പൊട്ടക്കണ്ണി

വടക്കുംപാടം ബസ്സിറങ്ങി പിന്നിലേക്ക്‌ നടന്നാൽ വലത്തേക്ക് ചെമ്മണ്‍ വിരിച്ച വഴി. കുറച്ചു മുന്നോട്ടു നടന്ന് ഇടത്തോട്ട് തിരിഞ്ഞ് ഒരു പത്തു മീറ്റർ കൂടി മുമ്പോട്ട് പോയാൽ ചെറിയ ഓടിട്ട വീട്. ഗോപാലൻ നായരുടെ.

കയറിയ നെറ്റി. തോളിനൊപ്പം എത്തുന്ന ഉള്ളില്ലാത്ത മുടി. പല്ലുകൾ കൊഴിഞ്ഞു ചുക്കിച്ചുളിഞ്ഞ മുഖം. മോണ കാട്ടി ഗോപാലൻ നായർ വെളുക്കെ ഒന്ന് ചിരിച്ചു, "ഇങ്ങട് കോലായിലേക്കിരിക്കാം...", പത്രമോഫിസിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ ആ സന്തോഷം ഒന്നു കൂടി ഇരട്ടിച്ചു. സത്യത്തിൽ ഞങ്ങളുടെ കോളേജ് മാഗസിനിൽ പഴയ തലമുറയിലെ ദൈവിക പരിവേഷമുള്ള ആളുകളെക്കുറിച്ചുള്ള ഒരു ഫീച്ചർ തയ്യാറാക്കാൻ വേണ്ടി പോയതായിരുന്നു ഞാൻ.

"ഏയ്‌.., ഒരു ചായ എടുത്തോളു", അകത്തേക്ക് തല തിരിച്ചു കൊണ്ട് പറഞ്ഞു. ചായയൊന്നും വേണ്ട എന്നൊരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു തിരിഞ്ഞതും ചായ മുമ്പിലെത്തി.

ഒറ്റ നോട്ടത്തിൽ ആഢ്യ. നരവീണ് തുടങ്ങിയ മുടി. വട്ടമുഖം. നെറ്റിയിൽ ഒരു സിന്ദൂരപ്പൊട്ട്. സരസ്വതി അമ്മ. ഗോപാലൻ നായരുടെ ഭാര്യ.

"എന്ന് മുതലാണ് താങ്കൾ...?", ചോദ്യം മുഴുവനാക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞു തുടങ്ങി, "എനിക്കൊരു ഇരുപത് ഇരുപത്തൊന്നു വയസ്സ് കാണും. ചെമ്പുക്കാവിലെ വെളിച്ചപ്പാടിനു വയ്യാതായ സമയം. പുതിയ വെളിച്ചപ്പാടിനെ തിരഞ്ഞെടുക്കാനുള്ള നാട്ടുക്കൂട്ടം നടക്കുകയായിരുന്നു. പെട്ടെന്ന് അമ്മ എന്റെ മേത്തു കയറി! ഞാൻ നിന്ന് ചാടി. അമ്മയെപ്പോലെ പറയാൻ തുടങ്ങി. പൊട്ടൻ ചാടി എന്ന് പറഞ്ഞു നാട്ടുക്കൂട്ടം ചുറ്റിലും കൂടി. അന്ന് മുതൽ ഞാൻ തന്നെയാണ് ചെമ്പുക്കാവിലെ വെളിച്ചപ്പാട്."

നിർത്താതെ തുടർന്നു, "അവിടുന്നിങ്ങോട്ട് നാൽപതു വർഷമായി അമ്മ എന്റെ മേത്തു മാത്രേ കയറിയിട്ടുള്ളൂ. ഞാൻ അമ്മയുടെ ചിട്ടവട്ടങ്ങളെല്ലാം അതേപടി കൊണ്ട്നടക്കണും ഉണ്ട്. എനിക്കും അമ്മ നല്ലത് മാത്രേ തന്നിട്ടുള്ളൂ. ഉള്ളുരുകി ആര് വിളിച്ചാലും കണ്ണ് തുറക്കുന്നവളാണ് ചെമ്പുക്കാവിലമ്മ. അതിനു ഞാൻ തന്നെ തെളിവാണ്. മുപ്പതു കൊല്ലങ്ങൾക്ക് മുമ്പ് ഒരു ചുറ്റുവിളക്ക് കഴിഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ തിരുമേനീടെ കുട്ടി എന്നെത്തന്നെ നോക്കി നിൽക്കുന്നു. ഞാൻ അവളെ ന്റെ കൂടെ അങ്ങട് കൂട്ടി. പാവം, രണ്ടാനച്ഛനായ അച്ഛൻനമ്പൂരിക്കും ഉണ്ടാർന്നൂത്രെ മോഹം. പിന്നീടു കുട്ടികൾക്ക് വേണ്ടി ഉരുകി വിളിച്ചപ്പോൾ ഞങ്ങടെ രവീന്ദ്രനെയും കൊണ്ട്ത്തന്നു അമ്മ. ഇതിൽ കൂടുതൽ എന്ത് തെളിവാ വേണ്ടത്..? ഇപ്പൊ ശരീരം കൊണ്ട് വയ്യാതായിത്തുടങ്ങി. എന്നാലും അമ്മേടെ ചിട്ടവട്ടങ്ങളെല്ലാം ചെയ്യാൻ എനിക്ക് സന്തോഷെ ഉള്ളൂ..."

ആവശ്യമുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു. ചെറുതെങ്കിലും സന്തുഷ്ടജീവിതം നയിക്കുന്ന ഗോപാലൻ നായരോടുള്ള ആരാധന മനസ്സിൽ നിറച്ചു ചെമ്പുക്കാവിലമ്മയെ പ്രാർത്ഥിച്ച് ഞാൻ അവിടെ നിന്നുമിറങ്ങി, എന്റെ ലോകത്തിലേക്ക്‌. ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പറക്കേണ്ട ലോകത്തിലേക്ക്‌.

അപ്രതീക്ഷിതമായാണ് റിപ്പോർട്ടർ ആയി വീണ്ടും ചെമ്പുക്കാവിൽ എത്തിയത്. അമ്പലത്തിനു മുൻപിലുള്ള ചായക്കടയിൽ കയറി ചായ കുടിക്കുന്നതിനിടയിൽ ഗോപാലൻ നായരെപ്പറ്റി ചോദിച്ചു. പാവം വലിയ കഷ്ടപ്പാടിൽ ആണത്രേ. അയാളുടെ ഭാര്യക്ക്‌ ഹാർട്ടിനു പ്രശ്നം ആണത്രേ. ചികിത്സിക്കാൻ വേണ്ടി ആ വീടും സ്ഥലവുമെല്ലാം വിറ്റ് വാടകയ്ക്ക് ഇരിക്ക്യാണ്. സ്വത്തൊന്നും ഇല്ലാത്തതിനാൽ മോനും ഇപ്പോൾ അവരെ വേണ്ട. ലാഭം ഇല്ലാത്ത ബിസിനസ്സിന് ആരാ നിൽക്കാ..? അതോണ്ട് അയാളും അവരെ ഉപേക്ഷിച്ചു പോയി. ഇവിടെ നിന്ന് എപ്പോഴെങ്കിലും ചുറ്റുവിളക്കോ മറ്റോ ഉണ്ടായാൽ എന്തേലും കിട്ടും. അതോണ്ട് നിത്യവൃത്തിക്ക് പോലും ആവില്ല്യ. എന്നാലും അമ്പലത്തിന്റെ കാര്യത്തിൽ ഒരു കുറവും വരുത്താറില്ലത്രെ പാവം.

വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ദേവിയെ വെളിച്ചപ്പാട് വിളിക്കണില്ലേ എന്ന് മനസ്സിൽ ആലോചിച്ചു നടന്നു, വാർത്തകളുടെ സാധ്യത തേടി. വെളിച്ചപ്പാട് എങ്കിൽ വെളിച്ചപ്പാട്. ആരെ വിറ്റായാലും കച്ചവടം നന്നാക്കണം.

അമ്പലത്തിനടുത്ത് ആൾക്കൂട്ടം നിൽക്കുന്നു എന്ന് സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോൾ ക്യാമറയും തൂക്കി വേഗം നടന്നു. അവിടെ നാട്ടുക്കൂട്ടം നടക്കുകയാണ്. അമ്പലത്തിലെ ഭണ്ഡാരം ആരോ തുറന്നിരിക്കുന്നു. നാണയത്തുട്ടുകൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. പോലിസിനെ വിളിക്കാം എന്ന് ഒരു വിഭാഗം പറഞ്ഞു കൊണ്ടിരിക്കുന്നു. എല്ലാവരും അതിനു തയ്യാറായി നിൽക്കുമ്പോൾ പൊട്ടൻ ചാടി അതാ വരുന്നു നമ്മുടെ ഗോപാലൻ നായർ. പാവം വയ്യാതായിരിക്കുന്നു. വന്നപാടെ രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി അയാൾ പറഞ്ഞു, "അമ്മേ ക്ഷമിക്കണം, എല്ലാരും ക്ഷമിക്കണം. ഭണ്ഡാരം തുറന്നത് ഞാനാ..! സരസ്വതിക്ക് മരുന്ന് വാങ്ങാൻ കൈയിൽ ഒന്നും ഉണ്ടായിരുന്നില്ല. അതിനു കുറച്ചു രൂപ എടുത്തു. എല്ലാരും എന്നോട് ക്ഷമിക്കണം. പൊറുക്കാൻ വയ്യാത്ത തെറ്റാണ് എന്നറിയാം, എന്നാലും..."

"വെളിച്ചപ്പാട് മോഷ്ടിക്കേ..?! എന്താ ഈ കേൾക്കണേ..! ശിവ ശിവ..!!", തിരുമേനി തുടക്കമിട്ടു. മറ്റുള്ളവർ ഏറ്റു പിടിച്ചു. "കള്ളൻ വെളിച്ചപ്പാട്..! കള്ളൻ വെളിച്ചപ്പാട്..!", അവർ ഉറക്കെ വിളിച്ചു പറഞ്ഞു. അയാളുടെ തേങ്ങലുകൾ ആ ഘോര ശബ്ദങ്ങൾക്കിടയിൽ ആരുടെ കാതിലും എത്തിയില്ല.

വെളിച്ചപ്പാടിനെ പോലിസ്ജീപ്പിന്റെ പിന്നിൽ കയറ്റി മുൻപോട്ടു നീങ്ങുമ്പോൾ ആളുകളെല്ലാം മഹത്തായ എന്തോ ചെയ്തെന്ന മട്ടിൽ സംസാരിച്ചു നടന്നു കൊണ്ടിരുന്നു.

ക്യാമറ ശ്രീകോവിലിലേക്ക് ഫോക്കസ് ചെയ്തു. കണ്ണുകളടച്ചു പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു ചെമ്പുക്കാവിലമ്മ. പിന്നീട് പോലീസ് ജീപ്പിന്റെ പിന്നിലേക്ക് ആക്കി ഫോക്കസ്. വിറയാർന്ന ചുണ്ടുകളോടെ അയാൾ പുലമ്പുന്നുണ്ടായിരുന്നു, "പൊട്ടക്കണ്ണി..!"

ആ ശബ്ദം അമ്പലമതിലിലും ആൽത്തറക്കൊമ്പിലും തട്ടി പ്രധിധ്വനിച്ചു കൊണ്ടിരുന്നു. മുഴുവനുമില്ലേ എന്ന് റീവൈന്റു ചെയ്ത് ഉറപ്പുവരുത്തി മുഖത്ത് നിസ്സഹായത എടുത്തിട്ട് ഞാൻ നടന്നു.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.