നിയോഗം

ആദ്യം തന്നെ രണ്ടു വരി. 'നിയോഗം' ഒരു കഥയല്ല. എന്നിൽ എന്റെ സ്രഷ്ടാവിനാല്‍ കൽപ്പിക്കപ്പെട്ട നിയോഗത്തിന്റെ, അത് നടന്ന ഒരു ദിവസത്തിന്റെ ഓർമ്മകളാണ്. അക്ഷരങ്ങൾ ചിത്രങ്ങളായി നിങ്ങൾക്ക് മനസ്സിൽ കണ്ടു വായിക്കാൻ സാധിച്ചാൽ നമ്മളിൽ അർപ്പിക്കപ്പെട്ട പല നിയോഗങ്ങളും തിരിച്ചറിയാൻ നമ്മള്‍ക്ക് കഴിയും.

ഇടക്ക് ഉണ്ടാവാറുള്ള ശ്വാസംമുട്ട് കാരണം ജോലിക്ക് പോവാതെ ലീവ് എടുത്ത ഒരു സാധാരണ ദിവസം കുഞ്ഞിമ്മാടെ മകളുടെ ഫോൺ വന്നു. 'ഇക്കാ എന്നെ തൃശൂർ അമല ആശുപത്രി വരെ ഒന്ന് കൊണ്ട് പോണം. എന്റെ ഒരു ഫ്രണ്ട് അവിടെ ആശുപത്രിയിൽ ഉണ്ട്, എനിക്ക് അവളെ ഒന്ന് കാണണം.'

ഇത്തിരി വാശിയും കുറുമ്പും ഉള്ള അവളുടെ മറ്റൊരു വാശിയാവും ഇതെന്ന് കരുതിയും തൃശൂർ വരെ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണവും 'എനിക്ക് വയ്യടി' എന്നാണ് ആദ്യം പറഞ്ഞത്.

ശബ്ദം ഒരു കരച്ചിലിന്റെ സ്വരത്തിലേക്ക് മാറി അവള് പറഞ്ഞു, 'എന്നെ ഇവിടെ ആരും കൊണ്ട് പോകുന്നില്ല. നീയെങ്കിലും... വയ്യെങ്കിൽ വേണ്ട.'

അവളുടെ വാക്കുകൾ വിഷമിപ്പിച്ചെങ്കിലും കാര്യമാക്കാതെ അവളാണ് വിളിച്ചതെന്നും ഇതാണ് കാര്യമെന്നും ഉമ്മയോട് പറഞ്ഞു.

'പറ്റുമെങ്കിൽ കൊണ്ട് പോയി കാണിക്ക് മോനെ. ആ കുട്ടിയുടെ കാര്യം ഞാൻ അറിഞ്ഞിരുന്നു. ക്യാൻസർ ആണ്! അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയത് കൊണ്ട് കൊണ്ടുപോയി കാണിക്കാൻ ആർക്കും ഒരു താൽപ്പര്യമില്ല. അതാവും നിന്നെ വിളിച്ചത്.'

ഉമ്മയോട് മറുപടി പറയും മുൻപേ ഞാൻ അവൾക്ക് വിളിച്ചു റെഡി ആവാൻ പറഞ്ഞു. വണ്ടി എടുത്ത് ഇറങ്ങി.

ഏതൊരു ദിവസം പോലെയും കഴിഞ്ഞു പോവേണ്ട അന്ന് വയ്യാതിരിന്നിട്ടും എന്നെ അങ്ങോട്ട്‌ പോവാൻ കൽപിച്ചത്‌ ഏത് അദൃശ്യശക്തിയാണോ എന്തോ, ആ ശക്തിയിലാണ് ഞാൻ വിശ്വസിക്കുന്നത്, അതിനെയാണ് ഞാൻ ദൈവം എന്ന് വിളിക്കുന്നത്.

അമല ആശുപത്രിയുടെ ഓരോ ചുമരിനും എന്റെ നിശബ്ദമായ തേങ്ങലുകൾ പരിചിതമാണ്. ഓർമ്മകളെ പിടിച്ചു നിർത്തി പഴയ ക്യാൻസർ ബ്ലോക്കിന്റെ പാർക്കിങ്ങിൽ ബൈക്ക് നിർത്തി ഞാൻ അവളുമായി അകത്തേക്ക് കയറി. എന്റേതാണ് വലിയ വിഷമം എന്ന് ചിന്തിച്ചു നടക്കുന്നവർ ഇടക്കൊക്കെ ഇങ്ങനെ ഉള്ള സ്ഥലങ്ങൾ പോയാൽ എല്ലാം വിഷമങ്ങളും മാറും. കൂട്ടുകാരിയുടെ ഉപ്പയുടെ ഫോണിലേക്ക് വിളിച്ച് റൂം അവൾ ചോദിച്ചറിഞ്ഞു. അവളുമായി ഞാൻ നടന്നു നീങ്ങിയ വരാന്തകൾക്ക് സ്വപ്ങ്ങൾ കരിഞ്ഞു പോയവരുടെ ഒരു തരം മടുപ്പിക്കുന്ന ഗന്ധമാണ്. വേദന കൊണ്ട് കരയുന്നവർ, വേണ്ടപ്പെട്ടവരുടെ രൂപത്തിൽ വന്ന മാറ്റങ്ങൾ കണ്ടു സഹിക്കാൻ കഴിയാതെ അടക്കിപ്പിടിച്ചു നിൽക്കുന്നവർ... നമ്മുടെ കാലൊച്ചകൾ പോലും അവിടെ ഉള്ളവരെ വേദനിപ്പിക്കുമോ എന്നൊരു തോന്നൽ ഉണ്ടാവുന്ന ഒരു അവസ്ഥ.

പറഞ്ഞു തന്ന റൂമിന് മുൻപിൽ ഞാൻ അവളുമായി എത്തി. അവിടെയുള്ള രോഗികളുടെ മനസ്സ് പോലെ ദ്രവിച്ചു തുടങ്ങിയ വെളുത്ത പെയിന്റ് അടിച്ച ആ വാതിൽ തുറന്നു തന്നത് ചിഞ്ചുവിന്റെ (ചിഞ്ചു, അങ്ങനെയാണ് അവളുടെ വിളിപ്പേര്) ഉപ്പയാണ്. ഒതുക്കമില്ലാതെ തെറിച്ചു നില്‍ക്കുന്ന മുടി ആ ഉപ്പയുടെ നെഞ്ചിലെ കൊടുംകാറ്റിനെ ഒറ്റ നോട്ടത്തിൽ നമ്മളിലേക്ക് കൂടെ എത്തിക്കും. കണ്ണുനീർ കൊണ്ട് കുതിര്‍ന്നു മുങ്ങിയ തട്ടം കൊണ്ട് തല മറക്കാൻ ശ്രമിച്ചു കൊണ്ട് 'വാ മക്കളെ' എന്ന് വിളിച്ചു അവളുടെ ഉമ്മ അകത്തേക്ക് വിളിച്ചു. ആരോ കൊണ്ട് വെച്ച മുന്തിരിയുടെ കവറിൽ ഈച്ചകൾ സ്വസ്ഥമായി പറന്നു കളിക്കുന്നു. ഒരു ചെറിയ നിശ്വാസത്തിന്റെ പോലും സ്ഥാനമില്ലാത്ത ആ റൂമിൽ ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന ഒന്നും എന്റെ കാഴ്ചയിൽ കുടുങ്ങിയില്ല. ഒരു ലോകം മുഴുവൻ ആ നാല് ചുമരുകൾക്കുള്ളിൽ ചുരുങ്ങി ഇല്ലാതാവുന്ന ദയനീയമായ ഒരവസ്ഥ.

ആശുപത്രി ചുമരുകളിൽ അസുഖം മാറിപ്പോയവരുടെ കരവിരുതുകൾ കണ്ണുകൾ ശ്രദ്ധിക്കുന്നതിനിടയിൽ ഒരു മൂലയിലെ തുരുമ്പെടുത്ത കട്ടിലിലേക്ക് കാഴ്ച കുടുങ്ങിയപ്പോൾ എന്റെ ഞരമ്പുകൾക്കിടയിലെ രക്തയോട്ടം നിലച്ചു പോയി.

കനത്ത നിശബ്ദതയ്ക്ക് വിരാമമിട്ടു ചിഞ്ചുവിന്റെ ഉമ്മ അവളെ വിളിച്ചു, 'മോളെ നിന്നെ കാണാൻ സുലുവും അവളുടെ ഇക്കയും വന്നിട്ടുണ്ട്.'

അവളോട് ചേർന്ന് നിന്നു എന്റെ പെങ്ങൾ സംസാരിക്കാൻ തുടങ്ങിയിട്ടും അവളുടെ ഭാവങ്ങളിൽ യാതൊരു മാറ്റവും ഞാൻ കണ്ടില്ല. ആ കുട്ടി പൂർണ്ണമായും തകർന്നിരിക്കുന്നു. തല ഉയര്‍ത്താൻ പോലും ശക്തി ഇല്ലാതെ ആത്മാവ് മാത്രം ബാക്കിയായി ഒരു ശരീരം.

ഞാൻ വിളിച്ചു നോക്കി, 'മോളെ ഒന്ന് നോക്കടോ. ഇത്രേം ദൂരത്ത്‌ നിന്ന് നിന്നെ കാണാൻ വന്നതല്ലേ ഞങ്ങൾ.'

സുലുവിന്റെ സഹായത്തോടെ തട്ടം നേരെയാക്കി ആ പൊന്നുമോൾ തല ഉയർത്തി എന്നെ നോക്കി. ഇതാണ് എന്റെ അമ്പുക്ക, ഞാൻ പറയാറുള്ള എന്റെ ഇക്ക. സുലു എന്നെ പരിചയപ്പെടുത്തിയപ്പോൾ എവിടെയോ ആ കുട്ടിക്ക് നഷ്ടപ്പെട്ട ഒരു പുഞ്ചിരി ഞാൻ അവളിൽ കണ്ടു. വേദനയാണ് ആ ശരീരം മുഴുവൻ. 15 വയസ്സുള്ള ഒരു ശലഭം ഒരു കിഴവിയെപ്പോലെ.. വാക്കുകൾക്ക് ചിലപ്പോള്‍ പരിധികൾ ഉണ്ടാവുന്നു.

അപ്രതീക്ഷിതമായി റൂമിലേക്ക് വന്നു ഒരു ദൈവദൂതൻ. അമല ആശുപത്രിയിൽ ക്യാൻസർ വിഭാഗത്തിൽ ക്രിട്ടിക്കൽ അവസ്ഥകളിൽ ഉള്ള രോഗികളെ ദിവസവും വന്നു കണ്ടു പ്രാർത്ഥിച്ചു പോകുന്ന ഒരു രീതിയുണ്ട്. അതിനു വന്നതാണ് ആ ഫാദർ. എന്നെ കണ്ടപ്പോൾ വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. പെങ്ങളുടെ സ്നേഹിതയാണ് ചിഞ്ചുവെന്നും കാണാൻ വന്നതാണെന്നും പറഞ്ഞപ്പോ ചെയ്തത് വളരെ നല്ല കാര്യമാണെന്നും ചിഞ്ചുവിന്റെ അവസ്ഥ വളരെ മോശമാണെന്നും പറഞ്ഞു ഫാദർ എന്നെ അനുഗ്രഹിച്ചു. അവൾ കേൾക്കെ തന്നെ 'ചിഞ്ചു ഇപ്പൊ ചിരിക്കാറില്ല, പുസ്തകങ്ങൾ വായിക്കാറില്ല. അൻവർ, ഇനി നിങ്ങള് രണ്ടാളും കൂടെ അവളോട്‌ സംസാരിക്കൂ' എന്ന് പറഞ്ഞു. എന്നെ വിളിച്ച് നിങ്ങൾ രണ്ടു പേരും ചിഞ്ചുവിനോട് സംസാരിക്കാനും സാധ്യമെങ്കിൽ അവളുടെ ഈ മരവിപ്പിന് ഒരു ആശ്വാസം അവാനും പറഞ്ഞു.

ഫാദറുടെ നിർദ്ദേശപ്രകാരം കുറച്ചു നേരത്തേക്ക് ആ മുറിയിൽ ഞാനും സുലുവും ചിഞ്ചുവും മാത്രമായി. അസുഖത്തിന്റെ ദയ കാണിക്കാതെ ആദ്യം ഞാൻ വാത്സല്യത്തിന്റെ നനവോട് കൂടി വഴക്ക് പറഞ്ഞു. ഈ മൗനതിന്റെയും മരവിപ്പിന്റെയും ഒരു ആവശ്യവുമില്ല, മാറാവുന്ന ഒരു അസുഖം മാത്രമാണ് ഇതെന്നും പറഞ്ഞു. കുറച്ചു സമയം, വളരെ കുറച്ചു സമയം കൊണ്ട് ആ മോൾടെ ചുണ്ടുകളിൽ പല തവണ പുഞ്ചിരി വന്നു. ഉള്ളിൽ ഉരുകിക്കൊണ്ട് ഞങ്ങളും കൂടെ ചിരിച്ചു, ചിരിപ്പിച്ചു.

ഞാൻ സുലുവിനെയും അവളെയും മാറി മാറി നോക്കി. ഒരേ പ്രായം, ഒരേ ക്ലാസ് മുറികളിലെ ആത്മാക്കൾ. പൂർണ്ണ പ്രസരിപ്പോടെ എന്റെ പെങ്ങൾ, പാതി മരിച്ച മറ്റൊരു പെങ്ങൾ. നടുവിൽ എല്ലാറ്റിനും നിയോഗമായി അന്നുവരെ നശിച്ച ജന്മം എന്ന് ഞാൻ തന്നെ കൽപ്പിച്ചു നൽകിയ ഞാൻ.

അവര്‍ ചിരിക്കുന്നുണ്ട്. ഞാൻ ചിരിപ്പിക്കുന്നുണ്ട്. റൂമിലേക്ക് വന്ന മറ്റുള്ളവർ ചിഞ്ചുവിന്റെ ചിരിയിൽ തൃപ്തർ. ആ ഉമ്മ വീണ്ടും തടഞ്ഞു നിർത്താൻ കഴിയാത്ത കണ്ണുനീരുമായി മത്സരിക്കുന്നു. ഉപ്പയുടെ മുഖത്ത് ആശ്വാസം. ഫാദർ നിറഞ്ഞ മനസ്സോടെ നൽകിയ പുഞ്ചിരി.

ഒടുവിൽ പുഞ്ചിരിച്ചു നിൽക്കുന്ന ആ മോളുടെ തലയിൽ വെച്ച് ഈ പുഞ്ചിരി എന്നും വേണമെന്നും അടുത്ത തവണ എല്ലാ അസുഖവും മാറി ഇക്കയും സുലുവും വീട്ടില് വന്നു കാണുമെന്നും പറഞ്ഞു ഞങ്ങൾ ഇറങ്ങി.

ചിഞ്ചു പിന്നെ കരഞ്ഞു കാണില്ല. പുഞ്ചിരിച്ച മുഖമാണ് എന്റെ മനസ്സിൽ അവൾക്കുള്ളത്. അത് കൊണ്ട് തന്നെയാ വെള്ള പുതപ്പിച്ച ആ മോളെ കാണാൻ പോയ ഞാൻ പാതി വഴിയിൽ മടങ്ങിയത്.

പിന്നീട് ഒരിക്കൽ കൂടെ ഞാൻ കാണാൻ പോയി അവളെ. സന്തോഷം കൊണ്ട് അവൾ മുഖം മറച്ചു പിടിച്ചത് ആറടി മണ്ണിൽ ഒളിച്ചു നിന്നായിരുന്നു. ഞാൻ അപ്പോഴും അവളോട്‌ പറഞ്ഞു, 'ചിഞ്ചു ഇനി കരയരുത്, ചിരിച്ച മുഖമാണ് ഈ ഇക്കയുടെ മനസ്സിൽ. അതങ്ങനെ തന്നെ നിൽക്കട്ടെ. എന്നെങ്കിലും ഒരിക്കൽ സുലുവും അമ്പുക്കയും നീ ഒളിച്ചു നിക്കുന്ന ഈ മണ്ണിനു അടിയിലേക്ക് വരും അത് വരേയ്ക്കും വിട...

അതെ, ഇതെന്റെ നിയോഗമാണ്. മരവിച്ചു പോയ ഒരു ശലഭത്തിന്റെ മുഖത്ത്‌ പുഞ്ചിരി നൽകാൻ എനിക്ക് അവസരം നൽകിയ ദൈവത്തിന്റെ നിയോഗം - എന്റെ നിയോഗം.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.