പ്രണയലേഖനം
"തനിക്ക് ഇതിന്റെ അനന്തരഫലം എന്തായിത്തീരുമെന്ന് നല്ല നിശ്ചയം ഉണ്ടോ? അല്ലെങ്കിൽത്തന്നെ ഇപ്പോൾ അരക്കു താഴെ തളർന്നിരിക്കുന്നു. ഇനി ഒന്നെഴുന്നേറ്റ് നടക്കാൻ എത്ര കാലം കഴിയണം? അപ്പോഴാ അടുത്ത ഭ്രാന്ത്!", ഡോക്ടർ ജെയിംസ് ഒട്ടും അടുക്കുന്ന ലക്ഷണമില്ല.
"ഉണ്ട് ഡോക്ടര്‍, ആരുമില്ലാത്ത, പ്രത്യേകിച്ച് ഒരു ലക്ഷ്യം പോലുമില്ലാത്ത എനിക്ക് അതൊരു പ്രശ്നമല്ല. പക്ഷേ ആ കുട്ടിക്ക് അങ്ങിനെയല്ല. അവളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്, ഒരു നല്ല ഭാവിയുണ്ട് അവള്‍ക്ക്. പ്ലീസ് ഡോക്ടര്‍ എന്നെ തടയരുത്. പറ്റില്ല എന്ന് പറയരുത്. ഡോക്ടർ ജോര്‍ജ് മാത്യുവിനോട് സർ ഒന്ന് സംസാരിക്കണം."
"ആരും ഇല്ല എന്നതാണ് വലിയ പ്രശ്നം."
"ഡോക്ടര്‍, താങ്കള്‍ അതോര്‍ത്തു വിഷമിക്കേണ്ട, ഞാന്‍ ആര്‍ക്കും ഒരു ശല്യമാവില്ല. ഇതിനു വേണ്ട എല്ലാ കാര്യങ്ങളും ഡോക്ടര്‍ പെട്ടെന്ന് നടത്തണം."
"നടക്കുന്ന കാര്യമല്ല. ഇന്ത്യൻ അനാട്ടമിക്കൽ ആക്ട് പ്രകാരം ജീവിച്ചിരിക്കുന്ന ആളുകളുടെ അവയവം ദാനം ചെയ്യുന്നതിൽ കിഡ്നി ഒഴികെ ബാക്കി എല്ലാം നിയമവിരുദ്ധമാണ്. സത്യത്തിൽ നിന്റെ ഈ അപകടം ഒരു ആത്മഹത്യാശ്രമം ആയിരുന്നോ? അല്ലെങ്കിൽ പിന്നെ എന്തിനാ കണ്ണുകൾ അവൾക്ക് ദാനംചെയ്യണം എന്നൊക്കെ എഴുതി ലെറ്റർ പോക്കെറ്റിൽ വെച്ചിരുന്നത്?"
"ആത്മഹത്യ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എത്രയും പെട്ടെന്ന് അഡ്വക്കേറ്റ് ശ്യാമിനെ കാണുക, നേത്ര ദാനത്തിന്റെ കാര്യങ്ങളെ പറ്റി അറിയുക. ഇത്രയേ പോവുമ്പോൾ ഉദ്ദേശിച്ചുള്ളൂ. പക്ഷേ..."
"പക്ഷെ, വരുമ്പോൾ ആത്മഹത്യയായിരുന്നു മനസ്സിൽ! അല്ലെ? നിന്റെ പ്രായം ചെറുപ്പമാണ്. ഈ ചോരത്തിളപ്പിൽ തോന്നുന്നതാണ് ഇതെല്ലാം. കുറച്ചു കാലം കഴിഞ്ഞാൽ നീ ഇതോർത്ത് ഖേദിക്കും. അന്നവൾ സുഖമായി ജീവിക്കുന്നുണ്ടാവും. നീ എല്ലാവർക്കും ഭാരമായി..."
"ശ്യാം എന്നോട് മുബൈയിലുള്ള ഒരു മിസ്റ്റർ ഉപാധ്യയെപ്പറ്റി പറഞ്ഞിരുന്നു. അദ്ദേഹം ജീവിച്ചിരിക്കുമ്പോഴാണ് കണ്ണുകൾ ദാനം ചെയ്തത്."
"കണ്ണുകൾ അല്ല. ഒരു കണ്ണ്. അത് തന്നെ പിന്നീട് ഒരുപാട് ചർച്ചകൾക്കും ബഹളങ്ങൾക്കും കാരണമായി."
"എങ്കിൽ എന്റെ ഒരു കണ്ണെങ്കിലും അവൾക്ക് കൊടുത്തൂടെ?"
"അതിനൊക്കെ പിന്നെയും കുറെ നിയമതടസ്സങ്ങൾ ഉണ്ട്. മാത്രമല്ല ഒരു കണ്ണ് മാത്രമായി മാറ്റിവെക്കാൻ അവര്‍ തയാറാവില്ല. നമുക്ക് കാത്തിരിക്കാം, എല്ലാം ശരിയാകും."
***
"ഗുഡ് മോര്‍ണിംഗ്"
"ഗുഡ് മോര്‍ണിംഗ് ഡോക്ടര്‍, സർ വലിയ സന്തോഷത്തിൽ ആണെന്ന് തോന്നുന്നല്ലോ?"
"ഡോ തനിക്ക് വിധി എന്നൊക്കെ പറയുന്നത് എന്താന്നറിയോ?"
"ഇതൊക്കെ തന്നെയല്ലേ സർ വിധി!"
"അതെ. ഇന്നലെ രാത്രിയിൽ ഒരു ആക്സിഡന്റ് കേസ്. തന്നെപ്പോലെ ഒരു ചെറുപ്പക്കാരൻ. ജീവൻ പോവുന്നതിന് മുൻപ് അവനെന്റെ കയ്യിൽ ഒരു പിടിയങ്ങു പിടിച്ചിട്ട് പറഞ്ഞു, 'എന്റെ ശരീരത്തിൽ ആർക്കെങ്കിലും ഉപകാരപ്പെടുന്ന എന്തെങ്കിലും ബാക്കി ഉണ്ടെങ്കിൽ അത് മണ്ണിനു വിട്ടു കൊടുക്കരുത്!', 'ഒന്നും സംഭവിക്കില്ല,ധൈര്യമായിരിക്കൂ' എന്നൊക്കെ ഞാൻ സമാധാനിപ്പിച്ചു. എങ്കിലും അധികനേരമൊന്നും കിട്ടിയില്ല. എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ അവനങ്ങു പോയി."
"എന്നിട്ട്..?"
"അവന്റെ വീട്ടുകാരെ ഇതെങ്ങിനെ പറഞ്ഞു മനസ്സിലാക്കും എന്നായിരുന്നു പേടി. അവരോട് സംസാരിച്ചപ്പോൾ ഞാൻ പേടിച്ച പോലെത്തന്നെ, അവരാരും സമ്മതിച്ചില്ല. പക്ഷെ അവന്റെ ഉപ്പ എന്നെ ഞെട്ടിച്ചു കളഞ്ഞു.. 'എനിക്കും അവന്റെ ഉമ്മാക്കും അനിയത്തിക്കും അവനൊരാളെ ഉണ്ടായിരുന്നുള്ളൂ. അവൻ ആരുടെയെങ്കിലുമൊക്കെ ജീവന്റെ ഭാഗമായി ഇവിടെത്തന്നെ ഉണ്ടാവട്ടെ. അവനെ വിട്ടു താരാനായാൽ പറയ്, ഞങ്ങൾ ഇവിടെ ഉണ്ടാവും.' "
"ഞാൻ അപ്പോൾത്തന്നെ ജോർജിനെ അറിയിച്ചു. തന്റെ ആഗ്രഹം പോലെ എല്ലാം നടക്കുമെടോ!"
***
ഇരുട്ടിനെ കീറിമുറിച്ചു ആ ഇന്നോവ കാര്‍ അതിവേഗത്തില്‍ പോയ്ക്കൊണ്ടിരുന്നു.
"എന്റെ പേര് അഭിലാഷ്, അഭി എന്ന് എല്ലാവരും വിളിക്കും. അഞ്ചു വര്‍ഷമായി കരുണാലയത്തില്‍ ജോലി ചെയ്യുന്നു.", ഏറെ നേരത്തെ മൗനം അസഹ്യമായപ്പോഴാവണം അവന് തുടങ്ങിയത്.
"രണ്ടു കണ്ണും ഒരു പെണ്‍കുട്ടിക്ക് ദാനം ചെയ്യുന്ന ഒരാളെക്കൊണ്ടുവരാന് പോവണം എന്ന് ജോൺ സര് പറഞ്ഞപ്പോള്‍ ഒരു പ്രായമായ ആളെയാണ് ഞാന്‍ പ്രതീക്ഷിച്ചത്. ഇവിടെ വന്നപ്പോൾ പക്ഷെ കാഴ്ചയുള്ള ആളും ചെറുപ്പക്കാരനും. മാത്രമല്ല ഇങ്ങനെ അരക്ക് താഴോട്ട് തളർന്ന ആളാണെന്ന് തീരെ പ്രതീക്ഷിച്ചുമില്ല."
"പ്രായമായ ഒരാളുടെ നിറം മങ്ങിയ കാഴ്ച ആ കുട്ടിക്കെന്തിനാ അഭീ..."
"അത് ശരിയാ.. എന്നാലും നീ ഈ പ്രായത്തില്‍... കണ്ണ് വേറെയാരോ ദാനം ചെയ്തെന്നറിഞ്ഞു. സത്യത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോഴാണോ ഈ അപകടം സംഭവിച്ചത്?"
"ആത്മഹത്യ ഞാൻ ഉദ്ദേശിച്ചിരുന്നില്ല."
"വിരോധമില്ലെങ്കില്‍ മറുപടി പറഞ്ഞാല്‍ മതി. ഇങ്ങനെ ഒരു ത്യാഗം ചെയ്യാന്‍ മാത്രം ആരാ ആ കുട്ടി?"
"ഞാന്‍ പറയാം, ഇനിയും ഒരുപാട് ദൂരം ഓടാനില്ലേ. ഞാന്‍ എല്ലാം പറയാം. ബോറടിച്ചു തുടങ്ങിയാല്‍ പറയണം, അപ്പോള്‍ ഞാന്‍ നിര്‍ത്താം."
"ഇല്ല, ബോറടിക്കില്ല. ഒന്നും മിണ്ടാതെയുള്ള ഈ ഇരുപ്പാണ് ബോറാവുക."
"ഇപ്പോള്‍ എനിക്ക് ആരും തന്നെ ഇല്ല എന്ന് പറയാം. എന്ന് വച്ച് ഞാന്‍ അനാഥനല്ല. എന്റെ ഉമ്മ എവിടെയോ സുഖമായി ജീവിച്ചിരിപ്പുണ്ട്. എന്റെ വളരെ ചെറുപ്പത്തിലേ ഉപ്പ മരിച്ചു പോയി. പൊന്നാനി ആയിരുന്നു എന്റെ സ്ഥലം. എന്ന് വച്ചാല്‍ ഉപ്പയും ഞാനും ഉമ്മയും താമസിച്ചിരുന്നത്. ഉമ്മയെ കണ്ണൂര്‍ നിന്നാണ് ഉപ്പ കല്യാണം കഴിച്ചത്. സന്തോഷകരമായ ജീവിതമായിരുന്നു എന്റെ ആറാം ക്ലാസ്സ് വരെയുള്ള കാലം. എല്ലാ വെള്ളിയാഴ്ചകളിലും ഉപ്പയുടെ കൂടെ സിനിമ കാണാന്‍ പോയിരുന്നതും സ്കൂള്‍ അവധിക്കു കണ്ണൂരില്‍ വെല്ലിമ്മയുടെ (ഉമ്മയുടെ ഉമ്മ) വീട്ടില്‍ ചെന്ന് നില്ക്കുന്നതും എല്ലാം ഇപ്പോളും മധുരമുള്ള ഓര്‍മ്മകള്‍ തന്നെയാണ്.
ഒരു ദിവസം കാലത്ത് വീട്ടില്‍ നിന്നും പോയ ഉപ്പയുടെ മരണവാര്‍ത്തയാണ് ഉപ്പയെക്കള് മുന്‍പേ വീട്ടില്‍ എത്തിയത്. അവിടംമുതല്‍ എന്റെ ജീവിതം പാടെ തകര്‍ന്നു പോയി. എല്ലാവരും ചേര്‍ന്ന് ഉമ്മയെ നിര്‍ബന്ധിച്ചു വേറെ കല്യാണം കഴിപ്പിച്ചു. അവിടെ ഞാന്‍ ഒരു ബാധ്യതയാണെന്ന് വന്നപ്പോള്‍ എന്നെ വെല്ലിമ്മ കയ്യേറ്റു. എനിക്കും വെല്ലിമ്മയെ ഒരുപാടു ഇഷ്ടമായിരുന്നു. ഒരുപാടാളുകളുള്ള ഒരു വലിയ വീടാണ് തറവാട്. ഏഴു മാമന്മാര്ക്ക് ഒരേ ഒരു പെങ്ങളാണ് എന്റെ ഉമ്മ. പക്ഷെ ഉമ്മയുടെ രണ്ടാം വിവാഹവും എന്റെ തറവാട്ടിലെ സ്ഥിരതാമസവും വെല്ലിമ്മ ഒഴികെ മറ്റെല്ലാവരും എന്നെ വെറുക്കാന്‍ കാരണമായി. അതിനാല്‍ വെല്ലിമ്മ എന്നെ അകലെ ഒരു ബോര്ഡിങ്ങില് ചേര്‍ത്ത് പഠിപ്പിച്ചു. വീണ്ടും അവധിക്കാലങ്ങളിലെ കൂടിക്കാഴ്ച്ചകളായി മാറി എന്റെയും വെല്ലിമ്മയുടെയും സ്നേഹം.
പക്ഷെ എനിക്കവിടെ ഒരു കൂട്ടുകാരനെ കിട്ടി. ഫാരിസ്. അവന്റെ സന്തോഷങ്ങളും എന്റെ സങ്കടങ്ങളും ഞങ്ങള്‍ ഒരുമിച്ചു പങ്കുവെച്ചു. വര്‍ഷങ്ങള്‍ പെട്ടെന്ന് കടന്നു പോയി. പത്താം ക്ലാസ്സ് പരീക്ഷയുടെ സമയത്താണ് വെല്ലിമ്മ മരിച്ചത്. എന്റെ ഉപ്പയുടെ മരണത്തിനു ശേഷം ഹൃദയം പൊട്ടി കരഞ്ഞു പോയത് അന്നായിരുന്നു. മരണം രംഗബോധമില്ലാത്ത കോമാളിയെന്നു 'മഞ്ഞി'ൽ വായിച്ചിരുന്നത് വളരെ ശരിയായി തോന്നി. രംഗബോധം ഒട്ടുമില്ലാതെ കടന്നു വന്ന് എന്നെ വീണ്ടും വേദനിപ്പിച്ചു മരണം.
പരീക്ഷ കഴിഞ്ഞു പിന്നെ തറവാട്ടിലേക്ക് പോയില്ല. മെസ്സില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്ന ഹസ്സനിക്കാടെ വീട്ടില്‍ ഒരു മാസം. അവധി കഴിഞ്ഞു തിരിച്ചു വന്ന ഫാരിസിനോട് ഹസ്സനിക്കയാണ് ഞാന്‍ വീട്ടില്‍ പോയില്ല എന്ന് പറഞ്ഞത്. അവന് എന്നോട് വഴക്കിട്ടു. അവന്റെ വീട്ടില്‍ നില്ക്കായിരുന്നില്ലേ എന്ന് ചോദിച്ചു. സത്യത്തില്‍ വീട്ടിൽ ഭക്ഷണത്തിനു പോലും വകയില്ലാത്തവരായിരുന്നു ആ ബോര്‍ഡിങ്ങിലെ മുഴുവന്‍ കുട്ടികളും. അങ്ങിനെയുള്ള ഒരു വീട്ടില്‍ ഞാന്‍, അവര്‍ക്ക് ബുദ്ദിമുട്ടാവാതിരിക്കാനാണ് കൂടെ പോവാതിരുന്നത്. അവന്റെ വീട്ടില്‍ അവനും ഉപ്പയും ഉമ്മയും ഒരു അനിയത്തിയുമാണ്. പട്ടിണിയില്ലാതെ ജീവിക്കുന്നു എന്ന് മാത്രം.
പക്ഷെ അധിക സമയം എന്നോട് തെറ്റി നില്‍ക്കാനൊന്നും അവനു പറ്റില്ലായിരുന്നു. വീണ്ടും സന്തോഷകരമായി ദിനങ്ങള്‍ നീങ്ങി. പരീക്ഷയുടെ ഫലം വരുന്നത് വരെ മതപരമായ ക്ലാസുകളായിരുന്നു. മരണവും അതിനു ശേഷമുള്ള ജീവിതവും പാപപുണ്യങ്ങളുടെ ഫലവും, അങ്ങിനെ ഒരുപാട് കാര്യങ്ങള്‍.
അതിനിടയില്‍ പരീക്ഷാഫലവും വന്നു. എല്ലാവരും വിജയിച്ചിരുന്നു. ഫാരിസ് നല്ല മാര്‍ക്ക് വാങ്ങി. പിന്നീടു രണ്ടുവർഷം അവിടെത്തന്നെ പഠിച്ചു. പിന്നെ അവിടെ നിന്നും പടിയിറങ്ങേണ്ട സമയം വന്നു. എല്ലാവർക്കും തിരിച്ചു പോവാന്‍ ഇടമുണ്ടായിരുന്നു. ഹസ്സനിക്കയുടെ വീട്ടില്‍ നില്കാന് പറഞ്ഞു ഹസ്സനിക്ക. പക്ഷെ ഫാരിസ് സമ്മതിച്ചില്ല. ഇപ്രാവശ്യം അവനെ കൊണ്ട് പോവാന്‍ അവന്റെ ഉപ്പയും ഉമ്മയും അനിയത്തിയും കൂടെ വന്നിരുന്നു. എന്നെ കൂടെ ക്ഷണിക്കുക എന്നതായിരുന്നു ആ വരവിന്റെ ഉദ്ദേശ്യം. എനിക്ക് വീണ്ടും ഉറ്റവരും ഉടയവരും ഉണ്ടായി. ഫാരിസ് പഠിക്കാന്‍ മിടുക്കന്. അവന് മംഗലാപുരത്ത് ഒരു കോളേജില്‍ ചേര്‍ന്ന് പഠിച്ചു. ഞാന്‍ അവരുടെ നാട്ടില്‍ ഒരു മെഡിക്കല്‍ ഷോപ്പില്‍ പണിക്കു പോയിത്തുടങ്ങി. അവിടത്തെ തിരക്ക് പിടിച്ച ഒരു ഫാര്‍മസി അതായിരുന്നു. ഷിഫ ഫാര്‍മസി എന്നാണ് പേര്. കോഴിക്കോട്ടുകാരന് ഒരു കോയക്കയാണ് മുതലാളി. കോയാസ് ഫാര്‍മസി എന്ന് പറഞ്ഞാലേ അറിയൂ. വളരെ ശുദ്ധനാണ് കോയാക്ക. ഞാനും ഉസ്മാനുമായിരുന്നു അവിടെ പണിക്ക്. പിന്നീട് ശ്രീകാന്ത് വന്നു. ഓരോ നിമിഷവും അസ്വദിച്ച് ജീവിക്കണം എന്ന് പഠിപ്പിച്ചത് കോയാക്കയാണ്. കോയാക്ക ആളൊരു രസികന്‍. രസകരമായിരുന്നു അവിടത്തെ ജീവിതം. ഒരഞ്ചാറ് വർഷം അങ്ങിനെ പോയി.
അഭിക്കു ബോറടിക്കുന്നുണ്ടോ എന്റെ കഥ കേട്ടിട്ട്?"
"ഇല്ല, നീ പറയൂ."
"ഇനി കുറച്ചു നല്ല സംഭവങ്ങള്‍ പറയാം, എന്റെ ജീവിതത്തിലെ.
കോഴിക്കോട്ടു നിന്നും ഒരുപാട് ദൂരം യാത്ര ചെയ്തു വേണം അവിടെയെത്താന്‍. എന്നാലും എന്നും കാലത്ത് ഏഴു മണിക്ക് കോയാക്ക കട തുറക്കും. അതൊരു ശീലമാണ്. എട്ടുമണിക്ക് ഞാന്‍ എത്തും. ഉസ്മാന് ഫാര്‍മസിസ്റ്റ് ആണ്. ആള് പതിനൊന്നു മണിക്കേ എത്തൂ. ശ്രീകാന്ത് വന്നതില്‍ പിന്നെ അവന് നേരത്തെ വരും. ഞാന്‍ ഒന്‍പതു മണിയാക്കി.
കോയാസില്‍ വച്ചാണ് ഞാന്‍ ആദ്യം സനിലയെ കാണുന്നത്. അവള് ഒരു ഹൂറിയാണ്. ജന്നത്തിലെ ഹൂറി. കോയാസിന്റെ മുന്നിലൂടെ എന്നും ഒന്‍പതു മണിക്ക് അവള് സ്കൂളിലേക്ക് പോവും. ഞാന്‍ അതും നോക്കി വെള്ളമിറക്കി നില്ക്കും. എന്റെയുള്ളില്‍ പ്രേമമുണ്ട്. അത് അവളോട് പറയാന്‍ ആഗ്രഹവുമുണ്ട്. പക്ഷെ ധൈര്യമില്ല. ഞാന്‍ ശ്രീകാന്തിനോട് പറഞ്ഞു. അവന് ഒരു വഴി ആലോചിക്കട്ടെ എന്ന് പറഞ്ഞു. എല്ലാ പ്രതീക്ഷയും അവനില്‍ നല്കി ഞാന്‍ കാത്തിരുന്നു. അതൊരു മഴക്കാലമായിരുന്നു. ഒരു വൈകുന്നേരം. തിരക്കൊന്നുമില്ല. എല്ലാവരും വെറുതേയിരിക്കുന്നു. നല്ല മഴയുമുണ്ട്. അപ്പോള്‍ കോയാക്ക വിളിച്ചു.
'ഡാ ശ്രീ'
'എന്താ ഇക്കാ'
'ഈ മഴയത്ത് കൊള്ളിയും ബീഫും കഴിക്കാന്‍ നല്ല രസമായിരിക്കും അല്ലേ?'
'പിന്നെ അല്ലാതെ!'
അപ്പോള്‍ കോയാക്ക കൈവിരല്‍ മടക്കി എണ്ണി തുടങ്ങി. ഒന്ന്, രണ്ട്, മൂന്ന്, നാല്.
'ഡാ ശ്രീ, നീ പോയി നാലു കൊള്ളിയും ബീഫും വാങ്ങി വാ.'
ഞങ്ങളും എണ്ണി. ഒന്ന് കോയാക്ക, രണ്ട് ഞാന്‍, മൂന്ന് ശ്രീ, നാല് ഉസ്മാന്.. ഞങ്ങളുടെ മനസ്സില്‍ നാലഞ്ചു ലെഡു ഒന്നിച്ചു പൊട്ടി.
ശ്രീ പെട്ടെന്ന് തന്നെ കുടയും എടുത്തു കോയാക്ക കൊടുത്ത പൈസയും വാങ്ങി തകര്‍ത്തു പെയ്യുന്ന മഴപോലും വകവെക്കാതെ ഇറങ്ങി നടന്നു. ഞങ്ങള്‍ മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ അവനെയും കാത്തിരുന്നു. ഒടുവില്‍ അവനെത്തി. ഒരു വലിയ പൊതി തന്നെ ഉണ്ടായിരുന്നു അവന്റെ കയ്യില്‍. വന്നയുടനെ ത്തന്നെ അവന് പൊതി കോയക്കാടെ കയ്യില്‍ കൊടുത്തു. കോയാക്ക തന്നെ തരുന്നതാണല്ലോ അതിന്റെ ശരി. പൊതി കയ്യില്‍ കിട്ടിയ ഉടന്‍ കോയാക്ക അതൊരു വലിയ കവറില്‍ ഇട്ടു കെട്ടിവെച്ചു. കെട്ടുന്നതിനിടയില്‍ കോയാക്ക ഇത്രയും കൂടി പറഞ്ഞു.
'ഫൗസി മോള്‍ക്കും അനീസ് മോനും മഴ തുടങ്ങിയപ്പോള്‍ ഉള്ള പൂതിയാ, കൊള്ളിയും ബീഫും കഴിക്കണം എന്ന്. ഞാന്‍ ഇവിടുന്നു കോഴിക്കോട്ടു എത്തുമ്പോള്‍ തട്ടുകടയെല്ലാം അടച്ചിട്ടുണ്ടാവും. ഇന്നേതായാലും അവര്‍ക്ക് സന്തോഷാവും. ഓള്ക്ക് വിളിച്ചു പറയണം ഇന്നിനി അത്താഴത്തിനു ഒന്നും ഉണ്ടാക്കണ്ടന്ന്'
എന്ത് പറയണം എന്നറിയാതെ ഞങ്ങള്‍ ഇരുന്നു. എല്ലാവർക്കും നിരാശയുണ്ടായി. കൂടുതലും പക്ഷെ ശ്രീക്കായിരുന്നു. അവനാണല്ലോ പെരുമഴയത്ത് പോയി അത് വാങ്ങിയത്, അതുകൊണ്ടാവും എന്ന് കരുതി.
പക്ഷെ പിറ്റേന്നും അവന്റെ മുഖത്തെ നിരാശ മാറിയിരുന്നില്ല. എന്താണ് കാര്യം എന്ന് ചോദിച്ചിട്ട് അവന് പറഞ്ഞതുമില്ല. അന്ന് വൈകുന്നേരം കോയാക്ക ഒരു കാര്യം കൂടി പറഞ്ഞപ്പോള്‍ ആണ് ശ്രീയുടെ നിരാശയുടെ കാഠിന്യം കൂടിയതിന്റെ കാര്യം ഞങ്ങൾക്ക് മനസ്സിലായത്.
'ഡാ ശ്രീ, അവിടത്തെ കൊള്ളിയും ബീഫും നല്ല ലാഭമാണ്. ഓരോന്നും വെവ്വേറെ പൊതിഞ്ഞുട്ടുണ്ട്, മാത്രമല്ല ഓരോന്നിന്റെ കൂടെയും മുതിരയും മുട്ടയും ഫ്രീയും. പിന്നെ പാര്‍സല്‍ പ്ലേറ്റ്, ഗ്ലാസ്. മൊത്തത്തില്‍ ലാഭം തന്നെ.'
അപ്പോള്‍ ശ്രീ എന്നെയും ഉസ്മാനെയും നോക്കി. അവന് വാ തുറന്നില്ലെങ്കിലും അവന്റെ കണ്ണുകള്‍ ഞങ്ങളോട് പറഞ്ഞു, 'ഇപ്പോള്‍ പറഞ്ഞ ആ ഫ്രീ കിട്ടിയ സാധനങ്ങള്‍ എല്ലാം ഞാന്‍ കാശ് കൊടുത്ത് വാങ്ങിയതാ, എന്റെ വകയായി കൂടെ കഴിക്കാന്‍. പക്ഷെ വയറ്റു ഭാഗ്യം കോയക്കാക്കും കുട്ടികള്‍ക്കുമായിരുന്നു.'
പിന്നീടു ദിവസങ്ങളോളം ഞങ്ങള്‍ക്ക് പറഞ്ഞു ചിരിക്കാന്‍ അത് മതിയായിരുന്നു. ഞങ്ങള്‍ അവനെ അതും പറഞ്ഞു കളിയാകുമ്പോള്‍ അവന് ദേഷ്യപ്പെടാറുണ്ടായിരുന്നു. 'ഇതിനു തിരിച്ചു ഞാന്‍ ഒരു പാര പണിയും' എന്ന് അവനും പറയും. പക്ഷെ അവന് എനിക്ക് ഇത്രയും വലിയ ഒരു പാര പണിയും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.
ദിവസങ്ങള്‍ പിന്നെയും കടന്നു പോയി. എന്റെ പ്രണയത്തിനു കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ഒരു ദിവസം രാവിലെ എട്ടുമണി ആയിക്കാണും ശ്രീ വീട്ടില്‍ വന്നു . എന്നോട് പെട്ടെന്ന് ഫാര്‍മസിയില്‍ ചെല്ലാന്‍ പറഞ്ഞു . കോയക്കാടെ ആരോ മരണപ്പെട്ടു കോയക്കാക്ക് വീട്ടില്‍ പോവണം.
ഞങ്ങള്‍ ശ്രീയുടെ സൈക്കിളില്‍ പുറപ്പെട്ടു. കോയക്കാടെ ഒരു അകന്ന ബന്ധുവാണ് മരിച്ചത്. കോയക്ക ഞങ്ങള്‍ ചെന്നതും വേഗം പോയി. ഉസ്മാനും അന്ന് നേരത്തെ വന്നു. ഞങ്ങള്‍ എന്റെ പ്രണയസക്ഷാത്കാരത്തിനൊരു വഴിയാലോചിച്ചു.
അപ്പോഴാണ് യൂണിയന് നാസര്‍ക്ക അവിടേക്ക് വന്നത്. (ആ വരവ് മുൻ കൂട്ടി പ്ലാൻ ചെയ്തതാണ് എന്ന് എനിക്കറിയില്ലായിരുന്നു.) യൂണിയന് നാസര്‍ക്ക ആളൊരു പാരയാണ്. അങ്ങേരുടെ പാര കിട്ടാത്ത ഒരാള്‍ പോലും ആ അങ്ങാടിയില്‍ ഇല്ല. കുട്ടികളെയും വലിയവരെയും ഒരു പോലെ വെട്ടിലാക്കാന്‍ അങ്ങേര്‍ക്കൊരു പ്രത്യേക കഴിവാണ്. ശ്രീ എന്റെ പ്രശ്നം നാസര്‍ക്കയോട് പറഞ്ഞു. ഞാന്‍ വേണ്ട എന്ന് ഒരുപാട് വിലക്കിയതാണ്. പിന്നെ എല്ലാവരും കൂടി ധൈര്യം തന്നു . ഞാന്‍ ഇറങ്ങി.
കൃത്യം ഒന്‍പതു മണിക്ക് അവള് എന്റെ ഫാര്‍മസിക്ക് മുന്നിലെത്തി. റോഡില്‍ അത്യാവശ്യം തിരക്കുണ്ടായിരുന്നു. അത്കൊണ്ട് അവര്‍ക്ക് പിന്നാലെ ഞാനും നാസര്‍ക്കയും പതുക്കെ നടന്നു. തിരക്കൊഴിഞ്ഞ സ്ഥലത്തെത്തിയതും നാസര്‍ക്ക പറഞ്ഞു, 'ഇതാണ് പറ്റിയ സമയം. നീ ചെന്ന് കാര്യം പറ.'
എനിക്ക് പേടിയുണ്ടായിരുന്നു, 'ഞാന്‍ കൂടെ വരാം, നീ ധൈര്യമായിട്ട് നടന്നോ', നാസര്‍ക്ക പിന്നെയും ധൈര്യം തന്നു. ഞാന്‍ വിറച്ച് വിറച്ച് അവളുടെ മുന്നിലെത്തി. കൈ നീട്ടി അവളെ തടഞ്ഞു വെച്ചു. എനിക്ക് വാക്കുകള്‍ പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. എന്റെ കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കുന്നത് പോലെ. അവള് എന്നെ നോക്കി. ആ കണ്ണുകളിലേക്ക് ഒരുനിമിഷത്തില്‍ കൂടുതല്‍ നോക്കാന്‍ എനിക്ക് പറ്റിയില്ല. വളരെ തീക്ഷ്ണമായിരുന്നു ആ നോട്ടം.
പക്ഷെ പെട്ടെന്നാണ് അത് സംഭവിച്ചത്. ഞാന്‍ പറയാന്‍ തുടങ്ങുകയായിരുന്നു. ആ സമയത്താണ് നാസര്‍ക്ക എനിക്കിട്ടൊരു മുട്ടന്‍ പണി തന്നത്. 'പ്ര്ര്ര്ര്', നല്ല ശബ്ദമുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവുമ്പോഴേക്കും നാസര്‍ക്കയുടെ ഡയലോഗ്, 'ഡാ ഹമുക്കെ നിന്നോട് വാ തുറന്നു പറയാന്‍ പറഞ്ഞിട്ട് നീ എന്താ തുറന്നേ?! മനുഷ്യനെ നാറ്റിക്കാന്‍! നാറീട്ടു വയ്യ. ഹൌ!'
സനിലയും അവളുടെ കൂട്ടുകാരികളും മൂക്ക് പൊത്തി എന്നെ കളിയാക്കി ചിരിച്ചു നടന്നു പോയി. ഞാന്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അവിടെ തന്നെ നിന്നു.
തിരിച്ചു ഫാര്‍മസിയില്‍ വന്ന എന്നെ എല്ലാവരും ചേര്‍ന്ന് കളിയാക്കി. എനിക്കൊന്നും പറയാന്‍ അവസരം കിട്ടിയില്ല. അത് മാത്രമല്ല അവര്‍ക്കെല്ലാമറിയാം ഞാനല്ല, നാസര്‍ക്കയാണ് അത് ചെയ്തത് എന്ന്. പിന്നീട് എന്നും കാലത്ത് സ്കൂളിലേക്ക് പോവും വഴി അവള് ഫാര്‍മസിയിലേക്ക് നോക്കി ചിരിക്കുമായിരുന്നു. ഒന്‍പതു മണി ആയാല്‍ ഞാന്‍ പതുക്കെ മുന്‍ഭാഗത്ത് നിന്നും വലിയും. അവള് പോയതിനു ശേഷം മാത്രമേ പുറത്തു വരൂ.
അതിനിടയില്‍ ഫാരിസിനു മംഗലാപുരത്തു ജോലി കിട്ടി. ദിവസങ്ങള്‍ കഴിഞ്ഞു പോയി. ഒരു വൈകുന്നേരം സ്കൂള്‍ വിട്ടു വരുന്ന വഴി സനില നേരെ ഫാര്‍മസിയില്‍ കയറി. എനിക്കവിടുന്നു മുങ്ങാന്‍ പറ്റിയില്ല, കാരണം അവിടെ ശ്രീയും ഉസ്മാനും ഉണ്ടായിരുന്നില്ല. അവള് വന്നതും കോയാക്ക പരിചയം പങ്കു വെച്ചു.
'ഇന്ന് വെല്ലിപ്പാടെ മരുന്ന് വാങ്ങിക്കാന്‍ മോളാണോ വന്നത്, മാമന്മാരോന്നും ഇല്ലേ അവിടെ?'
'ഉണ്ട്, ഞാന്‍ എന്നും ഇതുവഴി പോവുന്നതല്ലേ, അതുകൊണ്ട് ഞാന്‍ വാങ്ങിച്ചു വരാം എന്ന് പറഞ്ഞതാ'
അവള് മനപ്പൂര്‍വം എന്നെ കളിയാക്കാന്‍ തന്നെ വന്നതാണെന്ന് എനിക്ക് മനസ്സിലായി. അപ്പോഴേക്കും കോയാക്ക വിളിച്ചു. ഞാന്‍ ചെന്ന് പ്രിസ്ക്രിപ്ഷന് നോക്കി. ഇത് ഒരുപാട് പ്രാവശ്യം ഞാന്‍ തന്നെ എടുത്തിട്ടുള്ള മരുന്നുകള്‍ ആണല്ലോ. അപ്പോള്‍ ഇവള് കൊമ്പനക്കാട്ടെ ആണല്ലേ? അപ്പോള്‍ അങ്ങിനെയങ്ങ് ഒഴിവായത് നന്നായി! ഇല്ലെങ്കില്‍ അവളുടെ മാമന്മാര് എന്ന് പറഞ്ഞു നടക്കുന്ന ആ നാലെണ്ണം വന്നെന്നെ പഞ്ഞിക്കിട്ടേനെ. പടച്ചോന് കാത്തു! ഞാന്‍ അവളുടെ മുഖത്തു പോലും നോക്കാതെ മരുന്ന് മുഴുവന്‍ എടുത്തു.
ബില്‍ കൊടുക്കുമ്പോള്‍ പോലും അവളെ നോക്കാന്‍ തോന്നിയില്ല. മുന്‍പ് ചമ്മലായിരുന്നുവെങ്കില് ഇപ്പോള്‍ ഭയം കൂടിയാണ് കാരണം. മരുന്ന് കൊടുത്തപ്പോള്‍ അവള് നാലായി മടക്കിയ ഒരു കടലാസ് എന്റെ മുന്നില്‍ വച്ചു. പിന്നെ ഒന്നും മിണ്ടാതെ നടന്നു പോയി. ഞാന്‍ വിറയ്ക്കുന്ന കൈകളോടെ അതെടുത്തു നിവര്‍ത്തി. പ്രതീക്ഷിച്ച പോലെ ഒരു എഴുത്ത് തന്നെ.
'എനിക്ക് നിന്റെ പേരറിയില്ല, ഒന്നും അറിയില്ല. കുറേ കാലമായി എന്നെ നോട്ടമിട്ടു നടക്കുന്നു എന്ന് എന്റെ കൂട്ടുകാരികള്‍ പറഞ്ഞിരുന്നു. അന്ന് കൂടെ വന്ന ആളാണ് പണി പറ്റിച്ചതെന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. പക്ഷെ നിന്റെ അപ്പോഴത്തെ ചമ്മല് കണ്ടാണ് ഞങ്ങള്‍ ചിരിച്ചത്. അന്ന് തൊട്ടേ ഒരിഷ്ടം എനിക്കും ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. നിന്റെ മെഡിക്കല്‍ ഷോപ്പിനടുത്തു എത്തുമ്പോള്‍ കൂട്ടുകാരികള്‍ ആ സംഭവം വീണ്ടും ഓര്‍മിപ്പിക്കും അപ്പോള്‍ എത്ര ശ്രമിച്ചാലും ചിരി അടക്കി നിര്‍ത്താന്‍ പറ്റില്ല. എനിക്കറിയാം ഇപ്പോള്‍ നിനക്കെന്നോട് കുറേശെ ദേഷ്യം തോന്നുന്നുണ്ടാവും എന്ന്. കുറേശ്ശെയല്ല നല്ല ദേഷ്യമുണ്ടാവും. പക്ഷെ ഇപ്പോള്‍ എന്റെ ഇഷ്ടം അറിയുന്നതോടെ എല്ലാം മാറും എന്നുമെനിക്കറിയാം. അങ്ങിനെയല്ലേ? ആണെങ്കില്‍ നാളെ അവിടെ വരണം, ആ പഴയ സ്ഥലത്ത് തന്നെ. അവിടെ വച്ച് അന്ന് എന്നോട് പറയാന്‍ പറ്റാതെ പോയത് നാളെ പറയണം. ആ വായാടികളൊന്നും നാളെ കൂടെയുണ്ടാവില്ല, ഉറപ്പ്.
എന്ന് (എന്റെ പേരെങ്കിലും അറിയുമായിരിക്കും അല്ലെ?)
സനില.
അത് വായിച്ചപ്പോള്‍ എനിക്ക് സന്തോഷമാണോ ദു:ഖമാണോ എന്ന് അറിയില്ല. കുറച്ചു മുന്പാണെങ്കില്, അവള് കൊമ്പനക്കാട്ടെയാണ് എന്ന് അറിയുന്നതിന് മുന്പാണെങ്കില് ഞാന്‍ ഒരുപാട് സന്തോഷിച്ചേനെ. ഇത് പക്ഷെ... എന്തായാലും പിറ്റേന്ന് പോവാന്‍ തന്നെ ഒടുവില്‍ തീരുമാനിച്ചു. ശ്രീയോട് തല്കാലം പറയേണ്ട. അവന് വല്ല പാരയും പണിയും ഉറപ്പ്.
അന്ന് രാത്രി ഉറക്കം വന്നില്ല. സന്തോഷമാണോ ഭയമാണോ കാരണം എന്ന് മാത്രം മനസ്സിലായില്ല. അവള് വളരെ സമ്പന്നമായ ഒരു വീട്ടിലെ കുട്ടിയാണ്. എനിക്ക് സ്വപ്നം കാണാന്‍ പോലും അര്ഹതയില്ലാത്തവള്. എന്നെപ്പറ്റി അവള്‍ക്കൊന്നുമറിയില്ല എന്നവള്‍ പറഞ്ഞു. പക്ഷെ എല്ലാം അവള് ആദ്യം തന്നെ അറിയണം. ഒന്നും മറച്ചു വെച്ച് ഒരു പ്രണയം വേണ്ട. എന്റെ കഥ മുഴുവനും പറയണം. എങ്കില്‍ ഒരു ദിവസം കിട്ടിയാല്‍ പോലും മതിയാവില്ല. അപ്പോള്‍പ്പിന്നെ നാളെ, കിട്ടുന്ന ഒരു മൂന്നോ നാലോ മിനുട്ട്, ഒന്നും പറയാന്‍ പറ്റില്ല. ഞാന്‍ അവളുടെ എഴുത്തു വീണ്ടും തുറന്നു. ആദ്യത്തെ പ്രണയ ലേഖനം.
വീണ്ടും വീണ്ടും വായിച്ചു. പിന്നെ തോന്നി ഒരു മറുപടി എഴുതാമെന്ന്. തന്റെ എല്ലാ അവസ്ഥകളും അതില്‍ കുറിച്ചു. എല്ലാം അറിഞ്ഞിട്ടും ഒരു ഇഷ്ടം ബാക്കിയുണ്ടെങ്കില്‍ ഒരു മറുപടി തരണം. എന്ന് മാത്രം എഴുതി. ഞാന്‍ എഴുതിയ ആദ്യത്തെ ലവ് ലെറ്റര്‍ ഒരു കണ്ണുനീര് സീരിയല്‍ പോലെ ആയോ എന്നൊരു സംശയം ഉണ്ടായി. എന്നാലും സാരമില്ല. അവളെ എല്ലാം അറിയിക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി.
പിറ്റേന്ന് കാലത്ത് നേരത്തേ തന്നെ അവളെയും കാത്തു ഞാന്‍ പഴയ സ്ഥലത്ത് എത്തി. ഒന്‍പതു മണിക്ക് മുന്‍പ് തന്നെ അവള് എത്തി. കൂട്ടുകാരികളെ ഒഴിവാക്കാന്‍ നേരത്തെയിറങ്ങി എന്ന് പറഞ്ഞു. ഞാന്‍ എന്റെ പ്രണയം അവളോട് പറഞ്ഞു. പിന്നെ എന്റെ ലെറ്റര്‍ അവള്‍ക്കു കൊടുത്തു എല്ലാം ശരിക്കും വായിക്കണം എന്ന് പറഞ്ഞു. അവള് ചിരിച്ചു.
എനിക്ക് ടെന്‍ഷനായിരുന്നു. ഇനി അവള് എന്നെ തേടി വരുമോ എന്തോ? എന്നെപ്പോലെയൊരാള്‍ക്ക് വേണ്ടി ജീവിതമെന്തിനു നശിപ്പിക്കണം എന്ന് അവള് ചിന്തിച്ചാല്‍? പക്ഷെ എന്റെ പ്രതീക്ഷകള്‍ക്കുമപ്പുറത്തായിരുന്നു അവള്. ഞങ്ങള്‍ പ്രണയിച്ചു തുടങ്ങുകയായിരുന്നു. വീട്ടുകാരെ അവള്‍ക്കും ഭയമായിരുന്നു. അറിയേണ്ട സമയമാവുമ്പോള്‍ അവര്‍ അറിയട്ടെ, ഇപ്പോള്‍ നമുക്കിങ്ങനെ സ്നേഹിച്ചു കഴിയാം എന്നായിരുന്നു അവളുടെ തീരുമാനം. ഞാനും അത് തന്നെ ആഗ്രഹിച്ചു. അടുത്ത കാലത്തൊന്നും അവര്‍ അറിയാതിരിക്കട്ടെ.
സന്തോഷം നിറഞ്ഞ കുറേ കാലം. ഒരു ദിവസം ഒരു പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു പയ്യന് ഫാര്‍മസിയില്‍ വന്നു. ഞങ്ങള്‍ ഫാര്മസിക്കാര് ചീട്ട് വായിക്കുന്നത് ഒരു കലയാണ്. എക്സ്പീരിയന്‍സ് ആണ് പ്രധാന ഘടകം. സ്ഥിരമായി വരുന്ന പ്രിസ്ക്രിപ്ഷന് അത് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാവും. പിന്നെ എന്തെങ്കിലും സംശയമുണ്ടായാല്‍ അത് രോഗിയോട് തന്നെ ചോദിച്ചു ഉറപ്പിക്കും. ഈ വന്നിരിക്കുന്ന പയ്യന്റെ പ്രെസ്ക്രിപ്ഷന്‍... അസിവിര് ഫോര്‍ ലോക്കല്‍ അപ്ലിക്കേഷന്‍ എന്ന് മാത്രം എഴുതിയിട്ടുണ്ട്. ഈ അസിവിര് എന്നത് ഐ ഓയിന്മേന്റ്റ് ഉണ്ട് പിന്നെ സ്കിന്‍ ഒയിന്റ്മെന്റും ഉണ്ട്. ഞാന്‍ അവനെ നോക്കി. കയ്യില്‍ ഒരു കെട്ടുണ്ട്. എന്തോ മുറിവോ മറ്റോ ആവണം. ഇന്ഫക്ഷന് ആയിട്ടുണ്ടാവും. എന്നാലും ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു.
'ഇതെന്താ കൈക്ക് പറ്റിയത്?'
കുറച്ചു ദിവസം മുൻപ് കത്തി കൊണ്ട് മുറിഞ്ഞതാണെന്നു അവന് അലസമായി മറുപടി തന്നു. ഞാന്‍ ഉറപ്പിച്ചു അസിവിര് സ്കിന്‍ തന്നെ. ഞാന്‍ അതെടുത്തു കൊടുത്ത് രണ്ടു നേരം പുരട്ടിക്കൊള്ളന് പറഞ്ഞു .
അതവിടെ കഴിയേണ്ടതായിരുന്നു. പക്ഷെ പിറ്റേന്ന് കാലത്ത് ഒരു പതിനൊന്നു മണി ആയിക്കാണും . കൊമ്പനക്കാട്ടെ ബെന്‍സ് വന്നു ഫാർമസിക്ക് മുന്നില്‍ നിന്നു. അതില്‍ നിന്നും റഷീദിക്കയും ഇന്നലെ മരുന്ന് വാങ്ങിപ്പോയ പയ്യനും ഇറങ്ങി. വന്ന ഉടനെ ആ പയ്യന് എന്നെ ചൂണ്ടി പറഞ്ഞു, 'ഇയാളാ'. പിന്നെ എന്താണ് നടന്നതെന്ന് ഓര്‍മയില്ല. എന്നെ ആരോ ഓട്ടോയിലേക്ക് കയറ്റിയത് ഒരു ചെറിയ ഓർമ്മയുണ്ട്. ആദ്യത്തെ അടിക്കു തന്നെ എന്റെ ബോധം പോയിട്ടുണ്ടാവും. ഇപ്പോള്‍ എന്റടുത്തു ശ്രീകാന്ത് ഇരിക്കുന്നുണ്ട്. നോക്കുമ്പോള്‍ ഞാന്‍ വീട്ടിലാണ്. ഫാരിസിന്റെ ഉമ്മ അടുത്തിരുന്നു കരയുന്നുണ്ട്. എന്റെ സ്വന്തം ഉമ്മയെപ്പോലെ.
'ഫാരി എവിടെ?'
'അവൻ തൃശൂരു ജോലിസ്ഥലത്തല്ലേ. എന്താ മോനെ?', ഉമ്മാക്ക് ആവലാതി.
'ഒന്നുമില്ലുമ്മാ, പെട്ടെന്ന് എവിടെയാന്നു തിരിഞ്ഞില്ല!'
'എന്താടാ നടന്നെ?', ശ്രീയാണ് ചോദിച്ചത്. ഞാന്‍ ഒന്നും പറഞ്ഞില്ല. ഉമ്മ അടുത്തിരിക്കുന്നത് കൊണ്ട് എനിക്കൊന്നും പറയാന്‍ പറ്റിയില്ല. ഉമ്മ റൂമില്‍ നിന്നും പോയതും ഞാന്‍ ശ്രീയോട് പറഞ്ഞു.
'ഡാ എന്റെ പ്രേമം അവളുടെ വീട്ടില്‍ അറിഞ്ഞുന്നാ തോന്നുന്നത്. അവളുടെ മാമന് റഷീദാണ് വന്നു തല്ലിയത്.'
'അതിനയാള്‍ മരുന്ന് മാറിക്കൊടുത്തു എന്നാണല്ലോ അവിടെ പറഞ്ഞത്!'
'അതയാള്‍ അവള്‍ക്കു ചീത്തപ്പേരുണ്ടാവാതിരിക്കാന് പറഞ്ഞതാവും'
'അല്ലടാ, കണ്ണില്‍ തേക്കാനുള്ള മരുന്നിനു പകരം നീ വേറെ എന്തോ കൊടുത്ത് എന്നാണ് അയാള്‍ പറഞ്ഞത്'
'കണ്ണിലോ? ഇല്ലെട, ഞാനിന്നലെ മരുന്ന് കൊടുത്ത പയ്യന് തന്നെയാണ് അയാളുടെ കൂടെ വന്നത്. അവനു കുഴപ്പമൊന്നും ഇല്ലല്ലോ?'
'അപ്പോള്‍ പിന്നെയെന്താ സംഭവിച്ചേ? കോയാക്കയും പറയുന്നത് നീ മരുന്ന് മാറിക്കൊടുത്തു എന്നാണ്. അയാളുടെ കുട്ടിക്ക് വല്ലതും പറ്റിയാല്‍ നിന്നെ റോട്ടിലിട്ടു കത്തിക്കും എന്നാണ് പറയുന്നത്!'
'ഇനി വേറെ കുട്ടിക്ക് വേണ്ടി ആയിരിക്കുമോ അത് വാങ്ങിയത്? ഞാന്‍ പേര് നോക്കിയതുമില്ല!'
'ഞാന്‍ ഒരു കാര്യം പറയട്ടെ, നീ തല്കാലം ഇവിടുന്നു മാറി നിലക്ക്. നിന്റെ ഉമ്മാടെ തറവാട്ടില്‍ നിന്നാല്‍ മതി. ഇവിടെ പ്രശ്നങ്ങള്‍ മാറിയാല്‍ ഞാന്‍ നിന്നെ അറിയിക്കാം'
അന്നവിടം വിട്ടതാണ്. പിന്നെ നേരെ തറവാട്ടിലേക്ക്. അവിടെ ചെന്ന് മാമനോട് കാര്യം പറഞ്ഞു. കാര്യം അറിഞ്ഞതും അമ്മായി പിന്നെ അവിടെ നില്കാന് സമ്മതിച്ചില്ല. അവര്‍ക്കൊരു കാരണം മതിയായിരുന്നു.
'ഇനി അവമ്മാരെല്ലാവരും കൂടി ഇവിടെ വന്നു ബഹളം ഉണ്ടാക്കാനാണോ നീ കുറ്റീം പറിച്ചു ഇങ്ങോട്ട് പോന്നത്!'
പിന്നെ അവിടെ നില്ക്കാന് തോന്നിയില്ല. അവിടെ നിന്നുമിറങ്ങി. നേരെ കൊച്ചി. ഫാരിയോട് ഒന്നും പറയാൻ തോന്നിയില്ല. എല്ലാർക്കും ഞാൻ ഒരു ഭാരമാണെന്ന് വീണ്ടും തോന്നിത്തുടങ്ങിയിരുന്നു. അവിടെയൊരു ഫാര്‍മസിയില്‍ ജോലി കിട്ടി. അവിടെ ഏകദേശം ഒരു വര്‍ഷത്തോളം ജോലി ചെയ്തു. ആ സമയത്ത് ഒരിക്കല്‍ ഒരു മരുന്ന് വാങ്ങിക്കാന്‍ വേണ്ടിയാണ് ആ ഹോസ്പിറ്റലില്‍ പോവുന്നത്. അവിടെ വച്ച് ഞാന്‍ വീണ്ടും റഷീദിക്കയെ കണ്ടു.
'റഷീദിക്ക?'
അതെ. അവളുടെ മാമൻ! അയാളുടെ കണ്ണിൽ പെടാതെ പോവാം എന്ന കരുതി നിൽക്കുമ്പോഴാണ് അയാൾക്ക് പിന്നിൽ സനിലയെ കാണുന്നത്. ഇരു വശത്ത് നിന്നും അവളുടെ കൈകൾ രണ്ടു പേർ പിടിച്ചാണ് നടത്തിക്കുന്നത്! അവിടുത്തെ ഡോക്ടര്‍ ജോര്‍ജ് മാത്യു ഞാനുമായി നല്ല പരിചയമുണ്ട്. അദ്ദേഹം എഴുതുന്ന ചില മരുന്നുകളില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഫാര്‍മസിയില്‍ നിന്നും വിളിക്കും. അങ്ങിനെയുള്ള പരിചയമാണ്. ഞാന്‍ അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് എല്ലാം അറിയുന്നത്."
"എന്തായിരുന്നു ഡോക്ടര്‍ പറഞ്ഞത്?"
"ആരോ മരുന്ന് മാറിക്കൊടുത്തു അവളുടെ കാഴ്ച നഷ്ടപ്പെട്ടു എന്ന്. സത്യത്തില്‍ മരുന്നിന്റെ ഡോസ് അല്ല പ്രശ്നമായത്. അതുമായി ബന്ധപ്പെട്ടു പിന്നീട് ഒരു വർഷത്തോളം നടത്തിയ ട്രീറ്റ്മെന്റാണ് കാര്യം ഇത്രയും വഷളാക്കിയത് എന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ ആകെ തകര്‍ന്നു . ഇനി കണ്ണ് മാറ്റിവെക്കല്‍ മാത്രമേ ഒരു വഴിയുള്ളൂ എന്നും ഡോക്ടര്‍ പറഞ്ഞു. പിന്നെ ഞാന്‍ ഈ തീരുമാനത്തില്‍ എത്തുകയായിരുന്നു. എത്ര പറഞ്ഞിട്ടും ഡോക്ടര്‍ ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നെ എന്റെ കണ്ണ് അവള്‍ക്കു കൊടുക്കണം എന്നെഴുതി വച്ച് ആത്മഹത്യ ചെയ്യും എന്നൊക്കെ പറഞ്ഞു സമ്മതിപ്പിക്കാൻ നോക്കി. പക്ഷെ അപ്പോഴേക്കും..."
"നീയാണ് കണ്ണ് നല്‍കുന്നത് എന്നറിഞ്ഞിട്ടും അവള് സമ്മതിച്ചോ?"
"അതിനവള്ക്കോ അവളുടെ വീട്ടുകാര്‍ക്കോ അതൊന്നുമറിയില്ലല്ലോ."
"എന്നാലും പറയാമായിരുന്നു."
"അതറിഞ്ഞാല്‍ അവള് സമ്മതിക്കുമോ? ഇല്ല, പിന്നെ ഒന്നും പറയേണ്ടി വന്നില്ല."
"ഇപ്പോള്‍ അവള് എന്ത് കരുതുന്നുണ്ടാവും നിന്നെപ്പറ്റി? അവളുടെ കാഴ്ച നഷ്ടപ്പെട്ടെന്നറിഞ്ഞപ്പോള്‍ നീ അവളെയൊഴിവാക്കി എന്ന് കരുതും."
"അത് സാരമില്ല. അല്ലെങ്കിലും അവള് എനിക്ക് വേണ്ടി ജനിച്ചവള്‍ അല്ല. ഒരു ചെറിയ കാലം കൊണ്ടവള്‍ എനിക്ക് തന്ന വലിയ സ്നേഹത്തിനു പകരം വെക്കാന്‍ എന്റെ കയ്യില്‍ ഇനിയൊന്നും അവശേഷിക്കുന്നില്ല .അവള് സന്തോഷമായി ജീവിക്കട്ടെ!"
"സ്വന്തം മകനെപ്പോലെ സ്നേഹിച്ച ഫാരിസിന്റെ ഉമ്മക്കും ഉപ്പക്കും നീ എന്ത് കൊടുത്തു? ഒരു ഇക്കയെപ്പോലെ സ്നേഹിച്ച ഫാരിസിന്റെ അനിയത്തി, കൂടപ്പിറപ്പിനെക്കാളും നിന്നെ സ്നേഹിച്ച ഫാരിസ്, അവര്‍ക്കെല്ലാം നീ എന്ത് കൊടുത്തു, എന്നെന്നും സങ്കടപ്പെടാന്‍ കുറെയോര്മ്മകള് മാത്രമോ? അവരോടെങ്കിലും നിനക്ക് പറയാമായിരുന്നു നീ എവിടെ പോവുന്നു എന്ന്."
"അറിയില്ല. അവര്‍ ഇപ്പോൾ എന്നെ ഇങ്ങനെ കാണാന്‍ ഇടവരരുത്. അതുകൊണ്ടാണീ ഒളിച്ചോട്ടം. പിന്നീട് ഫാരിസിനോട് എല്ലാം തുറന്നു പറയണം."
"സാരമില്ല, ഇവിടെ നിന്നെ ആരും തേടി വരില്ല. മാത്രമല്ല ബെറ്റർ ട്രീറ്റ്മെന്റ് ജോൺ സർ മുഖേന ലഭിക്കുകയും ചെയ്യും. പിന്നെ വെറുതെയെങ്കിലും ഞാൻ ആഗ്രഹിക്കുന്നു, സനിലയോടും വീട്ടുകാരോടും ഡോക്ടർ നിന്നെപ്പറ്റി പറയുമെന്നും, അവരെല്ലാം നിന്നെ തേടി വരുമെന്നും."
***
ഒട്ടും പ്രതീക്ഷിക്കാതെ എന്റെ റൂമിലേക്ക് വന്നപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല.
"ഉമ്മാ...", അതിനപ്പുറം ഒന്നും എന്റെ വായിൽ നിന്ന് വരില്ലാന്നു ഉമ്മാക്കറിയാമായിരുന്നു. അവരെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
"ഉമ്മാ, ഫാരിസ് എവിടെ? ഫസിമോളെവിടെ?"
അപ്പോഴേക്കും ഉപ്പയും വന്നു റൂമിലേക്ക്. എന്റെ കയ്യിൽ പിടിച്ചു. തേങ്ങിക്കരയുന്ന ഉമ്മയെ എന്റെ ദേഹത്ത് നിന്നും എഴുന്നേൽപ്പിച്ചു.
"ഫാരി നമ്മളെയൊക്കെ വിട്ടു പോയി. അവന്റെ ബൈക്കിൽ ഒരു ലോറി വന്നിടിച്ചതാ..!"
ഞാൻ തകർന്നു പോയി. എനിക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്ത. ഫാരി എന്നെ വിട്ട് പോയിരിക്കുന്നു. ആകെപ്പാടെ മരവിച്ചു പോയ പോലെ. ഉപ്പയുടെ കൈകളിൽ ഒന്ന് ഇറുക്കി പിടിക്കണം എന്ന് തോന്നി, കൈകൾ അനങ്ങുന്നില്ല.
"പക്ഷെ വെറുതെയങ്ങ് പോയില്ല അവൻ. നിനക്ക് വേണ്ടി ഈ ദുനിയാവിൽ അവനു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ചെയ്തിട്ടാ അവൻ പോയത്നീ! വിഷമിക്കരുത്."
എനിക്കൊന്നും മനസ്സിലാവുന്നില്ല. ഒന്നും കേൾക്കുന്നില്ല. കാതുകൾ അടക്കപ്പെട്ടിരിക്കുന്നു.
"നീ കരയണ്ട. മോളേ..", ഉമ്മ വിളിച്ചു.
"നിന്റെ എല്ലാ സങ്കടങ്ങളും തീർക്കാൻ ഒരാള്‍ കൂടെ വന്നിട്ടുണ്ട്. ഫസീ മോളെ,"
എന്റെ അനിയത്തി. ഇക്കാക്ക് ഇപ്പോൾ എല്ലാരും ഉണ്ട്ട്ടാ എന്ന് പറഞ്ഞു എപ്പഴും കൂടെയുണ്ടായിരുന്ന ഫസി മോൾ. അവരെയെല്ലാം ഉപേക്ഷിച്ചാണല്ലോ റബ്ബേ ഞാൻ വന്നത്. എനിക്കവളെ നോക്കാൻ പോലും ധൈര്യമില്ലായിരുന്നു. ഒരു പെരുമഴ പോലെ അവളിപ്പോൾ ആർത്തലച്ചു വന്നു എന്റെ നെഞ്ചിൽ വീഴും. ഞാൻ ധൈര്യം സംഭരിച്ചു കാത്തു കിടന്നു. പക്ഷെ അവൾ എന്നെ ഞെട്ടിച്ചു.
"ഇക്കാക്ക, വീട്ടീന്ന് വരുമ്പോൾ എല്ലാരും എനിക്കാ കോച്ചിങ് തന്നത്. കരയരുത്, ഓരോന്നും പറഞ്ഞു ഇക്കാക്കാനെ വിഷമിപ്പിക്കരുത് എന്നൊക്കെ. എന്നിട്ടിപ്പോ അവരുതന്നെ കരയുന്നു."
അവൾ ചിരിച്ചു കൊണ്ടെന്റെ അടുത്തിരുന്നു. ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. നിറഞ്ഞ കണ്ണുകളാണ്. പക്ഷെ അവൾ പിടിച്ചു നിർത്തിയിരിക്കുന്നു.അവളെന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു. പിന്നെ പതുക്കെ പറഞ്ഞു.
"ഒരു ചെറിയ സങ്കടം എത്ര ശ്രമിച്ചിട്ടും മനസ്സീന്നു പോണില്ല. തൊട്ടടുത്ത് തന്നെ ഇക്കാക്ക ഉണ്ടായിരുന്നിട്ടും ഫാരിയെ ഒന്ന് കാണിക്കാൻ പറ്റിയില്ലല്ലോന്നു. അവൻ കൊച്ചീക്ക് എന്തിനാ വന്നതെന്ന് ഞാൻ ആലോചിച്ചു നോക്കാറുണ്ട്. ചെലപ്പോ ഇക്കാക്ക ഇവിടുണ്ട് എന്നറിഞ്ഞിട്ടാവും. അങ്ങിനെ തോന്നുമ്പോഴാ സങ്കടം കൂടുന്നത്."
ഞാൻ അവളുടെ മുടിയിഴകളെ തലോടി. ഒന്നും പറഞ്ഞില്ല. അവളുടെ സങ്കടം പൊട്ടിയൊഴുകുന്നത് നെഞ്ചിലേറ്റ ചൂടിൽ എനിക്ക് മനസിലാവുമായിരുന്നു.
"ഇക്കാക്ക ഇനി നമുക്ക് വീട്ടിൽ പോവാം..."
"വേണ്ട മോളെ, ഇപ്പോഴല്ല. കുറച്ചു നാൾ കഴിഞ്ഞാൽ ഇക്കാക്ക പൂർണമായും സുഖാവും. എന്നിട്ട്..."
എന്നെ പറഞ്ഞു മുഴുമിക്കാൻ സമ്മതിച്ചില്ല അവൾ, "വേറെ ഒന്നും ഇനി പറയണ്ടാ... യാത്ര ചെയ്യാൻ ഡോക്ടർ സമ്മതിക്കാത്തോണ്ട്. ഒരാൾ ദൂരെ കാത്തിരിക്കുന്നുണ്ട്. ഇപ്പൊ പറയണ്ടാന്ന് വിചാരിച്ചതാ."
എന്റെ നെഞ്ചിൽ കിടന്നു തന്നെ അവളെന്റെ കൈകളിൽ നാലായി മടക്കിയ ഒരു കടലാസ് വെച്ച് തന്നു.
"ഇക്കാനെ ഏല്പിക്കാൻ ഒരാള്‍ തന്നതാ."
അതൊരു പ്രണയലേഖനമായിരുന്നു. ഞാൻ എഴുതിയ കണ്ണുനീരിൽ കുതിർന്ന എന്റെ ആദ്യത്തെ പ്രണയലേഖനം!
അഭിപ്രായങ്ങൾ