ഒരു തറപ്പണി

അച്ഛന്റെ ഉത്സാഹം കണ്ടപ്പോൾ ഞാൻ ജോലി കഴിഞ്ഞു വരുമ്പോഴേക്കും എല്ലാം ലെവൽ ആകും എന്ന് തോന്നി. അത്രയ്ക്ക് ആവേശം ഞാൻ മുമ്പ് കണ്ടിട്ടില്ല. അല്ലെങ്കിൽ മുമ്പ് ശ്രദ്ധിച്ചു കാണില്ല. വീടിന്റെ ഫ്ലോറിംഗ് പണി നടക്കുന്ന ദിവസം പണിയെല്ലാം ഒതുങ്ങുന്നല്ലോ എന്ന സന്തോഷം ആവാം. എന്തായാലും ഫോണ്‍ വിളിയും ഓടിനടപ്പുമായി നല്ല ബഹളമയം ആയിരുന്നു രാവിലെ.

ഞാൻ ജോലിക്കു പുറപ്പെട്ടു. ഒരുപാട് പണി ഉണ്ടായിരുന്നു. എന്റെ ജോക്കി കീറി എന്നു പറഞ്ഞാൽ മതിയല്ലോ. വീട്ടിലെ ഫ്ലോറിംഗ് പണി എന്തായി എന്നു അന്വേഷിക്കാൻ മറന്നു പോയി. വൈകിട്ട് അല്പം വൈകിയാണ് ഓഫീസിൽ നിന്ന് ഇറങ്ങിയത്‌. ഓ, ഈ അന്ന്യന്റെ കീഴിൽ ഉള്ള പണി ഒരു മാട് പണി തന്നെ! നിർത്തി എവിടെയെങ്കിലും ഓടിപ്പോയാലോ എന്നു പല വട്ടം ആലോചിച്ചു. കടപ്പാടുകൾ ഇത്തിൾക്കണ്ണി പോലെ കാലിൽ മുറുകി പിടിച്ചിരുന്നു.

ബസ്സിലെ തിരക്കിൽ ഞെരിപിരി കൊള്ളുമ്പോൾ ആലോചിച്ചു, ഇനി എന്ന് ഒരു സ്കൂട്ടർ എങ്കിലും വാങ്ങും. വീടുപണി എന്നാൽ ജീവിതസമ്പാദ്യം മുഴുവനും ചോർത്തിക്കൊണ്ടു പോവുന്ന ബ്ലേഡു കമ്പനിയാണ്.

വീട്ടിൽ തിരിച്ചെത്തിയപ്പൊഴല്ലെ രസം! രാവിലെ ആവേശത്തിൽ ആറാടിയിരുന്ന അച്ഛൻ മിണ്ടാട്ടം മുട്ടി ഒരു മൂലക്ക് ഇരിക്കുന്നു. ആ ഇരിപ്പ് കണ്ടപ്പോൾ ഇപ്പൊ എന്തെങ്കിലും ചോദിക്കുന്നത്‌ പന്തിയല്ല എന്നു തോന്നി.

നേരെ താൽക്കാലികമായി കെട്ടിയ അടുക്കളയിലേക്കു പോയി. അമ്മയോട് ചോദിച്ചു, “എന്തു പറ്റി?”, അമ്മ അടുക്കളയിൽ വൈകിട്ട് വേണ്ട പാചകകലയിൽ ആയിരുന്നു. അത് തുടർന്നുകൊണ്ട് തന്നെ അമ്മ പറഞ്ഞു, “നീയാ നിലത്തിന്റെ പണി ഒന്ന് നോക്കിയേ.” ഇനി അമ്മ പറഞ്ഞ കാര്യത്തിലൂടെ ഫ്ലാഷ് ബാക്കിലേക്ക്‌ പോവാം.

മേസ്തിരിയും കൂട്ടരും നല്ല തണ്ണിയിലാണു പണിക്കു വന്നത് തന്നെ. ഉച്ചയാവുമ്പോഴേക്കും പണി തീർത്തു. അച്ഛൻ കാണുമ്പോൾ ഒരു ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നു. മറു ഭാഗത്ത്‌ ടൈൽസ് പൊങ്ങിക്കിടക്കുന്നു. ഇനി ഒരു ഭാഗത്ത്‌ ടൈൽ ഇളകി അടർന്നു വന്നിരിക്കുന്നു. പിന്നെ ടൈൽസ് യോജിപ്പിക്കാൻ ഉപയോഗിച്ച ജോയിന്റെറിന്റെ കളർ ഓരോ സ് ഥലത്ത് ഓരോന്ന്. പോരെ പൂരം! അച്ഛന് കാൽപാദത്തിൽ നിന്നും കലി കയറി വന്നു. വായിൽ തോന്നിയത് മുഴുവൻ മേസ്തിരിയെ വിളിച്ചിട്ട് ഇനി മേലിൽ ഈ പണിക്കു ഈ പരിസരത്ത് കണ്ടു പോകരുത് എന്നു താക്കീതും ചെയ്തു.

വാങ്ങിയ സാധനങ്ങളും ഒരു ദിവസവും വെറുതെ കളഞ്ഞതിന്റെ നഷ്ടപരിഹാരം തന്നിട്ട് പോയാൽ മതിയെന്നായി അച്ഛൻ. മേസ്തിരി ഇളിഭ്യനായി നിന്നു. അടി കിട്ടും എന്ന സ്ഥിതി ആയപ്പോൾ സാധനങ്ങളും പെറുക്കി ഓടാൻ ശ്രമിച്ചു. “തൊട്ടു പോകരുത്! അതൊക്കെ അവിടെ വെച്ചിട്ട് പോയാൽ മതി!”, അച്ഛൻ ആക്രോശിച്ചു. മേസ്തിരിയും കൂട്ടരും എത്രയും പെട്ടെന്ന് അതൊക്കെ അവിടെ വെച്ച് സ്ഥലം വിട്ടു.

ഇനി വർത്തമാന കാലത്തിലേക്കു വരാം. അച്ഛന്റെ ഇരുപ്പിന്റെ രഹസ്യം അതായിരുന്നു. ശരി, ഒന്ന് നോക്കിക്കളയാം. പറഞ്ഞതു ശരിയാണ്. എല്ലാം തട്ടിക്കൂട്ടി വച്ചിരിക്കുന്നു. ആകെ ഫീലിങ്ങ്സ്‌ ആയി എനിക്കും.

അച്ഛൻ നിഷ്കരുണം മേസ്തിരിയോടു അവിടെ ഉപേക്ഷിച്ചു പോകാൻ പറഞ്ഞ സാധനങ്ങൾ എന്തൊക്കെയാവുമെന്നു നോക്കിയപ്പോഴാണ് എന്റെ എല്ലാ ഫീലിങ്ങ്സും പമ്പ കടന്നത്‌. രണ്ട് ഉണക്കു മുളന്തണ്ടും രണ്ടു നീണ്ട മരക്കഷ്ണങ്ങളും!

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.