നക്ഷത്രങ്ങൾ കണ്‍ചിമ്മുമ്പോൾ

മകരക്കൊയ്ത്ത് കഴിഞ്ഞു വിശാലമായ പാടത്തെ വൈക്കോൽ മെത്തയിൽ മാനം നോക്കി കിടക്കുമ്പോൾ സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. സുഹൃത്തുക്കളെല്ലാവരും അപ്പുറത്തിരുന്ന് ഗഹനമായ ചർച്ചയിലാണ്. സൂര്യന് താഴെയുള്ള എന്തിനെക്കുറിച്ചും അവർ ചർച്ച ചെയ്യും. സാധാരണഗതിയിൽ ഞാനും അതിൽ പങ്കു ചെരേണ്ടതാണ്. പക്ഷെ ഈയിടെയായി എന്റെ ചിന്തകളെ ഒരു മൂടൽ മഞ്ഞു ബാധിച്ചിരിക്കുന്നു. കാരണം കഴിഞ്ഞ മൂന്നു വർഷത്തിനിടയ്ക്ക് സഹപാഠികളായ നാലു പേരാണ് അകാലത്തിൽ മരണമടഞ്ഞത്. അതിൽ ഒരാളുടെ മരണം കഴിഞ്ഞയാഴ്ച ആയിരുന്നു. കോളേജ് ഹോസ്റ്റലിലെ എന്റെ സഹമുറിയനായിരുന്നു അവൻ.

ഇവിടെ ഇങ്ങനെ നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോൾ ഒരു ആശ്വാസം. അജ്ഞാതമായൊരു വൈദ്യുത പ്രവാഹത്തിന്റെ താളാനുസൃതമായ പ്രവർത്തനമെന്നപോലെ ആ പ്രകാശ രാശികൾ ജ്വലിക്കുകയും കെടുകയും ചെയ്തു കൊണ്ടിരുന്നു. ആ പ്രകാശപൂരത്തിന് മങ്ങലില്ല, തിളക്കത്തിനു താളം പിഴയ്ക്കുന്നില്ല.

ശതകോടി മൈലുകൾക്കകലെ നിന്ന് ഏതോ ഗൂഢരഹസ്യം ഉള്ളിൽ ഒളിപ്പിച്ച് എന്നെ നോക്കി കണ്ണിറുക്കുന്ന അവയുടെ രഹസ്യമെന്താവാം? ഒരു പക്ഷെ പണ്ട് കേട്ടു മറന്ന മുത്തശ്ശിക്കഥകളിലേതു പോലെ മരണമെന്ന തിരശീലയ്ക്ക് പുറകിൽ മറഞ്ഞവരുടെ ആത്മാക്കളാണോ ആകാശത്ത് നക്ഷത്രങ്ങളായി പ്രത്യക്ഷപ്പെടുന്നത്. എങ്കിൽ അവയിൽ എന്റെ പൂർവ്വികരുണ്ടാവാം, സുഹൃത്തുക്കളുണ്ടാവാം. ചില നക്ഷത്രങ്ങൾ സദാചലിച്ചു കൊണ്ടിരിക്കുന്നു. കൂട്ടുകാരിൽ ആരോ വിളിച്ചു പറഞ്ഞു, "അതാണ്‌ വാൽനക്ഷത്രം!"

മനസ്സും ചിന്തകളും ഒരിടത്തും ഉറയ്ക്കാതെ തീപിടിച്ച ചിന്തകളുമായി നടക്കുന്ന എന്നെപ്പോലെ ഉള്ളവരുടെ ആത്മാക്കൾ ആയിരിക്കാം വാൽനക്ഷത്രങ്ങൾ. ഞാൻ വായിച്ച പുസ്തകങ്ങളിൽ എവിടെയോ ആരോ കുറിച്ചിട്ടപോലെ ജീവിതം എന്നത് മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. അങ്ങനെയെങ്കിൽ ഞാനും കാത്തിരിക്കുന്നു, ഒരു വാൽനക്ഷത്രമായി പിറവിയെടുക്കാൻ.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.