നൻപൻ

നട്ടുവളർത്തിയവർ വെള്ളമൊഴിച്ച് പരിപാലിക്കാൻ മറന്നു പോയൊരു പൂവുണ്ട് എന്റെ സൗഹൃദത്തിന്റെ പൂന്തോപ്പിൽ - ഷഫീക്ക്. എന്റെ പൂന്തോപ്പിൽ തരംതിരിവില്ലാതെ എല്ലാർക്കും ഒരുപോലെ സുഗന്ധം പരത്തിയവൻ. ഒരു പൂവിനോടല്ലാതെ എനിക്കവനെ ഉപമിക്കാൻ കഴിയില്ല. അത്രയ്ക്ക് ഹൃദ്യമാണ് അവന്റെ സൗഹൃദം.

ഈ വരികൾക്കിടയിൽ പലപ്പോഴും അവനെപ്പോലൊരു സുഹൃത്തിനെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഓർത്തെടുക്കാൻ കഴിഞ്ഞേക്കും. അവന്റെ സൗരഭ്യത്തെ മനസ്സിലാക്കാതെ പോയത് അവന്റെ കുടുംബം മാത്രമായിരിക്കും.

പലതവണ ഇതൾ പൊഴിഞ്ഞു പോയിട്ടും വാടിപ്പോവാതെ നിൽക്കുന്ന അവന്റെ ഊർജമാണ് ഞങ്ങളിൽ നിന്നും അവനെ വ്യത്യസ്തമാക്കുന്നത്. ഇന്നവൻ പ്രണയ പ്രതീകമായ പനിനീർ പുഷ്പങ്ങളുടെ ഇടയിൽ തേൻ പകർന്നു നൽകിക്കൊണ്ട് പുഞ്ചിരിക്കാൻ ശ്രമിക്കുന്നു.

അവനേക്കുറിച്ചെഴുതിയ ഈ വരികളിലൂടെ വായിക്കുന്നവരുടെ ആസ്വാദന സുഖത്തേയോ വരികളുടെ മൂല്യത്തേയോ ഞാൻ പരിഗണിക്കുന്നില്ല. ഇതൊരു നല്ല സൗഹൃദത്തെ ഓർമ്മകളുടെ താളുകളിലേക്ക് കോറിയിടുന്നതാണ്.

എനിക്കും നിങ്ങൾക്കുമിടയിൽ കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ട് സൗഹൃദത്തിന്റെ തണലിൽ ജീവിതം ആസ്വദിക്കുന്ന ഒരുപാട് ഷഫീക്കുമാരുണ്ടാകും. വരികളിലെ അപൂർണ്ണത പോലെ എല്ലാമുണ്ടായിട്ടും പൂർണ്ണതയിൽ എത്താത്ത ജീവിതങ്ങൾ. അവർണ്ണനീയമായ സ്നേഹം കൊണ്ട് നമുക്ക് അവനേപ്പോലുള്ളവരെ പരിപാലിക്കാം, സ്നേഹിക്കാം. സ്നേഹിതൻ എന്നൊരു വികാരത്തിന് മാത്രമേ അതിനു കഴിയൂ.

പ്രിയ സ്നേഹിതാ, ഞാനും നീയും ഒരുനാൾ കൊഴിഞ്ഞു വീണ് ഈ മണ്ണിനോട് അലിഞ്ഞു ചേരും. അതിനു മുൻപ് നിനക്ക് വിത്ത് പാകിയവർ നിന്നെ തിരിച്ചറിയും. നീയെന്ന പൂവിന്റെ സുഗന്ധത്തെ സ്നേഹിക്കും. അവർ ആസ്വദിക്കാൻ മറന്നുപോയ നിന്റെ സൗരഭ്യത്തെ ഓർത്ത് വേദനിക്കും. അന്നവർ നിനക്ക് നൽകുന്ന ചുംബനം കൊണ്ട് നീ പൂർണ്ണതയിലെത്തും. നിന്നിൽ നിന്നും ഉതിർന്നു വീഴുന്ന മൊട്ടുകൾ കൊണ്ട് ഭൂമിയിൽ അനേകം സൗഹൃദപുഷ്പങ്ങൾ ഉണ്ടാവട്ടെ..!

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.