ഒരു മാലാഖ പറഞ്ഞത്


ചെകുത്താനോട്*

എനിക്ക് നീ വെറുമൊരു വിഡ്ഢി! പണവും പദവിയും തിന്നു നിന്റെ ദേഹം കൊഴുത്തപ്പോൾ നിന്റെ മസ്തിഷ്കം ചെളിയും പുഴുക്കളും കൊണ്ട് നിറഞ്ഞത്‌ നീ അറിഞ്ഞില്ല. അത് കൊണ്ടാണ് നീ എന്നെ ഭയപ്പെട്ടത്. കൊല്ലാനും ചാകാനും ആയിരുന്നെങ്കിൽ എനിക്ക് നിന്നെ കൊല്ലുവാൻ ഒരു സൂചിമുന പോലും വേണമായിരുന്നില്ല. നീ ഒരു വിഡ്ഢി ആണെന്ന് ഞാൻ കരുതുന്നത് അത് കൊണ്ടാണ്.

കലികാലത്തിന്റെ പ്രതീകമാണ് നീ! അഹങ്കാരത്തിന്റെ മണിമേടയിൽ വസിക്കുന്ന നിനക്ക് പാവപ്പെട്ടവരുടെ സ്വപ്നങ്ങളെ അഗാധതയിലേക്ക്‌ തള്ളിയിടാൻ എന്തെളുപ്പം! കരുണയുടെയും ആതുരസേവനത്തിന്റെയും വെള്ള മാലാഖമാരെ പോറ്റിവളർത്തേണ്ട നീ പകരം ഒരു ചെകുത്താൻകോട്ട പടുത്തുയർത്തി!

ആത്മഹത്യയുടെ കറുത്ത പുകമറ സൃഷ്ടിക്കാൻ നിന്റെ പിശാചുസംഘത്തിന്റെ കാവലാളുകൾ മത്സരിച്ചു രുദിരനൃത്തമാടിയ ആ പടുബുദ്ധി! വെള്ളപുതച്ച എന്റെ ചലനമറ്റ ദേഹം എന്റെ വീട്ടിലെത്തിയപ്പോഴും കാപട്യത്തിന്റെ കണ്ണീർച്ചാലുകൾ മുഖത്ത് പടർത്തി എന്റെ പാവം അമ്മയ്ക്കും അച്ഛനും അരികിൽ ഒരു നിമിഷം നിന്നിരുന്നെങ്കിൽക്കൂടി ഒരു ജനതയുടെ കൊടിയ ശാപത്തിൽ നിന്നും നിനക്ക് അല്പം രക്ഷ നേടാമായിരുന്നു. നീ എനിക്ക് വെറുമൊരു വിഡ്ഢി!

കണ്ണു മൂടിയ നീതിപീഠത്തിന്റെ കൈയിൽ നിന്റെ പാപഭാരം കൂടുകൂട്ടിയ തുലാസ്സുകിണ്ണം താണു തന്നെ ഇരിക്കും. കൊലക്കുറ്റം നീ ഏറ്റു പറയുന്നതായിരിക്കും നിനക്ക് നല്ലത്. ഇല്ലെങ്കിൽ ദൈവത്തിന്റെ ശിക്ഷ ഏറ്റുവാങ്ങുവാൻ ഒരു പക്ഷെ നിനക്ക് ശക്തി ഉണ്ടാവില്ല.

ഭീരുവാണ് നീ! കറൻസി നോട്ടുകളുടെ മാറാപ്പു കൊണ്ട് നീ വളർത്തിയ കൊടുംകാട്ടിൽ വനവാസം ചെയ്യുന്ന വെറും ഭീരു! ഓട്ടക്കാലണയുടെ പോലും വിലയില്ലാത്ത നിന്റെ ഭീരുത്വം ഇനി ഒരു മാലാഖയുടെയും സ്വപ്നങ്ങളുടെ ചിറകു മുറിക്കാതിരിക്കട്ടെ..!

കാലിൽ ചരടുകെട്ടിയ പ്രാവുകളോട്

ഒരു ജനതയുടെ പ്രാതിനിധ്യം വഹിക്കുന്ന നിങ്ങൾ ആരെയാണ് ഭയക്കുന്നത്? നിങ്ങൾ ചൊരിയുന്ന അക്ഷരക്കൂട്ടുകളുടെയും ശബ്ദവീചികളുടെയും മഹത്വം നിങ്ങൾ മറന്നു പോയോ? നിങ്ങളുടെ തൂലികത്തുമ്പിന്റെ മുനയൊടിഞ്ഞാൽ തകരുന്നത് ഒരു സമൂഹത്തിലെ സത്യത്തിന്റെ കാവൽബിംബങ്ങളാണ്‌. നിർഭയം നേരിനെ ഉയർത്തിപ്പിടിക്കേണ്ട നിങ്ങൾ ഭയന്ന് വിറയ്ക്കുന്നത് കാണുമ്പോൾ എനിക്ക് നിങ്ങളോട് പുച്ഛമാണ് തോന്നുന്നത്.

പണവും സ്വാധീനവും കൊണ്ട് നിങ്ങളുടെ കണ്ണു മൂടിക്കെട്ടാമെങ്കിൽ നിങ്ങൾ വെറും ദുർബ്ബലർ. സത്യത്തിന്റെ പ്രകാശകിരണങ്ങൾക്ക് മറ തീർക്കുവാൻ നിങ്ങൾ വളർത്തിയ കൂരിരുട്ട് നിങ്ങളാൽ തന്നെ ഉരുകിവീഴുന്ന ഒരു ദിനം വരും. ഒരു മാലാഖയുടെയും ശുഭ്രസ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്താൻ നിങ്ങളുടെ അടഞ്ഞ കണ്ണുകൾ ഇനി കൂട്ടിരിക്കാതിരിക്കട്ടെ..!

ആയിരം മെഴുകുതിരികളോട്

നിങ്ങൾ എന്റെ കൂടപ്പിറപ്പുകൾ. വെണ്‍മേഘങ്ങൾ നിങ്ങളുടെ സങ്കൽപ്പങ്ങളിൽ പ്രഭ ചൊരിയുമെങ്കിൽ, കുഞ്ഞിളംകൈകൾ നിങ്ങളുടെ നിമിഷങ്ങൾക്ക് മാർദ്ദവം നൽകുമെങ്കിൽ, ഒരു പുല്ലാങ്കുഴൽ നിങ്ങളുടെ ഓർമകളിൽ ഗൃഹാതുരത നിറയ്ക്കുമെങ്കിൽ എനിക്കറിയാം സ്നേഹവും കരുണയും നീതിയും സത്യവും കൈമോശം വരാൻ ഒരു ജനതയെ നിങ്ങൾ അനുവദിക്കില്ല!

നിങ്ങളാണെന്റെ കൂട്ടുകാർ. നിങ്ങൾ കൊളുത്തിയ ഒരായിരം നാളങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. നിങ്ങളുടെ കുഞ്ഞുതീജ്ജ്വാലകൾ ഒന്നൊന്നിനെ ചുംബിച്ച് ആയിരം തിരിനാളങ്ങൾ ഉണ്ടാക്കിയ മാസ്മര സമരം കണ്ടുനിന്നെന്റെ കണ്ണുനിറഞ്ഞു. അത് വളർന്നു വന്നൊരു തീക്കുണ്ഠമായി ചെകുത്താൻകോട്ടകളെ ഭാസ്മമാക്കട്ടെ. മാലാഖമാരുടെ ചിറകു മുറിക്കുന്ന മുൾച്ചെടികളും അതിനു കൂട്ട് നില്ക്കുന്ന കഴുകൻ കണ്ണുകളും ചാമ്പലാകട്ടെ!

ഒരുനാൾ ഗ്രഹണസൂര്യൻ പുറത്തു വരും. അന്ന് ഒരു കുടം വീഞ്ഞ് എന്റെ ഹൃദയരക്തമായി നുരപതയണം. അത് നിങ്ങളുടെ തീജ്ജ്വാലയ്ക്ക് കരുത്തു പകരട്ടെ. കാരുണ്യത്തിന്റെ വെണ്‍പനിനീർ പൂക്കളിൽ ഇനി ദുഷിച്ച പാപരക്തം ഇറ്റി വീഴാതിരിക്കാൻ നിങ്ങളുടെ തിരിനാളങ്ങൾ കാവൽ നിൽക്കുമാറാകട്ടെ.

ഭൂമിയോടും സൂര്യനോടും

എനിക്ക് നിങ്ങളെ നോക്കാൻ വയ്യ. നിങ്ങൾ നിശ്ശബ്ദം എനിക്കു തന്ന വെയിലും മഴയും കുളിരും എന്നെ വളർത്തി വലുതാക്കി. മൗനത്തിന്റെ സംഗീതം എനിക്കു താരാട്ട് പാടിയത് ഇനി ഞാൻ എങ്ങനെ ഓർക്കും. ഒരു കൗമാരത്തിന്റെ അവസാനം വരെ നിങ്ങൾ എന്നിൽ കണ്ടിരുന്ന സ്വപ്‌നങ്ങൾ ഞാൻ തിരിച്ചെടുക്കുന്നു. ഒരു ജീവിതത്തിനു പകരം ഞാൻ നിങ്ങൾക്ക് തന്നത് എന്റെ മരണം! എല്ലാം മറക്കാൻ ഇനി ഞാൻ ഒരിക്കലും ഉണരാതെ ഒന്ന് ഉറങ്ങിക്കോട്ടെ. എല്ലാറ്റിനും മാപ്പ്..!

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.