ഓർമ്മകൾ അഗ്നിയാണ് പെണ്ണേ

പ്രിയപ്പെട്ടവളെ.., ഞാൻ നിന്നോടും നീ എന്നോടും പറയാതിരുന്ന ഒത്തിരി സ്വപ്‌നങ്ങൾ നമുക്കുണ്ടായിരുന്നല്ലേ? പങ്കുവെക്കാത്തത് കൊണ്ടാണോ നമ്മുടെ സ്വപ്‌നങ്ങൾ സ്വപ്‌നങ്ങൾ തന്നെയായി മാറിയത്? 'നീ ഇനിയില്ല' എന്ന തിരിച്ചറിവിന് ശേഷം ഓർമകളുടെ ചവറ്റുകൊട്ടകൾ ഞാൻ തുറക്കാറില്ല. -നിന്റെ നഷ്ട്ടം- അതെ, നിന്റെ നഷ്ടം എന്ന യാഥാർത്ഥ്യം ഞാൻ എങ്ങനെ എന്നെ പഠിപ്പിക്കും? പരസ്പരം തുറന്നു പറയാതെ നമ്മൾ എങ്ങനെ പ്രണയിച്ചു എന്ന് നീ ഓർത്തിട്ടുണ്ടോ പെണ്ണേ? കണ്ണുകളാണോ നമ്മുടെ ഹംസങ്ങളായത്? എന്റെ ഹൃദയത്തിൽ പ്രണയത്തിന്റെ നീരുറവ സൃഷ്ടിച്ചത് നീയല്ലേ? എന്തിനു പ്രിയപ്പെട്ടവളേ വരണ്ടു കിടന്നിരുന്ന എന്റെ ഭൂമിയിൽ നീ പ്രണയത്തിന്റെ പനിനീർപുഷ്പ്പങ്ങൾ നട്ടുവെച്ചത്!

സ്വന്തമാവില്ല എന്നുറപ്പിലും നമ്മൾ ഒഴുകുകയായിരുന്നു, ഓളങ്ങൾ കൊണ്ട് ഓർമ്മകൾ സൃഷ്ടിച്ചു കൊണ്ട്. പ്രണയത്തിന്റെ മാസ്മരികതയിൽ ഞാനും നീയും മാത്രമാകുന്ന സുന്ദരവും മധുരിതവുമായ ലോകം! ആ നാളുകളുടെ നന്മകൾ ഇനിയും കിട്ടുമെങ്കിൽ ഞാൻ ഒരു തിരിച്ചു പോക്കിന് കൊതിക്കുന്നു ഹൃദയമേ...

നിന്നെ കാണാൻ ഞാൻ നിന്റെ കലാലയത്തിലേക്ക് വന്നത് ഓർക്കുന്നുവോ നീ? പ്രണയ പുഷ്പങ്ങൾ മാത്രം പൂത്തിരുന്ന ആ കുന്നിലേക്ക് നീ എന്നെ ക്ഷണിച്ചത് എന്തിനായിരുന്നു..? ഞാൻ ആരായിരുന്നു നിനക്കന്ന്? നിന്റെ കണ്ണുകൾ എന്നോട് പറഞ്ഞിരുന്നത് എന്തായിരുന്നു..? ഉത്തരങ്ങളേ, നിങ്ങളെ എനിക്ക് തിരിച്ചറിയാൻ അവളുടെ ശൂന്യത വേണ്ടി വന്നല്ലോ.!! ഓർമ്മകൾ അഗ്നിയാണ് പെണ്ണേ... പ്രണയത്തിന്റെ ചുടുചുംബനങ്ങൾ തന്ന് അതിനെ ശമിപ്പിക്കാൻ സ്വപ്നത്തിലെങ്കിലും നീ വരൂ...

നമുക്ക് യാത്ര പോവണ്ടേ? നീ പറയാതെ പറഞ്ഞിരുന്ന നിന്റെ ഇഷ്ടങ്ങൾ -ചാറ്റൽ മഴയുള്ള പകലിൽ എന്റെ പുറകിലിരുന്നു കാട്ടുപാതകളിലൂടെ ചുറ്റിലും പടരുന്ന മഴത്തുള്ളികളേം മരങ്ങളേം അസൂയപ്പെടുത്തികൊണ്ട്..! ഓർമ്മകൾ..! ഓർമകളാണ് ഹൃദയമേ... അവയ്ക്കിന്നും പുതുമഴയിലെ മണ്ണിന്റെ ഗന്ധമാണ്.

നമ്മുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകുന്ന ഒരു ജന്മത്തിൽ ഞാനും നീയും നമ്മുടെ ഓർമ്മകളും മാത്രം കൂട്ടിനായി ആ കാട്ടുപാതകളിലൂടെ ഞാൻ നിന്നെ കൊണ്ടുപോവും. അവിടെ വെച്ച് നീ എന്നോട് അലിഞ്ഞു ചേരും. പ്രണയത്തിന്റെ ഏത് അലങ്കാര പദങ്ങൾ ചേർത്ത് ഉപമിച്ചാലും തീരാത്ത സുന്ദരനിമിഷങ്ങൾ പകുതി നൽകിക്കൊണ്ട് നമ്മൾ പൂർണ്ണതയിലെത്തും. മഴയും കാറ്റും കാട്ടുവൃക്ഷങ്ങളും സാക്ഷിയായി നിന്റെ ചുണ്ടുകളിൽ ഞാൻ ചുംബിക്കും...

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.