മൂന്ന് ദിവസങ്ങൾ

01-09-2014

ഉച്ചക്ക് ഭക്ഷണം കഴിച്ച് മയങ്ങാൻ തുടങ്ങിയപ്പോ മെസ്സേജ് ശബ്ദമാണ് ഉണർത്തിയത്. മാസങ്ങൾക്ക് ശേഷം അവളുടെ മെസ്സേജ്. വേരോടെ പറിച്ചു കളഞ്ഞ പലതും പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു. പതിവ് മയക്കത്തിന്റെ ആലസ്യങ്ങൾ മാറുന്നതായിരുന്നു അവളുടെ വാക്കുകൾ. സന്തോഷത്തോടൊപ്പം വിഷമങ്ങളും സമ്മാനിച്ച കുറച്ചു നിമിഷങ്ങൾക്ക് ശേഷം ചരിത്രത്തിൽ ആദ്യമായി ഞാൻ അവളോട്‌ ഇനി മെസ്സേജ് അയക്കണ്ടാന്നു പറഞ്ഞു. അവിടെ അവസാനിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം. ഒരു ഓ കെ പറച്ചിലിലൂടെ ആ ദിവസം തീർന്നു. ഓർമ്മകൾ ആർത്തിരമ്പി വരുന്നു...

02-09-2014

വല്ലാത്ത ഒരു ഉന്മേഷം ആയിരുന്നു പകൽ മുഴുവൻ. പലതവണ അവൾ അയച്ച മെസ്സേജ് വായിച്ചു. ഒരു കാലത്ത് ഏറ്റവും ആഗ്രഹിച്ചിരുന്ന സ്വപ്നം ഇല്ലാതാക്കിയതിന്റെ കുറ്റബോധം മനസ്സിലുണ്ട്. എല്ലാം കുടുംബത്തിനു വേണ്ടി... എന്നെ ആശ്രയിക്കുന്നവർക്ക് വേണ്ടി. എന്റെ സ്വാർത്ഥത കൊണ്ട് തകർക്കാനുള്ളതല്ല എന്റെ കുടുംബത്തിന്റെ സ്വപ്നങ്ങൾ എന്ന തിരിച്ചറിവിൽ നിന്നാണ് അത്തരമൊരു തീരുമാനം ഉണ്ടായത്. അവളില്ലാതെ ജീവിക്കാൻ എന്നെ പഠിപ്പിച്ചത് അവളു തന്നെയാണ്. കുടുംബത്തിനു കൊടുത്ത പ്രതീക്ഷകളും മോഹങ്ങളും യാഥാർത്ഥ്യമാക്കാൻ അർത്ഥമില്ലാത്ത ഒരു ജീവിതമാണിപ്പോൾ. രാത്രി ഉറങ്ങണമെങ്കിൽ കണ്ണ് തുറന്നു സ്വപ്നം കാണണം. അതിനിടക്ക് ഉറങ്ങിയാൽ ആയി. ഒരു ശുഭരാത്രിയിൽ അവനിപ്പിക്കാം എന്ന് കരുതിയാണ് മെസ്സേജ് അയച്ചത്. അത് പിന്നെ പുലരി വരെ നീണ്ടു. പലപ്പോഴും മനസ്സ് ബാലിശമായ ചിന്തകൾക്ക് അടിമപ്പെട്ടെങ്കിലും നിയന്ത്രിക്കാൻ ശ്രമിച്ചു. സ്വപ്നങ്ങൾക്ക് ജീവൻ വെക്കാൻ തുടങ്ങുന്നു... പാടില്ല, ഞാൻ ഇനി ഈയൊരു സ്വപ്നം കാണാൻ പാടില്ല. എനിക്ക് ചെയ്തു തീർക്കാൻ ഒരുപാടുണ്ട്. അത് തീരും വരെ ഞാൻ ജീവനുള്ള ശവമാണ്‌. എല്ലാം അവളോട് പറയുന്നുണ്ട്. അവൾക്ക് എന്നെ മനസ്സിലാക്കാൻ കഴിയും. അവൾ നല്ല കുട്ടിയാണ്... നാളുകൾക്ക് ശേഷം കണ്ണടച്ച് തന്നെ ഞാനുറങ്ങി.

അവസാനത്തിൽ വന്ന ചോദ്യം മനസ്സിനെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു...

03-09-2014

ഇന്നലെ രാത്രിയാണോ ഇന്ന് പുലർച്ചയാണോ ഉറങ്ങിയതെന്നു ഓർമയില്ല. കണ്ണുകൾക്ക് ക്ഷീണമുണ്ട്. പതിവ് കർമ്മങ്ങൾക്ക് ശേഷം അവളുടെ ചാറ്റ് ബോക്സ്‌ ഒന്ന് തുറന്നു നോക്കി. അവളിന്നലെ ഉറങ്ങിയിട്ടില്ല. അവൾക്കൊരു മറുപടി കൊടുക്കണം. അസ്വസ്ഥമാണ് മനസ്സ്. വർഷങ്ങൾ പഴക്കമുള്ള ഇഷ്ടമാണ്. വേരോടെ പിഴുത് കളഞ്ഞ് മാസങ്ങൾ ആയെങ്കിലും അവളയച്ച വാക്കുകൾ മതിയായിരുന്നു ഓർമ്മകൾക്ക് ജീവൻ വെക്കാൻ... വ്യക്തമായ മറുപടി നൽകാൻ എനിക്ക് കഴിയുന്നില്ലല്ലോ. ജീവിതത്തിൽ വളരെ കുറച്ചു സന്ദർഭങ്ങളിൽ മാത്രമേ ഞാൻ വാക്കുകൾക്ക് ബുദ്ധിമുട്ടിയിട്ടുള്ളൂ. ആരോടും മനസ്സ് തുറന്നു സംസാരിക്കാൻ പോലും കഴിയില്ല. കാരണം എന്റെ വാക്കുകളുടെ ബലത്തിലാണ് കുടുംബം നിലനിൽക്കുന്നത്. അവരുടെ പ്രതീക്ഷകൾ തകർത്തൊരു മറുപടി അവൾക്ക് നൽകാൻ എനിക്ക് കഴിയില്ല. പ്രണയം ഒരു ഭയമായി മാറുന്ന പോലെ അനുഭവപ്പെടുന്നു..! സൃഷ്ടികൾക്കുടയവനേ, നിനക്ക് മാത്രമേ വല്ലതും ചെയ്യാൻ കഴിയൂ. അവളോട് വിളിച്ചു കാര്യങ്ങൾ പറഞ്ഞു. മനസ്സിലാക്കാൻ മാത്രം പക്വത അവൾക്കുണ്ട്. ചതിയാണിത് - ഞാൻ ആണ് ആശ കൊടുത്തത്,അവളാണ് അവസാനിപ്പിച്ചത്. ഇപ്പൊ അവളായി തുടങ്ങി, ഞാൻ ആയി അവസാനിപ്പിക്കുന്നു. ഇരുപത്തിയെട്ടു മിനിട്ട് സംസാരത്തിൽ വാക്കുകൾക്ക് ഇടർച്ചകൾ ഒരുപാട് വന്നു. മൗനം നീണ്ടു നിന്നു. തൂക്കു മരത്തിലാണ് ഞാനിപ്പോൾ! ഓർമകളിലേക്ക് തിരിച്ചു നടന്നാൽ ഞാൻ സ്വാർത്ഥനാകും, കുടുംബം നഷ്ടപ്പെടും. വേണ്ട! ഒരാളുടെ സന്തോഷം ഒരുപാടുപേർക്ക് ദുഖമാണെങ്കിൽ എനിക്കത് വേണ്ട.

ഹോ! എന്തൊരു ജീവിതം!!! ശരിയും തെറ്റും തിരിച്ചറിയാൻ തുടങ്ങിയ പ്രായത്തിൽ തുടങ്ങിയതാണ്‌ ഈ അവസ്ഥ..! സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്നപ്പോൾ സ്വയം അവസാനിക്കേണ്ടി വന്ന ഒരു ഉപ്പയുടെ മകനാണ് ഞാൻ... എന്നെ ചിന്തിക്കാൻ പഠിപ്പിച്ചത് ഉപ്പയാണ്. എന്നിലെ വ്യക്തിത്വത്തിന് അടിവരയിട്ട് ഉറപ്പിച്ചത് ഉപ്പയാണ്. ഏത് അവസ്ഥയെ നേരിടാനും തരണം ചെയ്യാനും എനിക്കിപ്പോ കഴിവുണ്ട്. പ്രിയപ്പെട്ടവരേ, നിങ്ങൾ മനസ്സിലാക്കണം, ഞാനും മനുഷ്യനാണ് - മിനിറ്റിൽ എഴുപത്തിരണ്ടു തവണ മിടിക്കുന്ന ഒരു ഹൃദയം എനിക്കുമുണ്ട്. ചിന്തകൾ കാട് കയറും മുൻപ് ഇതിവിടെ അവസാനിപ്പിക്കണം.

അവസാനമായി അവളോട് -

പ്രിയപ്പെട്ടവളേ.., ഞാൻ തിരിച്ചിറങ്ങുകയാണ്. നിന്റെ ഹൃദയത്തിലേക്ക് ഞാൻ സമ്മാനിച്ച പ്രണയത്തിന്റെ പൂർണ്ണതകളെ തിരിച്ചെടുത്ത് കൊണ്ട്. സാധിക്കപ്പെടാത്ത മോഹങ്ങളും പൂവണിയാത്ത സ്വപ്നങ്ങളും എന്റെ ഹൃദയത്തെ മുറിവേൽപ്പിക്കുമ്പോൾ ഞാൻ അവയ്ക്ക് തീ വെക്കുന്നു. അക്ഷരങ്ങൾ കുറിക്കാൻ കൊതിച്ചിരുന്ന എന്റെ കൈകൾക്ക് തളർച്ച തോന്നിത്തുടങ്ങിയിരിക്കുന്നു... ഏത് നിമിഷവും പൊട്ടിച്ചിതറാവുന്ന ഞരമ്പുകൾക്കിടയിൽ കറുത്ത് തുടങ്ങിയിരിക്കുന്ന എന്റെ രക്തം വിങ്ങൽ സൃഷ്ടിക്കുന്നു. ഓർമ്മകൾ എന്നെ ഭ്രാന്തനാക്കുന്നതിനു മുൻപ് അവശേഷിക്കുന്ന ഈ ചലനവും നിലച്ചെങ്കിൽ എന്ന പ്രാർത്ഥനയോടെ...

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.