നിശാഗന്ധി

രാത്രിയോടെന്നും അവൾക്ക് വെറുപ്പായിരുന്നു. സ്വപ്‌നങ്ങൾ പോലും അവളോട്‌ വിലപേശാറുണ്ടത്രെ! വിരക്തമായ ഉന്മത്തതക്ക് നിശാഗന്ധിയുടെ ഗന്ധമായിരുന്നത്രേ!

വീണുകിട്ടിയ ഏതോ ഒരു സായംസന്ധ്യയിൽ, മരവിച്ച ഗൃഹാതുരതയെയും തഴുകി, പാടവരമ്പിൽ ഇരുന്നപ്പോഴും കൈതപ്പൂവിന്റെ സുഗന്ധം അവളെ എന്തെന്നില്ലാതെ അലോസരപ്പെടുത്തിയിരുന്നു. മിന്നാമിനുങ്ങിന്റെ കുഞ്ഞുവെട്ടം പോലും നേത്രനാഡികളിൽ മിന്നൽപ്പിണർപ്പുളവാക്കി!

"അമ്മേ..."

പതിവായി കേൾക്കാൻ കൊതിക്കാറുണ്ടെങ്കിലും, വല്ലപ്പോഴുമൊക്കെ കേൾക്കുന്ന ആ മൃദുശബ്ദത്തെ അനുഗമിച്ച് അവൾ മെല്ലെ വീട്ടിലേക്കു നടന്നു.

"അമ്മ എവിട്യാർന്നു?"

"മോൻ പറയാറുള്ള തുമ്പികൾ പാടത്തുണ്ടോ എന്നു നോക്കിപ്പോയതാ അമ്മ."

"എന്നിട്ട് തുമ്പിയെ കിട്ടിയോ?"

"ഇല്ല. അവരെല്ലാം അവരുടെ അമ്മയുടെ കൂടെ സുഖമായി ഉറങ്ങാത്രേ..! രാവിലെ വരും."

"എന്നിട്ടും അമ്മയെന്താ എന്നോടൊപ്പം എന്നും ഉറങ്ങാത്തത്‌? ഞാനെന്നും ഉറക്കത്തിൽ നിന്നും ഉണർന്നാൽ അമ്മയെ കാണാറില്ലല്ലോ?"

നീറുന്ന നോവിന് ഒരു നീണ്ട മൗനം മാത്രമായിരുന്നു മറുപടി.

"അമ്മ എനിക്കൊരു കഥ പറഞ്ഞു തരുമോ?"

"പിന്നെന്താ പറഞ്ഞു തരാല്ലോ..."

രാത്രിമുത്തശ്ശിയുടെ കഥ പറഞ്ഞു കേട്ടപ്പോൾ അവന് ഒരുപാട്‌ സന്തോഷം തോന്നി.

"അമ്മക്കെന്നും ഇതുപോലെ എനിക്ക് കഥപറഞ്ഞു തന്നൂടെ? പിന്നെ എന്തിനാ എന്നെ തനിച്ചാക്കി പോണതെന്നും?"

"മോനിവിടെ അച്ഛനുണ്ടല്ലോ.., പിന്നെന്താ..? അതു മാത്രല്ലാ, മോന് ഇതുപോലെ ഒരുപാട് കഥകൾ പറഞ്ഞുതരണ്ടേ.. അതൊക്കെ അമ്മക്ക് പറഞ്ഞുതരുന്നത്‌ രാത്രിമുത്തശ്ശിയാ! ആ മുത്തശ്ശീടെ അടുത്തേക്ക് എന്നും പോകണം. എന്നാലെ അവർ ആ കഥകളൊക്കെ അമ്മക്ക് പറഞ്ഞുതരൂ... എന്നാലല്ലേ അതൊക്കെ മോന് പറഞ്ഞു തരാൻ പറ്റൂ..."

"ഊം."

"എന്നാൽ മോനുറങ്ങിക്കോ... നാളെ അമ്മ വേറെ നല്ലൊരു കഥ പറഞ്ഞു തരാംട്ടോ..."

"ഊം"

ഒഴുകാൻ കൊതിച്ച മിഴികളിലെ സാഗരത്തെ കണ്‍പീലികൾകൊണ്ടവൾ പിടിച്ചമർത്തി.

"ഇന്ദൂ.."

വളരെ അപൂർവമായി മാത്രമേ ആ വിളി കേൾക്കാറുള്ളൂ.

"എന്താ..?"

"എന്റെയാ ഗുളിക ഒന്നെടുത്തു തരുമോ?"

തളർന്നു കിടക്കുന്ന ആ മനുഷ്യന്റെ മുൻപിൽ പോയി നില്ക്കാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു. എങ്കിലും ഗുളിക കഴിക്കാനുള്ള വെള്ളവുമായി അവൾ മെല്ലെ അകത്തേക്ക് നടന്നു.

"ഇതാ ഗുളിക."

"ഊം"

"നല്ല ക്ഷീണണ്ടോ?"

"ഇല്ല. എനിക്കൊരു വിഷമം മാത്രേയുള്ളൂ. നിന്റെ യൗവനവും ജീവിതവും ഞാൻ കാരണം ഹോമിക്കപ്പെട്ടല്ലോ എന്നോർത്ത്."

"എന്താ ഇങ്ങനെയൊക്കെ?"

അവളറിയാതെ ആ ഗ്ലാസിൽ ഇറ്റുവീണ കണ്ണുനീർ മെർക്കുറി പോലെ ആ വെള്ളത്തിൽ അലിയാതെ കിടന്നിരുന്നു.!

അടുക്കളയിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോണ്‍ റിംഗ് ചെയ്തത് അവൾ അറിഞ്ഞിരുന്നു.

"ഹലോ"

"മോളെ ഞാനാ"

"ഊം"

"ഇന്ന് നല്ലൊരു കസ്റ്റമർ വീണിട്ടുണ്ട്. ഞാൻ ടൗണിൽ നിൽക്കാം. നീ വേഗം വരണം."

"ഊം"

മുടിയെല്ലാം വാരിക്കെട്ടി ഒന്നും മിണ്ടാതെ ആ രാത്രിയുടെ നെഞ്ചിലേക്ക് കാൽ വെച്ചപ്പോഴും നിശാഗന്ധിയുടെ വിരക്തമായ ഉന്മത്തഗന്ധം അവളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു, ആ രാത്രിയെയും..!

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.