്ങൾ നടത്താൻ അദ്ദേഹത്തെ മുറയ്ക്കു സഹായിച്ചു കൊണ്ടിരുന്നു.

അങ്ങനെ ഒരു നാൾ പതിനൊന്നരയ്ക്കുള്ള ഇടവേളയിൽ ഞാനും ബിജുവും സുമേഷും അടങ്ങുന്ന സംഘം പതിവുപോലെ വടക്കു ഭാഗത്തുള്ള റോഡിലൂടെ നടന്നു റോഡരികിലെ മതിലിനടുത്ത് എത്തി.

ഞങ്ങൾ കോളേജിലെ ഏറ്റവും കേമന്മാരായ കുരുത്തക്കേടുവിദഗ്ധർ ആയിരുന്നില്ല. പക്ഷെ വില്ലാളി വീരന്മാരുടെ ഒപ്പം എത്താൻ അന്നു ഞങ്ങൾ നടത്തിയ ശ്രമങ്ങളുടെ പല പല കഥകൾ പിൽക്കാലത്ത് വന്ന ബാച്ചുകളിലെ നവയുഗ പോക്കിരികൾ പാടി നടന്നിരുന്നു എന്നു കേട്ടിട്ടുണ്ട്.

ഇടവേളകളിലെ ഞങ്ങൾക്കു പ്രിയപ്പെട്ട ആ അരമതിലിനോട് ഞങ്ങൾക്കു പ്രത്യേക സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. അതു കൊണ്ടാണ് ചന്ദ്രശേഖരൻ മാസ്റ്റർ പണിതു തന്ന ആധുനിക സജ്ജീകരണങ്ങൾ ഘടിപ്പിച്ച മൂത്രാലയം വിട്ടു ഞങ്ങൾ ആ മതിലിന്റെ പള്ളയിൽ പനിനീരഭിഷേകം ചെയ്തു അതിനെ പുളകം കൊള്ളിക്കുന്നത്‌.

കുറേ കാലത്തെ വീര്യം കൂടിയ ജലസേചനത്തിന്റെ ഫലമായാണോ എന്നറിയില്ല മതിലിന്റെ ഒരു മൂല അടർന്നു വീണു രണ്ടു പേർക്ക് ഒരുമിച്ചു സുഖമായി അകത്തു കടക്കാവുന്ന ഒരു വിടവുണ്ടായി. ടൗണിൽ പലചരക്കു വ്യാപാരം നടത്തുന്ന ഒരു രാമചന്ദ്രേട്ടന്റെ പറമ്പായിരുന്നു മതിലിനകത്ത്.

അധികം പ്രായമില്ലാത്ത ഒരു കൊച്ചു തെങ്ങിൻതോപ്പാണ് അകത്തു കടന്നാൽ ആദ്യം കിട്ടുന്നത്. ഉയരം കുറഞ്ഞ തെങ്ങുകളിലെ ഇളനീർക്കുടങ്ങൾ ഞങ്ങളെ മാടിവിളിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറച്ചധികമായി. ഇന്ന് ഇപ്പൊ തന്നെ അതിനു പറ്റിയ സമയം. ഇന്റെർവൽ സമയം അതിനു തികയുമോ എന്നൊന്നും ആലോചിച്ചു കൂടാ. കാരണം ബെല്ലടിച്ച ഉടനെ തിരിച്ചു ക്ലാസ്സിൽ കയറുന്നത് ഞങ്ങൾക്കു കുറച്ചിലാ. ക്ലാസ് തുടങ്ങി പതിനഞ്ചു മിനിറ്റ് എങ്കിലും താമസിച്ചു കയറുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി ഒന്നു വേറെ തന്നെ. മാത്രമല്ല അടുത്ത പീരിയഡിൽ വരേണ്ട ശ്രീനിവാസൻ മാഷിനെ ഇന്ന് കണ്ടതുമില്ല.

ഉയരം അധികം ഇല്ലാത്ത തെങ്ങിൽ എത്തുന്ന വിധം തോട്ടിയായി ഉപയോഗിക്കാവുന്ന ഒരു കമ്പും ആ പറമ്പിൽ കണ്ടില്ല. ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ അത് ഉപയോഗിക്കുമായിരുന്നില്ല. കരിക്കിനെ കല്ലെറിഞ്ഞു വീഴ്ത്തുക എന്നത് ഒരു രസകരമായ വെല്ലുവിളി ആണല്ലോ.

സുമേഷും ബിജുവും അനുയോജ്യമായ കല്ലുകൾ പെറുക്കി കരിക്കിനെ ഉന്നം വെച്ചു എറിയാൻ തുടങ്ങി. ചിലത് കരിക്കുകളിൽ കൊണ്ടു തിരിച്ചു വന്നു. ചിലതു കുലയുടെ ബലിഷ്ടമായ വള്ളികളെ ചതച്ചു തെറിച്ചു പോയി. ചില കല്ലുകൾ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കരിക്കുകളുടെ അരികത്തു കൂടി അകലേക്ക്‌ പറന്നു.

എന്റെ ആദ്യത്തെ മൂന്നു ഏറുകളും കരിക്കുകളുടെ രണ്ടടി പോലും അടുത്തു പോകാതെ ഓലമടലിൽ തട്ടി എന്റെ നേർക്ക്‌ തന്നെ തിരിച്ചു തെറിച്ചപ്പോൾ ഞാൻ എറിയുന്നത് മതിയാക്കി, നല്ല യോഗ്യരായ കല്ലുകളെ പെറുക്കി മറ്റുള്ളവർക്ക് സപ്പ്ലൈ ചെയ്യാൻ തുടങ്ങി.

പറമ്പിന്റെ ഒരു ഭാഗത്തെ കല്ലുകൾ തീർന്നപ്പോൾ ഞങ്ങൾ മറ്റൊരു ഭാഗത്തേക്കു നീങ്ങി വീണ്ടും ഏറു തുടങ്ങി. പെട്ടെന്ന് മതിലിന്റെ മുകളിൽകൂടി ഒരു തല പ്രത്യക്ഷപെട്ടു. അയ്യൊ, ചന്ദ്രശേഖരൻ മാഷ്‌..! ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ പലതരം വിറയലുകൾ പാഞ്ഞു തുടങ്ങി. എന്റെ കൈയിലെ കല്ലുകൾ ഊർന്നു താഴെ വീണു. ബിജു എന്റെ അടുത്തേക്ക് പതുക്കെ വന്നു വിറച്ചുകൊണ്ട് എന്റെ ചെവിയിൽ പറഞ്ഞു, ‘ഇയാൾക്കും മതിലു മതിയോ, ടോയിലെറ്റ് വേണ്ടേ?’. ഒരു ചിരി പൊട്ടിയെങ്കിലും ഭയം അതിനെ വിഴുങ്ങിക്കളഞ്ഞു.

ഞങ്ങൾ സുമേഷിനോട് പറഞ്ഞു, ‘എടാ വാടാ, വാടാ.., മാഷ്‌ നോക്കുന്നെടാ, നമ്മുടെ കാര്യം ഇന്ന് പോക്കാ..’ സുമേഷ് ഒരു മുഴുത്ത കല്ലുമായി നില്ക്കുകയായിരുന്നു. സാറിനെ കണ്ടു അവനും വിറയ്ക്കാൻ തുടങ്ങി. ‘ഈ നല്ല കല്ല്‌ കളയാൻ തോന്നുന്നില്ല’ എന്നു പറഞ്ഞു അവൻ ഉന്നം നോക്കി തെങ്ങിൻമണ്ടയിലേക്കു ഒരു ഏറു കൊടുത്തതും മാഷ്‌ ഞങ്ങളെ കണ്ടതും ഒരുമിച്ചായി. ലക്ഷണമൊത്ത ആ ഏറു കുലയുടെ മുൻപത്തെ ഏറുകളിൽ ചതഞ്ഞിരുന്ന മൂട്ടിൽ തന്നെ കൊണ്ടു! തെങ്ങും തെങ്ങോലമടലും തേങ്ങയും ചതിക്കില്ല. പക്ഷെ കുരുത്തം കെട്ട കരിക്കുകൾ ഞങ്ങളെ ചതിച്ചു! എണ്ണം പറഞ്ഞു മൂന്നു കരിക്കുകൾ മൂളിക്കൊണ്ട് തലതല്ലി താഴെ വീണു തുള്ളിച്ചാടി. അതു കണ്ടു താഴെ കിടന്നിരുന്ന ചില വയസ്സൻ ഉണക്കോലകൾ ഞങ്ങളെ നോക്കി കിലി കിലിയെന്നു പൊട്ടിച്ചിരിച്ചു!

ഞങ്ങൾ നിരായുധരായി വിറങ്ങലിച്ചു നിലകൊണ്ടു. മാസ്റ്റർ മതിലിന്റെ വിടവിൽ കൂടി അകത്തു കടന്നു മണ്‍തിട്ടയുടെ മുകളിൽ നിന്ന് കോപത്തോടെ ഞങ്ങളെ നോക്കി. ഓടി രക്ഷപ്പെടാൻ മനസ്സ് കൊതിച്ചു. പക്ഷെ വീട്ടിലെ തൊഴുത്തിൽ പശുവിനു മെത്തയാക്കാൻ പച്ചിലക്കാട് വെട്ടിത്തറിക്കുവാൻ തൊഴുത്തിന്റെ മുൻപിൽ കുഴിച്ചു നാട്ടിയ തറിസ്തംഭം പോലെ ഞങ്ങളുടെ കാലുകൾ നിലത്തു ഉറച്ചു നിന്നു. സാറ് ഞങ്ങൾക്ക് നേരെ നടന്നുവന്നു. ഏതോ ഇംഗ്ലീഷ് ഭീകരസിനിമയിലെ കൂറ്റൻ വ്യാളിയെപോലെ സാറിന്റെ കണ്ണ്, ചെവി, മൂക്ക്, വായ് എന്നിവയിലൂടെ തീപ്പൊരിയും തീനാളങ്ങളും പുറത്തേക്ക് തിളച്ചൊഴുകി അന്തരീക്ഷത്തെ നക്കിക്കൊണ്ടിരുന്നു.

ഞങ്ങളുടെ കുരുത്തക്കേട്‌ സാറ് അറിയും എന്നു ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു, പക്ഷെ സംഭവസ്ഥലത്തേക്ക് ലൈവ് ആയി സാറ് വരുമെന്ന് ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചതല്ല. അത് കൊണ്ടു തന്നെ പെട്ടെന്ന് ഭയന്ന ഞങ്ങൾക്ക് ഓടാൻ പോലും പറ്റിയില്ല. അക്കാലത്ത് ഇറങ്ങിയ ‘ഗോഡ് ഫാദർ’ എന്ന സിനിമയിൽ അസമയത്ത് അസ്ഥാനത്ത് അച്ഛനായ അഞ്ഞൂറാനെ കണ്ട സ്വാമിനാഥനെ പോലെ, കൈകാലുകൾ ബലമായി പിടിച്ചു തല മാത്രം തളർന്നു ഞാൻ നിന്നു.

മഹാന്മാരായ കഥകളി കലാകാരന്മാരുടെ പോലും മുഖത്തു വിരിയാത്ത ഭാവപ്പകർച്ച ഞങ്ങളുടെ മുഖത്ത് ദർശിച്ചത് കൊണ്ടോ എന്നറിയില്ല, മാസ്റ്റർ ഞങ്ങളുടെ അടുത്ത് വന്നു വളരെ വളരെ സൗമ്യനായി പറഞ്ഞു, ‘മൂന്നു പേരും ഓരോ തേങ്ങ എടുക്കൂ’. ഞങ്ങൾ അനുസരിച്ചു. മാഷ്‌ സൗമ്യതയുടെ സംഗതികൾ വിടാതെ പിന്നെയും ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞു. ഞങ്ങൾ അതും ഭവ്യതയോടെ അനുസരിച്ചു.

ക്ലാസ്സിൽ എത്തുമ്പോൾ ആദ്യം ഭയങ്കര ബഹളം കേൾക്കുന്നുണ്ടായി. മാസ്റ്ററുടെ തലവെട്ടം കണ്ടപ്പോൾ തന്നെ ഒരു കനത്ത നിശബ്ദത ആ ബഹളത്തെ മൂടി.

മാസ്റ്റർ ഒരു ചൂരൽ വടിയുമായി ആദ്യം ക്ലാസ്സിൽ പ്രവേശിച്ചു. പിന്നാലെ ഞങ്ങൾ ഒരാൾക്ക്‌ പിറകെ മറ്റൊരാളായി ഒരു കൈയകലത്തിൽ നടന്നു പതുക്കെ അകത്തു കടന്നു. തലയിൽ വച്ചിരുന്ന കരിക്കിനെ രണ്ടു കൈകൊണ്ടും ഞങ്ങൾ പിടിച്ചിട്ടുണ്ടായി. അമ്പലത്തിലെ ഉത്സവത്തിനു കാഴ്ചവരവ്ഘോഷയാത്രയിലെ തൈർക്കുടം ഏന്തിയ ഗോപസ്ത്രീകളെ പോലെ ഞങ്ങൾ വരിയായി ചുവടു വെച്ച് മാഷിന്റെ അരികിലായി നിലകൊണ്ടു. ഇതെന്തു കലാപരിപാടി എന്ന ഭാവത്തിൽ കൂട്ടുകാർ ഞങ്ങളെ നോക്കി ഇരുന്നു.

മാഷ്‌ ആവശ്യപ്പെട്ടതനുസരിച്ചു കരിക്കുകൾ മേശമേൽ പ്രതിഷ്ടിക്കപ്പെട്ടു. അടി ഉറപ്പായ ഞങ്ങൾക്ക് ആ പരിസരം ഒരു മന്ത്രവാദക്കളം പോലെ അനുഭവപ്പെട്ടു. മന്ത്രവാദി ഞങ്ങൾ ചെയ്ത കുറ്റകൃത്യത്തിന്റെ രത്നച്ചുരുക്കം സദസ്സിനെ പറഞ്ഞു ബോധിപ്പിച്ചു. കൈയിലെ ചൂരലിനെ നോക്കി ഇത് പോര എന്നു തോന്നി മേശയുടെ അടിയിലെ വിടവിൽ തിരുകി വെച്ചിരുന്ന ചൂരൽകെട്ടിൽ നിന്നും മെക്കാനിക് എക്സ്പെർട്ട് സ്പാനർ തിരയുന്ന പോലെ തിരഞ്ഞു നല്ല വടി മാസ്റ്റർ കണ്ടെത്തി. എന്റെ അറിവിൽ മറ്റേതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പത്താം ക്ലാസ്സിനു ശേഷം അടി ഇല്ല. ചന്ദ്രശേഖരൻ മാസ്റ്റർക്ക് അതൊന്നും അറിയണ്ട.

അന്നു ഞങ്ങൾക്ക് കിട്ടിയ പൂരത്തല്ല് മറ്റുള്ളവർക്ക് കൂടി ഒരു പാഠം ആയിരുന്നു. അതുകൊണ്ടായിരിക്കണം തെങ്ങിൻതോപ്പിനെക്കാൾ നല്ല ശിക്ഷാവിതരണസ്ഥലം ആയി ക്ലാസ്സ് മുറിയെ കണ്ടത്. കൈവെള്ള, തുട, പൃഷ്ഠഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം ചൂരൽ ചുട്ടു പൊള്ളിച്ചു കൊണ്ടു മേഞ്ഞു നടന്നു. ചടുല താളത്തിലുള്ള ഒരു സിനിമാറ്റിക് ഡാൻസിലെ പാശ്ചാത്യ അംഗ വിക്ഷേപങ്ങളോടെ ഞങ്ങൾ നൃത്തമാടി.

ആ ചന്ദ്രശേഖരൻ മാസ്റ്റർ ആണു ഈ ഇരിക്കുന്നത്. സുമേഷ് ഇപ്പൊ കൂടെ ഉണ്ടായിരുന്നെങ്കിൽ പറഞ്ഞേനെ, ‘ഇയാളെയൊന്നും മുകളിലേക്ക് എടുക്കാൻ സമയം ആയില്ലേ!’. ട്രാഫിക്‌ സിഗ്നൽ മാറി. പച്ചനിറത്തിലുള്ള വലിയ അമ്പടയാളം മുകളിലേക്കു ചൂണ്ടി തെളിഞ്ഞു വന്നു. എനിക്കു വെറുതെ ചിരി വന്നു. സിഗ്നലിന്റെ ഒരു തമാശ!

ട്രാഫിക്കിന്റെ തിരക്കിൽ പതുക്കെ നീങ്ങുമ്പോൾ വെറുതെ അരികിൽ ഇരിക്കുന്ന കുഞ്ഞുമോനെ നോക്കി. ടൗണിലെ മുന്തിയ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അവൻ എന്റെ ഐഫോണിൽ ‘ആംഗ്രി ബേഡ്സ്’ കളിക്കുന്ന തിരക്കിലാണ്. മൊബൈലിൽ നിന്നും പഴയ കരിക്കുകളെ പോലെ മൂന്നു പച്ചപ്പന്നിത്തലകൾ ഇടംകണ്ണിട്ട് എന്നെ നോക്കി ‘ക്രീ ക്രീ’ എന്നു ചിരിച്ചു.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.