പോലിസിനെ പേടി

പോലിസിനെ പേടി. എന്താ കാരണം എന്നോ പോലീസുകാരെ കൊണ്ട് വല്ല ഉപദ്രവവും ഉണ്ടായതായോ ഓർമ്മയിൽ എങ്ങും ഇല്ല.

പോലിസിനെ പേടി, അത് മാത്രം അറിയാം. ഒരു പക്ഷെ കുഞ്ഞുന്നാളിൽ ആരെങ്കിലും പറഞ്ഞു പേടിപ്പിച്ചതിൽ നിന്നും ആവാം, എന്തോ.., പേടിയുണ്ടായിരുന്നു.

ഓർമ്മകൾ ചിതൽ അരിച്ചു പോയി. ചിതൽ ബാക്കി വെച്ച ആ കടലാസുതുണ്ടിലെ അവശേഷിപ്പ് ഇവിടെ എഴുതി ചേർക്കാം.

പ്രായം മൂന്നോ നാലോ ആയിക്കാണും. എന്റെ ഓർമയിൽ അതിനു മുൻപ് ഉള്ള സംഭവങ്ങളുടെ ചിത്രങ്ങൾ പോലും ഇല്ല.

എന്താ പറയ്യ, പോലീസിനെ പേടി. പോലീസുകാരന്റെ നിഴൽ കണ്ടാൽ മതി, വാവിട്ടു നിലവിളിച്ചു കൊണ്ട് അമ്മയുടെ പിന്നിൽ ഒളിക്കും. കാക്കിനിറം കണ്ടാലും പ്രശ്നം. അത് കൊണ്ട് തന്നെ സിനിമക്ക് പോകാൻ പേടി. പോലീസിന്റെ സാന്നിധ്യം എവിടെ ഉണ്ടോ അതെല്ലാം എന്നെ ഉൾക്കിടിലം കൊള്ളിച്ചിരുന്നു.

ചുള്ളിക്കര മേരി ടാക്കീസിൽ പോയി സിനിമ കാണുമ്പോൾ പോലീസുകാരനെ കാണുമോ എന്ന പേടിയോടെ ആവും ഇരിക്കുക. അഥവാ പോലീസുകാരനെ കണ്ടാൽ അച്ഛന്റെ മടിയിൽ ഒളിക്കും.

"എടാ എന്ത് പേടിയാ ഇത്!, അത് സിനിമയല്ലേ..", അച്ഛൻ എന്റെ പേടി മാറ്റാൻ അറിയാവുന്ന വഴിയിൽ എല്ലാം പറഞ്ഞു. എന്റെ പേടി ഉണ്ടോ പോവുന്നു. അത് നിഴൽ പോലെ എന്നെ പിന്തുടർന്നു.

അങ്ങനെ ഇരിക്കുന്ന കാലഘട്ടത്തിൽ ആണ് എന്നെ നേഴ്സറിയിൽ കൊണ്ടു ചേർത്തത്. ഓടിട്ട നീളമുള്ള കെട്ടിടത്തിൽ സ്റ്റേജ് പോലെ ഉയർത്തി കെട്ടിയ ക്ലാസ് മുറിയാണ് എന്റെ നേഴ്സറി ക്ലാസ്. രണ്ടു ഭാഗത്തും കൈപ്പിടിയുള്ള നാല് പേർക്ക് ഇരിക്കാവുന്ന ചെറുതായി ചെരിച്ച ഇരിപ്പിടവും, പിന്നിലേക്ക്‌ ചരിഞ്ഞ ചാരുപടിയും ഉള്ളതായിരുന്നു എന്റെ ഇരിപ്പിടം. രണ്ടാം നിരയിൽ ആദ്യ സ്ഥാനമായിരുന്നു എന്റേത്.

പുതിയ കൂട്ടുകാർ കരച്ചിലും പിഴിച്ചിലും നടത്തുമ്പോൾ, 'ഇവരെന്തിനാ ഇങ്ങനെ കരഞ്ഞു നിലവിളിക്കുന്നെ, ഇവിടെ ഇവരെ കൊല്ലാൻ കൊണ്ടു വന്നിരിക്കുകയാണോ' എന്നാണു ഞാൻ ചിന്തിക്കാറ്.

രസകരമായ ഒരു സംഭവം നേഴ്സറിയിൽ ചേർന്ന കാലത്ത് ഉണ്ടായിരുന്നു.

സന്ദീപ്‌ എന്ന കുട്ടി അവന്റെ അമ്മയെ അമ്മായി എന്നാണു വിളിച്ചിരുന്നത്‌. അമ്മായി അവനെ ക്ലാസ്സിൽ കൊണ്ട് വിട്ട് അവിടെ തന്നെ ഇരിക്കണം. കാണാതായാൽ അവൻ വാവിട്ടു നിലവിളിക്കും. 'അമ്മായി, ഞാനും വരും...' എന്ന് പറഞ്ഞു ക്ലാസ്സിൽ നിന്ന് ചാടി ഓടും.

ഒരു ദിവസം അവനെ ക്ലാസ്സിൽ വിട്ട് അമ്മായി തിരിച്ചു നടന്നു. നിലവിളിച്ചു കൊണ്ടു സന്ദീപ്‌ പിന്നാലെ. കരുണടീച്ചർ പച്ചനിറത്തിലുള്ള മിഠായി കാണിച്ചുകൊണ്ടു അവനു പിറകിൽ. ടീച്ചറിന് ഒരു വിധത്തിൽ അവനെ കൈയിൽ കിട്ടി. പൊക്കി എടുത്തു ക്ലാസ്സിൽ കൊണ്ടുവന്നു. ഞങ്ങളൊക്കെ വലിയ ചിരിയായി. അതൊന്നും ശ്രദ്ധിക്കാതെ അവൻ കുതറി ഓടി. പിറകിൽ വന്ന ടീച്ചറിനെ കൈയിൽ കിട്ടിയ ആരുടെയോ ചെരുപ്പ് കൊണ്ടു ഒരേറ് കൊടുത്തു. അവൻ ഓടിപ്പോയി. പിന്നെ അവൻ നേഴ്സറിയിൽ വന്നിട്ടേ ഇല്ല.

സ്നേഹനിധിയായ കരുണ ടീച്ചറുടെ സാമീപ്യം ആണോ എന്നറിയില്ല നേഴ്സറിയിൽ പോകാൻ വലിയ ഉത്സാഹം ആയിരുന്നു എനിക്ക്. കരുണ ടീച്ചറുടെ പോക്കറ്റിൽ എന്നും പച്ച നിറത്തിലുള്ള കടലാസിൽ പൊതിഞ്ഞ മിഠായികൾ ഉണ്ടാവും. കരയുന്ന കുട്ടികളെ പാട്ടിലാക്കാൻ ആണ് അത് പോക്കറ്റിലിട്ടു നടക്കുന്നത്.

പണ്ടും എനിക്ക് മധുരത്തിനോട് അത്ര ഭ്രമം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ടീച്ചർ മിഠായി എനിക്ക് തന്നില്ല എന്ന പരിഭവം ഒന്നും അന്നുണ്ടായിരുന്നില്ല. എന്തോ അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല എന്ന് തോന്നുന്നു. മിഠായിയെക്കാളും മധുരമൂറുന്ന ടീച്ചറിന്റെ വാക്കുകളിലും കഥകളിലും പാട്ടുകളിലും ആംഗ്യപാട്ടുകളിലും ആയിരുന്നു എന്റെ ശ്രദ്ധ.

പിന്നെ ഒന്ന് കൂടി ഉണ്ടായിരുന്നു ടീച്ചറുടെ കൈയിൽ, കാസിയോയുടെ ഒരു കുഞ്ഞു കീബോർഡ്. അത് കുട്ടികളാരും തൊടുന്നത് ഞാൻ കണ്ടിരുന്നില്ല. പക്ഷെ ഞാൻ മാത്രം അതിന്റെ ചുറ്റും പ്രദക്ഷിണം ചെയ്യും. എങ്ങനെ ഇതിൽ ഇത്രയും ശബ്ദങ്ങൾ നിറച്ചു വെച്ചു?

അപ്പോഴും പക്ഷെ പോലിസ് പേടിസ്വപ്നം തന്നെ ആയിരുന്നു. നാളുകൾ കടന്നു പോയി. ഓടിയും ചാടിയും പാട്ട് പാടിയും അക്ഷരങ്ങൾ പഠിക്കാൻ ശ്രമിച്ചും മാസങ്ങൾ അങ്ങനെ കടന്നു പോയി.

ഒരു ദിവസം എസ്കർഷനു പോവാൻ താല്പര്യം ഉള്ളവർ പേര് കൊടുക്കണം എന്ന് കരുണ ടീച്ചർ പറഞ്ഞു. രണ്ടു മൂന്നു ദിവസം കഴിഞ്ഞായാലും മതി. വീട്ടിൽ ചോദിച്ചു കാശുമായി വരണം. നൂറ്റിഅൻപതു രൂപയോ മറ്റോ ആണ് ഫീസ്‌. മംഗലാപുരം ടൂർ പോണു.

സന്തോഷത്തോടെ വീട്ടിൽ ചെന്ന് പറഞ്ഞു. അച്ഛനും അമ്മയും ഒറ്റയടിക്ക് വേണ്ട എന്ന് പറഞ്ഞു. പോരെ പൂരം. വാശി പിടിച്ചു കരഞ്ഞിട്ടു കാര്യം ഒന്നും ഇല്ല. ചെമ്പരത്തിക്കോല് കൊണ്ടു നല്ല തല്ലാവും വാശി പിടിച്ചു കരഞ്ഞാൽ കിട്ടുന്നത്. അത് കൊണ്ടു വാശി പിടിച്ചു കരഞ്ഞൊന്നുമില്ല. മുഖം വീർപ്പിച്ചു ആരും കാണാതെ സങ്കടം ഉള്ളിൽ അടക്കി.

പിറ്റേന്ന് ക്ലാസിൽ ചെന്നപ്പോ ആ സങ്കടം ഇരട്ടിച്ചു. ഞാനും എന്നെ കൂടാതെ വേറെ നാല് പേരും ഒഴികെ മറ്റെല്ലാവരും പേര് കൊടുത്തു കാശും കൊടുത്തു.

കരുണ ടീച്ചർ അടുത്ത് വന്നു, "ജയദേവൻ വരുന്നില്ലേ?"

"ഇല്ല, അച്ഛനും അമ്മയും പോവണ്ട എന്ന് പറഞ്ഞു."

"സാരമില്ല, ഞാൻ പറയാം..", ടീച്ചർ പറഞ്ഞത് കേട്ടപ്പോഴാണ് മുഖം തെളിഞ്ഞത്.

ടീച്ചർ എങ്ങനെയോ അച്ഛനെയും അമ്മയേയും പറഞ്ഞു വശത്താക്കി. അങ്ങനെ ഞാനും മംഗലാപുരം ടൂർ പോവുന്നു.

അങ്ങനെ ആ ദിവസം വന്നെത്തി. മംഗലാപുരം പോവുന്ന ദിവസം. ഞങ്ങൾ കുഞ്ഞുപടകളും കരുണ ടീച്ചറും വത്സല ടീച്ചറും ഗ്രേസ് മരിയ ടീച്ചറും ജൂലിയ ടീച്ചറും എല്ലാവരും ഉണ്ട്.

മംഗലാപുരം യാത്രയിൽ പ്രധാനമായും ഉള്ളത് എയർ പോർട്ട്‌ കാണൽ ആണ്. വിമാനത്തെ അടുത്ത് കാണാം. വലിയ തുമ്പിയെ പോലെ വിമാനങ്ങൾ അലറിക്കൊണ്ട്‌ താഴെ ഇറങ്ങുന്നതും പൊങ്ങുന്നതും അടുത്ത് കാണാം.

പക്ഷെ ഒരു മതിൽ അതിനു തടസ്സമായി നിൽക്കുന്നു. ടീച്ചർമാർ ഓരോരുത്തരെയായി എടുത്തു പൊക്കി ചെങ്കല്ല് കൊണ്ടുണ്ടാക്കിയ വീതിയേറിയ മതിലിൽ കയറ്റി നിർത്തി. വലിയ ഉയരം ഉള്ള മതിലൊന്നും അല്ല, പക്ഷെ ആ പ്രായത്തിൽ അത് മല പോലെ തോന്നി. എന്നെയും ആരോ എടുത്തു പൊക്കുന്നുണ്ട്. തിരിഞ്ഞു നോക്കിയപ്പോൾ ഞെട്ടിപ്പോയി. ഒരു പോലീസുകാരൻ! അല്പം വിറച്ചെങ്കിലും പെട്ടെന്ന് അത് മാറി. കാരണം ആ പോലീസുമാമൻ ചിരിച്ചു കൊണ്ടു രസമായി എന്തോ എന്നോട് പറഞ്ഞു വളരെ മൃദുവായി എന്നെ എടുത്തു മതിലിന്മേൽ കയറ്റി നിർത്തി. അവിടെ അദ്ഭുതത്തോടെ വിമാനം പൊങ്ങുന്നതും താഴുന്നതും കണ്ടു കൊണ്ടിരിക്കുമ്പോൾ മറ്റൊരു അദ്ഭുതം എന്റെ ഉള്ളിൽ നടന്നു, പോലിസിനെ പേടി എന്റെ ഉള്ളിൽ നിന്നും മാഞ്ഞു പോയിരുന്നു.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.