പേരിടാത്ത ജീവിതം

ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ച ശേഷം ബഷീറിന്റെ 'വിശപ്പ്' എന്ന പുസ്തകവുമായി റൂമിലേക്ക് നടന്ന ഞാൻ ഉപ്പ റൂമിൽ വന്നു പറഞ്ഞ കാര്യങ്ങളും ഓർത്ത് ഒന്നും സംഭവിക്കില്ല എന്ന സമാധാനത്തോടെ കിടന്നു. പുലർച്ചെ ഉണർത്തിയത് ഉമ്മയുടെ പൊട്ടിക്കരച്ചിലായിരുന്നു. കണ്ണ് തുറന്നുമ്മയെ കണ്ട ഞാൻ അതിശയമോ ഭീതിയോ കാണിക്കാതെ ഉപ്പ കിടന്ന റൂമിലേക്ക് നടന്നു. വിളറിയ കണ്ണുകളോടെ നെഞ്ചിൽ കൈ വെച്ച് ജീവന്റെ ഒരംശം മാത്രം ബാക്കിയായ ആ മുഖത്തേക്ക് നോക്കി ഞാൻ മൗനത്തോടെ ചോദിച്ചു - കൂടെ കൂട്ടണം എന്ന് ഞാൻ പറഞ്ഞതല്ലേന്ന്.

എനിക്കുറപ്പുണ്ടായിരുന്നു ആ ദിവസം ഞങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുമെന്ന്. പണം കൊടുക്കാനുള്ള ഇതിനു മുന്‍പത്തെ അവധി ആറു ദിവസം മുൻപായിരുന്നു. അന്ന് ഞാൻ വണ്ടിയിൽ നിന്നെടുത്തു കളഞ്ഞ വിഷക്കുപ്പിയാണ് കഴിഞ്ഞ ആറു ദിവസങ്ങളിലേക്ക് ആയുസ്സിനെ നീട്ടിയത്. എടുത്തു കളഞ്ഞെന്ന് ഞാൻ പറയുമ്പോ കൂടെ പറഞ്ഞിരുന്നു പോവണേൽ നമ്മൾ എല്ലാരും ഒരുമിച്ചു പോണന്ന്. കണ്ണടച്ച് തല താഴ്ത്തിയ ഉപ്പയുടെ അങ്ങനെ ഒരു മുഖം എന്റെ അന്നത്തെ പതിനേഴു വയസ്സിനിടയ്ക്ക് ഞാൻ കണ്ടിട്ടില്ല. അതെ, ഇതുപോലൊരു ഫെബ്രുവരി 24 അവസാനത്തെ അവധി.

കഴിഞ്ഞ ആറ് ദിവസങ്ങളായി ഞങ്ങൾ മുട്ടാത്ത വാതിലുകൾ ഇല്ല. പ്ലസ്ടുവിന് പഠിച്ചിരുന്ന ഞാൻ തെണ്ടിയാൽപ്പോലും കിട്ടാത്ത അത്രയും പണം ഉണ്ടാക്കാൻ പണമുള്ള പലരോടും ഞാൻ ഇരന്നു. ഞാൻ പടിപ്പു നിർത്താം, ജോലിക്ക് പോവാം, കടം വീട്ടാം. ഇപ്പൊ എനിക്ക് വേണ്ടത് മൂന്നു ജീവൻ നില നിർത്താനുള്ള പണമാണ്. മരിക്കുകയല്ലാതെ ഞങ്ങളുടെ മുന്നില്‍ വേറെ വഴിയില്ലെന്നു പറഞ്ഞിട്ട് പോലും ആരും വിശ്വസിച്ചില്ല. വിശ്വസിക്കില്ല, കാരണം സഹായ അഭ്യർഥനകൾ ആദ്യമല്ലായിരുന്നു. പരിമിതികൾക്കുള്ളിൽ നിന്ന് കുടുംബക്കാർ പലപ്പോഴും സഹായിച്ചിട്ടുണ്ട്. നന്ദികേടു പറയുകയല്ല, അന്ന് ഞങ്ങൾക്ക് വേണ്ടത് ജീവന്റെ വിലയായിരുന്നു. അത് ആരും മനസ്സിലാക്കിയില്ല. എല്ലാ വാതിലുകളും അടഞ്ഞപ്പോ ഇത് മൂന്നു ജീവന്റെ അവസാനം ആണെന്ന് വ്യക്തമായ ബോധം എനിക്കുണ്ടായിരുന്നു. അപ്പോഴും പ്രാർത്ഥന മൂന്നു പേരും ഒരുമിച്ചു പോണം എന്ന് മാത്രമായിരുന്നു. മരിക്കാൻ അന്നും ഇന്നും ഭയമില്ല എന്നതാണ് സത്യം. കുറച്ചു ദിവസങ്ങളായി ആ വാടക വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഞങ്ങൾ ജീവനുള്ള ശവങ്ങൾ ആയിരുന്നു.

ഉപ്പാക്ക് ഒന്നുമില്ല, ടെൻഷൻ കൊണ്ട് നെഞ്ച് വേദനയാണെന്ന് പറയുമ്പോഴും എന്റെ കണ്ണുകൾ വിഷക്കുപ്പിയെ തിരയുകയായിരുന്നു. തലേ ദിവസം ഉപ്പ പറഞ്ഞ കാര്യങ്ങൾ ഓർത്തു നോക്കി, 'മൊബൈലിൽ ബാലൻസ് ഉണ്ട്. പോക്കറ്റിൽ ഇരുന്നൂറ്റിയെഴുപത് രൂപയുണ്ട്. കാശ് കൊടുക്കാനുള്ളവർ വന്നാൽ ഞാൻ ഈ റൂമിൽ കിടക്കുന്നുണ്ടെന്ന് അവരോട് പറയുക - അല്ലാതെ മരിക്കാൻ പറ്റില്ലാലോ. വരുന്നിടത്ത് വെച്ച് കാണാം.' ആ ആത്മവിശ്വാസമാണ് അന്നെന്നെ ഉറക്കിയത്.

ഓർമ്മകളിൽ നിന്ന് തിരിച്ചെത്തി മാമനെ വിളിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും അവസാനം ഉത്തരമായി മാറിയിരുന്നത് മാമനായിരുന്നു. ഇനിയൊരു ഉത്തരം മാമനിൽ നിന്നും കിട്ടില്ല എന്നത് ഉപ്പയെ തലേ ദിവസം വല്ലാതെ തളർത്തിയിരുന്നു. ഫോണിന്റെ മറ്റേ തലക്കൽ പ്രതികരണം ഇല്ലാണ്ടായപ്പോ എന്റെ ഉള്ളൊന്നു പൊള്ളി. പുറത്തു കാണിക്കാതെ അടുത്ത വീട്ടിലെ താത്താടെ കയ്യില്‍ നിന്നും ആയിരം രൂപയും വാങ്ങി ഏറ്റവും അടുത്ത ആശുപത്രിയിൽ എത്തിച്ചു. അവസ്ഥകളും സാഹചര്യങ്ങളും വിശദമാക്കി വിഷം കഴിച്ചതാവും എന്ന് ഡോക്ടറോട് പറയുമ്പോ ഉമ്മ കേൾക്കരുതെന്ന് മാത്രേ ഞാൻ ശ്രദ്ധിച്ചിരുന്നുള്ളൂ. തൃശ്ശൂരിലെ അമല ആശുപത്രിയിൽ എത്രയും പെട്ടെന്നെത്തിക്കാൻ ഡോക്ടർ പറഞ്ഞപ്പോ എന്റെ പോക്കറ്റിലെ പുതുമണം മാറാത്ത ആയിരം രൂപ നോട്ട് എന്റെ അവസ്ഥയെ നോക്കി സഹതപിച്ചു.

ഉപ്പയുടെ തല മടിയിൽ വെച്ച് ആംബുലൻസിൽ ഞാൻ പോകുമ്പോൾ ഉപ്പയുടെയും എന്റെ കണ്ണുകളിൽ ആറു ദിവസം സഹായം അഭ്യർത്ഥിച്ചു ഞങ്ങൾ കയറിയ കുടുംബമടക്കമുള്ളവരുടെ മുഖങ്ങൾ ആയിരുന്നു. ജീവിതം മടുത്തവന്റെ നിരാശ ആ മുഖത്ത് ഞാൻ കണ്ടില്ല - പകരം നിവൃത്തികേട്‌, നിവൃത്തികേട്‌ കൊണ്ട മാത്രം...

ആയുസ്സിന്റെ കണക്കു പുസ്തകത്തിൽ ഉപ്പാക്ക് എട്ടു ദിവസം കൂടി ബാക്കിയുണ്ടായിരുന്നു. കൃത്രിമശ്വാസത്തിലും പ്രാർത്ഥനയിലും സഹായങ്ങൾ ആയി എത്തിയ കുടുംബക്കാരുടെ കാരുണ്യത്തിലും നീട്ടിക്കിട്ടിയ എട്ടു ദിവസങ്ങൾ. പണം ഇല്ലാത്തതിന്റെ പേരില്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റേണ്ടി വന്നു. ഉറക്കമില്ലാതെ, ഒരു മകനെന്ന നിലയിൽ ഞാൻ പൂർണ്ണത നേടിയത് ഉപ്പയുടെ കൂടെ ICU വിൽ അനുവദിച്ചു തന്ന ദിവസങ്ങളില്‍ ആയിരുന്നു. നമസ്കാരങ്ങളിൽ ശ്രേഷ്ഠമായ സുബഹിയുടെ സമയത്ത് വിഷം കുടിച്ച എന്റെയുപ്പ മറ്റൊരു ശ്രേഷ്ഠനമസ്കരമായ മഗ്രിബിന്റെ സമയത്ത് മാർച്ച്‌ രണ്ടാം തിയ്യതി കാശ് കൊടുക്കാനുള്ളവർ തിരഞ്ഞു വരാത്ത, ചെയ്ത നന്മകൾ മാത്രം കൂട്ടിനുള്ള, ഭാര്യയില്ലാത്ത, മക്കളില്ലാത്ത ഒരു ലോകത്തേക്ക് പോയി.

ഒരു പതിനേഴുകാരന്റെ ജീവിതത്തിൽ പഠിക്കേണ്ട പാഠങ്ങൾ ഒക്കെയും ഞാന്‍ ആ എട്ടു ദിവസം കൊണ്ട് പഠിച്ചിരുന്നു. ആ എട്ടു ദിവസങ്ങൾക്ക് ഇടയിൽ ആദ്യമായി മാർച്ച്‌ രണ്ടാം തിയ്യതി ഞാൻ കരഞ്ഞു, വിരുന്നു പോവുമ്പോൾ കൂടെ കൊണ്ടു പോവാത്തതിനു വാശിപിടിച്ചു കരയുന്ന കുട്ടിയെ പോലെ...

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.