ഒരു ദിവസം

സീരിയലുകളുടെ അതിപ്രസരമാണോ അതോ സ്നേഹം കൂടി ഈഗോ ആയി മാറുന്നതാണോ എന്നറിയില്ല, കുടുംബബന്ധങ്ങള്‍ നോക്കികാണുമ്പോള്‍ സ്ഥിരം കാണുന്ന കാഴ്ച്ച ഇതാണ്.

ജീവിതപ്പാത കുത്തനെയുളള ഒരു കയറ്റമാണ്. ഒരു കയറ്റത്തിന് ഒരിറക്കമുണ്ടെന്ന് പറയാറുണ്ടെങ്കിലും ആ ഇറക്കത്തിന് ചിലപ്പോള്‍ കുറേ സമയം കണ്ടെത്തേണ്ടി വരുമായിരിക്കും..!

അയാള്‍ അപ്പോള്‍ പാതി നര്‍മ്മത്തോടെ ഓര്‍ത്തത്, വഴുതലുളള തെങ്ങില്‍ പാടുപെട്ടു കയറുന്ന രാജന്‍ ചേട്ടന്‍റെ പങ്കപ്പാടാണ്. ശരിക്കും അതും ജീവിതത്തെ വളരെ സര്‍വ്വസാധാരണമായി ഉപമിക്കാനുളള ഒരു ബിംബമായി എടുക്കാവുന്നതുതന്നെ.

എന്താണിപ്പോള്‍ മനസ്സിലിത്രയും തത്വങ്ങള്‍ രൂപികരിക്കാനുളള കാര്യം? ആ, അറിയില്ല. ഇവിടെത്തെ അല്ലറ ചില്ലറ പ്രശ്നങ്ങള്‍ തന്നെയാവും! ശരിക്കും പ്രശ്നങ്ങള്‍ക്കുനേരെ മുഖം തിരിക്കണമെങ്കില്‍ മനുഷ്യമനസ്സ് കല്ലിനു തുല്യമാകണം. അതെപ്പോഴും അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിട്ടുളളതാണല്ലോ. ഇപ്പോള്‍ത്തന്നെ കലഹപ്രിയയായ ഭാര്യയുടെ പരാതികള്‍ക്കുനേരെ നിസ്സംഗത പ്രകടിപ്പിക്കണമെങ്കില്‍ മനുഷ്യനെന്ന അവബോധം വെടിഞ്ഞ് വെറുമൊരു യന്ത്രമാകണം. ഉമ്മയുടെ ദുശ്ശാഠ്യങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കണമെങ്കില്‍ താന്‍ ഒരു പാറക്കെട്ടാണെന്നും ആ പാറക്കെട്ടിനു മുകളിലൂടെ സഞ്ചരിക്കുന്ന വെറും ഒരു ഉറുമ്പിന്‍കൂട്ടം മാത്രമാണ് പ്രശ്നങ്ങളെന്നും സങ്കല്‍പ്പിക്കണം.

ഭാര്യ: നിങ്ങളിങ്ങനെ കല്ലുപോലിരുന്നോ! ഇവിടെന്തൊക്കെ പ്രശ്നങ്ങള്‍ ഞാന്‍ മനസ്സിലേറ്റണം? എല്ലാം കൂടെ എനിക്ക് പ്രാന്തെടുത്ത് തുടങ്ങി. ഒരു ദിവസം എല്ലാം വലിച്ചെറിഞ്ഞു ഞാനൊരു പോക്കങ്ങു പോകും! അപ്പോ സമധാനാവൂല്ലോ.., ഉമ്മക്കും മോനും!?

വാളും പരിചയമെടുത്ത് ഉമ്മയുടെ വരവ്. വലിച്ചുതുറന്ന വാതിലിന്‍റെ വിജാഗിരി പോലും ഇളകിയടര്‍ന്നു. സംഹാരരുദ്രയായ ഉമ്മയുടെ മുമ്പില്‍ നിസ്സംഗത പാലിക്കുന്നത് ശരിയാവില്ല എന്ന് തോന്നിയതുകൊണ്ടുതന്നെയാണ് ഒരു തുറന്ന വാഗ്വാദത്തിന് സ്വയം മുതിര്‍ന്നതും, പെണ്‍കോന്തനെന്ന സ്ഥാനപ്പേര് ഊട്ടിയുറപ്പിക്കപ്പെട്ടതും.

ഉമ്മ: തുളളിക്കോ, തുളളിക്കോടാ... ഓ, എന്ത് മല മറിക്കലാ ഇവളിവിടെ ചെയ്യുന്നത്? ഞാനും സ്ക്കൂളില്‍ വായിട്ടലച്ച് പിന്നെ വീട്ടിലെ സര്‍വ്വത്ര പണിയുമെടുത്ത് മൂന്നു പിള്ളേരെ വളര്‍ത്തി വലുതാക്കിയിട്ടുതന്നെയാ ഈ പ്രായത്തിലെത്തിയത്. എന്തിനും മൂളാന്‍ ഇങ്ങനൊരു പെണ്‍കോന്തന്‍!

***

ഇനിയെന്താ ബാക്കി? ഓഫീസിലേക്ക് പോകുക തന്നെ! രണ്ടുപേരെയും വെറുപ്പിച്ച് ആരോടും പറയാതെ ഒരൊറ്റ പോക്ക്! വൈകീട്ട് കൂടണയണ്ടേ? അതോര്‍ക്കുമ്പോഴാണ്... പരാതിക്കെട്ടുകളും പരിഭവങ്ങളുമായി രണ്ടുപേരും കാത്തുനില്പുണ്ടാവും! പടച്ചവനേ! ഉളളില്‍ വിളിച്ചു.

വീട്ടില്‍:

അവള്‍ പരിഭ്രമത്തിലാണ്. വേണ്ടായിരുന്നു. ഉമ്മയ്ക്ക് വയസ്സായി. പറയുന്നതൊക്കെ വാര്‍ദ്ധക്യജല്പനങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്നതേയുളളു. എന്നാല്‍ തന്‍റെ വാക്കുകളോ? ഛെ, വേണ്ടായിരുന്നു, വേണ്ടായിരുന്നു..!

അപ്പുറത്ത് ഉമ്മ നിസ്കാരപ്പായയിലാണ്. അതിലേറെ ചിന്താക്കുഴപ്പങ്ങളുടെ തടവറയില്‍. അവര്‍ ചെറുപ്പമല്ലേ, എന്തെങ്കിലുമാവട്ടെ എന്ന് കരുതാമായിരുന്നു. ഒന്നൂല്ലേലും എന്‍റെ മോനല്ലേ അവന്‍. അവന്‍റെ സ്വസ്ഥത കെടുത്തേണ്ടായിരുന്നു. പടച്ചവനേ, പൊറുക്കണേ..!

"മോളേ..", നീട്ടിയ വിളി. "അവന്‍ ഫോണോ മറ്റോ വിളിച്ചോ? വൈകുമെന്നോ വല്ലതും..?"

"അറിയില്ലുമ്മാ!", സ്നേഹത്തോടെയുളള ഉത്തരം.

***

വൈകുന്നേരം:

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോഴേക്കും പരിഭവത്തിന്‍റെ രണ്ടു വ്യത്യസ്തഭാവങ്ങളുമായി അവര്‍ രണ്ടുപേരും ഉമ്മറത്ത്. ചുളിഞ്ഞ പുരികക്കൊടികളാല്‍ പ്രതിഷേധം അറിയിച്ച് ഉമ്മയും ഇത്രയും വാശി എന്നോട് വേണ്ടായിരുന്നു എന്ന് വിറക്കുന്ന ചുണ്ടുകളാല്‍ പ്രകടിപ്പിച്ച് ഭാരൃയും തിരിഞ്ഞു നടന്നു.

വീട്ടിലേക്കു കടക്കുമ്പോള്‍ അയാളോര്‍ത്തു, 'വീണ്ടും നാടകത്തിന്‍റെ തിരശ്ശീലക്കു പിന്നിലേക്ക്, നാളേക്കുളള കഥാപാത്രമാകാന്‍!'

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.