പരലോകത്തില്‍ നിന്ന്

ആരോടും പറയാന്‍ നില്‍ക്കാതെയുള്ള ഒരു യാത്രയായിരുന്നു. ചോദിക്കാന്‍ നിന്നാല്‍ ഒരു പക്ഷെ എനിക്ക് വരാന്‍ കഴിയില്ലായിരുന്നു. ആര്‍ക്കും എന്നോട് പരിഭവം തോന്നരുത്. ഇപ്പോള്‍ എന്റെ മനസ്സ് ശാന്തമാണ്. നിങ്ങളുടെ കൂടെ ആയിരുന്നപ്പോള്‍ എനിക്ക് ഒരിക്കലും കിട്ടാത്ത ശാന്തത ഞാന്‍ ഇന്നനുഭവിക്കുന്നു. ഈ വരികളും നിങ്ങളും തമ്മില്‍ ഒരുപാട് അകലമുണ്ട്. രണ്ടും രണ്ട് ലോകമാണ്. ആ നശിച്ച ലോകത്തിലെ മനം മടുപ്പിക്കുന്ന ജീവിതാനുഭവങ്ങളാണ് എന്റെ യാത്ര നേരത്തെയാക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇവിടെ ആര്‍ക്കും സ്വാര്‍ത്ഥതയില്ല, മത്സരമില്ല, പണത്തിനോടോ ജീവിത സുഖങ്ങളോടോ ആര്‍ത്തിയില്ല. വേവലാതികളോ പരിഭ്രമമോ ഇല്ല. അഹങ്കാരമോ അഹംഭാവമോ ഇല്ല. എല്ലാം ശാന്തം...

ആ ശാന്തതയാണ് നിങ്ങളുടെ കൂടെയുള്ളപ്പോള്‍ ഞാന്‍ ആഗ്രഹിച്ചിരുന്നത്. നിങ്ങളെ വിട്ടുപോന്ന മാനസിക വിഷമമുണ്ടെങ്കിലും പരലോകം എനിക്ക് അനുഗ്രഹമാണ്. ഈ അനുഗ്രഹം നിങ്ങള്‍ക്കും എന്നെങ്കിലും വരുമെന്ന് എനിക്കറിയാം. അത് നേരത്തേയാക്കാന്‍ ശ്രമിക്കുക. സ്വാർത്ഥമായ ഒരു സുഖവും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ നിങ്ങളുടെ ലോകത്ത് എല്ലാവരും ആഗ്രഹിച്ചിരുന്നത് അത് മാത്രമായിരുന്നു. ഈ ശാന്തതയില്‍ എന്റെ പ്രിയപ്പെട്ടവര്‍ കൂടെ വേണമെന്ന ആഗ്രഹമാണ് ഇങ്ങോട്ടുള്ള വരവ് നേരത്തെയാക്കാന്‍ പറഞ്ഞത്. താല്പര്യമില്ലായ്കയോ ഭയമോ ഉണ്ടെങ്കില്‍ ആ വരികള്‍ മറന്നു കളയുക. ഒരു കാര്യം മനസ്സിലാക്കുക, നമ്മുടെ പൂര്‍വികര്‍ ഇവിടെ ജീവിതം ആസ്വദിക്കുന്നുണ്ട്. മരണഭയമോ രോഗഭയമോ ഇന്ന് ഞങ്ങള്‍ക്കില്ല. കാരണം ഇഹലോകമെന്ന ചെളിക്കുണ്ടില്‍ നിന്നും ഞങ്ങള്‍ കുളിച്ചു കയറിയിരിക്കുന്നു. മനസ്സില്‍ നന്മയുണ്ടായിരുന്നവര്‍ക്ക് ഇവിടെ പാപഭയമോ ശിക്ഷാഭീതിയോ വേണ്ട. അല്ലാത്തവര്‍ അല്‍പ്പം വിഷമിക്കേണ്ടി വരും...

പ്രിയപ്പെട്ടവരെ..,

എന്റെ ഇങ്ങോട്ടുള്ള യാത്രയില്‍ നിങ്ങളുടെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു, അനുഭവിക്കുന്നു. നിങ്ങളെ വേദനിപ്പിച്ചതില്‍ ഞാന്‍ ഖേദിക്കുന്നുണ്ട്. പക്ഷെ നിങ്ങള്‍ മനസ്സിലാക്കണം, ജീവിതത്തിലെ ഒരേയൊരു സത്യം മരണം മാത്രമാണ്. അതിലേക്കുള്ള യാത്രയിലാണ് നിങ്ങളിപ്പോള്‍. അത് സ്വാര്‍ത്ഥതയുടെ പേരിലോ ജീവിതത്തിലെ സുഖങ്ങളോടുള്ള ആര്‍ത്തിയുടെ പേരിലോ കളങ്കപ്പെടുത്തരുത്. മനസ്സില്‍ കളങ്കമില്ലാതെ ജീവിക്കുക. സഹജീവികളെ സ്നേഹിച്ചു കൊണ്ട് സ്വന്തം ജീവിതം ആസ്വദിക്കുക. പരലോകത്തിലെ ശാന്തത, സമാധാനം മാത്രം ആഗ്രഹിക്കുക. അതിനു വേണ്ടി മുന്‍കരുതലുകള്‍ എടുക്കുക. സര്‍വ്വലോകാധിപനായ നിങ്ങളുടെ സൃഷ്ടാവിനോട് നിഷ്ക്കളങ്കമായി പ്രാര്‍ഥിക്കുക...

പ്രാര്‍ഥനകള്‍ സ്വീകരിക്കപെടട്ടെ എന്ന ആഗ്രഹത്തോടെ,
പരലോകത്ത് നിന്നും ഒരാള്‍.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.