ഒരവധിക്കാലം

പ്രവാസത്തിനിടയിൽ ഇങ്ങനെ ഒരവധിക്കാലം തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത് മഴയോടുള്ള പ്രണയമോ, ഓണത്തിന്റെ ഗൃഹാതുരതയോ ആയിരുന്നില്ല. അമ്മയെക്കാണണം.., ഉണ്ണിമോളുടെ (പെങ്ങളെ കുഞ്ഞു നാളിൽ തൊട്ടു വിളിച്ചതങ്ങനെയാ) കുഞ്ഞു മിടുക്കിക്കുട്ടികളുടെ (ഇരട്ടകളാ.!!) കുസൃതി കാണണം.

"അമ്മേ.., ഞാൻ അടുത്ത മാസം പതിമൂന്നിനു വരും ട്ടാ..."

"മോൻ അതും ഇതുമെല്ലാം വാങ്ങി വെറുതെ പൈസ കളയണ്ടാ..."

"ഇല്ലമ്മേ..."

എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴേ ഒരു ചാറ്റൽ മഴയുണ്ടായിരുന്നു. എന്റെ പ്രണയിനി എനിക്കു നൽകിയ വരവേൽപ്പ്!!

വീട്ടിലേക്കുള്ള യാത്രക്കിടയിലും അമ്മക്കൊരേ ആധി, "മോൻ വല്ലതും കഴിച്ചോ?"

"കഴിച്ചമ്മേ.., ഫ്ലൈറ്റിൽന്നു", അമ്മ പാതിവിശ്വസിച്ചമട്ടിലിരുന്നു.

വീട്ടിലെത്തി അമ്മയുണ്ടാക്കിയ മീൻകറി കൂട്ടി ഊണു കഴിച്ചപ്പോൾ, ഒരു വർഷത്തിനു ശേഷം നാവിലെ രുചിമുകുളങ്ങൾ എന്നോടു നന്ദി പറഞ്ഞു..!

ഒന്നുറങ്ങി എണീറ്റു കുളിച്ചപ്പോൾ, കുപ്പിയിലാക്കിയ വിദേശ കവിതയ്ക്ക് പങ്കാളിയെത്തി! മറ്റാരുമല്ല, എന്റെ ഗൃഹാതുരതയിൽ എന്റെ സുഹൃത്തും മാമനും ഗുരുവും എന്റെ എല്ലാമെല്ലാമായ മാമൻ! (ചെറുപ്പത്തിൽ എനിക്ക് ക്രിക്കറ്റ്‌ബാറ്റും ഫുട്ബോളും ആദ്യമായ് തന്നത് അദ്ദേഹമാ.., സമപ്രായം!!)

ഒരാഴ്ചത്തെ കുത്തഴിഞ്ഞ ദിനരാത്രങ്ങൾ! - ഒരു ബാച്ച്ലർക്ക് വെക്കേഷനിൽ കിട്ടുന്ന സ്വാതന്ത്ര്യം ഞാനും ആസ്വദിച്ചു!

"മനൂ ഒന്നെഴുന്നേറ്റു കുളിച്ചേ.., നേരത്തെ എണീറ്റ്‌ അമ്പലത്തിൽ പോവാൻ പറഞ്ഞാൽ കേൾക്കൂല്ല്യ... ദേവീകോപം ഉണ്ടാക്കിവച്ചോ..!", അമ്മയുടെ സ്ഥിരം പല്ലവികേട്ട് എണീറ്റപ്പോൾ പതിവുപോലെ പത്തു മണി.

മേലാസകലം രാത്രി മുതലേ നല്ല വേദനയുണ്ടായിരുന്നു. കുളികഴിഞ്ഞു പുറത്തുവന്നപ്പോൾ ശരീരത്തിൽ പൊങ്ങിയ നീർക്കുമിളകൾ കണ്ടു ഞാൻ അമ്പരന്നു.!

"ഉണ്ണിമോളെ എന്തായിത്.?!"

"നന്നായീണ്ട്.., വേഗം ഡോക്ടർടെ അടുത്ത് പോയിക്കോ... അമ്പലത്തിലൊന്നും പോവില്ലല്ലോ.., പറഞ്ഞാലും കേൾക്കില്ല."

വിട്ടുമാറാത്ത ആ അമ്പരപ്പിന് അർത്ഥം ഡോക്ടർ പറഞ്ഞു തന്നു, "ചിക്കൻ പോക്സാ..!" ഇന്നലെ ഞാൻ ചിക്കൻ കഴിച്ചിരുന്നു! ഏയ്‌.., അതോണ്ടോന്നുമാവില്ലല്ലേ. മനസ്സിൽ പറഞ്ഞു. ആദ്യായിട്ടാ ഇങ്ങനൊരനുഭവം!

പിന്നീടങ്ങോട്ട്‌ ഉപ്പിടാത്ത കഞ്ഞിയും ചുട്ട പപ്പടവും ആര്യവേപ്പിൻ ബെഡ്ഡിലെ ഉറക്കവും.., "എട്ടിന്റെ പണി കിട്ട്യേലോ ഭഗവാനെ..." മനസ്സിൽ ദൈവങ്ങളെയൊക്കെ അറിയാതെ പ്രാകുമ്പോളും ആകെ ഒരാശ്വാസമായിരുന്നത് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്‌ മാച്ച് ആയിരുന്നു! അതും കൂടിയില്ലേൽ ചത്തേനെ..!

ഓണത്തലേന്ന് അമ്മയും ഉണ്ണിമോളും പാചകത്തിൽ മുഴുകിയതു കണ്ടപ്പോൾ ഞാൻ അറിയാതെ കൊതിച്ചു, എന്തെങ്കിലും രുചിയുള്ളത് നാളെ കഴിക്കാൻ തരുമായിരിക്കും, ഒരാഴ്ച്ചയായില്ലേ..! പിന്നെയിപ്പോ കഴിച്ചാലെന്താ..? നാളെ നോക്കാം.

ഓണത്തിന്റന്ന് കാലത്ത് നേരത്തെ എണീറ്റു. തലേന്ന് അച്ഛൻ വാങ്ങിയ പൂക്കൾ തികയാതെ ഞാനും ഉണ്ണികളും തൊടിയിലെ തൊട്ടാവാടിപ്പൂക്കളും പവിഴമല്ലിയും പെറുക്കി. ഉച്ചയോടടുത്തപ്പോൾ അമ്മ, അച്ഛനെയും ഉണ്ണിമോളെയും ഉണ്ണികളെയും ഊണുകഴിക്കാൻ വിളിച്ചതു ഞാൻ കേട്ടു.

"അമ്മേ, ഏനിക്കും വിശക്കുന്നുണ്ട്..."

"മോന് ഇപ്പൊ കഞ്ഞി തരാട്ടാ..", അമ്മ പറഞ്ഞു.

കഞ്ഞിയാ.!! അപ്പോ ഇന്ന് ഓണല്ലേ.., ഒരാഴ്ച്ച കഴിഞ്ഞില്ലേ അസുഖം വന്നിട്ട്. പിന്നെന്താ സദ്യ കഴിച്ചാല്..? മനസ്സിൽ പറഞ്ഞു.

"അമ്മേ, കഞ്ഞികുടിച്ചു മടുത്തു. ഇന്ന് ഞാൻ ചോറു കഴിച്ചോട്ടെ..?"

"വേണ്ട മോനെ അസുഖം നന്നായി മാറട്ടെ.", അമ്മയുടെ ആ മറുപടിയിൽ എവിടെയോ വിങ്ങുന്ന ഒരു വേദന ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

ഞാൻ കഞ്ഞി കുടിക്കവേ അമ്മയോട് ചോദിച്ചു, "അമ്മ കഴിച്ചാ..?"

"ഞാൻ അവരോടൊപ്പം കഴിച്ചു", അമ്മ പറഞ്ഞു. അമ്മയെ അവരോടോപ്പോം കണ്ടില്ലല്ലോ, ഞാൻ മനസ്സിൽ പറഞ്ഞു.

പിന്നീട് അല്പം ചൂടുവെള്ളം എടുക്കാൻ ഞാൻ അടുക്കളയിൽ ചെന്നപ്പോൾ, അമ്മ അടുക്കളയുടെ മൂലയിലിരുന്ന് എന്തോ കഴിക്കുന്നു..! അമ്മ എന്നെ കണ്ടില്ല. ഏയ്‌.., അമ്മ നേരത്തെ കഴിച്ചു എന്നല്ലേ പറഞ്ഞത്. പിന്നെ ഇപ്പൊ എന്തായിത്..? മനസ്സിൽ മൊഴിഞ്ഞു.

അമ്മ കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ മെല്ലെ അടുക്കളയിൽ പോയി നോക്കി, ഒരാകാംക്ഷ! ഞാൻ കഴിച്ച അതേ കഞ്ഞിതന്നെയാണ് അമ്മയും കഴിച്ചിരുന്നത്..!

മെല്ലെ തിരിഞ്ഞു നടന്ന് ആര്യവേപ്പിൻ മെത്തയിൽ കിടന്ന് ഏതോ ഒരു പഴയ മാച്ചിന്റെ ഹൈലൈറ്റ്സ് കാണുമ്പോഴും, മിഴികൾക്ക് നിയന്ത്രിക്കാനാവാത്ത ഒരു സാഗരം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

പിന്നീട് ഉണ്ണിമോൾക്കും മാമനും രോഗത്തിന്റെ വിത്തുകൾ സമ്മാനിച്ചു, അമ്മയോട് യാത്ര പറഞ്ഞിറങ്ങുമ്പോളും മിഴികളിലെ ആ ഉറവ വറ്റിയിരുന്നില്ല.!!

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.