പ്രണയദിനസമ്മാനം

അന്ന് ഒരു പ്രണയദിനമായിരുന്നു. പ്രണയദിനം - പ്രണയത്തിന് അങ്ങനെ ഒരു ദിവസം - എനിക്കത്ര വലിയ താല്പര്യമുള്ള ഒന്നായിരുന്നില്ല. ഒരു ദിവസം മാത്രം പ്രണയം. എന്തൊരു മണ്ടത്തരം! എന്റെ വികലമായ ആദർശമാവാം ആ ചിന്തയ്ക്ക് പിന്നിൽ. അതല്ലങ്കിൽ പിന്നെ പാളിപ്പോയ ടീനേജ് ഇൻഫാച്ചുവേഷന്റെ നേരിയ ഓർമ്മകളുമാവാം.

പക്ഷെ ആ പ്രണയദിനം! തലേദിവസം മുതൽ എനിക്കുള്ളിൽ ഒരു ചെറിയ നീറ്റലുണ്ടായിരുന്നു. കാരണം, ഒന്ന് നിഴലുപോലെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്റെ ഒന്നാം വിവാഹവാർഷികം - അതും പ്രണയവിവാഹവാർഷികം! അതിന്റെ കുശുമ്പ്. മറ്റൊന്ന് ഞാൻ ആ വലിയ നഗരത്തിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ തുടങ്ങിയതിന്റെ വാർഷികം.

ഏകാന്തതയില്‍ മൗനത്തിന് കൂട്ടായി ഒരു വർഷം. അല്പം സംസാരിക്കുന്നതുതന്നെ ആകെ ചെയ്യുന്ന പ്രോഗ്രാമിനെക്കുറിച്ച്, അതും ഡയറക്ടർ വരുന്ന ദിവസങ്ങളിൽ. അതു കഴിഞ്ഞാല്‍ മിണ്ടുന്നത് ഹോട്ടലിൽ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍. പിന്നെ ഫോണിൽ അല്പനേരം അച്ഛനോടും അമ്മയോടും അനിയത്തിയോടും. കഴിഞ്ഞു! അല്ലാതെയുള്ള സമയങ്ങളിൽ ആ വലിയ സ്റ്റുഡിയോയിൽ കമ്പ്യൂട്ടറുകൾക്കു നടുവിൽ ഏകാകിയായി...

മുന്‍പ് ഭൂമിക്കു മുകളിലുള്ള സകലതും സംസാരവിഷയമായിരുന്നു എനിക്കും കൂട്ടുകാരനും. ചർച്ച ചെയ്യാത്ത വിഷയങ്ങൾ കുറവ്. അതിനാണ് സഡൻ ബ്രേക്ക് വീണത്. വിവാഹം നടത്തി, തങ്ങിയിരുന്ന കുടുസ്സുമുറി വധൂവരൻമാർക്ക് കൊടുത്ത് ഏകാന്തതയുടെ ഭാണ്ഡക്കെട്ടുമായി ഇറങ്ങി.

പ്രണയദിനം. എനിക്കെന്ത് പ്രണയദിനം! ഒരുപാട് ജോലിയുണ്ട് ചെയ്തു തീർക്കാൻ.

ഞാൻ പതിവുപോലെ സ്റ്റുഡിയോയിലേക്ക് പുറപ്പെട്ടു. ചിന്തകൾ വരിഞ്ഞു മുറുക്കുന്നത് ആ നടപ്പിലാണ്. നഗരത്തിന്റെ തിരക്കിൽ ആരെയും ശ്രദ്ധിക്കാതെ ഞാൻ നടന്നു. പെട്ടെന്ന് എവിടെ നിന്നോ രണ്ട് അപ്പൂപ്പൻ താടികൾ എന്റെ മുന്നിലേക്ക് പറന്നു വന്നു. ഞാന്‍ കൈകള്‍ നീട്ടിയപ്പോള്‍ അവ എന്റെ കൈക്കുമ്പിളിലേക്ക് ഇറങ്ങി വന്ന് കാറ്റില്‍ പതുക്കെ ഉലഞ്ഞുകൊണ്ടിരുന്നു. എന്റെ ചിന്തകൾ മുറിഞ്ഞു. മനസ്സില്‍ എന്തെന്നില്ലാത്ത ഒരാനന്ദം നിറഞ്ഞു വരുന്നു. ഹോ, എന്തൊരു സന്തോഷം! ആ നഗരത്തിൽ അതുവരെ അപ്പൂപ്പൻ താടിയെ മുൻപ് കണ്ടിട്ടില്ല. ഈ സുദിനത്തിന്റെ പ്രത്യേകത പോലെ ഇണകളായാണ് അവ പറന്നു വന്നത്.

അവയെ കൈക്കുമ്പിളിലാക്കി ഓടുകയായിരുന്നു ഞാൻ എന്ന് തോന്നി. ഓഫീസ്സിൽ എത്തിയ ഉടനെ എന്റെ പ്രണയദിനസമ്മാനം എല്ലാവർക്കും കാണിച്ചു കൊടുത്തു. പുഞ്ചിരി, വർണന, വിവിധങ്ങളായ ഭാവങ്ങൾ... എന്റെ സന്തോഷം ഇരട്ടിച്ചു.

ആ ദിവസം മുഴുവൻ അവ രണ്ടും എന്റെ മോണിട്ടറിന്റെ കീഴിൽ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു, ഒരു ഏകാകി‍യുടെയരികില്‍ ഈശ്വരന്റെ സ്നേഹസാന്നിദ്ധ്യം പോലെ.

ഇഷ്ടമായെങ്കിൽ ഈ കഥ സുഹൃത്തുക്കൾക്കു വേണ്ടി ഷെയർ ചെയ്യൂ. ചെറുകഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ വായിക്കട്ടെ.