പെഷവാറിലെ പെണ്‍കുട്ടി

തോക്ക് ഒരു അവയവം പോലെ അയാളുടെ ശരീരത്തിന്റെ ഭാഗമായിരുന്നു. അയാളുടെ കട്ട പിടിച്ച മസ്തിഷ്കത്തിന്റെയും ക്രൂരമായ ബുദ്ധിയുടെയും പ്രഹരണശേഷി ഈ അവയവത്തിലൂടെയാണ് പുറത്തു വന്നിരുന്നത്. അയാളുടെ ചിന്തകൾ മനുഷ്യനിൽ നിന്നും മൃഗങ്ങളിൽ നിന്നും വേറിട്ട്‌ നിന്നു. തോക്കിൻകുഴലിനെ തഴുകുമ്പോൾ അയാൾക്ക്‌ എന്തെന്നില്ലാത്ത ആഹ്ലാദം അനുഭവപ്പെട്ടു.

അയാളുടെ ചിന്തകൾ അത് പോലെ പ്രാവർത്തികമാക്കാൻ പരിശീലിക്കപ്പെട്ടതായിരുന്നു. കൊല്ലണം, കാപട്യം നിറഞ്ഞ മനുഷ്യജന്മങ്ങളെ! മനുഷ്യൻ ഉണ്ടാക്കിയ നിയമവ്യവസ്ഥകൾ എല്ലാം ചാമ്പലാക്കണം. ഓരോ മനുഷ്യനും സ്വാർത്ഥനാണ് . സ്വന്തം സുഖം മാത്രം കാംക്ഷിക്കുന്ന വൃത്തികെട്ട വർഗ്ഗം. അവരുടെ നിയമങ്ങൾ, ഭരണകൂടങ്ങൾ, എല്ലാം തകർത്തെറിയുന്നതാണ് സ്വപ്നം. മനുഷ്യശരീരം ഉറപ്പില്ലാത്ത വെറും പദാർത്ഥം മാത്രമാണ്. കൊല്ലാൻ എന്തെളുപ്പം!

ചിന്തകൾ ജ്വലിച്ചപ്പോൾ അയാൾ സ്വയം വിറകൊണ്ടു. എത്രയോ പേരെ കൊന്നിരിക്കുന്നു. ഇനിയും കൊല്ലണം. കൊല്ലുന്ന രീതിയിൽ മടുപ്പ് തോന്നിത്തുടങ്ങി. നന്മയെന്ന മൂടുപടം അണിഞ്ഞ മനുഷ്യകുലത്തെയാകെ നശിപ്പിച്ച് അവർ ഭീകരർ എന്ന് മുദ്രകുത്തിയ തന്റെ സംഘം വിജയിക്കണം. അതിനു കൊല്ലുക എന്ന ജീവിതധർമ്മത്തിൽ മടുപ്പ് തോന്നരുത്.

പുതിയ രീതികൾ കണ്ടെത്തണം. കൊല ആസ്വദിച്ചു ചെയ്യുമ്പോൾ ലക്ഷ്യത്തിൽ എളുപ്പം എത്താനാകും. അയാൾ താടി തടവിക്കൊണ്ട് ചിന്തിച്ചു. വിവിധ തരത്തിലുള്ള കൊലപാതകങ്ങൾ മനസ്സിലൂടെ കടന്നു പോയി. എല്ലാം മടുപ്പിക്കുന്ന പഴഞ്ചൻ രീതികൾ. മരണത്തിന്റെ മുഖം മുന്നിൽ കണ്ടു ഭയന്നു വിറങ്ങലിച്ച മനുഷ്യരൂപങ്ങൾ ആദ്യമൊക്കെ ഹരം പകർന്നിരുന്നു.

ചിന്തകളിൽ നിന്നും അയാൾക്ക്‌ പുതിയൊരു ഉണർവ്വ് കിട്ടിയ പോലെ തോന്നി. അയാളുടെ ഇരുണ്ട കണ്ണുകൾ ജ്വലിച്ചു. പുതിയൊരു വഴി! അതിരസകരമായിരിക്കും. അയാൾ താൻ പരിശീലനം നല്കിയ അനേകം പേരിൽ നിന്നു തനിക്ക് ഇഷ്ടപ്പെട്ട നാലഞ്ചു പേരുമായി പദ്ധതി കൂടിയാലോചിച്ചു.

പിറ്റേന്നത്തെ പുലരി പതുക്കെ തിരക്കിട്ട ജീവിതത്തിലേക്ക് ചൂട് പിടിച്ചു വരുന്ന നേരം. ഒരു കൊച്ചു വിദ്യാലയത്തിന്റെ നടുമുറ്റത്തേക്ക് ആ ഭീകരസംഘത്തിന്റെ വാഹനം പാഞ്ഞുകയറി. കൂട് പൊളിച്ചു പുറത്ത് ചാടിയ ഭീകര ജീവികളെ പോലെ അയാളും കൂട്ടാളികളും വിവിധ ക്ലാസ്സ്‌ മുറികളിലേക്ക് കുതിച്ചു.

അയാളുടെ തോക്ക് മുരണ്ടു. അധ്യാപിക ഒരു രക്തപുഷ്പമായി നിലം പതിച്ചു. നിലവിളികൾ തൊണ്ടയിൽ കുടുങ്ങി ഭയന്നു വിളറിയ കുഞ്ഞുമുഖങ്ങളെ നോക്കി അയാൾ അട്ടഹസിച്ചു.

കുഞ്ഞുമുഖങ്ങളിലെ ഭയപ്പാടുകൾ അയാളിൽ പുതിയ ലഹരി നിറച്ചു. തോക്ക് നിർത്തി നിർത്തി ഗർജ്ജിച്ചു. ഓരോ മുല്ലമൊട്ടും ചോരക്കട്ടയായി തെറിച്ചു വീണു. കുട്ടികൾ ചിതറി ഓടി. ആ വിദ്യാലയത്തിന്റെ വിവിധ ക്ലാസ് മുറികളിൽ നിന്നും പിഞ്ചുകുഞ്ഞുങ്ങളുടെയും അധ്യാപകരുടെയും നിലവിളി ഉയർന്ന് അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. അയാൾ അതിവിദഗ്ധമായി ചിതറിയോടുന്ന ഓരോരുത്തരെയായി വെടിയുണ്ടകൾക്ക് ഭക്ഷണമാക്കി.

ഒരു പെണ്‍കുട്ടി മാത്രം ഓടിയില്ല. അയാൾ അവൾക്കു നേരെ തോക്ക് ചൂണ്ടി. അവൾ പുഞ്ചിരിച്ചു കൊണ്ടു നിന്നു. അത്ഭുതം അയാളിൽ പുതിയൊരു കൌതുകം നിറച്ചു. അയാൾ അവളുടെ അടുത്തേക്ക് ചെന്നു. തോക്കിൻ കുഴൽ അവളുടെ കവിളിൽ വെച്ചു. അവൾ പുഞ്ചിരിച്ചു കൊണ്ടു നിന്നു. ഒരിക്കലും അയാളിൽ ഉണ്ടാകാതിരുന്ന ഒരു കമ്പനം അയാളുടെ ശരീരത്തിലൂടെ ഒന്ന് പാഞ്ഞു പോയി. ഇങ്ങനെയും ഉണ്ടോ കുട്ടികൾ!

അയാൾ കുനിഞ്ഞു അവളോട്‌ മുരണ്ടു, "നിനക്ക് ഭയമില്ലേ?"

അവൾ പറഞ്ഞു, "ഇല്ല"

"നിന്റെ തല ഒരു ചോരപ്പൂങ്കുലയായി ചിതറും! നിനക്ക് പേടിയില്ലേ?"

"ഇല്ല"

അയാളുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു. അവൾ പുഞ്ചിരിച്ചു.

"നിനക്കെന്താ ഭയമില്ലാത്തത്?"

"മരിക്കാൻ എന്തിനു ഭയക്കണം? എന്നായാലും ഒരിക്കൽ ഞാൻ മരിക്കും."

അയാൾ അവളെ ഉറ്റു നോക്കിക്കൊണ്ടിരുന്നു, "ഇത്രയും പേർ ഇവിടെ മരിച്ചു വീണിട്ടും നീ ചിരിക്കുന്നോ?"

"നിങ്ങളെ ഒരിക്കലും ദ്രോഹിക്കാത്ത, നിങ്ങളോട് എതിർക്കാൻ പോലും ശക്തിയില്ലാത്ത ഈ പാവം കുട്ടികളെ കൊല്ലാൻ നിങ്ങൾ കാണിച്ച സാഹസം കണ്ട് എനിക്ക് ചിരി വന്നു. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ മാംസപേശികളുടെ ശക്തി ഉപയോഗിക്കേണ്ട നിങ്ങൾ അവരെ നിഷ്കരുണം കൊല്ലാൻ കാണിക്കുന്ന ധൈര്യം കണ്ടപ്പോ എനിക്ക് ചിരി വന്നു. നിങ്ങൾ കുഞ്ഞായിരുന്നപ്പോ ആർക്കു വേണെങ്കിലും നിങ്ങളെയും ഇങ്ങനെ കൊല്ലാമായിരുന്നു എന്ന് ഓർത്തപ്പോ എനിക്ക് ചിരി വന്നു. നിങ്ങളുടെ അച്ഛനും അമ്മയും നിങ്ങളെ കഷ്ടപ്പെട്ട് പോറ്റി വളർത്തി വലുതായപ്പോൾ അവരെ ഉപേക്ഷിച്ചു ഈ പണിക്കിറങ്ങിയ നിങ്ങളെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു.", അവൾ പുഞ്ചിരിച്ചു.

അയാൾ ആ അത്ഭുതത്തിനുമുന്നിൽ മുട്ട് കുത്തിയിരുന്നു.

അവൾ പറഞ്ഞു, "നിങ്ങൾ ദൈവത്തിനു മുന്നിൽ നമസ്കരിക്കുന്നത് പോലെ ഇരിക്കുന്നല്ലോ."

അയാൾ ചുറ്റും നോക്കി. കൂട്ടക്കരച്ചിലുകളും ഒട്ടനവധി മുതിർന്നവരുടെ അലമുറകളും പ്രതിധ്വനിക്കുന്നു. അയാൾ അവളെ ഒരു കൈ കൊണ്ടു കോരിയെടുത്ത് വരാന്തയിൽ എത്തി ചുറ്റിലും നിരീക്ഷിച്ചു. അലമുറയിട്ടുകൊണ്ട് ഓടുന്നവർ. ചിലരുടെ കൈകളിൽ ചോര വാർന്നുകൊണ്ടു കുട്ടികൾ. ആളുകൾ ഇല്ലാത്ത ടോയിലറ്റ് പരിസരത്തേക്ക് അയാൾ അവളെയും എടുത്തു ഓടി. ടോയിലറ്റിന്റെ ഒരു മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടു അവളെ താഴെ നിർത്തി.

അവൾ ചോദിച്ചു, "എന്നെയെന്തിനാ ഇവിടെ കൊണ്ടു വന്നത്?"

"അത്.., എന്റെ കൂട്ടാളികൾ നിന്നെ കാണാതിരിക്കാൻ."

"അപ്പൊ നിങ്ങൾ എന്നെ കൊല്ലുന്നില്ലേ?"

"നിന്റെ വാക്കുകൾക്കു നല്ല മധുരം! നീ ബാക്കി പറയൂ."

"എന്ത് പറയാൻ?"

"നീ എന്നോട് പറഞ്ഞു കൊണ്ടിരുന്നില്ലേ, അതിന്റെ ബാക്കി പറയൂ."

"നിങ്ങൾ ഒരു കാര്യം ചെയ്യാമോ? ഈ തോക്ക് കൊണ്ട്‌ എന്റെ തലവഴി വെടി വെക്കണം. വെടിയുണ്ട തലയിൽ നിന്നും നട്ടെല്ല് വഴി താഴേക്കു കൃത്യമായി പോകണം. ഇടയ്ക്ക് വെച്ചു ശരീരത്തിനു പുറത്തേക്കു തെറിച്ചാൽ നിങ്ങൾ തോറ്റു."

അയാൾ അവളുടെ മുന്നിൽ ഇരുന്നുപോയി, "ഇല്ല, ഞാൻ അത് ചെയ്യുന്നില്ല. നീ വേറെ എന്തെങ്കിലും കാര്യം പറയൂ."

"ഞാൻ പറയില്ല, എനിക്ക് പറയാനുള്ളത് മുഴുവൻ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ട് ഞാൻ."

"ങേ! എഴുതിയിട്ടുണ്ടെന്നോ? എങ്കിൽ ആ പുസ്തകം എവിടെ?"

"എന്റെ ബാഗിൽ ഉണ്ട്"

"നിന്റെ ബാഗ്‌ ഏതാ..?"

"ഒരു പച്ച നിറത്തിലുള്ള ബാഗ്‌"

"പച്ച നിറത്തിൽ വേറെയും ബാഗ്‌ ഉണ്ടാവില്ലേ?"

"ഉണ്ടാവും, എന്റെ ബാഗിന്റെ പുറത്ത് വെളുത്ത നിറം കൊണ്ട്‌ 'ദൈവനാമത്തിൽ' എന്ന് എഴുതിയിരിക്കും. എന്റെ ബാഗിലെ എല്ലാ പുസ്തകത്തിലും എന്റെ പേര് എഴുതിയിരിക്കുന്നു. പക്ഷെ ആ പുസ്തകത്തിൽ ഞാൻ എന്റെ പേര് എഴുതിയില്ല."

"നിന്റെ പേര്..?"

"ദയ"

അയാൾ പുറംകുപ്പായവും തലപ്പാവും ഊരിവെച്ച് ഒരു സാധാരണക്കാരനെപ്പോലെ ക്ലാസ് മുറിയിലേക്ക് ഓടി. ക്ലാസ് മുറിയിൽ തളം കെട്ടിയ ചോരക്കളത്തിൽ അവിടവിടെയായി ബാഗുകൾ ചിതറിക്കിടക്കുന്നു. അയാൾ പച്ച നിറത്തിലുള്ള ബാഗുകൾ എല്ലാം തുറന്നു പരിശോധിച്ചു. ഒടുവിൽ 'ദയ'യുടെ ബാഗിൽ നിന്നും അവളുടെ പേര് എഴുതാത്ത പുസ്തകം അയാൾ കണ്ടുപിടിച്ചു. കട്ടിപ്പുറംചട്ടയുള്ള ഒരു പുസ്തകം. അതിനുള്ളിൽ ഭംഗിയിൽ അക്ഷരങ്ങൾ നിരന്നിരിക്കുന്നു.

ഓരോ അദ്ധ്യായം എന്ന് തോന്നുന്നവിടങ്ങളിൽ 'പരമകാരുണികനായ ദൈവത്തിന്റെ നാമത്തിൽ' എന്ന് ആരംഭിച്ചിരിക്കുന്നു.

കണ്ണിൽ കണ്ടത് എല്ലാം അയാൾ വേഗം വായിച്ചു നോക്കി.

'വഴിയാത്രികന്റെ കാലിൽ കൊളളുന്ന കല്ലും മുള്ളും നീക്കുന്നവൻ പുണ്യവാൻ.'

'ക്രയവിക്രയമോ സുഹൃദ്ബന്ധമോ ശിപാർശയോ ഇല്ലാത്ത ഒരു നാൾ വരുന്നതിനു മുമ്പ് നാം നിങ്ങൾക്ക് നൽകിയിട്ടുള്ളതിൽ നിന്നു ചെലവു ചെയ്യുക.'

'സത്യനിഷേധികൾക്ക്‌ വേണ്ടി ഒരുക്കിവെക്കപ്പെട്ട നരകത്തീയിനെ നിങ്ങൾ സൂക്ഷിക്കുക.'

ആ പെണ്‍കുട്ടി പറഞ്ഞ അതെ ലാളിത്യത്തിൽ ഒരുപാട് സദ്‌വചനങ്ങൾ. എല്ലാം അതിമധുരതരം. അയാളുടെ ചിന്തകളിൽ ഒരു തിരമാല ഉയർന്നുവന്നു അയാളുടെ തലച്ചോറിനെ മഥിച്ചു.

അയാൾ ആദ്യ അദ്ധ്യായം മുതൽ വായിച്ചു തുടങ്ങി. ലളിതസുന്ദരവും അതിശക്തവുമായ വാചകങ്ങൾ. എല്ലാം ജീവിതത്തിന്റെ മഹത്വം വിളിച്ചോതുന്നവ. പരസ്പരസാഹോദര്യത്താൽ ഭൂമിയിൽ തന്നെ സ്വർഗ്ഗം തീർക്കാവുന്ന ദൈവീകവചനങ്ങൾ...

അയാളുടെ ചിന്തയിലെ ശിലകൾ സൂര്യപ്രഭയിൽ ഉരുകാൻ തുടങ്ങി. കന്മദം കണ്ണുനീരായി ഉരുകി ഒലിച്ചു. കണ്ണുനിറഞ്ഞ് അയാളുടെ വായന തടസ്സപ്പെട്ടു. അയാൾ കണ്ണുകൾ ഇറുക്കിയടച്ചു തുറന്നു. കവിളുകൾ നനഞ്ഞൊലിച്ചു.

ഓരോ അദ്ധ്യായവും അയാൾ ആ പെണ്‍കുട്ടിയുടെ മധുരവാക്കുകൾ പോലെ നുണഞ്ഞുകൊണ്ടിരുന്നു. എല്ലാമെല്ലാം പുണ്യം നിറഞ്ഞ സൂക്തങ്ങൾ. കറപുരളാത്ത ജീവിതചര്യകൾ, വ്യക്തിവികാസത്തിനുതകുന്ന ചിന്തകൾ, ഉപദേശങ്ങൾ, ദാനധർമ്മങ്ങളുടെ പരമപവിത്രത, ഉമിനീരിന്റെ പോലും മഹത്വം. എല്ലാമെല്ലാം സത്യവിശ്വാസത്തിന്റെ ജീവിതനിഷ്ഠകൾ. ഭൂമിയെ സ്വർഗ്ഗമാക്കുന്ന മഹത് വചനങ്ങൾ. ഒരു പുതുജീവിതത്തിന്റെ ജനനത്തിൽ അയാൾ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു.

അയാൾ ആ ഗ്രന്ഥം മാറോടു ചേർത്ത് ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് ഓടി. അവൾ അവിടെ ഉണ്ടായിരുന്നില്ല. ചുറ്റിലും പരതി. ആ അന്തരീക്ഷം ഒരു യുദ്ധക്കളം പോലെ തോന്നി. അയാൾ ആ പുസ്തകവുമായി തന്റെ രഹസ്യസങ്കേതത്തിലേക്ക് മടങ്ങി.

അന്ന് രാത്രി അയാൾ ഉറങ്ങിയില്ല. തന്റെ കീഴിൽ പരിശീലനം നടത്തുന്ന ഒരു പറ്റം തീവ്രവാദികൾ! അവരെ എങ്ങനെ ഇതൊക്കെ പഠിപ്പിക്കും? അതിനു തുനിഞ്ഞാൽ തന്റെ അന്ത്യം അന്നായിരിക്കും. പക്ഷെ പിന്തിരിയാൻ പാടില്ല. അയാൾ ആ പെണ്‍കുട്ടിയെ ഓർത്തു. തന്റെ തോക്കിനു മുന്നിൽ പുഞ്ചിരിച്ചു കൊണ്ട്‌ നിന്ന ആ പെണ്‍കുട്ടിയുടെ ധൈര്യം തനിക്കില്ലേ? അയാൾ അവളെപ്പോലെ പുഞ്ചിരിക്കാൻ ശ്രമിച്ചു.

പിറ്റേന്ന് രാവിലെ അയാൾ തന്റെ വാഹനത്തിൽ എങ്ങോട്ടോ പോയി. കുറച്ചു സമയത്തിനു ശേഷം തിരിച്ചു വന്നു തന്റെ കീഴിൽ പരിശീലനം നേടുന്നവരുടെ ഒരു സഭ വിളിച്ചു ചേർത്തു. ആയുധം ഇല്ലാത്ത ഒരു സഭ. എല്ലാവരും വളരെ ശ്രദ്ധിച്ച് അയാൾ പറയാൻ പോകുന്നത് കേൾക്കാൻ തയ്യാറായി.

അയാൾ അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട്‌ പറഞ്ഞു, "ഇന്ന് നമുക്ക് ഒരു വിശിഷ്ടമായ ദിവസമാണ്. ഏതു മഹത്ഗ്രന്ഥത്തിന്റെ പേരിലാണോ നാം പുതിയൊരു ലോകത്തിനു വേണ്ടി പോരാടുന്നത്, ആ പുണ്യഗ്രന്ഥം വായിക്കാൻ സമയമായി. എല്ലാവരും അത് വായിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ഇനി നമ്മൾ സഭ ചേരുകയുള്ളൂ."

മറ്റൊന്നും പറയാതെ ഓരോരുത്തർക്കും പുസ്തകത്തിന്റെ ഓരോ പ്രതി നല്കി. അയാളുടെ വിശ്രമ മുറിയിൽ വാതിൽ തുറന്നു വെച്ചുകൊണ്ട്‌ അയാൾ കിടന്നു. വായിച്ചിട്ടും നന്നാവാത്തവർ ഉണ്ടാവുമോ? ഉണ്ടെങ്കിൽ അവർ വന്നു തന്നെ വധിക്കട്ടെ.

ഉച്ചയായിട്ടും ആരും അയാളുടെ അടുത്തേക്ക് വന്നില്ല. അയാൾ എഴുന്നേറ്റു സഭ ചേരുന്ന സ്ഥലത്ത് ചെന്നു. എല്ലാവരും കുനിഞ്ഞിരുന്നു വായിക്കുന്നു. പലരും ഇടയ്ക്കിടെ കണ്ണുനീർ തുടയ്ക്കുന്നു. അയാൾ ദീർഘമായി ശ്വസിച്ചു കൊണ്ട്‌ പതുക്കെ പറഞ്ഞു,

'വഴിയാത്രികന്റെ കാലിൽ കൊളളുന്ന കല്ലും മുള്ളും നീക്കുന്നവൻ പുണ്യവാൻ.'

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.