നെപ്പോളിയന്‍

നെപ്പോളിയന്റെ ഒരു കാര്യം! എങ്ങനെ നടന്നിരുന്ന ആളാ, ഇപ്പോള്‍ കണ്ടില്ലേ, കാലിനോട് പറ്റിച്ചേര്‍ന്നു സോക്സിനുള്ളില്‍ കയറി വന്നിരിക്കുന്നു..! സന്തോഷത്തിന്റെ ആധിക്യത്താല്‍ മനസ്സില്‍ ഇങ്ങനെ പറഞ്ഞ് അയാള്‍ കബോഡ്‌ തുറന്നു പേഴ്സില്‍ നിന്നും ഇരുപത് ദിര്‍ഹംസ് എടുത്തു കൊടുത്തു തിരിഞ്ഞതും ചിരിച്ചുകൊണ്ട് അവര്‍ പിന്നിലെത്തിയിരുന്നു, നെപ്പോളിയനുമൊത്ത് സമയം പങ്കിടേണ്ടവര്‍.

ബാല്‍ക്കണി അവരെ മൂന്നു പേരെയും വരവേറ്റു. തിരക്കിട്ട കാഴ്ചകള്‍ കണ്ടോണ്ടിരുന്നു കുടിക്കാന്‍ ഇതിലും നല്ല സ്ഥലം വേറെ ഇല്ല, തൃശ്ശൂരിലെ ആകാശം ഒഴിച്ചാല്‍. അവിടെ ആവുമ്പോള്‍ വടക്കുംനാഥനെയും കണ്ടു തിരക്ക് പിടിച്ച നഗരത്തെയും നോക്കിയിരുന്നു കുടിക്കാന്‍ ഒരു രസാണ്. ഇതും മോശല്ല, അഞ്ചാമത്തെ നിലയിലാണ്. താഴെ നടക്കുന്നതെല്ലാം വ്യക്തമായി കാണാം. തണുപ്പ് കലര്‍ന്ന ചെറിയ കാറ്റു വീശുന്നുണ്ട്. ഡിസംബറില്‍ പതിവുള്ളതാണ്, തണുപ്പ് തുടങ്ങുകയല്ലേ. ചാറ്റല്‍മഴക്കും സാധ്യതയുണ്ട്.

മുന്‍തലമുറക്കാരെ എല്ലാം മനസ്സില്‍ ധ്യാനിച്ച് നെപ്പോളിയന്റെ തല വെട്ടി ഗ്ലാസ്സുകളിലേക്ക് പകര്‍ന്നു. ഒരു ഗ്ലാസില്‍ സെവെന്‍ അപ്പ്‌, മറ്റൊന്നില്‍ സോഡാ, മൂന്നാമത്തേതില്‍ ഒരു ഐസ് ക്യൂബ് മാത്രം. എല്ലാവർക്കും അവരുടേതായ ടേസ്റ്റ്.

ചിയേര്‍സ്..! ഇതിനൊരു മാറ്റവുമില്ല, ഹൈ ക്ലാസ്സ്‌ ആയാലും ലോ ക്ലാസ്സ്‌ ആയാലും...

ഒരു സിപ് എടുത്തതിനു ശേഷം ഗ്ലാസ്‌ ബാല്‍ക്കണിയുടെ ഒരു ചുവരില്‍ വച്ച് വിഹായസ്സിലേക്ക് കൈ നീട്ടി ഒന്നാമന്‍ പറഞ്ഞു, "ഹോ... ഇതും കൂടി ഇല്ലായിരുന്നെങ്കില്‍ കട്ടപ്പൊക ആയേനെ അളിയാ ജീവിതം."

മറ്റു രണ്ടു പേരും ശരി എന്ന് തലയാട്ടി. നെപ്പോളിയന്‍ ചിരിച്ചു, ഉറക്കെ ഉറക്കെ..!

ഭൂമിയെക്കാള്‍ വലിയ നിതംബവുമാട്ടി ഒരു കറുപ്പത്തി റോഡു മുറിച്ചു നടന്നുപോയി. അംഗ രക്ഷകരായി പിന്നാലെ കുറച്ചു കണ്ണുകളും. ഗ്ലാസില്‍ വീണ്ടും രക്തം പകര്‍ന്നു. ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ പ്ലേറ്റില്‍ ഇരിക്കുന്ന ആംലെറ്റിലും മിക്സ്‌ച്ചറിലും ആണെന്ന് തോന്നുന്നു.

സിന്ദകി ബർബാദ് ഹോഗയാ... ഒന്നാമന്‍ വീണ്ടും മൗനത്തെ കീറിമുറിച്ചു. അത് ശരിവെക്കും വിധം ഒച്ചയുണ്ടാക്കി ഒരു വണ്ടി കടന്നു പോയി.വീണ്ടും അയാള്‍ പിറു പിറുത്തു കൊണ്ടിരുന്നു സിന്ദകി ബർബാദ് ഹോഗയാ.., സിന്ദകി ബർബാദ് ഹോഗയാ...

ചിരിച്ചു കൊണ്ടിരുന്നതല്ലാതെ രണ്ടാമന്‍ ഒന്നും മിണ്ടാനുള്ള ഭാവം ഉണ്ടായിരുന്നില്ല. ഉള്ളിലെ സോമരസം അയാളെ ഏതോ മായിക ലോകത്തേക്ക് പിടിച്ചു വലിക്കുന്നുണ്ടെന്ന് തോന്നുന്നു. കൂട്ടത്തില്‍ രണ്ടു പെഗ്ഗ് തീര്‍ത്തതും അയാള്‍ മാത്രമായിരുന്നു.

മൂന്നാമത്തെ ആള്‍ പൈനിന്റെ പാക്കറ്റ് പുറത്തെടുത്തു മൂന്നു പേരും ചുണ്ടിനു തീ കൊടുത്തു. അയാള്‍ ചോദിച്ചു, "എന്താടാ നിന്റെ പ്രശ്നം..?"

തണുപ്പ് അതിന്റെ കാഠിന്യം കൂട്ടിക്കൂട്ടി വന്നു, കാറ്റ് അതിന്റെ വേഗതയും. പൊട്ടി വീഴാന്‍ തയ്യാറായ വെള്ളത്തുള്ളികള്‍ സമ്മതപത്രം കിട്ടാന്‍ വേണ്ടി കാത്തിരുന്നു. എന്ത് വന്നാലും തനിക്കൊരു ചുക്കും വരാനില്ലെന്ന മട്ടില്‍ തെരുവ് വിളക്കിനു താഴെ റഷ്യക്കാരി കച്ചവടത്തിന് നില്‍ക്കുന്നുണ്ട്. വില പേശി പഠാണികളും ബംഗാളികളും കെഞ്ചുന്നുണ്ട്. എവിടെ നിന്നോ ഓടിക്കിതച്ചു വന്ന കാറിന്റെ വാതില്‍ തുറന്ന് അവളതില്‍ കയറി പാഞ്ഞുപോയി.

"എന്താടാ നിന്റെ പ്രശ്നം?", അയാള്‍ വീണ്ടും ചോദിച്ചു. കൂട്ടത്തില്‍ മൂത്തയാള്‍ അയാളാണ്. അതിന്റെ അഹങ്കാരത്തില്‍ പറഞ്ഞു, "എടാ അനുഭവങ്ങള്‍ വേണം, അനുഭവങ്ങള്‍..."

കത്തിത്തീര്‍ന്ന പൈനിന്റെ ചാരം തട്ടിക്കൊടുത്ത് കൊണ്ട് ഒന്നാമന്‍ പറഞ്ഞു, "അനുഭവങ്ങള്‍ - അതെന്റെ ഈ പ്രായത്തിനിടക്ക് ഞാന്‍ ഒരുപാട്...", മുഴുവനാക്കുന്നതിനു മുമ്പ് ഒരു സിപ് കൂടി എടുത്തു.

ചിരി ഒഴിഞ്ഞുമാറിയിരുന്നില്ല അപ്പോളും രണ്ടാമന്റെ മുഖത്തു നിന്ന്.

മൂന്നാമതും ഗ്ലാസ്സുകളില്‍ രാജാവ്‌. മൂന്നുപേരും മത്സരിച്ചു പുക പുറത്തേക്കു ഊതി, 'ഹൂ...'

"നിനക്കൊക്കെ എന്തനുഭവം..! എടാ നിനക്കെത്ര വയസ്സായി..?", മൂന്നാമന്‍ വിടാനുള്ള ഭാവം ഇല്ല.

"ഇരുപത്തി മൂന്ന്. എന്നാലും എന്റെ ഈ പ്രായത്തിനിടക്ക്..."

"എന്ത് പ്രായം..! എനിക്ക് നാല്പത്തി മൂന്ന് ആയി.., നിന്നെക്കാള്‍ ഇരുപതു കൂടുതല്‍. അനുഭവം എന്ന് പറഞ്ഞാല്‍ ഞാനൊക്കെ എന്റെ ചെറുപ്പത്തില്‍ ഒരുപാട് ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്."

ആകാശം തെരുവ് വിളക്കാല്‍ നിറഞ്ഞു. ഈയാംപാറ്റകള്‍ വിളക്കിനു ചുറ്റും വട്ടം വയ്ക്കാന്‍ തുടങ്ങി. ജോലി കഴിഞ്ഞു തിരക്കിട്ടോടുന്ന ആളുകള്‍. ഒരു പക്ഷെ അവരിലെ ആണുങ്ങള്‍ നെപ്പോളിയനെ സ്വപ്നം കണ്ടിട്ടാവാം പോകുന്നത്. പക്ഷെ അവരിലെ പെണ്ണുങ്ങള്‍ എന്ത് സ്വപ്നം കണ്ടിട്ടാവും...?

അയാള്‍ ചിരിച്ചു ചിന്തിച്ചു കൊണ്ടേ ഇരുന്നു.

"അല്ല, എന്റെ ഈ പ്രായത്തിനിടക്ക്, അല്ല എനിക്ക് വല്ല്യ പ്രായമൊന്നും ആയിട്ടില്ല. പക്ഷെ എനിക്ക് പക്വത വന്ന നാള്‍ മുതല്‍ അനുഭവിച്ചോണ്ടിരിക്ക്യാണ്..!"

"ഹാ ഹ ഹ ഹാ..! അതിനു നിനക്കെവിടെയാടാ പക്വത..?!", വിടാനുള്ള ഭാവമില്ല...

രാജാവിന്റെ അവസാനതുള്ളിയും പാത്രത്തിലേക്ക് പകര്‍ന്നു. പൈന്‍ റോത്ത്മാന് വഴി മാറി. സെവന്‍ അപ്പ്‌ കഴിഞ്ഞു, സോഡയും. വെള്ളവും ഐസ് ക്യുബും സഹായത്തിനെത്തി.

കഷ്ടപ്പാടിന്റെ പെരുമഴ. എന്തോ ഒരു സെന്റി അടിച്ചു ഒന്നാമന്‍ മൂന്നാമനെ തന്റെ വഴിയില്‍ തന്നെ കൊണ്ടു വന്നു. ഇപ്പോള്‍ അയാളും സമ്മതിച്ചു, കഷ്ടപ്പാടുകള്‍ ഒരുപാടു തന്നെപ്പോലെ അവനും അനുഭവിച്ചിട്ടുണ്ടെന്ന്. സാന്ത്വനങ്ങളുടെ അര്‍ച്ചന നടത്തി പിന്നെ അയാള്‍. ഒപ്പം തന്റെ കഷ്ടപ്പാടിന്റെ കെട്ടഴിക്കാനും തുടങ്ങി.

തെരുവുവിളക്കിനു താഴെ പെരുമ്പിലാവ് ചന്തയിലെ കന്നുകള്‍ പോലെ പെണ്ണുങ്ങള്‍.., കഷ്ടപ്പാടുള്ളവര്‍. അവര്‍ക്ക് ചുറ്റും വട്ടമിട്ട്‌ ആണുങ്ങള്‍. അവരും കഷ്ടപ്പാടുള്ളവര്‍. ഈ ലോകത്ത് എല്ലാവരും കഷ്ടപ്പാടുള്ളവര്‍. എല്ലാവരും കഷ്ടപ്പാടുള്ളവര്‍...

അവനപ്പോഴും ചിരിച്ചു കൊണ്ടേയിരുന്നു. അവന്റെ ചിരിയിലും കഷ്ടപ്പാടിന്റെ ദയനീയ ഭാവം ഉണ്ടായിരുന്നു.

നെപ്പോളിയന്‍ കഷ്ടപ്പാടിനെപ്പറ്റി പുലമ്പിപ്പുലമ്പി മരിച്ചു, പിറ്റേ ദിവസം ഉയിർത്തെഴുന്നേല്‍ക്കാന്‍ വേണ്ടി...

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.