ഒരു ആത്മഹത്യാക്കുറിപ്പ്

ഒരു പക്ഷെ ഈ തൂലിക നിശ്ചലമാകുന്ന സമയം എനിക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ടാകും. കാരണം ഞാന്‍ മരിക്കാന്‍ പോകുന്നു. ഒരുപാട് ചോദ്യങ്ങളുടെ ഉത്തരമായ ഈ ജീവിതത്തിന് ഞാന്‍ തിരശ്ശീലയിടുന്നു..! മരണത്തിന് ഒരു സൗന്ദര്യവും ഭീകരതയും ഉണ്ട്. അതെന്നെ ആകര്‍ഷിക്കുന്നു. എനിക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ല. പിന്നെ എന്തിന് എന്ന ചോദ്യത്തിനു ഉത്തരം നല്‍കാന്‍ കഴിയാത്തതാകാം എന്റെ മരണത്തിന്റെ ഭംഗി കൂട്ടുന്നത്. കാരണമില്ലാത്ത കാര്യമുണ്ടാകുമോ..? അറിയില്ല. ഒരുപക്ഷെ ഈ സൗന്ദര്യവും ഭീകരതയും ആസ്വദിക്കാന്‍ വൈകിയതിന്റെ പോലും കാരണം എനിക്കറിയില്ല. ജീവിതം ഒരു തുലാസ്സായിരുന്നു.., ഏത് ഭാഗത്തേക്കും അനായാസം ചലിക്കാന്‍ കഴിയുന്ന ഒരു തുലാസ്.

എന്നെ അളന്നിരുന്നത് ഭൂമിയില്‍ ഉള്ളവരായിരുന്നു. അവര്‍ക്ക് അളവ് തെറ്റിയോ..? തെറ്റിയിരിക്കാം, കാരണം അളക്കാന്‍ കഴിയുന്ന കുറച്ചു പേര്‍ ഒഴികെയുള്ളവരാണ് എന്നെ അളന്നിരുന്നത്. ആരുടെയൊക്കയോ മുന്‍പില്‍ ഞാനൊരു ശരിയായിരുന്നു. ഞാന്‍ എന്തിനാണിപ്പോള്‍ മരണത്തെ കൊതിക്കുന്നത്? മരണത്തെ ഞാന്‍ പ്രണയിച്ചിരുന്നോ..? അതോ മരണം എന്നെ ആഗ്രഹിച്ചിരുന്നോ..? ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ തന്നെയല്ലേ മരണം! മരണമെന്നെ ആഗ്രഹിക്കാന്‍ മാത്രം ഞാനൊന്നും ചെയ്തിട്ടില്ല. എന്റെ മനസ്സില്‍ നന്മക്കൊപ്പം കളങ്കവും ഉണ്ടായിരുന്നു. ഞാന്‍ പലരെയും വിഷമിപ്പിച്ചിട്ടുണ്ട്. വേദന അറിയിച്ചിട്ടുണ്ട്. ജീവിതങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഞാനവരെ സ്നേഹിച്ചിട്ടുണ്ട്. ഇങ്ങനെയുള്ളവനെ മരണം ആഗ്രഹിക്കുമോ..? എനിക്ക് മരണം വിധിച്ചിട്ടുണ്ടോ..? എത്രയെത്ര സംശയങ്ങള്‍!!!

ചോദിക്കാന്‍ മറന്നുപോയി, നിങ്ങള്‍ക്കെന്നെ പരിചയമുണ്ടോ..? എന്നെ പരിചയപ്പെട്ടവര്‍ക്ക് മറ്റുള്ളവര്‍ക്കെന്നെ പരിചയപ്പെടുത്താനുള്ള അവസരം ഞാന്‍ നല്‍കാറില്ല. ഞാനൊരു സത്യം പറയട്ടെ.., ഞാനൊരു കൊലപാതകിയാണ്‌! ഭൂമിയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച ഒരുത്തന്‍..! പക്ഷെ ആരും എനിക്കെതിരെ നരഹത്യക്ക് കേസ് എടുത്തിട്ടില്ലാട്ടോ. അതിനോരാള്‍ക്കേ കഴിയൂ, അവനത് ചെയ്യില്ല. കാരണം എന്നെ ഇതിനു നിയോഗിച്ചത് അവനാണ്. ഒരു കാര്യം പറയാം. അവന്‍ വലിയൊരു ശരിയാണ്. അവന്റെ തീരുമാനങ്ങളും നിയോഗങ്ങളും തെറ്റിയതായി ഞാനിതു വരെ കണ്ടിട്ടില്ല. ചില ജോലി അവനെന്നെ ഏല്‍പ്പിക്കുമ്പോള്‍ എനിക്കവനോട് വെറുപ്പ്‌ തോന്നാറുണ്ട്. അവനെ എതിര്‍ക്കാന്‍ എനിക്ക് കഴിയില്ല. അനുസരിക്കുക മാത്രമേ വഴിയുള്ളൂ. ഈ ജീവിതത്തോട് എനിക്ക് മടുപ്പ് തോന്നിയിരിക്കുന്നു. അതെന്നെ തളര്‍ത്തുന്നു. കുറ്റബോധം തോന്നേണ്ട ആവശ്യമില്ലെങ്കിലും എനിക്കതുണ്ട്. നിങ്ങള്‍ക്കിതൊന്നും വിശ്വസിക്കാനും മനസ്സിലാക്കാനും കഴിയില്ല. മരിച്ചു പരലോകത്ത് അവിടെയുള്ളവര്‍ എന്നെ എങ്ങനെ സ്വീകരിക്കും എന്നത് ഭയപ്പെടുത്തുന്ന ഒരു കാര്യമാണ്. കാരണം ഞാന്‍ എന്റെ ജോലി ആത്മാര്‍ഥമായി ചെയ്തിരുന്നു. പലരും കെഞ്ചിയിട്ടുണ്ട്, അവസരങ്ങള്‍ നല്‍കാന്‍ കൊടുക്കാന്‍ ഞാന്‍ ആരുമല്ലായിരുന്നു. എന്നെ നിയോഗിച്ചവന്റെ തീരുമാനങ്ങള്‍ക്ക് വിലങ്ങിടാന്‍ എനിക്ക് കഴിയില്ല.

എനിക്കും നിങ്ങളെപ്പോലെ ജീവിക്കണം എന്നുണ്ട്. പക്ഷെ നിങ്ങള്‍ അതിനു സമ്മതിക്കില്ല. കാരണം ഞാന്‍ നിങ്ങളുടെ ബന്ധങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ഭാര്യക്ക് ഭര്‍ത്താവിനെയും ഭര്‍ത്താവിനു മകനെയും മകന് അമ്മയെയും, അങ്ങനെ തുടങ്ങി പലര്‍ക്കും പലതും ഞാന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. മതിയായി. എന്റെ ജോലിക്ക് സ്വാര്‍ത്ഥതയോ കരുണയോ പാടില്ല. എനിക്കത് വന്നു തുടങ്ങിയിരിക്കുന്നു. അതാണ് എന്നെ ആത്മഹത്യ എന്ന അവസ്ഥയില്‍ എത്തിച്ചത്. നിങ്ങള്‍ കരുതുന്ന പോലെ ഒരു സാധാരണ ജോലിയല്ല ഇത്. അതുകൊണ്ട് തന്നെ എന്നെ മരിക്കാന്‍ അവന്‍ സമ്മതിക്കുമോ എന്തോ..? ഒരുപക്ഷെ എന്റെ ജീവനെടുക്കാന്‍ അവന്‍ വേറൊരാളെ നിയോഗിക്കുമായിരിക്കും.

മരിക്കുമ്പോള്‍ വേദനിക്കുമോ..? ക്ഷമിക്കണം, നിങ്ങള്‍ക്കറിയില്ലല്ലോ! കാരണം നിങ്ങള്‍ മരിച്ചിട്ടില്ല. എനിക്കറിയാം നല്ല വേദനയുണ്ടാകും ഞാന്‍ കണ്ടിട്ടുണ്ട്, എന്റെ ജോലി ഭംഗിയായി ചെയ്യുമ്പോള്‍ ഇരകള്‍ കിടന്നു പുളയുന്നത്! ജോലിക്ക് ശേഷം അവരോടു വിശദമായി ചോദിക്കാം എന്ന് വെച്ചാല്‍ അതിനും കഴിയില്ലല്ലോ... അവര്‍ മരിച്ചു കഴിഞ്ഞില്ലേ. പിന്നെ ആര്‍ക്കാണ് അതിന്റെ വേദന വിശദീകരിക്കാന്‍ കഴിയുക! എന്നെ നിയോഗിച്ചവന് കഴിയുമായിരിക്കും. ഞാനവനോട് ചോദിക്കുന്നില്ല. കാരണം ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഞാനും മരിച്ചിരിക്കും. ഭൂമിയില്‍ ഞാന്‍ വന്നു പോയിരുന്നപ്പോള്‍ ഒരാളോട് എനിക്കല്‍പ്പം വാത്സല്യം തോന്നിയിരുന്നു. അവളുടെ ജീവന്‍ എടുക്കാന്‍ ഞാന്‍ നിയോഗിക്കപ്പെടുമോ എന്ന ഭയമാണ് ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് എന്നെ ഇത്രവേഗം നയിച്ചതെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ചിലര്‍ എന്നെ തേടി വരാറുണ്ട്. അവരുടെ അടുത്ത് എനിക്ക് ജോലി കുറവാണ്, ഞാനൊരു സാക്ഷിയായി നിന്നാല്‍ മതി. അവര്‍ തന്നെ എന്റെ കര്‍മം ചെയ്തുകൊള്ളും. അത്തരം ചില കക്ഷികളില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് എഴുതാന്‍ പഠിച്ചതെന്ന സത്യം നിങ്ങളറിയണം. ഇനിയിപ്പോള്‍ ഭൂമിയില്‍ എന്റെ ആവശ്യം കുറഞ്ഞു വരികയാണ്. കാരണം എന്റെ ജോലി നിങ്ങള്‍ തന്നെ ചെയ്തു തീര്‍ക്കുന്നുണ്ട്. കാഴ്ചക്കാരനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

എന്റെ പ്രിയപ്പെട്ടവരേ.., നിങ്ങള്‍ എന്നോട് ക്ഷമിക്കണം. നിങ്ങളുടെ ബന്ധങ്ങള്‍ ഞാന്‍ തകര്‍ത്തുവെങ്കില്‍ അതെന്റെ തെറ്റല്ല. അതിനെന്നെ നിയോഗിച്ചവന് അവന്റേതായ കാരണങ്ങളുണ്ടാകും. ഞാന്‍ വെറുമൊരു ജോലിക്കാരനാണ്. നിങ്ങള്‍ മനസ്സിലാക്കുക. ശാന്തവും സൗന്ദര്യവും നിറഞ്ഞ ഒരു മരണത്തെ ഞാന്‍ കാംക്ഷിക്കുന്നു. അതിനു നിങ്ങള്‍ നിങ്ങളുടെ സൃഷ്ടാവിനോട് പ്രാര്‍ഥിക്കുക...

എന്ന്
നിങ്ങളില്‍ ചിലര്‍ ഭയപ്പെടുന്ന
കാലന്‍.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.