പരീക്ഷണം

അവളുടെ സുന്ദരമായ നാമം ഇവിടെ പ്രതിപാദിക്കാൻ ഞാൻ ശ്രമിക്കുന്നില്ല. കാരണം മരണം എന്ന സത്യം അത് നശിപ്പിച്ചിരിക്കുന്നു. അവളൊരു ചിത്രശലഭത്തിന്റെ നൈർമല്യം ഉള്ളവളായിരുന്നു. അവളുടെ പ്രായത്തിലുള്ള ശലഭങ്ങളേക്കാൾ അവളെ വ്യത്യസ്തയാക്കിയിരുന്നത് എന്താണെന്ന് തിരിച്ചറിയുന്നതിനു മുമ്പ് തന്നെ മരണം അവളെ കീഴടക്കിയിരിക്കുന്നു. ദൈവത്തിന്റെ പരീക്ഷണങ്ങൾക്ക് മുന്നിൽ 'നിസ്സഹായത' മാത്രമേ നമുക്ക് വഴിയുള്ളൂ. അല്ലായിരുന്നെങ്കിൽ ആ ശലഭത്തെ മരണത്തിനു വിട്ടുകൊടുക്കാതിരിക്കാൻ നാം ശ്രമിക്കുമായിരുന്നു. യാദൃശ്ചികമായ ഒരു കണ്ടുമുട്ടൽ മാത്രമേ എനിക്കവളുമായുള്ളൂ. കൂടെച്ചെലവഴിച്ച കുറച്ചു നിമിഷങ്ങൾ കൊണ്ട് കൂടപ്പിറപ്പിനെപ്പോലെ അവളെന്നോടടുത്തു. എന്തിനായിരുന്നു നാശം വിതച്ച എന്റെ ജീവിതത്തിൽ അവളെപ്പോലൊരു നൈർമല്യം പറന്നിറങ്ങിയത്..!

അവൾ കൗമാരത്തിന്റെ വർണ്ണസ്വപ്നങ്ങളിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. എല്ലാം അറിയുന്ന പ്രപഞ്ചസ്രഷ്ടാവിന് പൊറുക്കാവുന്നതിനുമപ്പുറം ഒരു തെറ്റ് അവൾ ചെയ്തിട്ടില്ല. പിന്നെ എന്തിനിത്തരമൊരു പരീക്ഷണം.! അതോ സ്രഷ്ടാവിന്റെ കണക്കുകൂട്ടലുകൾ പിഴച്ചോ..? വിധി എന്ന രണ്ടക്ഷരത്തിന് അവളുടെ നഷ്ടത്തെ ന്യായീകരിക്കാൻ കഴിയില്ല. നിഷ്കളങ്കമായ പ്രായത്തിൽ ക്യാൻസർ എന്ന ശത്രുവിന് മുന്നിൽ അവളെ സഹായിക്കാൻ ഒരു മെഡിക്കൽ സയൻസിനും കഴിഞ്ഞില്ല. സ്രഷ്ടാവിനു കഴിയുമായിരുന്നിട്ടും അവൻ സഹായിച്ചില്ല. ഇത്ര പെട്ടെന്ന് ചിറകറ്റു വീഴാനാണെങ്കിൽ സ്ഫടികതുല്യമായ ഈ ജന്മം അവൾക്കു വേണ്ടായിരുന്നു. ഭൂമിയിലുള്ളവരെ കൊതിപ്പിക്കാനാണോ പ്രപഞ്ചശക്തി അവളുടെ ജന്മം കൊണ്ട് ഈ പരീക്ഷണം നടത്തിയത്. അവളുടെ സൃഷ്ടി കൊണ്ട് ഉന്നതനായ നീ ഞങ്ങളെ നഷ്ടത്തിന്റെ വേദന അറിയിച്ചിരിക്കുന്നു. അതായിരുന്നു നിന്റെ ലക്ഷ്യമെങ്കിൽ സർവ്വലോകനാഥാ, നിന്റെ പരീക്ഷണം വിജയിച്ചിരിക്കുന്നു..!

എന്റെ പ്രിയപ്പെട്ട ശലഭമേ.., നിന്റെ വിയോഗം നഷ്ടമെന്ന വാക്കിനെ അതിന്റെ പൂർണതയിൽ എത്തിക്കുന്നു. നിനക്കു വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത എന്റെ ജന്മം ജഡത്തിനു തുല്യമാണെന്ന് ഞാൻ നിന്നെ അറിയിക്കുന്നു. എന്നെ നോക്കി പരിഹസിക്കുന്ന നക്ഷത്രങ്ങളിൽ നീ ഉണ്ടാകരുതേ.., ഞാൻ നിസ്സഹായനാണ്. എന്നോട് സഹതപിക്കുന്ന സൂര്യതേജസ്സിൽ ഞാൻ നിന്നെ കാണാൻ ശ്രമിക്കുന്നു. പുനർജന്മമെന്ന സത്യമുണ്ടെങ്കിൽ പ്രപഞ്ചസ്രഷ്ടാവേ, നീ എന്നെയും ഒരു ശലഭമാക്കുക. നിന്റെ പരീക്ഷണങ്ങൾ ഇല്ലാത്തൊരു ലോകമുണ്ടെങ്കിൽ ഞങ്ങൾക്കു വേണ്ടി നീയൊരു പൂന്തോപ്പൊരുക്കുക. നന്മയുടെ മധു നുകരാൻ ഞാൻ അവളുമായി വരാം...

പതിനാലാം വയസ്സിൽ ക്യാൻസർ എന്ന ശത്രുവിനു കീഴടങ്ങേണ്ടി വന്ന, ഒരു മണിക്കൂർ മാത്രം എനിക്ക് പരിചയമുള്ള എന്റെ കൊച്ചനിയത്തിയുടെ ഓർമകൾക്ക് മുന്നിൽ ഈ വരികൾ സമർപ്പിക്കുന്നു.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.