ഓൾഡ് ഈസ് ഗോൾഡ്

ഫ്ലാറ്റിൽ തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങിയിട്ട് നേരമെത്രയായി? ആധിയോടെ അയാൾ ഓർത്തു. മോൻ ഇപ്പോ സ്കൂളിൽ നിന്നെത്തും. പാവം, വെറും ആറു വയസ് മാത്രമുള്ള അവനോട്‌ താൻ എന്തു പറയും?

ആ ഉത്തരത്തിനു വേണ്ടിയാണ് താൻ ഇന്ന് അവധിയെടുത്തത് തന്നെ. എന്നിട്ടും?

ഛെ! എത്ര ആലോചിച്ചിട്ടും ഒരുപിടിയും കിട്ടുന്നില്ലല്ലോ.

ഇന്നലെ അനിയന്റെ ഫ്ലാറ്റിൽ വൈകുന്നേരത്തെ പിറന്നാൾ ആഘോഷത്തിനു പോകാതിരുന്നാൽ മതിയായിരുന്നു. അവിടെ നിന്നാണല്ലോ ഈ പ്രശ്നത്തിന്റെ തുടക്കം?

തിരിച്ചു വരുന്ന വഴിയാണ് മോൻ ആദ്യമായി ആ ചോദ്യം തന്നോട് ചോദിച്ചത്. നാട്ടിൽ നിന്നും വന്ന ആരോ പറഞ്ഞു കൊടുത്തതാണത്രേ.

അയാളോർത്തു. മുപ്പത്തിയഞ്ചു വർഷങ്ങൾക്കപ്പുറം താൻ ജനിച്ചു വളർന്ന തന്റെ നാട്. തന്റെ വീട്. ഓടിട്ട, നീളൻ വരാന്തയുള്ള ഒരു കൊച്ചു വീട്. ആ വീടിന്റെ എല്ലാ ഐശ്വര്യവും തന്റെ ഉപ്പാപ്പയാർന്നു. വെറുമൊരു നാടൻ കൃഷിക്കാരൻ. അതിരാവിലെ തന്നെ ഒരു തൂമ്പയുമെടുത്ത് പറമ്പിലേക്കിറങ്ങും. പിന്നെ എട്ട് മണി വരെ പണിയാണ്. പിന്നീട്, തന്നെയും അരികിൽ പിടിച്ചിരുത്തി, കപ്പ പുഴുങ്ങിയതോ കഞ്ഞിയോ കഴിക്കും. താൻ സ്കൂളിൽ പോകാനൊരുങ്ങുമ്പോളേക്കും ഉപ്പാപ്പ അന്നത്തെ പത്രവുമെടുത്ത് വിശ്രമിക്കാനുള്ള ഒരുക്കത്തിലായിരിക്കും.

വൈകുന്നേരം സ്കൂളിൽ നിന്നെത്തിയാൽ എത്ര നേരം വേണമെങ്കിലും കളിക്കാൻ പോകാം. ഒറ്റ നിർബന്ധമേ ഉപ്പാപ്പക്ക് ഉണ്ടായിരുന്നുള്ളു, മഅ്രിബിന് മുമ്പ് വീട്ടിൽ കയറണം.

ഉപ്പാപ്പക്ക് കോയിക്ക എന്നു പറഞ്ഞ ഒരു ചങ്ങായി ഉണ്ടായിരുന്നു. മഅ്രിബ് കഴിഞ്ഞാ പിന്നെ രണ്ടു പേരും കൂടി അന്ന് ആ നാട്ടിൽ നടന്ന ചെറിയ ചെറിയ സംഭവങ്ങളും രാഷ്ട്രീയവും ഒക്കെ ചർച്ച ചെയ്യുകയായി. ചിലപ്പോൾ അത് സംസ്‌ഥാന അല്ലെങ്കിൽ ദേശീയരാഷ്ട്രീയം വരെയായി എന്നും വരാം. കൂട്ടത്തിൽ അവരുടെ ചെറുപ്പകാലത്ത് ഒപ്പിച്ച കുസൃതികളും ഒക്കെ സംസാര വിഷയമാകും. ഒക്കെ കേൾക്കാൻ കാതുകൂർപ്പിച്ചു കൊണ്ട് ആ നീളൻ വരാന്തയുടെ ഇങ്ങേ അറ്റത്ത് താനുമുണ്ടാകും.

ഒരു കാര്യം പറയാതെ വയ്യ. വർഷങ്ങളോളം താൻ കേട്ട ആ ചർച്ചകളിൽ ഒരിക്കൽ പോലും ഒരാളെയും കുറിച്ച് മോശമായോ സഭ്യമല്ലാതെയോ ഒന്നും ഒരിക്കലും അവർ ചർച്ച ചെയ്തിരുന്നില്ല.

അങ്ങിനെ സന്ധ്യ കഴിഞ്ഞ് ഏകദേശം ഒരു എട്ട് എട്ടര മണിയൊക്കെ ആകുമ്പോഴേക്കും ഉപ്പാപ്പാക്ക് അത്താഴം കഴിക്കാൻ നേരമായിട്ടുണ്ടാകും. അവിടെയും ഒരു നിർബന്ധം ഉണ്ടായിരുന്നു. അത്താഴം കഴിക്കുമ്പോൾ വീട്ടിലെ എല്ലാവരും ഒരുമിച്ചു വേണം. അല്ലെങ്കിൽ കഴിച്ചുവെന്നു വരുത്തി വേഗം എഴുന്നേറ്റു പൊയ്ക്കളയും!

പിന്നെ കാലം കുറെ കഴിഞ്ഞു. താൻ കോളേജിൽ പോയി. അവിടെ നിന്നും ജോലി സംബന്ധമായി അടുത്ത നഗരത്തിലേക്ക് പോയി. എന്നാലും മുടങ്ങാതെ എല്ലാ ശനിയാഴ്ച്ചയും താൻ വീട്ടിലെത്തുമായിരുന്നു. താൻ വരുന്നതും കാത്ത്, അതിനി എത്ര തന്നെ താമസിച്ചാലും ഉപ്പാപ്പ വഴിയരികിൽ ഉണ്ടാകുമായിരുന്നു. എന്നിട്ട് വീടെത്തും വരെ പതുക്കെ തന്നോട് സംസാരിച്ച് വിശേഷങ്ങളൊക്കെ ചോദിച്ചു നടക്കും. മരണം വരെ ഉപ്പാപ്പ ആ പതിവ് തെറ്റിച്ചതേയില്ല.

പിന്നെയും കുറെ കഴിഞ്ഞു താൻ ഈ ബാംഗ്ളൂരിലേക്ക് ചേക്കേറിയിട്ട്. അതോടെ നാടുമായുള്ള അടുപ്പവും കുറഞ്ഞു. ഇപ്പോൾ തന്റെ ലോകം ഈ എട്ടുനില കെട്ടിടത്തിലെ എഴാംനിലയിലെ ഈ രണ്ടു മുറി ഫ്ലാറ്റിൽ ഒതുങ്ങുന്നു. അഞ്ചു വർഷങ്ങൾ കഴിഞ്ഞു നാട്ടിൽ പോയിട്ട്. തന്റെ മോന് ഒരു വയസ് ആകാറായ സമയത്ത് പോയതാണ്. പിന്നെ ഓരോരോ കാരണങ്ങൾ പറഞ്ഞു നാട്ടിലേക്കുള്ള യാത്രകൾ എപ്പോഴും മാറ്റിവച്ചു.

ദാ ഇപ്പോൾ തന്റെ ആറുവയസ്സുകാരൻ മകൻ ചോദിക്കുന്നു, "വാപ്പാ വാപ്പാ, ആരാ നമ്മുടെ ഉപ്പാപ്പാ? എനിക്കും ഒരു ഉപ്പാപ്പാനെ വേണം."

താഴത്തെ ഫ്ലാറ്റിൽ വിരുന്നു വന്ന കുട്ടികൾ ഇന്നലെ പറഞ്ഞുവത്രേ നാട്ടിൽ അവർക്ക് ഒരു ഉപ്പാപ്പ ഉണ്ട് എന്ന്. ഒരുപാടു കഥകൾ പറയുന്ന, അവരുടെ കൂടെ ആന കളിക്കുന്ന ഒരു ഉപ്പാപ്പ ഉണ്ട് എന്ന്. അപ്പോൾ തുടങ്ങിയ വാശിയാണ്.

അവന്റെ വിചാരം കടകളിൽ വാങ്ങാൻ കിട്ടുന്ന എന്തോ ഒന്നാണ് ഈ ഉപ്പാപ്പ എന്നാണ്.

പാവം, ഒരുപാടു കരഞ്ഞിട്ടാണ് ഇന്നലെ ഉറങ്ങിയത്. അതും ഇന്ന് സ്കൂളിൽ നിന്നും വരുമ്പോൾ ഒരു ഉപ്പാപ്പാനെ വാങ്ങി നല്കാം എന്ന ഉറപ്പിൽ മാത്രം. രാവിലെ പോകുമ്പോൾ വലിയ സന്തോഷത്തിലായിരുന്നു. തന്നെ ഓർമ്മിപ്പിക്കുകയും ചെയ്തു.

ജീവിതത്തിൽ ആദ്യമായി അയാൾക്ക് അയാളോട് തന്നെ അമർഷം തോന്നി. പിന്നെ അത് വെറും നിസ്സഹായതയായി മാറി. പാവം, ഇന്നും കരയിക്കാൻ വയ്യ. പക്ഷെ താൻ എന്ത് ചെയ്യും? ഇല്ലാത്ത ഉപ്പാപ്പനെ താൻ എവിടെ നിന്നും കൊണ്ടു വരും?

അവസാനം അയാൾ തീരുമാനിച്ചു. എന്തായാലും സങ്കടം കാണാൻ വയ്യ. ഉച്ചക്ക് ഓഫീസിൽ നിന്നും വന്നപ്പോൾ മാറിയിട്ട ഡ്രസ്സ്‌ തന്നെ എടുത്തിട്ട് അയാൾ പുറത്തേക്കിറങ്ങി.

ഒരുപാടു വൃദ്ധസദനങ്ങൾ ഉള്ള നാടാണല്ലോ ഇത്. എവിടെ നിന്നെങ്കിലും ഒരു ഉപ്പാപ്പാനെ കിട്ടുമോ എന്ന് നോക്കാം.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.