മൗനം

മൗനം - അതായിരുന്നു അവളുടെ ഭാഷ. അതായിരുന്നു അവള്‍‍ ഏറെ ഇഷ്ടപ്പെട്ടിരുന്നതും. ഏറെ നാളായ് ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നതല്ലേ. കളിക്കൂട്ടുകാരനായി അവളോടൊപ്പം കൂടിയ നാളു തൊട്ടേ ഞാന്‍‍ അറിഞ്ഞതാണ് ഈ മൗനം.

കുട്ടിക്കാലത്തൊരു നാള്‍ അവളുടെ കൂട്ടുകാരി അവള്‍ക്ക് നല്‍കിയ മയില്‍‌പീലിത്തുണ്ട് കണ്ണിമാങ്ങ നല്‍കി ഞാന്‍ കൈക്കലാക്കി. വീട്ടിലെത്തിയപ്പോഴാണ് ഞാന്‍‍ അവളെ പറ്റിച്ചതാണെന്നു അവള്‍ക്ക് മനസ്സിലായത്‌.

അന്ന് ഒരു പാട് നേരം അവള്‍ വീടിന്റെ വേലിക്കല്‍ എന്നെയും നോക്കി നിന്നിരുന്നു. ഞാന്‍‍ അങ്ങോട്ട്‌ നോക്കിയത് പോലുമില്ല. പിന്നീടെപ്പോഴോ അവള്‍‍ അവിടെ നിന്നും പോയപ്പോളാണ് അവളുടെ മൗനത്തിനു ഒരു യാചനയുടെ അര്‍ഥം ഉണ്ടായിരുന്നു എന്ന് മനസ്സിലായത്‌. ഞാന്‍‍ അവളുടെ വീട്ടില്‍ ചെന്ന് നാമം ജപിച്ചുകൊണ്ടിരുന്ന അവളുടെ മടിയില്‍ മയില്‍‌പീലി വച്ച് തിരിച്ചു പോന്നു.

കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു . ബാല്യത്തിലും കൗമാരത്തിലും അവളുടെ മൗനത്തിനു വാശിയുടെയും പിണക്കത്തിന്റെയും ഭാവങ്ങള്‍ ഉണ്ടായി. യൗവനത്തില്‍ അവളുടെ മൗനത്തിനു നാണത്തിന്റെ ഭാവമായിരുന്നു. എനിക്കത് അനുരാഗത്തിന്റെയും.

അന്നൊരു മഴക്കാലത്ത് തകര്‍ത്തു പെയ്യുന്ന മഴയില്‍ അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ മഴ നനയാതിരിക്കാന്‍ കയറിനിന്നപ്പോള്‍ ആണ് എന്റെയുള്ളിലെ ഇഷ്ടം ആദ്യമായി അനുരാഗമായി മാറിയത്. അവളെ അറിയിച്ചപ്പോള്‍ അവള്‍ക്ക് മൗനം തന്നെയായിരുന്നു. ഇത്തിരിയെങ്കിലും ഇഷ്ടമുണ്ടെങ്കില്‍ അതിപ്പോള്‍ പറയണം എന്ന് ഞാന്‍ അവളോട്‌ പറഞ്ഞപ്പോള്‍, "ചെക്കന് വട്ടിളകിയ കാര്യം വീട്ടില്‍ പറയുന്നുണ്ട്" എന്നായിരുന്നു അവളുടെ പ്രതികരണം.

ദേഷ്യവും സങ്കടവും ഒരു പെരുമഴ പോലെ ഉള്ളില്‍ പെയ്തിറങ്ങിയപ്പോള്‍ ഞാന്‍ ആ മഴയില്‍ ഇറങ്ങി നടന്നു. പിന്നില്‍‍ നിന്നും അവള്‍ വിളിച്ചോ? അറിയില്ല. മഴ നനഞ്ഞു വീട്ടില്‍ വന്നു കയറിയപ്പോള്‍‍ മുത്തശ്ശിയും അമ്മയും ഒരുപാടു വഴക്ക് പറഞ്ഞു കാണും. ഒന്നും കേട്ടില്ല. ഉള്ളില്‍ അപ്പോഴും പെരുമഴ ആയിരുന്നു.

പിറ്റേന്ന് കോമത്ത് അച്യുതന്‍ നായരുടെ മകളുടെ കല്യാണമായിരുന്നു. കാലത്ത് അമ്മ വന്നു വിളിച്ചപ്പോള്‍ ആണ് പനിയാണെന്ന കാര്യം അറിയുന്നത്. മഴ നനഞ്ഞതല്ലേ നല്ല ചുക്ക് കാപ്പി കൊടുത്താല്‍ പനി താനേ പൊയ്കൊള്ളും എന്ന് മുത്തശ്ശി കോലായിലിരുന്നു പറയുന്നത് കേട്ടു.

കുറെ നേരം കഴിഞ്ഞിട്ടും കാപ്പി കിട്ടാതായപ്പോള്‍ മുത്തശ്ശിയെ വിളിച്ചു. മുത്തശ്ശിയാണ് അമ്മ ചുക്ക് മേടിക്കാന്‍ ‍അവളുടെ വീട്ടില്‍ പോയിരിക്കുകയാണെന്ന് പറഞ്ഞത്. അത് കേട്ടപ്പോള്‍‍ മനസ്സില്‍ ഒരു പ്രതികാരത്തിന്റെ സുഖം. അമ്മ പറഞ്ഞുകാണും എനിക്ക് പനിയാണെന്ന്. ഇനി അവള്‍ ‍ കല്യാണത്തിന് പോയാലും മനസിനുള്ളില്‍ ഒരു വിഷമം കാണും.

കാപ്പിയും കുടിച്ചിരിക്കുമ്പോൾ അമ്മ ഇറങ്ങി. കുറച്ചു കഴിഞ്ഞാൽ അടുപ്പത്തിരിക്കുന്ന പൊടിയരിക്കഞ്ഞി എനിക്ക് എടുത്തു തരാന്‍ അമ്മ മുത്തശ്ശിയോട് പറയുന്നത് കേട്ടു. അവളും ഇപ്പോള്‍ തയ്യാറായിട്ടുണ്ടാവും. പോട്ടെ, എല്ലാവരും പോട്ടെ. മനസ്സില്‍ ഒരു വല്ലായ്മ. വീണ്ടും വന്നു കിടന്നു.

ഒരു മുല്ലപ്പൂവിന്റെ ഗന്ധം അനുഭവപ്പെട്ടപ്പോളാണ് കണ്ണ് തുറന്നത്. മുന്നില്‍‍ ഒരു ദേവതയെ പോലെ അവള്‍! 'ഇവള്‍ കല്യാണത്തിന് പോയില്ലേ' എന്ന് മനസ്സില്‍ ചോദിച്ചെങ്കിലും അല്പം ഗമയോടെ തന്നെ കിടന്നു, ഒന്നും മിണ്ടിയില്ല.

"എന്തിനാ മഴ നനഞ്ഞത്‌?"

'ഓ നീ സംസാരിക്കുമോ' എന്ന് ചോദിക്കാനാണ് തോന്നിയത് എങ്കിലും "എനിക്കിഷ്ടമുണ്ടായിട്ട്" എന്ന് മറുപടി പറഞ്ഞു.

"മഴ നനഞ്ഞിട്ടല്ലേ പനി വന്നത്.."

"ഓ.., ആണോ? എനിക്കറിയില്ലായിരുന്നു... എനിക്ക് പനി വന്നാല്‍ നിനക്കെന്താ?"

അവളുടെ ഉത്തരം കേള്‍ക്കാന്‍ ‍ മനസ്സ് തുടിക്കുന്നുണ്ടായിരുന്നു. പക്ഷെ ഉത്തരമുണ്ടായില്ല മൗനം മാത്രമായിരുന്നു മറുപടി. ഇനി അവള്‍ ഒന്നും പറയില്ല എന്നറിയാവുന്നതു കൊണ്ട് തന്നെ കണ്ണടച്ച് കിടന്നു. ഇനി അവള്‍ പോവുകയാണെങ്കില്‍ പോട്ടെ.

എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു നടന്നത്. ഒരു നേര്‍ത്ത ചുംബനം എന്റെ നെറ്റിയില്‍! അതുമാത്രം മതിയായിരുന്നു അവളുടെ ഇഷ്ടം എത്രമാത്രം ഉണ്ടെന്നു മനസ്സിലാക്കാന്‍. എങ്കിലും റോസ്സാപ്പൂവിതളുകള്‍ പോലുള്ള അവളുടെ അധരത്തിലേക്ക് നോക്കി വെറുതെ ചോദിച്ചു, "അപ്പോ എന്നെ ഇഷ്ടമാണല്ലേ?"

മറുപടി പിന്നെയും മൗനമായിരുന്നു. നാണത്തില്‍ കുതിര്‍ന്ന ഒരു സുഖമുള്ള മൗനം.

പിന്നെയും ഒരുപാട് കാത്തിരിക്കേണ്ടി വന്നു മൗനം സമ്മതമായെടുത്ത് അവളെ എന്റെ ജീവിതത്തിലേക്ക് വരവേല്‍ക്കാന്‍‍. എത്ര പെട്ടെന്നാണ് ഒരു വലിയ കാലഘട്ടം കഴിഞ്ഞു പോയത്. അവളുടെ മൗനം എനിക്ക് മാത്രം ഗ്രഹിക്കാന്‍ ‍കഴിയുന്ന ഭാവങ്ങള്‍ ആയിരുന്നു. ഞാനും അവളുടെ മൗനം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.

പക്ഷെ ഈ മൗനം.., അതെന്നെ ജീവനോടെ എരിച്ചു കളയുന്നു.

"എടാ അപ്പുവേ...", ബാലേട്ടന്റെ ശബ്ദമാണ് ചിന്തകള്‍ക്ക് വിരാമമിട്ടത്‌.

"എടാ അപ്പുവേ, ഇതിനിയും വച്ച് താമസിപ്പിക്കണോ... മകനും ഭാര്യയും അമേരിക്കേന്ന്...", മുഴുവനും കേട്ടില്ല. അവളുടെ തലഭാഗത്ത് എരിയുന്ന നിലവിളക്കില്‍ ഞങ്ങളുടെ ജീവിതം എരിഞ്ഞൊടുങ്ങുന്നത് പോലെ തോന്നി. അറിയില്ല, എന്തുപറയണം എന്ന്. ഞാനും മൗനം ഇഷ്ടപ്പെടുകയാണോ...

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.