ഒറ്റയാൾ പട്ടാളം

ബസ്‌ ഇറങ്ങാൻ നേരമായപ്പോൾ പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. കുട നിവർത്തി നടന്നു തുടങ്ങിയപ്പോഴാണ് ആ ചെറുപ്പക്കാരനെ കണ്ടത്. നീട്ടിവളർത്തിയ മുടിയും തീക്ഷ്ണമായ മിഴികളും ശാന്തമായ മുഖവും ഒക്കെ അവനെ യേശുക്രിസ്തുവിനെ ഓർമിപ്പിച്ചു. മെലിഞ്ഞുണങ്ങിയ അവന്റെ ശരീരം കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിഷമം. അതേ പ്രായത്തിൽ ഒരു മകൻ എനിക്കുമുണ്ട്.

"മോനേ, നീ ആരെയെങ്കിലും കാത്തു നില്ക്കുകയാണോ?", നിർത്താതെ പെയ്യുന്ന മഴയിലും ദൂരേക്ക്‌ നോക്കി അനക്കമില്ലാതെ നില്ക്കുന്ന അവനെ കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

"അതെ, ഞാൻ ഒരാളെ കാത്തിരിക്കുകയാണ്." വളരെ ഉറച്ച ശബ്ദം. മിഴികൾ അപ്പോഴും ദൂരേക്കു തന്നെ.

"എങ്കിൽ പിന്നെ ഈ മുടിഞ്ഞ മഴ മാറും വരെ ആ ബസ്‌ സ്റ്റോപ്പിൽ കയറി ഇരുന്നു കൂടെ കുഞ്ഞേ നിനക്ക്?"

"വേണ്ട. എനിക്ക് തീരെ സമയമില്ല. എന്നെക്കുറിച്ച് ചിന്തിച്ച് സമയം കളയാതെ നിങ്ങൾ വേഗം പോകാൻ നോക്ക്."

"എന്റെ മകനും നിന്റെ അതേ പ്രായമാണ്. അവൻ മഴ നനയുന്നതും എനിക്കിഷ്ടമല്ല."

"ഞാൻ കാത്തു നിന്നത് ഈ മഴയ്ക്ക്‌ വേണ്ടിയല്ല. ഇത് വിളിക്കാതെ വന്നതാണ്‌."

"ശരി, എങ്കിൽ ഈ കുട നീ എടുത്തോളൂ. എന്റെ വീട് ഇവിടെ അടുത്താണ്. കാലം തെറ്റി പെയ്യുന്ന മഴ അസുഖം വരുത്തും."

അവൻ മുഖം തിരിച്ച് എന്നെ നോക്കി പതുക്കെ ചിരിച്ചു. ശരിക്കും ഈശ്വരൻ ചിരിക്കും പോലെ. "വേണ്ട, നിങ്ങൾ നല്ലവളാണ്. പക്ഷെ ഞാൻ പറഞ്ഞില്ലേ, എനിക്ക് ഒന്നിനും നേരമില്ല. ഞാൻ കാത്തിരിക്കുന്നയാൾ എപ്പോൾ വേണമെങ്കിലും വരാം. നിങ്ങൾ പോകു."

"അയാൾ വരും വരെ ഞാൻ കൂട്ടിരിക്കാം നിനക്ക്."

"എനിക്ക് കൂട്ടിരിക്കാൻ നിങ്ങൾക്ക് എന്തവകാശം? ശല്യപ്പെടുത്താതെ ഒന്നു പോകുന്നുണ്ടോ! ഇന്നെങ്കിലും എനിക്കയാളെ കാണണം. കണ്ടില്ലെങ്കിൽ... എനിക്ക് ഓർക്കാൻ വയ്യ അത്."

അവൻ വല്ലാതെ അസ്വസ്ഥനാവാൻ തുടങ്ങി. മഴ പെയ്തു തോർന്നു തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ അവൻ പെട്ടെന്ന് കൈകൾ കൊണ്ട് മുഖം പൊത്തിപ്പിടിച്ച് ഉറക്കെ കരയാൻ തുടങ്ങി, "എനിക്കിനിയും ഇങ്ങനെ കാത്തിരിക്കാൻ വയ്യ. നിങ്ങൾ പറയൂ, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് അയാളിങ്ങനെയൊക്കെ ചെയ്യുന്നത്?"

"കരയാതിരിക്കു മോനേ. ആരുടെ കാര്യമാണ് നീ പറയുന്നത്? ആരെയാണ് നീ ഇങ്ങനെ കാത്തിരിക്കുന്നത്?"

"അത്... അതറിയാണോ നിങ്ങൾക്ക്? പക്ഷെ എനിക്കുറപ്പാണ് നിങ്ങൽക്കയാളെ ഒന്നും ചെയ്യാനാവില്ല."

അവന്റെ ശബ്ദത്തിനു വീണ്ടും കാഠിന്യമേറിയത് ഞാൻ അറിഞ്ഞു. തിരിച്ചൊന്നും ചോദിയ്ക്കാൻ തോന്നിയില്ല. പക്ഷെ അവനെന്താണ് പറയാനുള്ളതെന്ന് അറിയാതെ പോവാനും തോന്നിയില്ല. ചെറിയൊരു നിശബ്ദതയ്ക്കു ശേഷം അവൻ ശബ്ദം തീരെ കുറച്ച് വീണ്ടും പറഞ്ഞു തുടങ്ങി.

"ഞാൻ ആരെയാണ് കാത്തിരിക്കുന്നതെന്ന് നിങ്ങൾക്കറിയണം അല്ലെ? പറയാം. ഇന്നലെയും പത്രത്തിൽ ഉണ്ടായിരുന്നു അയാളുടെ പടം. കണ്ടിരുന്നോ? ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിച്ചിച്ചീന്തി കൊലപ്പെടുത്തിയവനായിട്ട്. അതിനു രണ്ടു ദിവസം മുൻപ് ഒരു അറുപത്തിയഞ്ചു വയസുള്ള സ്ത്രീയായിരുന്നു മരിച്ചത്. അതിനു മുന്പും എത്രയോ പെണ്ണുങ്ങൾ... കുറച്ച് പേർ എന്റെ മകളുടെ പ്രായമുള്ളവർ. ചിലർ എന്റെ പെങ്ങളുടെ പ്രായമുള്ളവർ. കുറച്ചു പേർ എന്റെ ഭാര്യയുടെ പ്രായത്തിലുമുണ്ടായിരുന്നു. എന്റെ അമ്മയുടെ പ്രായത്തിലുള്ളവരേയും അവൻ വെറുതേ വിട്ടില്ല. എനിക്കവനെയാണ് വേണ്ടത്. അവനെയാണ്‌ ഞാൻ കാത്തിരിക്കുന്നത്. ഓരോ തവണയും അവന്റെ രൂപം വേറെയാണ്. പേര് വേറെയാണ്. എനിക്ക് ലജ്ജയാണ് അവന്റെ വർഗ്ഗത്തിൽ ജനിച്ചിട്ടും അവനെ തിരിച്ചറിയാൻ കഴിയാത്തതിന്. കല്ലെറിഞ്ഞു കൊല്ലാൻ സാധിക്കാത്തതിന്. ഞാൻ കാത്തിരിക്കുകയാണ്, എപ്പോ വേണമെങ്കിലും, എവിടെ വേണമെങ്കിലും അവൻ എന്റെ മുന്നിൽ വരാം. വെറുതേ വിടില്ല ഞാൻ അവനെ. എല്ലാറ്റിനും എനിക്കവനോട് കണക്കു ചോദിക്കാനുണ്ട്. നിങ്ങൾ വേഗം പോകൂ. എനിക്ക് സമയം തീരെ കുറവാണ്. പോകൂ... പോകാനല്ലേ പറഞ്ഞത്..!"

എന്നെ തള്ളി മാറ്റിക്കൊണ്ട് ദൂരേക്കു ഓടി മറഞ്ഞ അവന്റെ രൂപം നോക്കി നിൽക്കേ മനസ്സ് മന്ത്രിച്ചു, "എന്റെ കുഞ്ഞേ.., ശരിക്കും ഇവിടെ ആർക്കാണ് ഭ്രാന്ത്? നീ തനിച്ചല്ല... ഒരായിരം സ്ത്രീകളുടെ കണ്ണീരും പ്രാർത്ഥനയും നിന്നോട് കൂടെയുണ്ട്. ഈ അന്ധകാരമൊക്കെ മാറി നാളെ നല്ലൊരു സൂര്യോദയം ഉണ്ടാവണം. അതിനു നീ ഒരു നിമിത്തമാവട്ടെ!

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.